ഗ്രീക്ക് ഇതിഹാസമായ ഒഡീസിയിലെ നായകൻ യൂലീസസ് വൻയുദ്ധങ്ങളിൽ വിജയം നേടി സൈന്യവുമൊത്ത് കടൽയാത്ര ചെയ്‌തു മടങ്ങിവരവേ, ഭക്ഷണത്തിനും വിശ്രമത്തിനും ഇറങ്ങിയ ദ്വീപിലെ അപൂർവ്വമനോഹരങ്ങളായ പഴങ്ങൾ ഭക്ഷിച്ചപ്പോൾ ആ പഴങ്ങളിലടങ്ങിയ ലഹരിയിൽ മതിമറന്ന് വീടും നാടും മറന്ന് വർഷങ്ങളോളം അവിടെത്തന്നെ അടിഞ്ഞുകൂടി. ലഹരിയുടെ മായാലോകത്തെത്തിക്കുന്ന ആ പഴങ്ങളാണ് ലോട്ടോസ്. വിശ്വവിഖ്യാതനായ മഹാകവി ടെന്നിസന്റെ പ്രസിദ്ധമായ ലോട്ടോസ് ഈറ്റേഴ്‌സ് എന്ന കാവ്യത്തിലെ മനോഹരസങ്കല്‌പത്തെ ആർ. ശ്രീലേഖ തന്റെ നോവലിനുപയുക്തമാക്കിയരിക്കുന്നിടത്ത് സമയുക്തികമായ ഭാവനയുണ്ട്.
ലോട്ടോസ് പഴങ്ങളെപ്പോലെ സ്വയം മറക്കാനിടയാക്കുന്ന മയക്കുമരുന്നുകൾക്ക് അടിമയായവരുടെ ലോകം ശ്രീലേഖ അവതരിപ്പിക്കുമ്പോൾ അതിൽ പ്രേമവും അക്രമവും അധികാരവും അഴിമതിയും ആസക്തിയും അനാസക്തിയും നന്മയും തിന്മയുമൊക്കെയിടകലർന്ന് ഒരു പ്രത്യേകലോകത്തിന്റെ ചിത്രം വാർന്നുവീഴുന്നു.
മലയാള സാഹിത്യപ്രേമികൾക്ക് അത്ര അപരിചിതമൊന്നുമല്ല മയക്കുമരുന്നുകളുടെ ലോകത്തെ അനുഭവകഥകൾ. പ്രസിദ്ധസാഹിത്യകാരന്മാർ ചിലർക്ക് തങ്ങളുടെ ലഹരിബാധിതരായ നായകന്മാരുടെ വഴിപിന്തുടരാൻ വായനക്കാരെ പ്രത്യേകിച്ച് ഇളം തലമുറയെ പ്രേരിപ്പിച്ചു എന്ന കുറ്റാരോപണം വരെ ഇവിടെ ഉയർന്നിട്ടുണ്ട്. ആർ. ശ്രീലേഖ ഈ വിഷയം കൈകാര്യം ചെയ്യുമ്പോൾ പലകാരണങ്ങൾ കൊണ്ടും ഒട്ടേറെ പ്രത്യേകതകൾ ഉള്ളതായിത്തീരുന്നു അതു കേന്ദ്രമാക്കിയ ‘ലോട്ടോസ് തീനികൾ’ എന്ന നോവൽ.
അതിശക്തയായ ഒരു ഐ.പി.എസ്. ഓഫീസറാണ് നോവലിലെ നായിക നിഷാമേനോൻ. സിനിമകളിൽ കുറ്റവാളികളെ (അല്ലാത്തവരെയും) തല്ലുന്ന ലേഡീ ഐ.പി.എസ്. ഓഫീസർമാരായ നായികമാരെ നമ്മൾ കണ്ടുതുടങ്ങിയിട്ട് ഒരു ദശകത്തിലേറെയായി. അത്തരമൊരു നായിക സാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യമായിട്ടാണെന്നു തോന്നുന്നു. ആ ചലച്ചിത്രനായികമാർക്ക് മാതൃകയായി ഭവിച്ചത് കേരളപോലീസിലെ പ്രഗല്‌ഭയായ സീനിയർ ഐ.പി.എസ്. ഓഫീസറായ നമ്മുടെ നോവലിസ്‌റ്റ് തന്നെയാണെന്നു ശ്രുതിയുണ്ട്.!
അതീവസുന്ദരിയും സമർത്ഥയും ശക്തമായ വ്യക്തിത്വമുള്ളവളുമാണ് നിഷാമേനോൻ. ഭോപ്പാലിലെ എസ്.പി. ആയിരുന്ന മേനോന്റെ ഏകപുത്രിയും നാല് ഏട്ടന്മാരുടെ കുഞ്ഞനിയത്തിയുമായിരുന്ന നിഷക്ക് ഏറ്റവുമിഷ്‌ടം പ്യൂൺ നമ്പ്യാരുടെ പുത്രൻ ചന്തുവിനെയായിരുന്നു. അവളെ കളിപ്പിച്ചും ലാളിച്ചും പാട്ടുപാടിക്കൊടുത്തും ഒപ്പം കൂടുന്ന ചന്തുവിന് അവളുടെ കൂടെ ചെലവഴിക്കുന്ന സമയമാണ് ജീവിതത്തിലെ നല്ല നിമിഷങ്ങൾ. തുമ്പിയെപ്പോലെ പറക്കുന്ന നാലുവയസ്സുകാരിക്ക് ചന്തു കൊടുത്ത ഓമനപ്പേരാണ് തുമ്പി. ഉത്തർസചാവോ സംഘക്കാർ എസ്‌പി.യുടെ ബംഗ്ലാവ് ബോബുവച്ചു തകർത്ത് മോനോനെ കൊന്നതോടെ ആ നല്ലകാലം അവസാനിച്ചു. ആ സ്‌ഫോടനത്തിൽ ചന്തുവിനെയും സംശയിച്ച് പോലീസ് ചോദ്യം ചെയ്‌തിരുന്നു. അവരവനെ വെറുതെ വിട്ടെങ്കിലും കൊച്ചുതുമ്പി അവനെക്കണ്ട് അച്ഛനെക്കൊന്നവനാണെന്നു വിളിച്ചുകൂവിയതോടെ മനസ്സു തകർന്ന് അവിടന്നോടിയതാണ് ചന്തു. ആ ഓട്ടം അവനെ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കഷ്‌ടപ്പാടിന്റെയും നാളുകളിലൂടെ മയക്കുമരുന്നു വില്‌പനയുടെ ലോകത്തെത്തിച്ചു. (ആ ലോകത്തിലെ കാഴ്‌ചകൾ കാണിച്ചുതരുന്നിടത്ത് നോവലിസ്‌റ്റിന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവസമ്പത്ത് വിലയേറിയ മൂലധനമായി മാറുന്നു. മയക്കുമരുന്നുമായി തെരുവുവില്‌പന നടത്തിയിരുന്ന ചന്തു ഒടുവിൽ മയക്കുമരുന്നു സാമ്രാജ്യത്തിലെ മൂടിചൂടാമന്നനായ മാലിക്കിന്റെ പ്രിയശിഷ്യനായി മാറി. ആ കയറ്റം വലിയ രാഷ്‌ട്രീയപ്പാർട്ടിയുടെ മന്ത്രിപദത്തിലാണ് ചെന്നുനിന്നത്. തന്റെ പ്രാണേശ്വരിയായി എന്നും മനസ്സിലുണ്ടായിരുന്ന തുമ്പിയുടെ സാമീപ്യവും പ്രേമവും നേടാൻ ആ ഔദ്യോഗിക പദവി അവനെ സഹായിച്ചു. ചുരുങ്ങിയ ഒരു കാലയളവിലേക്ക് അവളുടെ പ്രേമം സ്വർഗ്ഗീയാനുഭൂതി പകരുംവണ്ണം അവനു ലഭിക്കുകയും ചെയ്‌തു. പക്ഷേ ഒടുവിൽ വാളെടുത്തവൻ വാളാലെ എന്ന ദൈവവചനം സത്യമായി മാറി.
ലഹരിയുടെ സമ്പത്ത് വിറ്റഴിക്കുകയും സ്വയം ഉപഭോഗം നടത്തുകയും ചെയ്‌ത് കൊലയും കൊള്ളയും നടത്തി അക്രമത്തിന്റെയും അഴിമതിയുടെയും ലോകത്തു വിരാജിച്ച് സകല സാന്മാർഗ്ഗികനിയമതകളെയും തെറ്റിച്ച് പരദാരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്‌തവനെങ്കിലും ചന്തുവിന്റെ അന്ത്യനിമിഷങ്ങളിൽ നമക്കയാളോട് കഠിനമായ ദയയും സഹതാപവുമാണു തോന്നുക. പ്രേമം തിരസ്‌ക്കരിക്കപ്പെട്ടവനെക്കാൾ ദൈന്യനായി ഭൂമിയിൽ ആരാണുള്ളത്?.
ചന്തുവിന്റെ കഥയ്‌ക്കുസമാന്തരമായി നിഷയുടെയും അവളുടെ ഭർത്താവ് മനോജ് പിള്ളയുടെയും മാനസിക ലോകം കൂടി ഇഴപിരിഞ്ഞാണ് നോവൽ മുന്നോട്ടു നീങ്ങുന്നത്. ആദ്യത്തെ ഒരു ഭാഗം മാത്രം മനോജിന്റെ അനിയൻ വിനുവിന്റെ കാഴ്‌ചപ്പാടിലൂടെ അവതരിപ്പിക്കപ്പെടുന്നു. പിന്നീടു കഥയൊഴുകുന്നത് ചന്തു, നിഷ, മനു, എന്നിവരുടെ ആഖ്യാനങ്ങളിലൂടെയാണ്. മൂന്നുവ്യക്തികളുടെ ചിന്തകൾ മാറി മാറി പ്രത്യക്ഷപ്പെടുമ്പോഴും തിരിഞ്ഞും മറിഞ്ഞും വരുമ്പോഴും അല്‌പം പോലും ക്ലിഷ്‌ടത അനുഭവപ്പെടുന്നില്ല. ആരുടേതാണ് ആഖ്യാനമെന്നു തുടക്കത്തിലേ തിരിച്ചറിയുന്നതിൽ വായനക്കാരനു പിഴവു പറ്റുന്നില്ല. ഭൂതത്തിൽ നിന്നു ഭാവിയിലേയ്‌ക്കും പിന്നെ വർത്തമാനത്തിലേക്കും മറിച്ചുമൊക്കെ തികഞ്ഞ അനായസതയോടെ സഞ്ചരിക്കുന്ന കഥാകഥനം തട്ടും തടവുമില്ലാതെ പുരോഗമിക്കുന്നു.
ശില്‌പഭദ്രതയുറ്റ ഒന്നായി ലോട്ടസ് തീനികൾ മാറിയതിനു പിന്നിൽ നോവലിസ്‌റ്റിന്റെ ആംഗലസാഹിത്യപഠനവും ചുരുങ്ങിയ കാലത്തെ സാഹിത്യാദ്ധ്യാപന പരിചയവും സഹായിച്ചിട്ടുണ്ടാകണം.
പാത്രസ്വഭാവത്തിലേക്കു കുറുകിയവാക്കുകൾ കൊണ്ട് നേരെ ചെന്നു കയറുന്ന രീതി ശ്രദ്ധേയമായി അനുഭവപ്പെടുന്നുണ്ട്. കഥാരംഭത്തിൽ വിനുവിന്റെയും അവൻ പ്രേമിച്ചിരുന്ന റോസിന്റെയും ജീവിതദുരന്തം ഞെട്ടിപ്പിക്കുന്ന അനുഭവതീക്ഷ്‌ണതയോടെയാണ് അവതരിപ്പിക്കുന്നത്. അതു വായിക്കുന്ന യുവതലമുറയ്‌ക്ക് മയക്കുമരുന്നുകളോട് ഭയം ജനിപ്പിക്കാൻ പര്യാപ്‌തമാണ് വിനുവിന്റെ അന്ത്യനിമിഷങ്ങളുടെ വർണ്ണന.
വിനുവിന്റെ മരണരംഗത്തിലേക്ക് നടന്നുവന്ന നിഷയുടെ അവതരണം അവളിലെ പോലീസുദ്യോഗസ്‌ഥയെ കാട്ടിത്തരുന്നു. കാര്യമാത്ര പ്രസക്തമായി വിനുവിന്റെ മൃതദേഹം അവൾ നോക്കിക്കാണുന്ന രംഗം അവളുടെ വ്യക്തിത്വസവിശേഷതകളിലേയ്‌ക്കു വെളിച്ചം വീശുന്നു. അതുപോലെ തന്നെ നിഷയുടെ ഭർത്താവ് മനോജ് പിള്ളയെയും ഒറ്റനോട്ടത്തിൽ നാം ആഴത്തിൽ തന്നെ അറയുന്നു. ‘എനിക്കൊറ്റക്കിതു ഹാൻഡിൽ ചെയ്യാനാവില്ലെന്നു ഭാര്യയെ ശരണം പ്രാപിക്കുന്ന ആ ദുർബല ഹൃദയനെ, അനിയനെ പ്രാണനെക്കാൾ സ്‌നേഹിക്കുകയും അവന്റെ മൃതദേഹം കണ്ട്, മോഹാലസ്യപ്പെടുകയും ചെയ്യുന്ന ആ സ്‌നേഹാതുരനായ ജ്യേഷ്‌ഠനെ നമ്മൾ ആദ്യക്കാഴ്‌ചയിൽ തന്നെ ഇഷ്‌ടപ്പെട്ടുപോകുന്നു. വികാരവിക്ഷുബ്‌ധനാകുമ്പോഴെല്ലാം ഛർദ്ദിക്കുന്ന അയാളുടെ ചിത്രീകരണം ഹൃദ്യമായി അനുഭവപ്പെടുന്നു. കുട്ടിക്കാലത്തേ അച്ഛനമ്മമാർ നഷ്‌ടപ്പെട്ട് മനുവിന്റെ ബന്ധങ്ങളോടുള്ള വൈകാരികമായ അടിമത്തം ശ്രീലേഖ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു.
പോലീസ് അക്കാദമിയിൽ പരിചയപ്പെട്ട സുന്ദരിയും സമർത്ഥയുമായ നിഷാമേനോൻ സഹപാഠി കൃഷ്‌ണകാന്ത് ദേശായിയുമായി അടുപ്പത്തിലായിരുന്നുവെന്നും അവൾ അയാളുമായി ശാരീരികബന്ധം പുലർത്തിയിട്ടുണ്ടെന്നുമറിഞ്ഞിട്ടും അവളെ നിവേദ്യം പോലെ കരുതി ജീവിതസഖിയായി മനു സ്വീകരിച്ചു. തോക്കിനെ പേടിക്കുന്ന, ഐ.പി.എസ്. കിട്ടി 11 വർഷമായിട്ടും ഒരു നല്ല പോസ്‌റ്റിലുമിരിക്കാൻ പറ്റാത്ത മനുവിന് ജോലിയിൽ പേരെടുക്കുന്ന ഭാര്യയോട് അസൂയയില്ലെന്നു മാത്രമല്ല, അവൾ ഒരു നല്ല പോലീസോഫീസറാണെന്നതിൽ അഭിമാനമുണ്ടു താനും. മനുവിന് നിഷയോടുള്ള സ്‌നേഹത്തിനു യാതൊരുപാധികളുമില്ല. 12 വർഷം തന്റെ ഭാര്യയായിരുന്നവൾ ചന്തുവുമായി ബന്ധം പുലർത്തുന്നുവെന്ന ഭീകരസത്യം മനസ്സിലാക്കുമ്പോഴും “ നെഞ്ചു പൊളിയുന്ന സ്‌നേഹം മാത്രമാണവളോടു തോന്നുന്നത്.”
പക്ഷേ പ്രാണനായിരുന്ന കൊച്ചനിയന്റെ മരണം കൊടുത്ത ആഘാതം കാരണം മയക്കുമരുന്നു ലോബിയോടു പോരാടാനുള്ള മോഹം മനസ്സിലുണ്ടായിരുന്ന മനു തന്റെ മേലധികാരി മന്ത്രി ചന്ദ്രശേഖർ മയക്കുമരുന്നിന്റെ ഉപഭോഗം വ്യാപകമാക്കാൻ പദ്ധതികൾ മുന്നോട്ടു നീക്കുമ്പോൾ അതിശക്തമായി പ്രതിരോധിക്കാൻ തക്കവണ്ണം കരുത്തു നേടുന്നു. ഈ മാറ്റം തികച്ചും വിശ്വസനീയമായി അവതരിപ്പിക്കുന്നതിൽ ശ്രീലേഖ വിജയിച്ചിട്ടുണ്ട്. വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്‌തില്ലെങ്കിൽ പാളിപ്പോകാവുന്ന സന്ദർഭമാണത്.
മനുവിനെ കൊല്ലിക്കാൻ ചന്തു നടത്തുന്ന ശ്രമത്തിന്റെ വർണ്ണനയിലും കഥാന്ത്യത്തിലും മാത്രമാണ് നാടകീയമെന്നോ സിനിമാറ്റിക്കെന്നോ പറയാവുന്ന ദോഷം കടന്നുകൂടിയിരിക്കുന്നത്. നന്മയുടെയുംപുരോഗതിയുടെയും ശാന്തിയുടെയും തുടക്കമെന്നു മനു പ്രത്യാശിക്കുന്നു. ദുഷ്‌ടശക്തികളെയും പണവും അധികാരവും മത്തുപിടിപ്പിക്കുന്ന രാജ്യദ്രോഹികളെയും തള്ളിമാറ്റി പുതിയ സംസ്‌ക്കാരത്തിന്റെ തുടക്കമെന്നയാൾ വ്യാമോഹിക്കുന്നു. പക്ഷേ ഒരു ചന്ദ്രശേഖറേ കൊല്ലപ്പെട്ടിട്ടുള്ളൂ. അയാളുടെ പിന്നിലുള്ളവർ ബാക്കിയുണ്ട്. അയാളെ തോല്‌പിക്കാൻ മനു കൂട്ടു പിടിച്ച ദുഷ്‌ടശക്തികൾ പൂർവ്വാധികം ശക്തിയോടെ മുൻനിരയിലേക്ക് വരുമെന്നത് വാനക്കാർക്ക് കാണാതിരിക്കാനാവില്ലല്ലോ.
നിഷയെന്ന നായികയുടെ രൂപവർണ്ണനയിൽ ആവശ്യത്തിലേറെ നിറപ്പകിട്ടു ചേർത്തുവോ എന്നു സംശയം തോന്നാം. അവളുടെ രൂപസൗന്ദര്യം കൊണ്ടു മാത്രമല്ലല്ലോ അവൾ ചന്തുവിനെയും മനുവിനെയും ആകർഷിക്കുന്നത്.
നിഷയെന്ന പോലീസോഫിസർക്ക് തന്റെ തൊഴിൽ ചെയ്യേണ്ടതെങ്ങനെയെന്നു നന്നായി അറിയാം. പക്ഷേ അതിനപ്പുറം ലോകത്തിന്റെ നന്മയ്‌ക്ക് തന്റെ സംഭാവനയെന്തെന്നതിനെപ്പറ്റി വ്യാമോഹങ്ങളൊന്നുമില്ല. നമ്മൾ കണ്ടിട്ടില്ലാത്തത്ര ’ടഫ്‘ ആയ ഒരു നായികയാണവൾ. കാര്യങ്ങൾ കുറ്റവാളികളിൽ നിന്നു പുറത്തുകൊണ്ടു വരണമെങ്കിൽ തല്ലിച്ചതയ്‌ക്കുക തന്നെ വേണമെന്നാണവൾ പറയാറ്. ഔദ്യോഗികമായി അറസ്‌റ്റ് രേഖപ്പെടുത്താതെ ചോദ്യം ചെയ്യലാണവളുടെ രീതി., ഒരിക്കൽ ഒരു പ്രതിയെ പത്രസമ്മേളനത്തിൽ അവതരിപ്പിച്ചിട്ട് കൊണ്ടുപോയപ്പോൾ അവൻ നിന്നിടം മുഴുവൻ ചോരയായിരുന്നു. (കാൽപ്പാദം മുഴുവൻ അടിച്ചുപൊളിച്ചിരുന്നു!) “മറിച്ചയാൾക്ക് ഒരവകാശവുമില്ലേ? പ്രതിക്കു മാത്രമയുള്ളോ മനുഷ്യാവകാശം?” എന്നാണവളുടെ ന്യായീകരണം
ലൈംഗികതയെക്കുറിച്ചുള്ള സങ്കല്‌പങ്ങളിലും അതു കൈകാര്യം ചെയ്യുന്നതിലും നിഷ സാധാരണ നായികമാരിൽ നിന്നു വ്യത്യസ്‌തയാണ്. ദേശായിയുമായി നടന്ന വേഴ്‌ചയെക്കുറിച്ച് മനുവിനോടവൾ തുറന്നു പറയുന്നു. മനുവുമായും വിവാഹപൂർവ്വബന്ധത്തിനവൾ തയ്യാറാണ്. മനു വഴങ്ങാത്തപ്പോൾ അവൻ ഇംപൊട്ടന്റ് ആണോ എന്നവൾ ശങ്കിക്കുന്നു. ശാരീരികാവശ്യങ്ങൾ തുറന്നുപറയാൻ അവളൊരിക്കലും മടിക്കുന്നില്ല. മനുവുമായി എത്ര നുകർന്നാലും മതിയാവാതെ ’പ്രേമാമൃത‘മാസ്വദിക്കുന്നതിനിടയിലാണ് നിഷ ചന്തുവിനെ കണ്ടുമുട്ടുന്നതും തിരിച്ചറിയുന്നതും. ’പിന്നെ ഭാര്യയാണെന്നോ അമ്മയാണെന്നോ എന്തിന് ഒരു പോലീസുദ്യോഗസ്‌ഥയാണെന്നോ ഓർക്കാതെയുള്ള ദിനങ്ങളായിരുന്നു? ഓരോ സമാഗമവും പുതിയ അനുഭൂതിയായി. ഓരോ സ്‌പർശവും അമ്പരിപ്പിക്കുന്നതായി. ഇതു പോലൊരു പ്രണയം ഭൂലോകത്താർക്കും ഭാവന ചെയ്യാൻ പോലുമാവില്ല‘ എന്നിരുവരും വിശ്വസിച്ചു. പക്ഷേ ഇത്ര തീവ്രമായ വികാരം നിലനില്‌ക്കില്ലെന്നും കത്തിനശിക്കുകയെയുളളു എന്നുമുള്ള തോന്നൽ നിഷയ്‌ക്കുണ്ടായിരുന്നു. ചന്തു നിർബന്ധിച്ചിട്ടും മനുവിനെ ഉപേക്ഷിച്ച് ചന്തുവിനെ വിവാഹം കഴിക്കാനവൾ തയ്യാറായില്ല. അതുകൊണ്ടു കൂടിയാണയാൾക്ക് ഒരു വെടിക്കു 2 പക്ഷിയെന്നപോലെ കടുംകൈകൾ പ്ലാൻ ചെയ്യേണ്ടിവന്നത് ചന്തു നിഷയോട് മനുവിനെക്കുറിച്ച് കള്ളം പറയാൻ തുടങ്ങുമ്പോൾ മുതൽ അവൾക്കു തിരിച്ചറിവ് ഉണ്ടായിത്തുടങ്ങുന്നു. ഒടുവിലവൾ ചിന്തിക്കുന്നു. “മനുഷ്യസ്‌ത്രീയായിരുന്നില്ല കഴിഞ്ഞ കുറേനാൾ – വെറുമൊരു മൃഗം. ആകർഷണം തോന്നുന്ന ഇണയുടെ പിന്നാലെ പാഞ്ഞ വെറുമൊരു മൃഗം” . പക്ഷേ പ്രേമം എന്ന വാക്കിന് ഈ ഒരു വശ്യതയും ശക്തിയുമുണ്ടെന്നറിഞ്ഞ അവൾക്ക് ചന്തു നൈനിറ്റാളിൽ രഹസ്യസംഗമമൊരുക്കിയപ്പോൾ പോകാതിരിക്കാനായില്ല. അവിടത്തെ അനുഭവങ്ങളും കാഴ്‌ചകളും അവൾക്ക് ചന്തുവിനെക്കുറിച്ചുള്ള ഒട്ടേറെ സത്യങ്ങൾ വെളിവാക്കിക്കൊടുത്തു.
പ്രധാനപ്പെട്ട കഥാപാത്രങ്ങൾക്കൊപ്പം വരുന്ന അപ്രധാനകഥാപാത്രങ്ങളെയും വായനക്കാരുടെ മനസ്സിൽ വ്യക്തമായി തെളിയുമാറ് അവതരിപ്പിക്കുന്നുണ്ട്, ശ്രീലേഖ. ’നമ്മുടെ മുന്നിൽ പരമോത്തമമായ ഒന്നുണ്ടെങ്കിൽ ഒരിക്കലും സാധാരണമായതുകൊണ്ട് തൃപ്‌തിപ്പെടരുത്“ എന്നു പറയുന്ന ഉണ്ണിമാഷ്, ചന്തുവിന്റെ അഡ്വൈസറും ഗുരുവും ഫിലോസഫറും മെന്ററുമായ മയക്കുമരുന്നു രാജാവ് മാലിക്ക്, ചന്തുവിന് ആദ്യമായി സുരക്ഷിതത്വത്തിന്റെ സുഖം നൽകിയ ഖാൻ, എന്നും അയാളെ വെറുത്തിരുന്ന മുത്തേട്ടൻ, പണത്തിനുവേണ്ടി ഇരുവശത്തും മാറിമാറി പ്രവർത്തിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്യുന്നവനും രാസമിശ്രിതങ്ങൾ മാരകമല്ലാത്ത രീതിയിൽ യോജിപ്പിച്ച് പല പുതിയ ലഹരിപദാർത്ഥങ്ങൾ ഉണ്ടാക്കാൻ മിടുക്കുള്ളവനുമായ മുസ്‌തഫ, മന്ത്രിയായ ചന്ദ്രശേഖറിന്റെ സന്തതസഹചാരികളായ വിപിനും രാമചന്ദ്രനും, കരൺ പാണ്ഡേ ഐ.എ.എസ്., മനുവിന്റെ ആദർശങ്ങളിൽ വിശ്വാസമുള്ളതുകൊണ്ട്, സപ്പോർട്ട് ചെയ്യുന്ന കൃഷ്‌ണകാന്ത് ദേശായി – അങ്ങനെ പോകുന്ന ആ നിര. ഇതിലേറ്റവും സവിശേഷമായ കഥാപാത്രം രാമചന്ദ്രനാണ്. 15 വർഷമായി ചന്തുവിനു വേണ്ടതൊക്കെ ചെയ്‌തുകൊടുത്ത് ഉപദോഷ്‌ടാവായി ഒപ്പം കഴിയുന്ന എഴുപത്തഞ്ചുകാരൻ. കഥയിൽ അയാൾ സംവദിക്കുന്നതു മുഴുവൻ പഴഞ്ചൊല്ലുകളിലൂടെയാണ്. മൊത്തം 45 വാക്യങ്ങൾ അയാൾ പറയുന്നു. എല്ലാം പഴഞ്ചൊല്ലുകൾ ഒക്കെയും ഉപദേശങ്ങളും പ്രതികരണങ്ങളുമാണ്. ഒന്നു പോലും ആവർത്തിക്കുന്നുമില്ല. സിനിമകളിൽ സഹനടന് ഒരവാർഡുള്ളതുപോലെ സാഹിത്യത്തിലുമുണ്ടെങ്കിൽ അതീ രസികൻ കഥാപാത്രത്തിനാവുമെന്നുറപ്പ്.
കരൺപാണ്ഡേയുടെ ചിത്രീകരണത്തിൽ അല്‌പം അവിശ്വസനീയത കയറിക്കൂടിയിട്ടുണ്ട്. തികഞ്ഞ മന്ദബുദ്ധിയും സ്വാർത്ഥതല്‌പരനും അതിമോഹിയുമായിട്ടാണയാൾ ആദ്യരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മന്ത്രിയുടെ ഭീകരപ്രവർത്തനങ്ങൾ തടയാനാഗ്രഹമുള്ള നീതിബോധമുള്ള ഉദ്യോഗസ്‌ഥനായി അയാൾ മാറുന്നിടത്ത് ചെറിയൊരു കല്ലുകടി അനുഭവപ്പെടുന്നു.
സംഭാഷണഭാഷയുടെ ശക്തി മുഴുവൻ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കഥ പറച്ചിൽ എന്നത് എടുത്തു പറയേണ്ടതുണ്ട്.
പ്രേമമെന്ന മനോവികാരം ശാരീരികമായ പ്രതികരണമാകുന്നതിന്റെ അപൂർവ്വമായ ഒരവതരണം കാണുക.
”ഒരായിരം അസ്‌ത്രങ്ങൾ ഹൃദയത്തിൽ തറയും പോലെ അവളുടെ ചിത്രങ്ങൾ കാണുമ്പോൾ തന്നെ ശരീരത്തിൽ എവിടെയോ മുറുകെ പിടിക്കുന്ന കടച്ചിൽ എങ്ങനെയെങ്കിലും മാറിക്കിട്ടിയാൽ മതിയെന്ന് ദൈന്യതയോടെ ചിന്തിക്കും. പല്ലുകളിൽ തരിപ്പും എല്ലുവരെ കുളിരും തോന്നും. ഹൃദയമിടിപ്പും രക്തയോട്ടവും കൂടിവരും. തലമരിവിച്ചും കൈകാൽ അനക്കാൻ പറ്റാതെയും ഇരുന്നുപോകും. ഉടൻതന്നെ മുസ്‌തഫയെ വിളിച്ച് 2 മില്ലി കിറ്റാമീൻ നേരേ രക്തധമനിയിലേക്ക് കേറ്റാൻ തോന്നും.
ഇത്രയൊക്കെ തോന്നുമെങ്കിലും വീണ്ടും എപ്പോഴും ആ ചിത്രങ്ങൾ കാണാനും, ഇതെല്ലാം വീണ്ടും അനുഭവിച്ച് നിർവൃതി അടയാനും ആവേശം തോന്നും.“
ചന്തുവിനു തുമ്പിയോടുള്ള പ്രണയത്തിന്റെ മാരകശക്തിയും തത്‌ഫലമായി അവൻ ലഹരിമരുന്നുകളിലേയ്‌ക്ക് വഴുതിവീഴുന്നതും കാട്ടിത്തരാൻ ആ വർണ്ണന തികച്ചും പര്യാപ്‌തമാകുന്നു.
മയക്കുമരുന്നിന്റെ അപകടഗർത്തങ്ങളിലേയ്‌ക്ക് മനുഷ്യർ മറിഞ്ഞു വീണു പോകുന്നതിന്റെ വർണ്ണന വളരെ കൃത്യമായിട്ടുണ്ട്. അതു കഴിച്ചാലുണ്ടാകുന്ന അനുഭൂതികളും അതു കിട്ടാതെ വരുമ്പോഴുള്ള യാതനകളും ഭംഗിയായി കാണിച്ചുതന്നിട്ടുണ്ട്. അധോലോകനായകന്മാർക്ക് അധികാരകേന്ദ്രങ്ങൾ എങ്ങനെ വഴങ്ങിക്കൊടുക്കുന്നുവെന്നും ഇന്ദ്രപ്രസ്‌ഥത്തിൽ എന്തൊക്കെത്തരം അധികാരക്കളികൾ നടക്കുന്നുവെന്നും ലളിതമായി സൂചിപ്പിക്കുന്നു. വലിയ എഡിറ്റിങ്ങൊന്നുമില്ലാതെ സ്വാഭാവികമായി ഒഴുകിവരുംപോലെയാണ് രചനയെങ്കിലും അതിനാടകീയമായ സന്ദർഭങ്ങളിൽ നോവലിസ്‌റ്റ് നല്ല കൈയൊതുക്കം കാണിക്കുന്നുണ്ട്. തുമ്പി ചന്തുവിനെ തിരച്ചറിയുന്ന രംഗം ഒരുദാഹരണം.
ലൈംഗികത ക്കര്യം ചെയ്യുമ്പോൾ എഴുത്തുകാരി കാണിക്കുന്ന ധൈര്യവും തന്റേടവും ശ്രദ്ധേയമാണ്. മനുവിനെയും ദേശായിയെയും ചന്തുവിനെയും മനസ്സിൽ താരതമ്യപ്പെടുത്തുന്ന രംഗത്ത് നിഷ അടിസ്‌ഥാനഘടകമായി എടുക്കുന്നത് ലൈംഗികവേഴ്‌ചയിലെ വൈവിധ്യമാണ്. വിവാഹേതര ലൈംഗികബന്ധത്തിൽ കഥാനായകയ്‌ക്ക് വലിയ കുറ്റബോധമൊന്നും അനുഭപ്പെടുന്നില്ലെന്നും ഓർമ്മിക്കുക. മനുവിനെക്കുറിച്ചോർക്കുമ്പോൾ അവൾക്കു സങ്കടം തോന്നുകയും അവനുമായി ശാരിരികബന്ധം പുലർത്തുന്നതിൽ നിന്നൊഴിഞ്ഞുനിൽക്കുകയും ചെയ്യുന്നുണ്ടെങ്കിലും ധാർമ്മികതയുടെയോ സദാചാരത്തിന്റെയോ പ്രശ്‌നങ്ങളൊന്നും നിഷയെ അലട്ടുന്നില്ല.
ഭർത്താവിനെ നീയെന്നും എടായെന്നും സംബോധന ചെയ്യുകയും അവനെന്നു പരാമർശിക്കുകയും ചെയ്യുന്ന ഈ നായിക നമ്മുടെ പൗരാണിക ഭാരതീയനാരീസങ്കല്പത്തെ തട്ടിത്തകർത്ത് വലിച്ചെറിയുന്നു.
ആകെക്കൂടി നോക്കിയാൽ ശില്‌പഭദ്രതയുള്ള, ജീവനുള്ള കഥാപാത്രങ്ങളുള്ള, വായിച്ചുപോകാൻ പറ്റിയ പ്രസന്നമായ ശൈലിയുള്ള ലോട്ടോസ് തീനികൾ വ്യത്യസ്‌തമായ ഒരനുഭവം പ്രദാനം ചെയ്യുന്നു.
Generated from archived content: vayanayute12.html Author: sudha_balachandran