പുഴയും കഥയും

പുഴ.ഡോട്ട്‌ കോമിന്റെ ഓൺലൈൻ മാഗസിന്റെ ആഭിമുഖ്യത്തിൽ 2008-ൽ ഒരു കഥാമത്സരം നടത്തി. എല്ലാ കഥകളും ഇന്റർ നെറ്റിൽ പ്രസിദ്ധീകരിച്ച്‌ വായനക്കാർക്ക്‌ വോട്ടു ചെയ്യാനാവസരം നൽകി. ഏറ്റവും കൂടുതൽ വോട്ടു നേടിയ 20 കഥകൾ അവാർഡ്‌ കമ്മറ്റി പരിശോധിച്ച്‌ 3 കഥകൾ തെരഞ്ഞെടുത്തു. അവാർഡിനർഹമായ ആ 3 കഥകളും ബാക്കി 17 കഥകളും ചേർത്ത്‌ പുഴ ഡോട്ട്‌കോം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്‌ പുഴ പറഞ്ഞ കഥ.

ഈ സമാഹാരത്തിലൂടെ കടന്നുപോകുമ്പോൾ ഏതൊരു വായനക്കാരനും ശ്രദ്ധിക്കാനിടയുള്ള ഒരു കാര്യം ഈ കഥകളുടെ പുതുമയും വൈവിദ്ധ്യവുമാണ്‌. 1960-കളിലും 70 കളിലും ജനിച്ചവരാണ്‌ 50 ശതമാനം കഥാകാരന്മാർ. 80 കളിലും 90 കളിലും ജനിച്ചവർ ചിലരും കഥാകൃത്തുക്കളിലുണ്ട്‌. അതുകൊണ്ടുതന്നെ വിഷയങ്ങൾക്ക്‌ വ്യാപ്‌തിയും വ്യത്യസ്‌തതയും കാണാം. കഥാരചനയുടെ തന്ത്രങ്ങൾ പഠിച്ചവരും അല്ലാത്തവരും, നല്ല കഥകൾ വായിച്ചവരും അതിന്റെ അപര്യാപ്‌തതയുള്ളവരുമുണ്ട്‌. അസാമാന്യമായ കൈയടക്കം രചനയിൽ കാട്ടുന്നവരും അതു തിരെയില്ലാത്തവരുമുണ്ട്‌. ഭാഷയുടെ സാദ്ധ്യതകൾ കണ്ടെത്തിയവരും, അതു ശ്രദ്ധിക്കാതെ വാക്കുകൾകൊണ്ട്‌ അമ്മാനമാടുന്നവരുമുണ്ട്‌.

എടുത്തു പറയേണ്ട ഒരു പോരായ്‌മ എഡിറ്റിങ്ങിന്റെ അഭാവമാണ്‌. ഒരു കഥാമത്സരത്തിൽ എഡിറ്റിങ്ങിനു പ്രസക്തിയില്ല എന്നത്‌ ശരി. പക്ഷേ എഡിറ്റിങ്ങില്ലാതെ എഴുതി പ്രസിദ്ധപ്പെടുത്തി ശീലിച്ച പലരും ഈ സമാഹാരത്തിലെ പ്രതികളായിട്ടുണ്ട്‌. കൃതഹസ്‌തനായ ഒരെഡിറ്ററുടെ കരപരിചരണത്തിൽ അതിമനോഹരങ്ങളായി മാറാവുന്ന രചനകൾ പലതും വൃഥാസ്‌ഥൂലതയും ആദിമദ്ധ്യാന്തപ്പൊരുത്തമില്ലായ്‌മയും കൊണ്ട്‌ അത്ര സുഖകരമല്ലാത്തവയായി അവസാനിച്ചിട്ടുണ്ട്‌ ഈ സമാഹാരത്തിൽ.

ഇലക്‌ട്രോണിക്‌ യുഗത്തിന്റെ സന്തതികളായ പുതിയ എഴുത്തുകാരിൽ പൊതുവേ കണ്ടു വരാറുള്ള മറ്റൊരു ദോഷമാണ്‌ അനാവശ്യമായ തിടുക്കം. ‘പുഴ പറഞ്ഞ കഥ’ യിലെ പല കഥകളും നിരാശജനകമായിത്തീർന്നത്‌ ഈ തിടുക്കം മൂലമാണ്‌. ഉള്ളിൽ വീണ ഒരു കഥാബീജം പൂർണ്ണവളർച്ചയെത്തും വരെ തപസ്സിരിക്കണമെന്നാണ്‌ പൂർവ്വസൂരികൾ പറഞ്ഞിരിക്കുന്നത്‌. പക്ഷേ അല്‌പം പോലും ക്ഷമയില്ലാതെ വലിച്ചുവാരിയെഴുതിത്തീർത്ത്‌ പണിപൂർത്തിയാക്കി ധന്യത കൈവരിച്ചിരിക്കുന്നു പലരും.

ടോൾസ്‌റ്റോയ്‌ തന്റെ ബൃഹദ്‌നോവലായ ‘യുദ്ധവും സമാധാനവും’ 10 തവണ പകർത്തിയെഴുതിയെന്ന്‌ ചരിത്രം പറയുന്നു. ഒരു വിശ്വമഹാസാഹിത്യകാരനായി അദ്ദേഹം ഉയർന്നതിന്റെ പിന്നിൽ ഈ ക്ഷമയുടെയും പൂർണ്ണതയ്‌ക്കായുള്ള കഠിനപ്രയത്നത്തിന്റെയും പശ്ചാത്തലവും കൂടിയുണ്ട്‌. കറതീർന്ന ഒരു ശില്‌പമാവണം തങ്ങളുടെ കലാസൃഷ്‌ടികൾ എന്ന നിർബന്ധം എഴുത്തുകാർക്കുണ്ടാവേണ്ടതുണ്ട്‌.

ഒന്നാം സമ്മാനം നേടിയ ‘പുഴ പറഞ്ഞത്‌’ ഉള്ളടക്കത്തിലും അവതരണത്തിലും ഉന്നതനിലവാരം പുലർത്തുന്ന ഒന്നാണ്‌. വിഷയത്തിന്റെ കാലികത, പാത്രസൃഷ്‌ടിയിലെ മികവ്‌, കഥപറച്ചിലിലെ കയ്യടക്കം എന്നിവയിൽ മുന്നിട്ടു നിൽക്കുന്ന ഡോ. ഇ സന്ധ്യയുടെ ‘പുഴ പറഞ്ഞത്‌“ തുടങ്ങുന്നതും അവസാനിക്കുന്നതും പെർഫെക്‌ട്‌ ആയ നിമിഷങ്ങളിലും ചലനങ്ങളിലുമാണ്‌. രോഹിണിയെന്ന കമ്പനി എക്‌സിക്യൂട്ടീവ്‌ ആധുനിക കേരളീയവനിതയുടെ ഒരു മുഖം കാട്ടിത്തരുന്നു. കോടികളുടെ ഇടപാടുകൾ കയ്യിലൂടെ മറിയുന്ന, പബ്ലിക്‌റിലേഷൻ കപ്പാസിറ്റി അത്യധികമുള്ള, ഉള്ളിൽ കവിതയും കലഹവുമുള്ള രോഹിണി. അവളുടെ ജീവിതം താറുമാറാക്കി കടന്നുപോയ രാജീവ്‌ ബാക്കിവെച്ച മാളുവെന്ന നാലാം ക്ലാസുകാരി മകൾക്ക്‌ വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ കഴിയാത്തതിൽ രോഹിണി ദുഃഖിക്കുന്നു. അവളുടെ ഉള്ളിലിപ്പോൾ ദീപക്കെന്ന ചെറുക്കപ്പാരനുണ്ട്‌. ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്ന, ഉള്ളിലെ അജ്ഞാതമായ പുൽമേടുകളും കാനനഭംഗിയും കടൽക്കരയും ആകാശവും കാട്ടിത്തരുന്ന ദീപക്‌. പക്ഷേ അയാൾക്ക്‌ മാളുവിനെ ഉൾക്കാള്ളാൻ കഴിയുന്നില്ലേ എന്നവൾക്ക്‌ സംശയമുണ്ട്‌. ഒരു ഒഫീഷ്യൽ യാത്രയിൽ ഹോട്ടൽമുറിയിൽ നിന്നുകണ്ട പുഴക്കടവിലെ ദീപങ്ങൾ അവളിൽ പ്രതീക്ഷകൾ ആളിക്കത്തിച്ചു. ദിപക്കിനോട്‌ വിവാഹത്തിനു സമ്മതം മൂളാൻ തീരുമാനിച്ച്‌ അവളുറങ്ങി. പിറ്റേന്ന്‌ പുലർച്ചയ്‌ക്ക്‌ പുഴക്കടവിലെത്തിയ രോഹിണി കണ്ടത്‌ മണൽവാരുന്ന മനുഷ്യരെയാണ്‌. അവർക്കു വെളിച്ചം കാണാൻ കൊളുത്തിവച്ച ചെരാതുകളായിരുന്നു തലേന്നു രാത്രിയിലവൾ കണ്ടുമോഹിച്ചത്‌. തിരിച്ചു മുറിയിൽ വന്ന്‌ പുഴയിലേയ്‌ക്ക്‌ തുറക്കുന്ന ജനലുകളടച്ച്‌ രോഹിണി ദീപക്കിന്റെ നമ്പർ സെൽഫോണിൽ നിന്നു ഡിലീറ്റ്‌ ചെയ്‌തു.

ആധുനികയുഗത്തിന്റെ ഒട്ടേറെ സങ്കീർണ്ണതകളും സമസ്യകളും ധ്വന്യാത്മകഭംഗിയോടെ ഉൾക്കൊള്ളിച്ച കഥയുടെ അന്ത്യത്തിന്‌ ഒരു സവിശേഷ അഭിനന്ദനം ഡോ. സന്ധ്യ അർഹിക്കുന്നു.

വിവാഹ ബന്ധങ്ങളിലെ പൊരുത്തക്കേടുകളും അവയെ പുതിയ തലമുറയിലെ സ്‌ത്രീകൾ നേരിടുന്ന രീതിയും പുതിയ ബന്ധങ്ങളിലേർപ്പെടാൻ അവർ കാട്ടുന്ന ധൈര്യവും പുതിയ ഔദ്യോഗിക ജീവിതമേഖലകളിലെ വ്യത്യസ്‌തകളും വിജയസാദ്ധ്യതകളും അവിടെ ഒരതിരുവരെ കാണപ്പെടുന്ന സ്‌ത്രീപുരുഷസമത്വവും അപ്പോഴും സ്‌ത്രീകൾ അനുഭവിക്കുന്ന വീർപ്പുമുട്ടലുകളും മാതൃത്വത്തിന്റെ സനാതനത്യാഗമനോഭാവവും തൊട്ട്‌ സമകാലിക ജീവിതത്തിൽ ഇലക്‌ട്രോണിക്‌ മീഡിയ ചെലുത്തുന്ന സ്വാധീനവും പരിസ്‌ഥിതിപ്രശ്‌നങ്ങളും വരെ 6 പേജുകളുള്ള ഇക്കഥ ഉൾക്കൊള്ളുന്നു.

സമകാലിക മലയാളിവനിതയെ സന്ധ്യയുടെ നായിക രോഹിണി ഉൾക്കൊണ്ടിരിക്കുന്നത്‌ ശ്രദ്ധേയമാണ്‌. തീരുമാനങ്ങളെടുക്കാൻ ആരെയും ആശ്രയിക്കാതെ, മൃദുലമനസ്സിന്റെ സുന്ദരവും ആദർശപൂർണ്ണവുമായ ഭാവങ്ങളെ തിരസ്‌ക്കരിക്കാതെ, സെന്റിമെന്റലിസത്തിലേയ്‌ക്ക്‌ വഴുതി വീഴാതെ ജീവിതത്തെ അവൾ സുധീരം നേരിടുന്നു.

രണ്ടാം സമ്മാനം നേടിയ ഷീലാടോമിയുടെ ’മകൾ‘ എന്ന കഥയും സമകാലികവും അസുഖപ്രദവുമായ ചില ജീവിതയാഥാർത്ഥ്യങ്ങളെ ചിത്രീകരിക്കുന്ന ഒന്നാണ്‌. സ്വന്തം പിതാവിനാൽ പീഢിപ്പിക്കപ്പെടുന്ന, ലൂസിയെന്ന 14 കാരിയുടെ ജീവിതദുരന്തമാണ്‌ ’മകളി‘ൽ പ്രതിഫലപ്പിച്ചിരിക്കുന്നത്‌.

നേഴ്‌സായ അമ്മ രാത്രിയിൽ ഡ്യൂട്ടിയ്‌ക്ക്‌ പൊയ്‌ക്കഴിഞ്ഞാൽ മദ്യപിച്ചുവന്ന്‌ മകളെ ആക്രമിക്കാൻ ശ്രമിക്കുന്ന പപ്പ അഭ്യസ്‌തവിദ്യനും ക്ലബ്‌ മെംബറും മരിയോ വർഗാസ്‌ യോസെയുടെ നോവൽ വായിക്കുന്ന സഹൃദയനുമാണ്‌. പുഴയേയും പൂവാലിപ്പശുവിനെയും സ്‌നേഹിക്കുന്ന, അവയോടൊക്കെ കിന്നാരം പറയുന്ന ആ പതിനാലുകാരി താൻ എന്നുമൊരു കുഞ്ഞായിരുന്നെങ്കിൽ എന്ന്‌ വേദനയോടെ ആഗ്രഹിക്കുമ്പോൾ നമ്മുടെ ഹൃദയം നുറുങ്ങിപ്പോകുന്നു. ആഗോളതാപനത്തിന്റെ ഫലങ്ങളെക്കുറിച്ച്‌ ആലോചിക്കുന്ന ആ പിഞ്ചുമനസ്സ്‌ മഗ്‌ദലനമറിയവും അനുഗ്രഹിക്കപ്പെട്ടവളല്ലേ എന്ന്‌ (ഡാവിഞ്ചി കോഡ്‌ വായിച്ച്‌) അത്ഭൂതപ്പെടുന്നു. അമ്മാമ്മയുടെ വിലക്കുകേട്ട്‌ ”ബൈബിളിലും കുട്ടികൾക്ക്‌ പറ്റാത്ത കാര്യങ്ങളോ?“ എന്ന്‌ അരിശപ്പെടുന്നു. കൂട്ടുകാരെല്ലാം ഇന്റർനെറ്റിൽ വിക്രിയകൾ കാട്ടിയാലും ഒരു മൗസ്‌ ക്ലിക്കിൽ അവൾ എവിടെപ്പോയാലും പാടവരമ്പത്തെ തുമ്പപ്പൂവും പുഴയോരത്തെ കൈതയും പൂവാലിയുമെല്ലാം അവളെ തിരികെ വിളിക്കും. നിഷ്‌ക്കളങ്കതയുടെയും കോമളമായ ജീവിത സൗകുമാര്യത്തിന്റെയും പ്രതീകമായ ആ പെൺകുട്ടി തന്റെ ഗതികേട്‌ ആരോടും പറയാനാവാതെ പുഴയിൽ ജീവിതമൊടുക്കുകയാണ്‌. അവളെ വേണമെങ്കിൽ ഭ്രാന്താശുപത്രിയിലെ പേരറിയാപ്പെൺകിടാങ്ങളിലും കാണാമെന്ന്‌ ഷീലാടോമി കഥയവസാനിപ്പിക്കുന്നു.

വിദ്യാസമ്പന്നരും പുറമെ സംസ്‌കാര സമ്പന്നരെപ്പോലെ കാണപ്പെടുന്നവരും പോലും സ്വന്തം പെൺമക്കളെ പീഢിപ്പിക്കുന്നുവെന്ന ക്രൂരസത്യം സാമൂഹ്യപ്രവർത്തകർ പറഞ്ഞു തുടങ്ങിയിട്ട്‌ കുറച്ചുകാലമായി. പക്ഷേ അതു കേട്ടെന്നു നടിക്കുന്നതുപോലും നമ്മുടെ സംസ്‌കാരബോധത്തെ ഞെട്ടിക്കുന്നതിനാലാവാം അത്തരം ഭീകരപ്രശ്‌നങ്ങളെ നേരിടാനുള്ള ഒരു കാൽവയ്‌പും ഇതുവരെ നാമെടുക്കാത്തത്‌. ”അമ്മ തന്നെയൊന്ന്‌ ഉമ്മ വച്ചിരുന്നെങ്കിൽ, എന്താ മോളേ നിനക്കു പറ്റിയെന്ന്‌ ചോദിച്ചെങ്കിൽ“ എന്നു ലൂസി വിങ്ങുന്നത്‌ ലോകത്തുള്ള എല്ലാ അമ്മമാരുടെയും ഉള്ളിൽചെന്ന്‌ പ്രതിദ്ധ്വനിച്ചെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു. പ്രശ്‌നം അവതരിപ്പിക്കുന്നതോടൊപ്പം പരിഹാരവും കൂടി കഥയിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്നതായി അനുഭവപ്പെടുന്ന നിമിഷമാണത്‌.

ഷീലടോമിയുടെ കഥയിൽ വെട്ടിക്കളയാവുന്ന ചില ഭാഗങ്ങളുണ്ട്‌. പക്ഷേ കഥാരചനയുടെ പുതിയ തന്ത്രങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന ചില അംശങ്ങൾ അവയിൽ പ്രത്യക്ഷപ്പെടുന്നുണ്ടുതാനും. വലിച്ചുനീട്ടുന്ന ആമുഖത്തെപ്പറ്റി വായനക്കാരൻ ചിന്തിക്കുന്ന നിമിഷത്തിൽ കഥാകൃത്തും അതിനെപ്പറ്റി ബോധവതിയാണെന്നു വ്യക്തമാക്കുന്ന നിമിഷം ഉദാഹരണം. കഥ കഥയാണെന്നും ജീവിതമല്ലെന്നും പൂർണ്ണബോധ്യത്തോടെ അവതരിപ്പിക്കുന്നതിലും കാലികത നിഴലിക്കുന്നു. ലൂസി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽ അവൾ ഉന്മാദാവസ്‌ഥയിലെത്തുമെന്ന്‌ സൂചിപ്പിക്കുന്ന അന്ത്യത്തിൽ അതിവൈകാരികമാകാതെയുള്ള ഒരു വികാര വിസ്‌ഫോടനവും കാഥികയ്‌ക്കു സാദ്ധ്യമാവുന്നുണ്ട്‌.

മൂന്നാം സ്‌ഥാനത്തിനർഹമായ ’സങ്കടപ്പൂവ്‌‘, ആർ.എസ്‌. രാധിക എന്ന പതിനഞ്ചുവയസ്സുകാരി എഴുതിയതാണ്‌. അല്‌പനേരം പൊരുന്നയിരുന്ന്‌ വേണ്ടവിധം വികസിപ്പിച്ചിരുന്നെങ്കിൽ നല്ലൊരു കഥയ്‌ക്കുള്ള സ്‌കോപ്പുണ്ടായിരുന്ന വിഷയമാണ്‌ സങ്കടപ്പൂവിന്റേത്‌. കുടുംബബന്ധങ്ങളിലെ ശൈഥില്യവും അത്‌ ഇളം മനസ്സുകളിലുണ്ടാക്കുന്ന ആഘാതങ്ങളും ഈ കഥയിൽ സൂചിതമാകുന്നുണ്ട്‌. വിശ്വോത്തര ചെറുകഥകൾ പരിചയപ്പെടുകയും, കഥാരചന നിത്യാഭ്യാസമാക്കുകയും ചെയ്‌താൽ ഈ ഇളം കുരുന്നിൽ നിന്ന്‌ ധാരാളം നല്ല കഥകൾ പുറപ്പെട്ടേയ്‌ക്കാം.

ബാജി ഓടംവേലിയുടെ ”നീറുന്ന നെരിപ്പോട്‌“ വായിച്ചപ്പോൾ പണ്ടൊരു മഹാനിരൂപകൻ ഒരു ബഷീർകൃതിയെപ്പറ്റി പറഞ്ഞ വാക്യങ്ങൾ ഓർമ്മ വന്നു. ”ജീവിതത്തിൽ നിന്നും വലിച്ചുചീന്തിയെടുത്ത ഒരേട്‌. വാക്കുകളിൽ രക്തം പൊടിഞ്ഞു നിൽക്കുന്നു.“ ആധുനിക മലയാളിയുടെ അന്തസ്സാരശൂന്യതയ്‌ക്കും സത്യസന്ധതയില്ലായ്‌മയ്‌ക്കും കൂടി ഉദാഹരണമാണിക്കഥ. തന്റെ ഒരു അശ്രദ്ധകൊണ്ട്‌ ഒരു സുഹൃത്ത്‌ ആത്മഹത്യ ചെയ്യാനിടയാകുമ്പോൾ നായകന്‌ നെഞ്ചിലൊരു നെരിപ്പോട്‌ സൂക്ഷിച്ചാൽ മതിയെന്നു വരുന്നത്‌ ക്രൂരവും ഭീകരവും മനസ്സാക്ഷിയില്ലായ്‌മയുമാണ്‌.

ആധുനിക ജീവിതം സമ്മാനിക്കുന്ന ബന്ധശൈഥില്യങ്ങൾ വിഷയമാക്കിയ കഥകളിലൊന്നാണ്‌ ഒട്ടകങ്ങൾ ഉണ്ടാകുന്നത്‌’. സ്വന്തം കിഡ്‌നി വിറ്റ്‌ മകളെ ചികിത്സിച്ച അച്ഛന്‌ ഒടുവിൽ നന്ദികേടു മാത്രം നൽകി കടന്നുപോകുന്ന മകൾ. കഥാവിഷയത്തിലില്ലാത്ത പുതുമ അവതരണത്തിൽ ബാബു ജോർജ്‌ കാണിച്ചിട്ടുണ്ട്‌.

പെൺകുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ‘കളിപ്പാട്ടങ്ങൾ കരയുന്നു’ വെന്ന കഥയിൽ സബീന.എം.സാലി പറയാൻ നടത്തുന്ന ശ്രമം അവസാനഖണ്ഡികയിൽ വല്ലാതെ പാളി.

സമ്മാനാർഹർക്കു പുറമേ ‘പൂച്ചജന്മ’ മെഴുതിയ ഗോപക്‌ യു. ആർ., ‘പുത്രകാമേഷ്‌ടി’ എഴുതിയ ആർ. രാധാകൃഷ്‌ണൻ, പച്ചക്കുതിരകളെ ഞാൻ തൊടാറില്ല‘ എഴുതിയ കെ.ആർ.ഹരി, ’സംഗമം‘ എഴുതിയ അഭിലാഷ്‌ ആർ.എച്ച്‌. തുടങ്ങിയവർ ചില പ്രതീക്ഷകൾ നൽകിക്കൊണ്ടാണ്‌ ഈ സമാഹാരത്തിൽ പ്രത്യക്ഷപ്പെടുന്നത്‌.

വ്യത്യസ്‌തമായ പശ്ചാത്തലം കൊണ്ട്‌ ശ്രദ്ധപിടിച്ചു പറ്റുന്നു, കെ.എം. ജോഷിയുടെ ’ഫൂലിയാഗാവിന്റെ നൊമ്പരങ്ങൾ, ജയിൻ ജോസഫിന്റെ ‘സൂര്യതാഴ്‌വാരത്തെ ദേശാടനക്കിളി’ എന്നിവ. ഏറെ ആഴങ്ങൾ ഒളിപ്പിച്ചുവച്ച കഥയാണ്‌ എ.എൻ.ശോഭ, കോട്ടയത്തിന്റെ ‘വില്‌പനക്കാരൻ’ ഒരു നല്ല കഥയ്‌ക്കാവശ്യമായ ചേരുവകളൊക്കെ ചേരേണ്ടുംപടി ചേർത്തിട്ടുമുണ്ട.​‍്‌

ഉപഭോഗസംസ്‌കാരത്തിൽ വഴിതെറ്റിപ്പോകുന്ന, നാശത്തിലേയ്‌ക്കാണ്ടു പതിക്കുന്ന ഒരു വിഭാഗം മനുഷ്യരെ കാണിച്ചുതരുന്ന ക്രെഡിറ്റ്‌കാർഡ്‌ (ദൃശ്യൻ) എന്ന കഥ ശക്തവും തീക്ഷണവുമായ അവതരണം കൊണ്ട്‌ ശ്രദ്ധേയമാകുന്നു.

മനസ്സിനെ മെല്ലെ തൊട്ടുണർത്തുന്ന ചില നൈമിഷികാനുഭൂതികളിൽ കഥാവസ്‌തു കണ്ടെത്താൻ ശ്രമിക്കുന്നു പലരും. വ്യത്യസ്‌തമായ എന്തെങ്കിലും പറയാനുണ്ടെങ്കിൽ മാത്രമേ തൂലികയെടുക്കാവൂ എന്ന്‌ മഹാരഥന്മാരായ സാഹിത്യകാരന്മാർ പറഞ്ഞത്‌ ഇവരിൽ ചിലരെങ്കിലും ഓർക്കേണ്ടതുണ്ട്‌.

ഇലക്‌ട്രോണിക്‌ യുഗത്തിന്റെ അനുഗ്രഹംകൊണ്ടാണ്‌ തങ്ങളുടെ സൃഷ്‌ടികൾ വെളിച്ചം കണ്ടതെന്നും അനേകം പേർ എത്രയോ അകലങ്ങളിലിരുന്ന്‌ അവ വായിച്ചതെന്നും തിരിച്ചറിയുന്ന ഈ എഴുത്തുകാർ ആ മീഡിയത്തിന്റെ ശക്തികളും ദൗർബല്യങ്ങളും മനസ്സിലാക്കി രചനയുടെ മഹത്തായ മേഖലകൾ പിടിച്ചടക്കാൻ ശ്രമിക്കുമെന്ന്‌ നമുക്കാഗ്രഹിക്കാം.

Generated from archived content: vayanayute10.html Author: sudha_balachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here