ദൃശ്യമാധ്യമങ്ങളുടെ രൂപവും പരിണാമവും ഇപ്പോൾ എവിടെ നിൽക്കുന്നു? മലയാള ടെലിവിഷന് 22 വയസ് പൂർത്തിയായിരിക്കുന്നു. യൗവനത്തിലേക്ക് കാലു കുത്തുമ്പോൾ ബാല്യകൗമാരങ്ങൾ തെറ്റുകുറ്റങ്ങളുടേതാകാം. എന്നാൽ ഈ വളർച്ചയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് വിമർശനശരം ചൊരിഞ്ഞാൽ ഒരു വസ്‌തുത നമുക്ക് തെളിഞ്ഞുകാണാം. പുതിയ വസന്തത്തിന്റെ സൃഷ്‌ടിയിൽ കാര്യമായ പങ്കു വഹിച്ച് മാധ്യമ വിദഗ്‌ദ്ധർ, അഭിനേതാക്കൾ, ജേർണലിസ്‌റ്റുകൾ, പരസ്യവിഭാഗക്കാർ മുതലായവർ പ്രബലമായ രീതിയിൽ ഉയർത്തെഴുന്നേറ്റുവെന്നത് സത്യമാണ്. ടി.വിയുടെ എല്ലാ മേഖലകളിലും സമൂഹനന്മയില്ലാത്ത പരിപാടികൾ വിപണിയിലെ കരവിരുതുകൊണ്ടുമാത്രം ആധിപത്യം വഹിക്കുന്ന വർത്തമാനകാലത്തെ വലിയ വാർത്തകളാണ് കൺമുന്നിൽ ഇന്നു കാണുന്നത്.
ഇന്ന് പത്രമാധ്യമ ടി.വി പഠനത്തെക്കുറിച്ചുളള ധാരണകൾ ഒന്നുംകൂടാതെ വിമർശനം യുക്തിയുടെയും തെളിവിന്റെയും അടുപ്പിൽവച്ച് വേവിച്ചെടുക്കാവുന്നതാണ്. അതിന് പോസ്‌റ്റ് ഗ്രാജ്വേഷന്റെയോ ജേർണലിസത്തിന്റെയോ ആവശ്യമില്ല. ജേണലിസം പഠിച്ച ബുദ്ധിജീവികൾ ചവച്ചുതുപ്പുന്നതും പടച്ചുവിടുന്നതും കീഴാളരായ, ബുദ്ധിശൂന്യരായ ജനങ്ങൾ മുഴുവൻ കണ്ടുകൊളളണമെന്നുളള നിർബന്ധബുദ്ധി ജേർണലിസത്തിൽ തെളിഞ്ഞുനില്‌പുണ്ട്. ജേർണലിസം പഠിക്കാത്ത കീഴാളർ അടിമപ്പെട്ടു കിടക്കുന്നതുകൊണ്ട് സംഭവത്തിന്റെ അല്ലെങ്കിൽ വിവരത്തിന്റെ പാഠരൂപം ഏതെന്ന് അവരറിയുന്നില്ല. കഥയിൽ അത് നിർബന്ധമില്ല. ഭയാനകമായ ചിത്രങ്ങളും തത്സമയ സംപ്രേഷണങ്ങളും കാണികളെ അസ്വസ്ഥരാക്കുന്നത് ഇന്ന് ടി.വി. പത്രമാധ്യമങ്ങൾക്ക് പ്രശ്‌നമല്ല. ജോർണലിസ്‌റ്റുകൾ തരുന്ന ജ്ഞാനം ആഢ്യധാരണകളായി മാറുമ്പോൾ ഒരു സമൂഹം അതിന് അടിമപ്പെട്ടുപോകുന്നു.
വാർത്തസ്വഭാവത്തിലും വാർത്താഖ്യാനത്തിലും പല ടി.വി. പത്രമാധ്യമങ്ങൾക്കും വ്യക്തിത്വ സ്വഭാവരൂപീകരണമാണുളളത്. ഏത് മാധ്യമവും പുതിയ വാർത്ത കൊണ്ടുവരുന്നുവെന്നുളള മരണപ്പാച്ചിലിൽ വായനക്കാരെയും പ്രേക്ഷകരെയും അമ്പരപ്പിക്കുന്നുണ്ട്. മാധ്യമങ്ങൾതന്നെ സ്വയം ഉയർത്തുകയും സ്വയം വിമർശനം നടത്തുകയും ചെയ്യുമ്പോൾ കാണികൾക്ക് ഒരവകാശവുമില്ലാതെവരുന്നു. കൊല്ലുന്നതും വളർത്തുന്നതും ഒരുകൂട്ടർ ആകുമ്പോൾ കാണികളുടെ നിഗമനം ഏതടിസ്ഥാനത്തിലായിരിക്കും? ടി.വിക്കാരും പത്രങ്ങളും പരസ്‌പരപൂരകമായിക്കൊണ്ട് സംഭവത്തെ പരസ്പരപൂരമമായിക്കൊണ്ട് സംഭവത്തെ വാർത്തയുടെ ആഖ്യാനപാഠമാക്കുന്നു. ടി.വിക്കാർ ലൈവ് ആയി കാണിക്കുമ്പോൾ പത്രത്തിന് അത് സാദ്ധ്യമല്ല. പത്രങ്ങൾ വ്യാഖ്യാനിച്ച് എഴുതുമ്പോൾ അവ വിവരണാത്മകംപോലെയാവുന്നു. ടെലിവിഷൻ അനുകരണമല്ല, നേർക്കാഴ്‌ചയാണ്. നേർക്കാഴ്‌ചയിൽ വാക്കുകൾ മാറ്റിപ്പറയുമ്പോൾ അവ അസത്യമാകുന്നു. ഈ വേർതിരിവാണ് ടി.വിയും പത്രങ്ങളും തമ്മിലുളളത്.
പത്രങ്ങളിലും കളളക്കളികൾ ഉണ്ട്. മൂന്നര രൂപയ്‌ക്കു കിട്ടുന്ന പത്രം മടക്കി വാരികരൂപത്തിലാക്കിയാൽ പേജ് 64. ഇത്രയും പേജുളള വാരികയ്‌ക്ക് 12 രൂപയാണ് വില. പരസ്യവരുമാനത്തിന്റെ കളിയാണിത്. മസാലദോശ നീളത്തിൽ കഴിച്ചാലും ചുരുട്ടിമടക്കി കഴിച്ചാലും ഒരേ വയറിനുളളിലാണ് പോകുന്നത്. ജനങ്ങളുടെ അഭിരുചിയെ ചൂഷണം ചെയ്യുകയാണ് ഇരുകൂട്ടരും ചെയ്യുന്നത്. വിവിധ സമൂഹങ്ങളുെ പ്രശ്‌നമാണ് അഭിരുചികളുടെ പ്രത്യയശാസ്‌ത്രം. അതിഭീകരവും ഭയാനകവുമായ വാർത്തകളും പ്രക്ഷേപണങ്ങളുമാണ് പ്രഭാതവേളയിൽ നമുക്കിവർ നൽകി അസ്വസ്ഥതയുണ്ടാക്കുന്നത്. ഏത് ന്യൂസ്, ഏത് വാർത്ത സത്യമെന്ന് അറിയണമെങ്കിൽ കോടതിയെ അഭയം പ്രാപിക്കേണ്ട അവസ്ഥയാണ്. ടി.വി, പത്രമാധ്യമ പ്രവർത്തകർക്ക് ആരെയും പേടിയോ ഭയമോ ഇല്ല. അതുകൊണ്ട് ഈ കനകസിംഹാസനത്തിൽ ഇരിക്കുമ്പോൾ അർത്ഥരഹിതമായ ചിന്തകളും കൂട്ടുകെട്ടുകളുമുണ്ടാകും. ഇങ്ങനെ വരുമ്പോൾ പണസ്വാധീനവും ബുദ്ധിസ്വാധീനവും സമൂഹസ്വാധീനവും കുറഞ്ഞവരെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ സ്വഭാവഹത്യ നടത്തുന്നത് ഇവരിൽ ചിലരുടെ പ്രത്യേകതയാണ്. ഇവർക്ക് പേടിയുളളത് കോടതിയെയും കോടതിയുടെ ശരണമായ പതിനെട്ടാംപടിയായ വക്കീലന്മാരുടെ പാദങ്ങളെയുമാണ്.
ടെലിവിഷന് സെൻസർകോഡുകൾ ഇല്ല. മാധ്യമങ്ങൾക്കും അതുതന്നെ. ടി.വി., പത്രമാധ്യമങ്ങൾ ഇപ്പോൾ ദേവാലയ പൗരോഹിത്യത്തിന് എതിരായാണ് നിലനിൽക്കുന്നത്. രാജ്യം ഭരിക്കുന്ന ഭരണാധികാരികൾപോലും സിംഹാസനം പോകാതെ മീഡിയകൾക്ക് പിന്നാലെയാണ്. മീഡിയയെ പ്രീണിപ്പിച്ചില്ലെങ്കിൽ ഭരണസിരാകേന്ദ്രത്തിനുവരെ നിലനില്പുണ്ടാവില്ലെന്ന അവസ്ഥയാണിന്ന്. ഇവയേക്കാൾ ഭയാനകമായാണ് ആബാലവൃദ്ധം ജനങ്ങളെയും കുഞ്ഞുമനസുകളെയും സന്ധ്യാ ടി.വി. പരമ്പരയിൽ തളച്ചിട്ടിരിക്കുന്നത്. അമ്മയെയും അനിയത്തിയെയും ഒരുമിച്ച് പ്രേമിക്കുന്നതും ബലാത്സംഗങ്ങളും കൊലപാതകങ്ങളുമൊക്കെയാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്‌ടമെന്ന മുൻവിധിയോടെയാണ് പരസ്യക്കാരും ടി.വി. മാധ്യമങ്ങളും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
ഓണം, ക്രിസ്‌മസ് തുടങ്ങി മാതൃദിനം, പിതൃദിനം, പ്രണയദിനം, എയ്‌ഡ്‌സ്‌ദിനം അങ്ങനെ ഓരോ ദിവസങ്ങൾക്കും പ്രത്യേക പദവി നൽകി കച്ചവട സ്‌പോൺസറാക്കി മുന്നേറുമ്പോൾ പൊതുജനങ്ങളുടെ നന്മയ്‌ക്കായി ഇവർ ഒന്നും ചെയ്യുന്നില്ല. പ്രകൃതിസ്‌നേഹം, രാജ്യസ്‌നേഹം, ആരോഗ്യസമ്പത്ത്, സയൻസ് ഇവയെ ഉൾക്കൊളളിച്ചുകൊണ്ട് വിജ്ഞാനപ്രദമായ ഏതു ചാനലാണ് മുംബയ് മലയാളികൾക്ക് കിട്ടുന്നത്. സന്മാർഗങ്ങളെ നയിക്കേണ്ട ബി.ബ.സി. ചാനൽവരെ തോറ്റുകിടക്കുന്നതാണ് നാം കണ്ട ചരിത്രം.
ജോർജ്‌ബുഷിന്റെ മരണവാറണ്ട് ആയിരം രാക്ഷസന്മാരെപോലെ മുന്നിൽ വന്നു നിന്നപ്പോഴും സദ്ദാം ഹുസൈൻ പൊരുതിനിന്ന ഭാവമാണ് ദൃശ്യമാധ്യമങ്ങളിലൂടെ ലോകജനത കണ്ട രംഗങ്ങൾ. ഇത്രയേറെ സ്വാധീനവും കഴിവും ഉളള മാധ്യമങ്ങൾ എല്ലാം കൂടി ഒന്നിച്ച് അച്ചുനിരത്തിയിട്ടും ഇറാക്കിലെ സർവാധിപനായിരുന്ന സദ്ദാം ഹുസൈന്റെ വിചാരണയും തൂക്കിക്കൊല്ലലും ബി.ബി.സി. ലൈവായിതന്നെ സംപ്രേഷണം ചെയ്‌തു. ദൈവത്തിന്റെ അടുത്തുനിൽക്കുന്ന ബി.ബി.സി ചാനൽവരെ തോൽവി സമ്മതിക്കുന്നതായാണ് നാം കണ്ടത്. മാധ്യമങ്ങൾക്ക് ശക്തിയുണ്ടായിരുന്നെങ്കിൽ സദ്ദാമിനെ തൂക്കിക്കൊല്ലില്ലായിരുന്നു. യേശുക്രിസ്‌തു മനുഷ്യനന്മയ്‌ക്കായി ജന്മമെടുത്തു. എന്നാൽ സദ്ദാം ഹുസൈനെ കൊല്ലാൻ ജോർജ് ബുഷ് ജന്മമെടുത്തു. എല്ലാം എഴുതിയതും കാണിച്ചതും മാധ്യമങ്ങൾതന്നെ.
കാണികളായ നമ്മുടെ ഗതി ഇതുതന്നെയാകുമ്പോൾ ടി.വിയിൽ കാണുന്നതും പത്രത്തിൽ വായിക്കുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്തിന്റെ കണ്ണാടിയാവുന്നു. ഈ അപഗ്രഹനാടകത്തിൽ അഭിനയിക്കുന്ന മീഡിയാപ്രവർത്തകരാണോ വലുത്, കാണികളും വായനക്കാരുമായ ജനങ്ങളാണോ വലുത്?
(കടപ്പാട് ഃ ജ്വാല, മുംബയ്)
Generated from archived content: eassay1_aug2_08.html Author: sudhakaran_thodupuzha
Click this button or press Ctrl+G to toggle between Malayalam and English