മൊബൈലും ലാപ്‌ടോപ്പും ചതിക്കുഴിയുടെ നരകലോകത്ത്‌

മൊബൈൽ, ഇന്റർനെറ്റ്‌ സൗഹൃദങ്ങൾ സ്വകാര്യ ഉപാധിയേക്കാളുപരി ചതിക്കുഴിയുടെ മായാപ്രളയത്തിൽ രക്തം ഊറ്റിക്കുടിക്കുന്ന പിശാചുക്കളായി മാറുന്നു. ഇന്റർനെറ്റും മൊബൈൽമെസേജും അനുകമ്പയിലും സഹതാപത്തിലും തുടങ്ങി സൗഹൃദത്തിനു നേരെ യാതൊരു ചാഞ്ചല്യവുമില്ലാതെ കടന്നുകയറുന്നു. ആധുനികയുഗ തലമുറകൾ നോൺസ്‌റ്റോപ്പായി മൊബൈലിലും ഇന്റർനെറ്റിലും നിരന്തരം അട്ടഹസിച്ചും പുലമ്പിയും സൊള്ളിയും റെയിൽവേസ്‌റ്റേഷൻ, ട്രെയിൻ, പ്ലെയിൻ, കപ്പൽ, വാഹനങ്ങൾ, പൊതുനിരത്തുകൾ ഇവിടങ്ങളിലെല്ലാം സ്വയം പരിസരം മറന്ന്‌ ആനന്ദസല്ലാപം നടത്തുന്നത്‌ നമ്മൾ കണ്ടുവരുന്നുണ്ട്‌. ഇതുമല്ലെങ്കിൽ സെൽഫോണിലൂടെയും ഇന്റർനെറ്റിലൂടെയും സെക്‌സ്‌ വീഡിയോക്ലിപ്പുകളുടെ ചർച്ചയിലും അന്വേഷണത്തിലും മുങ്ങിത്താഴുന്നു. ഈ തലമുറയുടെ ചെറുപ്പത്തിന്റെ ചിന്തകളും പ്രതികരണശേഷിയും ഇതോടെ തകർന്നുമാറുന്നു. ഈ കൗമാരക്കാരെ സ്വന്തം കുടുംബത്തിന്റെയോ നാടിന്റെയോ പ്രശ്‌നങ്ങളോ, പ്രശ്‌നപരിഹാരങ്ങളോ അലട്ടുന്നില്ല. കാലം നൽകുന്ന സഹജീവികളുടെ വിജയങ്ങളും പരാജയങ്ങളും ഇവർ ശ്രദ്ധിക്കുന്നില്ല. പൊതു ടോയ്‌ലറ്റുകളിലോ, രഹസ്യസങ്കേതങ്ങളിലോ കയറിയാൽ അമ്മപെങ്ങന്മാരെയോ, സഹോദരൻമാരെയോ, സഹോദരിമാരേയോ, സഹപ്രവർത്തകരെയോ ഇന്റർനെറ്റിലോ മൊബൈലിലോ ബന്ധപ്പെടുകയില്ല. മുംബയ്‌ ഉൾപ്പെടെയുള്ള മെട്രോപൊളിറ്റൻ സിറ്റികളിൽ റോഡപകടങ്ങളോ മറ്റു ദാരുണ സംഭവങ്ങളോ നടന്നാൽ ഇവർക്കതൊന്നും ശ്രദ്ധിക്കാൻ സമയമില്ല. മുംബയ്‌ റെയിൽവെ സ്‌റ്റേഷനിലും വഴിയോരങ്ങളിലും രക്തത്തിൽ കിടന്നു പിടയുന്ന സഹജീവിയുടെ ജീവൻ ശ്രദ്ധിക്കാൻ മൊബൈൽ-ഇന്റർനെറ്റ്‌ ആസക്തി മൂത്തവർ ശ്രമിക്കാറില്ല. കാരണം അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്റർനെറ്റിലും മൊബൈലിലുമായി കഴിച്ചുകൂട്ടുന്നു. അങ്ങേയറ്റം വേണ്ടിവന്നാൽ സ്വന്തം പേരിനും പ്രശസ്‌തിക്കും വേണ്ടി തന്റെ കുലത്തിൽപ്പെട്ട, രക്തത്തിൽ കിടന്നു പിടയുന്ന മനുഷ്യജീവിയുടെ ജീവൻ രക്ഷിക്കാതെ മൊബൈലിലും ഇന്റർനെറ്റിലും ആ ദൃശ്യം പകർത്തി ടി.വി പത്രമാധ്യമങ്ങൾക്ക്‌ കൊടുത്ത്‌ അവാർഡ്‌ നേടാനും ആളാകാനും ശ്രമിക്കും. ഈ വിധത്തിൽ എണ്ണിയാൽ തീരാത്ത ഗുണത്തേക്കാൾ ഏറെ, ചതിക്കുഴിയുടെ നരകലോകത്തിലേക്കാണ്‌ മൊബൈലും ലാപ്‌ടോപ്‌ ഉപയോഗങ്ങളും ജനജീവിതം മാറ്റിമറിക്കുന്നത്‌.

വിദ്യാഭ്യാസവും സാമ്പത്തികവും കുറഞ്ഞവർ മൊബൈലിലൂടെ ആനന്ദസാഗരത്തിൽ ആറാടുമ്പോൾ സാമ്പത്തികശേഷിയുള്ളവർ ഇന്റർനെറ്റിലും അതിനുമുകളിലുള്ള ചാറ്റിംഗിലും ഏർപ്പെട്ട്‌ ആനന്ദത്തേരിലേറി അതിനേക്കാളുപരി വ്യക്തിതാൽപര്യമോ മാനേജ്‌മെന്റ്‌ താല്‌പര്യങ്ങളോ നോക്കാതെ ചതിക്കുഴിയിൽ പെടുന്നു. മാധ്യമങ്ങൾ, മതിമറന്നാഘോഷിക്കുമ്പോൾ ഈവക ചിന്തകൾക്ക്‌ അധികം സമയം ചെലവഴിക്കാറില്ല. അവർക്ക്‌ അവരുടെ പ്രൊഫഷൻ വിജയിപ്പിക്കണമെന്നേയുള്ളു. ഇന്റർനെറ്റ്‌, മൊബൈൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന്‌ അവർ ചിന്തിക്കാറില്ല. വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്തി റിപ്പോർട്ടുചെയ്യുന്നതോ, വിശകലനം ചെയ്യുന്നതോ എതിർക്കാനോ, ഈ മാധ്യമറിപ്പോർട്ടുകാർ ശ്രമിക്കാറില്ല. ഇന്ത്യയുടെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ സിറ്റിയായ ഈ മുംബയിൽ ജനങ്ങളെ വഞ്ചിക്കുന്ന, വിഷവിത്തു വിതയ്‌ക്കുന്ന ഇന്റർനെറ്റ്‌, മൊബൈൽ സംവിധാനങ്ങളെ പിടിച്ചുകെട്ടുന്നതിനായി മാനേജ്‌മെന്റ്‌ താൽപര്യപ്പെടുന്നില്ല. കോടികളും ലക്ഷങ്ങളും മാസവരുമാനം ലഭിക്കുന്ന പൊൻമുട്ടയിടുന്ന താറാവുകളായ മൊബൈൽ, ലാപ്‌ടോപ്‌ കമ്പനികളെ പിണക്കാൻ അവർ തയ്യാറാവുകയില്ല കാരണം ഇതിന്റെ ബിസിനസ്‌ വരുമാനം നിമിഷങ്ങൾക്കുള്ളിൽ മാറുന്നത്‌ കോടികളാണ്‌. ഈ കാരണത്തിന്റെ മേൽവിലാസം കൊണ്ടാണ്‌ വീട്ടിലിരുന്ന്‌ കംമ്പ്യൂട്ടറിൽ വിരലമർത്തിയാൽ വിവാഹാലോചന വീട്ടിലെത്തും എന്ന പരസ്യങ്ങളും പ്രലോഭനങ്ങളും വെബ്‌സൈറ്റ്‌ വഴി നൽകി ജനങ്ങളെ വഞ്ചിക്കുന്നത്‌. ഈ പ്രചരണത്താൽ യുവതീയുവാക്കൾ വെബ്‌സൈറ്റിൽ കുടുങ്ങി തന്റെ സഹവർത്തികളായ ജോലിക്കാരെപോലെ അനുയോജ്യരായ ജീവിതപങ്കാളിയെ വെബ്‌സൈറ്റിൽ പരതുന്നു. ഇന്റർനെറ്റിലെ ഓർക്കുട്ടും ഫേസ്‌ബുക്കും ഇ-മെയിലും സുഹൃത്തുക്കൾപോലെ സ്വപ്‌നം കാണും. എതിർലിംഗത്തെ വശീകരിക്കുന്നതിനായി വഴിതെറ്റുന്ന സൗഹൃദങ്ങൾ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ പ്രേമം, വിവാഹം, ബിസിനസ്‌, സൗഹൃദം തുടങ്ങിയവ വഞ്ചനകളായി തിരമാലകൾപോലെ ഓടിക്കൊണ്ടിരിക്കും.

മൊബൈലും ലാപ്‌ടോപ്പും കംമ്പ്യൂട്ടറും ഇ-മെയിലുമാണ്‌ പുതിയ തലമുറയുടെ പ്രലോഭനങ്ങളിൽ കുരുങ്ങിക്കിടക്കുന്നത്‌. ഈ കാരണങ്ങൾകൊണ്ട്‌ മാതാപിതാക്കൾ ദേവാലയങ്ങളിൽ ആഘോഷങ്ങൾക്കും മറ്റുമായി പുറത്തുപോകുമ്പോൾ പുതിയ തലമുറകൾ മാതാപിതാക്കൾക്കൊപ്പം പോകാതെ കംമ്പ്യൂട്ടറിലും മൊബൈലിലുമായി ആനന്ദസാഗരത്തിൽ ആറാടുന്നു. ഇതുമൂലം നിരവധി മരണങ്ങളും ദുരന്തങ്ങളുമാണ്‌ പോലീസ്‌ ഡിപ്പാർട്ട്‌മെന്റിൽ വന്നുകൊണ്ടിരിക്കുന്നത്‌. സൗഹൃദസൈറ്റായ ഓർക്കുട്ടിൽ പരിചയപ്പെട്ട സ്വദേശികളും വിദേശികളുമായുള്ള സൗഹൃദങ്ങൾ പ്രേമവഞ്ചനയിലും ബിസിനസ്‌ വഞ്ചനയിലും ഫ്രണ്ട്‌ഷിപ്പ്‌ വഞ്ചനയിലും പൊളിഞ്ഞുവീഴുന്നത്‌ നിരവധി കഥകളുടെ പരമ്പരയാണ്‌. വെബ്‌സൈറ്റിലും ഓർക്കുട്ടിലും ഇ-മെയിലിലും ഇന്റർനെറ്റിലും കണ്ട ആളായിരിക്കുകയില്ല നേരിൽ കാണുമ്പോഴും അനുഭവിക്കുമ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. യുക്തിചിന്തകൾക്കും വീണ്ടുവിചാരങ്ങൾക്കും വേണ്ടുന്ന ഇടവേള ലഭിക്കാതെ മൊബൈലും ഇന്റർനെറ്റും വരുത്തിവയ്‌ക്കുന്ന ചതി വിചിത്രങ്ങളാണ്‌. മൂന്നാമതൊരാളെ അറിയിക്കാതെയുള്ള രഹസ്യഇടപാടുകളാണ്‌ ലോകത്തിന്റെ ഏറ്റവും വലിയ ശാപം. യുവമിഥുനങ്ങൾ അവരുടെ സ്വർഗരാജ്യത്ത്‌ സല്ലപിക്കുമ്പോൾ മാതാപിതാക്കൾ ജ്യോതിഷത്തിന്റെ പുറകെയും മതവിശ്വാസത്തിന്റെ പുറകേയും പോകുമ്പോൾ ഇന്നത്തെ തലമുറയെ പിടിച്ചുനിർത്തുവാൻ കഴിയുന്നില്ല. ഇക്കാരണങ്ങൾകൊണ്ട്‌ ശബരിമലവിശേഷങ്ങളിലും ക്രിസ്‌മസ്‌ -ന്യൂ ഇയർ ആഘോഷങ്ങളിലും മാതാപിതാക്കൾ പങ്കെടുത്തപ്പോൾ ഈ പുതിയ തലമുറ പങ്കെടുക്കാതിരുന്നത്‌ 60 ശതമാനത്തിനുമേലെയാണ്‌. മാത്രമല്ല, പല പള്ളികളിലും വികാരിമാർ മക്കളെ ഒപ്പം കൊണ്ടിവരാത്തതിന്‌ മാതാപിതാക്കളോട്‌ കയർക്കുകയുണ്ടായി. മക്കളെയും ഭർത്താവിനെയും മാതാപിതാക്കളെയും ഉപേക്ഷിച്ചുപോകുന്ന തലമുറയുടെ എണ്ണവും ഇന്ന്‌ 40 ശതമാനത്തിനുമേലെയാണ്‌ കാണാൻ കഴിയുന്നത്‌. ഒളിച്ചോടാൻ പ്രചരിപ്പിക്കുന്ന ഘടകങ്ങൾ ആകട്ടെ മൊബൈലും, ലാപ്‌ടോപ്പും, ഇന്റർനെറ്റും, സൈബർ കഫേയിലെ തിക്കും തിരക്കുമാണ്‌. ദിനംപ്രതി ജിവിതോപാധികൾക്കുവേണ്ടി വിനിയോഗിക്കുന്ന തുകയുടെ രണ്ടിരട്ടിയാണ്‌ സൈബർ കഫേകളിൽ രഹസ്യകാര്യങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നത്‌.

കുലവും നാടും ദേശവുമറിയാതെ, വർഗവും ഗുണവും മണവും സ്‌പർശിക്കാതെ അതിരു കടക്കുന്ന ജീവിതബന്ധങ്ങളെയാണ്‌ ഇന്ന്‌ കാൻസർ പോലെ ബാധിച്ചുകൊണ്ടിരിക്കുന്നത്‌. ഈ പ്രക്രിയയുടെ മൂലധനമായി ജ്യോതിഷമാർക്ക്‌ കാശു കൊടുത്ത്‌ മാതാപിതാക്കൾ അജ്ഞതയിൽ കിടക്കുമ്പോഴാണ്‌ ആശുപത്രിക്കാർക്കും ഡോക്‌ടർമാർക്കും നല്ലൊരു വരുമാനത്തിന്‌ വഴിയായി ഗർഭസ്ഥശിശുക്കളെ നശിപ്പിക്കുന്ന ആശുപത്രികൾ പെരുകിക്കൊണ്ടിരിക്കുന്നത്‌. കാമസംതൃപ്‌തിയുടെ പൂർണതയ്‌ക്കും ഗർഭനിരോധനത്തിനും വേണ്ടി പുതിയ പുതിയ കമ്പനികൾ പുതിയ പുതിയ ഉല്‌പന്നങ്ങൾ കൊണ്ട്‌ കാലത്തെ വിഴുങ്ങിയിരിക്കുന്നു. ഇപ്പോഴത്തെ തലമുറ ചിന്തിക്കുന്നത്‌ സ്വന്തം ശരീരത്തിലെ തൊലിയുടെ നിറം നഷ്‌ടപ്പെട്ട്‌ ചുളിവുകൾ വരുന്നത്‌ ജീവിതത്തിലെ വലിയ നഷ്‌ടമായിട്ടാണ്‌. ആധുനികശാസ്‌ത്രത്തെ കൂട്ടുപിടിച്ച്‌ പ്രായക്കൂടുതലിനെ ചെറുക്കാനുള്ള ദുരാഗ്രഹമാണ്‌ ഇപ്പോഴത്തെ യുവതലമുറയ്‌ക്കുള്ളത്‌. സമൂഹത്തിന്റെ തെറ്റായ നീക്കങ്ങളിൽ പ്രസംഗവും എഴുത്തും മാത്രം പോരാ, സ്വന്തം ജീവിതത്തിൽ പകർത്തി സത്യസന്ധതയോടെ അത്‌ പ്രാവർത്തികമാക്കാൻ ഇന്ന്‌ കാലത്തിനു കഴിയുന്നില്ല. യുവജനതയുടെ കർമകാണ്ഡത്തിൽ മൃതസഞ്ജീവനിയായി വേണ്ട നന്മയ്‌ക്കു പകരം നൽകുന്നത്‌ വിഷസഞ്ജീവനിയാണ്‌. യുവതിയുവാക്കൾക്ക്‌ ശരിയായ മാർഗനിർദേശം ലഭിച്ചാലേ ലോകത്തെ ശരിയാക്കാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ അമേരിക്കയെപോലെ ഒരേ യുവതിയെ ഒരേസമയത്ത്‌ മാതാപിതാക്കളും മക്കളും പ്രാപിക്കുന്ന സമ്പ്രദായം ആവും. എങ്ങനെ മറിച്ചിട്ടാലും ചിന്തിച്ചാലും ഗുണദോഷിച്ചാലും എത്ര വലിയ ക്ലാസ്‌ നൽകിയാലും ഈ തലമുറ ഗുണം പിടിക്കുന്ന കാഴ്‌ചകളോ സംവാദങ്ങളോ നടക്കുന്നില്ല. പകൽവെളിച്ചം ബാക്കിയുണ്ടെങ്കിലും വെളിച്ചം മങ്ങിയാലും നിലാവിന്റെ ശോഭ കണ്ടുതുടങ്ങിയാലും നിദ്ര കണ്ണിൽ പൂകിയാലും സ്വകാര്യതയുടെ പാതിരാത്രിയിലും ഇവർ ഇന്റർനെറ്റിലും മൊബൈലിലും ഒളിസങ്കേതം തീർത്ത്‌ കാലത്തെയും കുടുംബത്തെയും ഒറ്റപ്പെടുത്തി ഒറ്റയാൾ പട്ടാളമായി മുന്നേറും. ചുംബനങ്ങളുടെ ആർദ്രതയിൽ കാലഘട്ടം നിറയൗവനത്തിന്റെ ചാറ്റിംഗിൽ വിവസ്‌ത്രയാക്കി മൃദുലവും സൗമ്യവുമായി ഇവർ കാര്യങ്ങൾ സാധിക്കും. പൊക്കിൾകൊടിബന്ധം പുല്ലാണെന്നു പറഞ്ഞ്‌ ഇവർ വീണ്ടും വീണ്ടും പൊക്കിൾകൊടിയെ ആവേശത്തോടെ ചുംബിച്ചുകൊണ്ടിരിക്കും. ഒറ്റയ്‌ക്കു തിന്നുന്നു. ഒറ്റയ്‌ക്ക്‌ നടക്കുന്നു. ഒറ്റയ്‌ക്ക്‌ പിറുപിറുക്കുന്നു. റെയിൽവെട്രാക്കിലും നടുറോഡിലും ഡ്രൈവിങ്ങ്‌സീറ്റിലും മതിമറന്നുള്ള സല്ലാപംകൊണ്ട്‌ മുംബയിൽ മണിക്കൂറിൽ ദിനംപ്രതി പത്ത്‌ അപകടങ്ങളാണ്‌ രേഖപ്പെടുത്തുന്നത്‌. മാതാപിതാക്കളേ, നിങ്ങൾ സൂക്ഷിക്കുക. അതിരുകവിഞ്ഞ സൗഹൃദബന്ധങ്ങളും, ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ ദുരുപയോഗവും കൊണ്ട്‌ അസ്‌ഥികൂടത്തിൽ അന്ത്യോപചാരം ചെയ്‌തുകഴിഞ്ഞ ശേഷവും ഇപ്പോഴത്തെ തലമുറ ഇന്റർനെറ്റിലും മൊബൈലിലും സല്ലപിക്കുന്ന കാലമാണ്‌. മാതാപിതാക്കളുടെ പുലകുളിയോ സഞ്ചയനകർമങ്ങളോ ഇവർക്ക്‌ ബാധകമല്ല. മാതാപിക്കൾക്കുവേണ്ടിയുള്ള കുർബാനകളും ഇവർക്കു പുല്ലാണ്‌.

ഇന്നത്തെ കുട്ടികൾ ആത്മഹത്യ ചെയ്യാൻ കീടനാശിനിയോ മാരകവിഷമോ വേണ്ട. സഹപാഠിയുടെ ഫോൺകോൾ മാത്രം മതി. ചെറുപ്പക്കാർ കംമ്പ്യൂട്ടറിനു മുന്നിൽ ഇരിക്കുമ്പോൾ ഒരു ആത്മഹത്യാകുറിപ്പ്‌ കിട്ടുന്നു. അത്‌ സത്യമോ മിഥ്യയോ എന്നറിയാതെ വായിച്ച്‌ അവ എഴുതുന്ന ആളോട്‌ അനുകമ്പ തോന്നി മറ്റാർക്കും എഴുതാനില്ലാത്തതുകൊണ്ട്‌ താങ്കൾക്ക്‌ എഴുതി എന്നു ബോദ്ധ്യപ്പെടുത്തും. മറ്റു ചില ജഗപോക്കിരികൾ ബിസിനസ്സിൽ പണമുണ്ടാക്കണമെന്നതാണ്‌ ജീവിതത്തിൽ ഏറ്റവും പ്രധാനം എന്നു വിശ്വസിപ്പിച്ച്‌ ആ രൂപത്തിൽ പ്രലോഭനം നൽകും. മറ്റൊരു കൂട്ടർ സാമ്പത്തികഭദ്രത മനസ്സിലാക്കി തങ്ങൾക്ക്‌ ലോട്ടറി അടിച്ചുവെന്നു പറഞ്ഞ്‌ വിദേശ രാഷ്‌ട്രത്തിന്‌ ഒരു ലക്ഷം ഫ്രീയായി നൽകും. പത്തുനാൾ കഴിയുമ്പോൾ താങ്കൾക്ക്‌ രണ്ടുകോടിയുണ്ടെന്നു പറഞ്ഞ്‌ സന്ദർഭങ്ങളോടനുബന്ധിച്ച്‌ 10 ലക്ഷം സ്‌റ്റാമ്പ്‌ ഡ്യൂട്ടിക്കെന്നുപറഞ്ഞ്‌ ഭാഷയിൽ വലിയ ഭംഗിവാക്ക്‌ ഇല്ലാതെ ഇ-മെയിലിലൂടെ പരിധിയിലാക്കും. ഇതിലെ ഇരകൾ പലരും ബന്ധുക്കളും ശത്രുക്കളുമാണ്‌.

തെറ്റുകൾ വ്യക്തിയുടെയും സമൂഹത്തിന്റെയുമാണ്‌. യുവലോകത്തെ വർണവിസ്‌മയങ്ങളാക്കുന്ന കാഴ്‌ചപ്പാടാണ്‌ മൊബൈൽ, കംമ്പ്യൂട്ടറുകളിൽ നിറഞ്ഞാടുന്നത്‌. അച്ചടി-ദൃശ്യമാധ്യമങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം സ്വാധീനം ചെലുത്തുമ്പോൾ മുംബയ്‌ യുവത്വത്തിന്റെ ഫാഷൻ സങ്കല്‌പങ്ങൾ ആഗോളതരംഗത്തിൽ എത്തിനിൽക്കുന്നു.

പല ഓമനപ്പേരുള്ള പാന്റസും അവയവങ്ങൾ മുഴുപ്പിച്ചും മുട്ടിനു മുകളിൽ നിൽക്കുന്ന ടോപ്പുമണിഞ്ഞ്‌ ഹണിമൂൺ ആഘോഷിക്കുന്ന നവദമ്പതികളെ തോല്‌പിക്കും വിധത്തിൽ നിറഞ്ഞാടി ജീവിതം സുഖലോലുപതയുടെ പരകോടിയിലെത്തിക്കുന്നു.

പണ്ട്‌ മുത്തശ്ശൻ മുത്തശി​‍്ശമാർ കണ്ണുരുട്ടാനുണ്ടായിരുന്നു. ഇന്നവരെ പഴഞ്ചൻ ടയർ പോലെ മൂലയിൽ കൂട്ടിയിടുമ്പോൾ യുവത്വം ലോകത്തെ കീഴടക്കുന്നു.

ചോദിക്കാനും പറയാനും മാതാപിതാക്കൾക്ക്‌ കെല്‌പില്ല. കാരണം മാതാപിതാക്കളേക്കാൾ നാലിരട്ടി ശമ്പളം മക്കളുടെ കൈയിൽ കിട്ടുമ്പോൾ മാതാപിതാക്കൾ ഓഫീസിലെയും വീട്ടിലെയും ശിപായിമാരായി മറിക്കൊണ്ടിരിക്കുന്നു.

കടപ്പാട്‌ – ജ്വാല മാസിക.

Generated from archived content: essay1_feb12_11.html Author: sudhakaran_thodupuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English