തോഴിമാര്‍

ഓടിക്കളിച്ചും കൊഞ്ചിക്കുഴഞ്ഞും
ഓമന പൊന്മകള്‍ ചാരത്തണയവേ
ശോഷിച്ച കൈകളാല്‍ മാറോടണച്ചമ്മ
തോരാത്ത കണ്ണീരണിഞ്ഞു നിന്നു

കുട്ടികള്‍ക്കൊപ്പം നടത്തിയ കേളികള്‍
പൊട്ടിച്ചിരിച്ചവള്‍ ചൊല്ലുന്ന നേരം
കുട്ടിത്തം മാറാത്ത ചൊല്ലുകള്‍ കേള്‍ക്കവേ
പൊട്ടിക്കരഞ്ഞുപോയ് പാവം അമ്മ

പാടവരമ്പിന്നങ്ങേത്തലയ്ക്കൂന്ന്‍
പാട്ടുകള്‍ കേള്‍ക്കുന്നതേറ്റു പാടാന്‍
പാടുപെടുന്നോരെന്‍ പൊന്മണിക്കുഞ്ഞിനെ
പാടാന്‍ പഠിപ്പിച്ച പൈതലെത്തി

ഊണിലുറക്കിലുമൊന്നിച്ചിരുന്നോരാ
പൈതലെന്‍ കുഞ്ഞിന്‍ കുറവറിഞ്ഞ്‌
സ്കൂളിലും ക്ലാസിലുമൊക്കെ നടപ്പത്
വൈകാതെ വന്നവള്‍ പങ്കുവച്ചു

പുത്തന്‍ കഥകളുമായെത്തുമാ തോഴി
ഉപരിപഠനാര്‍ത്ഥം യാത്രയായ്
കത്തുകള്‍ക്കുള്ളിലൂടെന്നുമാ സ്നേഹം
ഉരുകുമാമമ്മയ്ക്ക് സാന്ത്വനമായി !

വൈദ്യശാസ്ത്രങ്ങളില്‍ തലപുകച്ച്
വന്നവളിന്നൊരു ഡോക്ടറായി
പ്രാണസഖി തന്‍ ചികിത്സയ്ക്കായി
ആവോളോം വേണ്ടത് ചെയ്തുനിന്നു ………

************

ചിന്തകളില്‍നിന്നുമുണര്‍ന്നു അമ്മ
ചികിത്സകഴിഞ്ഞവരെത്തുന്നു …
വരവേല്‍ക്കാനായ്‌ വയല്‍വരമ്പില്‍
കരച്ചിലടക്കി കാത്തുനിന്നു

കണ്ണീര്‍മറയിലൂടമ്മ കണ്ടു
മന്ദസ്മിതം തൂകി മകള്‍ വരുന്നു….
അറിവുള്ള കുട്ടിയായ് അരികിലെത്തി
അമ്മതന്‍ പാദങ്ങള്‍ തൊട്ടുയര്‍ന്നു

ആത്മമിത്രതിന്‍ ശോഭന ഭാവിയ്ക്കായി
കൂട്ടത്തില്‍ കൂട്ടുവാന്‍ തീര്‍ച്ചയായി
വട്ടം കൂട്ടി കാര്യങ്ങള്‍ തോഴിമാര്‍
അമ്മയെയും കൂട്ടി യാത്രയായി ……….

Generated from archived content: poem1_mar12_13.html Author: sudha_krishnakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here