‘ഭാനുമതി’യും ‘രമണ’നും

പാശ്ചാത്യവും പൗരസ്‌ത്യവുമായ സാഹിത്യാനുശീലനത്തിലൂടെ സമ്പന്നമായ ഒരു ധിഷണയുണ്ടായിരുന്നു, കവിയായ ചങ്ങമ്പുഴയ്‌ക്ക്‌. താനാർജ്ജിച്ച സാഹിതീയപാണ്ഡിത്യം, സ്വീകാര്യമായ കവനകലയ്‌ക്കു പോഷണൗഷധമായി അദ്ദേഹം പ്രയോജനപ്പെടുത്തുകയായിരുന്നു. വെറും അനുകർത്താവായി അധഃപതിക്കുകയല്ല സ്വാംശീകരണത്തിലൂടെ വാനത്തോളം പൊങ്ങുകയാണ്‌, കവി ചെയ്‌തതും.

അനാഗതശ്മശ്രുവായിരിക്കെ, ഇടപ്പളളി സാഹിത്യസമാജത്തിലേക്ക്‌ വന്ദ്യഗുരുനാഥനായ മഹാകവി ജി.യെ ക്ഷണിക്കുവാൻ കവിഗൃഹത്തിലെത്തിയ കൃഷ്‌ണപിളളയെ ഒരു ഗ്രന്ഥം ഹഠാദാകർഷിക്കുകയുണ്ടായി. ‘ആൻ ആന്തോളജി ഓഫ്‌ വേൾഡ്‌ പോയട്രി’ എന്നതാണ്‌ ആ കൃതി. അതിലെ പല കവിതകളും ഇംഗ്ലീഷത്ര കണ്ടു വശമല്ലാതിരുന്നിട്ടും പരിഭാഷപ്പെടുത്തുവാൻ ചങ്ങമ്പുഴ ഉത്സാഹിച്ചു. രബീന്ദ്രനാഥ്‌ ടാഗോറിന്റെ ‘പൂക്കാരി’യെന്ന കവിത, അങ്ങനെ തർജ്ജമചെയ്‌തു. അതു കാണുക.

‘താമരപ്പച്ചിലപ്പൊതിക്കുളളില,

ത്തൂമലർമാല വച്ചെനിക്കേകുവാൻ

അന്നുഷസ്സിലാപ്പൂങ്കാവനത്തിങ്കൽ

വന്നുനിന്നാളൊരന്ധയാം ബാലിക

ഞാനതെൻ ഗളനാളത്തിലിട്ടപ്പോ-

ളാനന്ദാശ്രു പൊടിഞ്ഞിതെൻ കൺകളിൽ

ബന്ധുരാംഗിയെ ചുംബിച്ചു ചൊല്ലി ഞാ-

നന്ധയാണു നീയീപ്പൂക്കളെന്നപോൽ

നിന്റെ സമ്മാനമെത്ര സമ്മോഹന-

മെന്നറിവീല നീതന്നെയോമനേ.’ 1932 നവംബറിലെഴുതിയതാണ്‌ ഇതെന്നു കാണുന്നു.

‘ആ പൂമാല’യെന്ന ആദ്യകാലകവിതയിലെ നായികയായ പൂക്കാരിയുടെ പ്രഭവം ഈ ചെറുകാവ്യമാണെന്നു വ്യക്തമാണ്‌. ‘ആരാമത്തിന്റെ രോമാഞ്ചം ആരുവാങ്ങു’മെന്നു തിരക്കിനടക്കുന്നതും ഒടുവിൽ ‘ആ മുരളിയിൽ നിന്നൊരു വെറും കോമളഗാനം പോരുമേ’ എന്നു പറയുന്നതുമായ ഭാഗം കവിയുടെ ഭാവനാസൃഷ്‌ടിയാണ്‌. പൂക്കാരി കടന്നുവന്നതെങ്ങനെയാണെന്നേ ഇവിടെ കുറിക്കുന്നുളളൂ. അതിന്റെ ആധമർണ്യമേ തിരയേണ്ടൂ.

കവിയുടെ അപ്രസിദ്ധമായ ‘അമൃതവീചി’യെന്ന സമാഹാരത്തിൽ ‘ഭാനുമതി’ എന്നൊരു കവിതയുണ്ട്‌. അത്രക്കങ്ങു പ്രഥിതമല്ലെങ്കിലും അതിലെ ചില വരികൾ വളരെ ഖ്യാതി വരിച്ചിട്ടുണ്ട്‌.

‘കുളി കഴിഞ്ഞീറനോടമ്പലത്തി-

ലളിവേണി പോവുകയായിരുന്നു,

പുറകിൽ നിതംബം കവിഞ്ഞുലഞ്ഞ

പുരികുഴൽക്കെട്ടിൻ നടുവിലായി

സുരഭിലസംഫുല്ല സുന്ദരമാ-

മൊരു ചെമ്പനീരലരുല്ലസിച്ചൂ

കവിതൻ കരളിലഴൽപ്പരപ്പിൽ

ക്കതിരിടും കല്പനാശക്തിപോലെ.’ എന്ന ഭാഗം അതിപ്രശസ്തമാണ്‌.

‘രമണ’നെന്ന വിശ്രുതകാവ്യത്തിന്റെ ഗർഭപാത്രം ‘ഭാനുമതി’യല്ലേ എന്നു സംശയിക്കണം. ആശയികമായ സാജാത്യം ചില ദിക്കിലെങ്കിലും ഈ ലഘുകൃതി പേറുന്നുണ്ടുതാനും. രാഘവൻപിളളയുടെ അകാലമൃത്യുവാണ്‌ ‘രമണ’ന്റെ രചനയ്‌ക്കാലംബം എന്നതാണല്ലോ കഥ. ആ വാദം അർത്ഥഹീനമാണെന്ന സൂചന തരുന്നു, ജി.പി.ശങ്കരമംഗലം എഴുതിയ ‘ചങ്ങമ്പുഴ-ഒരാത്മ സുഹൃത്തിന്റെ അനുസ്‌മരണ’ത്തിലെ ഈ വരികൾ.

‘ഞാൻ ആയിടെ വായിച്ച ഒരു ഇംഗ്ലീഷുകവിതയെ അനുകരിച്ച്‌ മലയാളത്തിൽ ഒന്നെഴുതണമെന്ന്‌ ആശിച്ചിരിക്കുകയായിരുന്നു. അപ്പോഴേക്കും നമ്മുടെ രാഘവൻപിളളയങ്ങു തൂങ്ങിച്ചാവുകയും ചെയ്‌തു. അങ്ങനെ എല്ലാം കൂടെ ചേർത്ത്‌ അതിവേഗത്തിൽ ഒന്നെഴുതിയുണ്ടാക്കി. അത്രമാത്രം.’

ആയിടെ വായിച്ച ആംഗലകവിത ഷെല്ലിയുടേതാണെന്നു വ്യക്തമാണ്‌. കീറ്റ്‌സിന്റെ മരണവുമായി ബന്ധപ്പെടുന്നത്‌.

രാഘവൻപിളള മരിച്ചപ്പോൾ ചങ്ങമ്പുഴയെഴുതിയ കവിതയാണ്‌ ‘തകർന്ന മുരളി’. അനാർജ്ജവം പേറുന്നതും ശുഷ്‌കവുമായ ഭാവഗീതമത്രേ അത്‌. ചങ്ങമ്പുഴയെന്ന ഭാവഗായകന്റെ ‘മുരളി’യാണ്‌, ഇവിടെ ‘തകർന്നു’കിടക്കുന്നത്‌ എന്നേയുളളൂ.

അനാകർഷകമായ ആകാരവും ഭാവഗംഭീരതയാർന്ന കവനവും കൃഷ്‌ണപിളളയിൽനിന്നും വേറിട്ടുനിർത്തിയിരുന്നു, രാഘവൻപിളളയെ. തികച്ചും അന്തർമുഖനായിരുന്നു, ഇടപ്പളളി. ഉത്സാഹഭരിതനും സുഭഗാകൃതിയും ബഹിർമുഖനുമായിരുന്നു, ചങ്ങമ്പുഴ. രാഘവൻപിളളയിൽനിന്നും ധ്രുവാന്തരം കൈക്കൊണ്ടിരുന്നു. കുമാരനാശാനോടു വളളത്തോളിനുണ്ടായിരുന്ന ചങ്ങാത്തമേ ഇരുവർക്കും ഉണ്ടായിരുന്നുളളൂ. നിയതമായ സംസ്‌കൃതിയുടെ രൂപക്കൂട്ടിനുളളിൽ തളയ്‌ക്കപ്പെട്ട ക്ലാസ്സിക്കായ മനസ്സായിരുന്നു, ഇടപ്പളളിക്ക്‌. ഒരു തുറന്നുവിടപ്പെട്ട പക്ഷിയെപ്പോലെ പറന്നുനടന്ന റൊമാന്റിക്കിന്റെ ഭാവതലമായിരുന്നു, ചങ്ങമ്പുഴയുടെ സ്വകാര്യവ്യക്തിത്വത്തിനുണ്ടായിരുന്നത്‌. രാഘവൻപിളള ഉളളൂർ സ്വാമിയോടും ചങ്ങമ്പുഴ വളളത്തോളിനോടും മമത പുലർത്തിയതു വെറുതെയല്ലല്ലോ.

‘ഭാനുമതി’യിലേക്കു വരാം-

മദനൻ, ഗംഗയോടു കഥ പറയുന്നതായാണു തുടക്കം. മദനൻ പറയുന്നു.

‘അവനെക്കുറിച്ചെങ്ങാനോർക്കിലപ്പോ-

ളറിയാതെൻ കണ്ണു നിറഞ്ഞുപോകും

കനകാംഗിതൻ കഥയത്രമാത്രം

കദനവിദാരിതമായിരുന്നൂ

സ്‌മരണയിലാ മുഗ്‌ധകല്പപുഷ്പം

പരിമളം വീശുമെൻ സ്വപ്നബന്ധം

വെറുമൊരു ചാപല്യമെന്നു മാത്ര-

മൊരുപക്ഷേ നിങ്ങൾക്കു തോന്നിയേക്കാം.’

മങ്ങിയ സാന്ധ്യാകാശത്തിൽ, ഇരുളും വെട്ടവും തങ്ങളെപ്പോലെ – ‘അനുരാഗസങ്കടമാവാം’ -രഹസ്യം പറഞ്ഞിരുന്നുവോ?

ഒരു ശരത്‌കാലത്ത്‌, ഉഷസ്സിലാണ്‌, താനാ ‘സുരലോകസ്വപ്ന’ത്തെ കണ്ടുമുട്ടിയത്‌! ഒരു വെറും സൗന്ദര്യമല്ലായിരുന്നു, അവൾ – ‘നിരവദ്യസായൂജ്യ’മായിരുന്നു.

പരമേശപാദാർച്ചനത്തിനു താലത്തിൽ പൂക്കളുമായി അവൾ പോകുമ്പോൾ, ‘അരികിലരികലണയുന്തോറുമൊരു മിന്നലെന്തോ ’കിളർന്ന‘തായി അനുഭവിച്ചറിഞ്ഞു. അങ്ങനെ, ’നയനാഞ്ചലങ്ങളിടഞ്ഞു‘പോയി, ’നവരാഗനാന്ദി‘യും കുറിക്കപ്പെട്ടു.

മദനൻ തുടരുന്നു-

’കഥ നീട്ടുന്നെന്തിനാ കാല്യകാല-

കമനീയ കാമദസ്വപ്നരംഗം

അകതാരിൽ ഞങ്ങൾക്കു രണ്ടുപേർക്കു-

മനുഭൂതി വർഷിപ്പതായിരുന്നൂ,

അതു മുതൽക്കെന്നെയത്തയ്യലാളു-

മവളെയീ ഞാനും ഭജിച്ചു വന്നൂ.‘

ഒരു ’മാന്യധനേശ്വര‘ന്റെ അരുമയായ സന്താനവല്ലിയായിരുന്നു, അവൾ. അങ്ങനെയുളള അവളെങ്ങനെ ഒരു നിസ്സാരയാചകനിൽ അനുരക്തയാവാൻ…!

അമരാംബരത്തിലെത്താരകം വ-

ന്നടിയിലെപ്പൂഴിയെപ്പുൽകുകെന്നോ!

അവമാനഭീരുവാം ലോകമെ-മ്മ-

ട്ടതുകണ്ടു ചുമ്മാ സഹിച്ചിരിക്കും.!

അകലത്തായി, പല്ലും ഇറുമ്മിക്കൊണ്ടു നിൽക്കുന്ന ദയാഹീനമായ നീതിക്കുമുന്നിൽ ’അപരാധി‘കളായ തങ്ങൾ പരാജയഭീതിയോടെ നിലയുറപ്പിച്ചു.

’. . . . . . . . . തളർന്നു ലോക-

മതിസുഖനിദ്രയിലാണ്ടിരിക്കെ

പ്രണയസ്വരൂപിണി തൻ മുറിയി-

ലണയുമാറുണ്ടു ഞാൻ ഗൂഢമായി.‘

ഞങ്ങളിരുവരും, നേർത്ത രണ്ടു മുരളീരവങ്ങളായി ഉല്ലസിച്ചു നടന്നു.

സാമൂഹികതയുടെ നിഷ്‌ഠൂരതയെന്തെന്നറിഞ്ഞ താനവളോടു പറഞ്ഞു-

’വെറുമൊരു ഭിക്ഷുവിൻ കുമ്പിളിൽ നിൻ

വിലപെറും ജീവിത രത്നമാല്യം

അതുലേ നീയേവം വലിച്ചെറിഞ്ഞാ-

ലതു മഹാസാഹസമായിരിക്കും

ഒരു വെറും പട്ടിണിക്കാരനോ നിൻ

പ്രണയസാമ്രാജ്യൈക സാർവ്വഭൗമൻ

ഒരു മഹാഭാഗ്യവാൻ വിത്തനാഥൻ

കിരണമേ നിന്നെപ്പരിഗ്രഹിക്കും

സ്വയമതു കൊണ്ടിനിസ്സാധ്യമാകിൽ

ദയവുചെയ്‌തെന്നെ മറക്കണം നീ.‘

അതുകേൾക്കെ, അവൾ തേങ്ങിക്കരഞ്ഞുകൊണ്ടു പറയും-

’മരണംവരേക്കിനി മറ്റൊരാളെ. . . . . . . .‘

ഞങ്ങളുടെ രഹസ്യമെല്ലാം മാലോകരറിഞ്ഞു തുടങ്ങി.

’. . . . . . . . ലോകാപവാദഘോര

വിടപാഗ്നി നീളെപ്പടർന്നു കത്തി,

അതിൽനിന്നുയർന്നു പരന്നധൂമ

പ്രകരത്തിൽ ഞങ്ങൾക്കു വീർപ്പുമുട്ടി.‘

കഥ, നാടാകെയറിഞ്ഞപ്പോൾ, എന്റെയന്തരീക്ഷം കാർമേഘാവൃതമായിത്തീർന്നു. ചുറ്റും പ്രബലമായ പ്രതിബന്ധങ്ങൾ! താനോ? ദുർബ്ബലൻ! എവിടെപ്പോകും?

’മമ ജീവിതാപായശങ്കയല്ലെൻ

മനതാരിനാഘാതമായതൊട്ടും

അതുകൊണ്ടു ലോകത്തിനെന്തു കിട്ടാ-

നതുവേണമെങ്കിൽത്തുലഞ്ഞു പോട്ടെ

അതിലെനിക്കല്പമില്ലാധി പക്ഷേ

ഹൃദയാനവദ്യയാമക്കുമാരി!‘

ഒരു പൂത്തവളളിക്കുടിലുപോലെ

സുരഭിയാകേണ്ടൊരജ്ജീവിതത്തെ

പുകപിടിപ്പിച്ച ഞാൻ……’ ശരീരം തരിക്കുകയായിരുന്നു, താൻ തീരുമാനിച്ചു.

‘ഉയിരെന്നിലുളളിടത്തോളവും ഞാൻ

സ്വയമവൾക്കാലംബമായി നിൽക്കും

സുബലമാമീ നീണ്ട കൈകൾപോരും

സുഖദമായവളെപ്പുലർത്തിടുവാൻ.’

കത്തുന്ന ചിന്തയിലാണ്ടുനിൽക്കെ, അവളുടെ വിശ്വസ്തയായ തോഴി ഒരു കത്തു കൈയിൽ നൽകി.

‘ഇരവിലിന്നാരുമൊരാളറിയാ-

തിവിടത്തിൽ നിന്നു കടക്കണം നാം

സകലവുമച്ഛൻ. . . . . . .

. . . . . . കാണണം പാതിരയിൽ’

തന്റെയുളളം കുളിർന്നു. . . . !

‘നിരഘേ നിൻ നിസ്തൂലശക്തിയാലീ

നിഹതനെ നീയൊരു ദേവനാക്കീ

അതിനു ഞാൻ നൽകും പ്രതിഫലമോ

വെറുമൊരു കണ്ണീർക്കണിക മാത്രം!’

അവളുടെ മലർമേടയിലേക്കു തിരിച്ച താൻ കണ്ടത്‌ നടുപ്പാതിരാവിൽ ഒരു പട്ടടയായിരുന്നു! നിശ്ശബ്‌ദമായി നിന്നുകൊണ്ട്‌ കരിമാടന്മാർ ശവം ദഹിപ്പിക്കുന്നു. അത്‌… തന്റെ പ്രിയതമയുടേതായിരുന്നു. അവൾ മരിച്ചതല്ല, മരിപ്പിക്കുകയായിരുന്നു, അവളുടെ നിഷ്‌ഠൂരനായ പിതാവ്‌ വിഷം കുടിപ്പിച്ച ആ കൗര്യം, ധനശക്തിയാൽ നിയമത്തിൽ നിന്നു മുക്തിയും വാങ്ങി.

അങ്ങനെ, ഒരുവാക്ക്‌ അവസാനം മിണ്ടുവാനുമാവാതെ ആ സ്വപ്നം മറഞ്ഞുപോയി. നീലാകാശത്തു കാണുന്ന വെളളിത്താരകം അവളാണ്‌. അവൾ, തന്നെ മാടിവിളിക്കയല്ലേ?

‘ഭാനുമതി’യിൽ നിന്നു ‘രമണ’നിലേക്കുളള ദൂരം വളരെയാണ്‌. ‘രമണ’നിൽ രമണനെന്ന ഒരു കഥാപാത്രം കൂടിയുണ്ട്‌. അത്‌ എങ്ങനെ നിബദ്ധമായി എന്ന കാര്യം, രാഘവൻപിളളയുടെ മരണത്തെക്കുറിച്ചുളള ചങ്ങമ്പുഴയുടെ സ്വകാര്യ കത്തിൽ നിന്നും സ്പഷ്‌ടമാണല്ലോ.

‘ഭാനുമതി’യിൽ, സ്വന്തം പിതാവ്‌, മകളെ വിഷംകൊടുത്തു കൊല്ലിക്കുകയാണ്‌. താൻ കെട്ടിപ്പൊക്കിയ പ്രതാപൈശ്വര്യങ്ങളുടെ കോട്ടകൾ മകൾ തകർക്കുമെന്നു ഭയന്ന ഒരുഗ്രമൂർത്തിയുടെ പ്രതികൃതിയായിരുന്നു, അത്‌.

മകളെ ചുട്ടുകരിക്കുന്ന അച്‌ഛൻ എന്തിന്റെയോ പ്രതീകൃതമായ രൂപമല്ലേ?

‘ഭാനുമതി’യാണ്‌, അവൾ. പേരിൽ നിന്നുതന്നെ ‘ഭാനുമാ’നായ സൂര്യനുമായുളള ബന്ധം വ്യഞ്ജിക്കുന്നു. ‘കിരണമേ നിന്നെപ്പരിഗ്രഹിക്കു’മെന്ന പാദത്തിലൂടെ കവി ഭാനുമതിയുടെ പൊരുൾ കുറിക്കുന്നുമുണ്ട്‌.

ഭാനുമതിക്ക്‌ ഭാനുമാനുമായി ജന്യജനകബന്ധം വരുന്നുണ്ടല്ലോ.

മദനൻ സന്തോഷിപ്പിക്കുന്നവനാണ്‌. ചന്ദ്രനെയാണ്‌, അവളുടെ കാമുകനാക്കിയിരിക്കുന്നത്‌ (ചന്ദ) ആഹ്ലാദനേത്രനാണ്‌ ചന്ദ്രൻ. മദിപ്പിക്കുന്നതെന്നു ധ്വനി.

നൈശാന്ധകാരത്തിന്റെ മടിത്തട്ടിൽ ജനികൊളളുന്ന മദനൻ (ചന്ദ്രൻ) ‘നിസ്സാര’നുമാണല്ലോ. ഭാനുമതിയെന്ന ഔന്നത്യത്തിന്റെ സന്തതിയും തമോമയപ്രഭാവത്തിന്റെ വിളർത്ത പുഞ്ചിരിയായ മദനനും തമ്മിലിണങ്ങുകയില്ല തന്നെ!

ഇരുളിന്റെ കറുത്ത കരങ്ങൾ-കരിമാടന്മാർ- ‘കിരണ’മാകുന്ന ഭാനുമതിയെ അസ്തമയച്ചിതയിൽ ചിലയൊരുക്കി ദഹിപ്പിക്കുന്നു. അസ്തമയച്ചിതയിൽ ദഗ്‌ധമാകുന്നു, സൗരമയൂഖം. അതിന്റെ ധൂമമായി ചില കവികൾ ഇരുട്ടിനെ സങ്കല്പിക്കുന്നുമുണ്ട്‌.

‘ഭാനുമതി’യിൽനിന്നു ‘രമണ’നിലേക്കു കവനവ്യാപാരം വളർന്നപ്പോൾ, ഇവിടെ നായിക, ചന്ദ്രികയായി മാറുകയാണ്‌. ഭാനുമതി, സൗരമാണ്‌. ചന്ദ്രികയോ ചന്ദ്രപരവും. ഒടുവിൽ, ചിതയിലെരിയുന്ന സ്വത്വമായി ഭാനുമതി ഇല്ലാതെയാകുന്നു. കഥാന്തർഭാവാനുസൃതം തന്നെയാണ്‌ ഈ രൂപസ്വീകാരം. ചന്ദ്രികയെന്നതു ചന്ദ്രരശ്മിയാണല്ലോ. ഒരുപക്ഷേ ‘ഭാനുമതി’യെന്ന സ്വകൃതിയിൽ നിന്നു വ്യതിരേകം കുറിക്കാനായി ബോധപൂർവ്വം സ്വീകരിച്ചതാവാം, ‘ചന്ദ്രിക’യെ.

‘കവി മനസ്സ്‌ ആരുകണ്ടൂ….?’

ഭാനുമതി സന്ധ്യച്ചിതയിൽ ദഗ്‌ധമാവുന്നുണ്ടല്ലോ. ചന്ദ്രിക, നിറനിലാവായി അങ്ങനെ നിലകൊളളുന്നു. സാമൂഹികനൈഷ്‌ഠൂര്യത്തിന്റെ ദുഷ്‌പ്രഭാവം തീർത്തുവെച്ച ചിതയിൽ ദുഷിച്ച നീതിയുടെ കരിമാടന്മാരാൽ ദഹിപ്പിക്കപ്പെടുകയായിരുന്നുവല്ലോ, രമണനെന്ന ദുരന്ത കഥാപാത്രം. അവിടെ, ഭാനുമതിയാണ്‌, അവ്വിധം മൃതമായതെങ്കിൽ, ഇവിടെയോ നിസ്സഹായനായ രമണനത്രേ എന്നു ഭേദം.

‘ഭാനുമതി, ’രമണ‘നിൽ, തോഴിയുടെ പേരായിപ്പരിണമിക്കുന്നു.

ഭാനുമതിയെന്നത്‌ സ്വപ്നമായിരുന്നുവെന്നു കവിതന്നെ സൂചിപ്പിക്കുന്നുണ്ട്‌. ’സുരലോകസ്വപ്ന‘മെന്നു കവിവചനം. പ്രതീകാത്മകമായ രൂപമാണ്‌. ഭാനുമതിയെന്നതിന്റെ സൂചനയാണ്‌ അത്‌. ഇവിടെയുളള മദനൻ, ചന്ദ്രനത്രേ. ഭാനുമതി, ’മാന്യധനേശ്വര‘ന്റെ സന്താനവല്ലിയാണെന്നു കവി പറയുന്നുണ്ട്‌. ധനം, ’വസു‘വാണ്‌. വസു, ’കിരണ‘വുമാണ്‌. ലാക്ഷണികമായി, ’ധനേശ്വര‘നു, വസുക്കളുടെ അധീശനെന്നു പറയാമല്ലോ.

’അവമാനഭീതിയാലന്ധനായി-

ട്ടവളുടെ താതനാ വിശ്വഘോരൻ

അവളറിയാതവൾക്കാത്ത കോപ-

മലിവെഴാതയ്യോ വിഷം കൊടുത്തു.‘

ഭൗതികമായി വിഷം, വിദാരകമാണ്‌. ഇവിടെ സൂര്യപരമായി ഭാനുമതിയെ വ്യാഖ്യാനിക്കുമ്പോൾ ’വിഷ‘ത്തിനു വെളളമെന്നേ പറഞ്ഞുകൂടൂ. അസ്തമയത്തോടെ സമുദ്രത്തിൽ നിപതിക്കുകയാണല്ലോ സൂര്യൻ. ഭാനുമതിയായ ’കിരണം‘, ’വിഷ‘ (ജലം) പാനം ചെയ്‌ത്‌, സാന്ധ്യച്ചിതയിലെരിയുന്നു.

മഹാകവി വളളത്തോളിനോടു രൂപപരമായി മമതാബന്ധം പുലർത്തിയ ആളാണ്‌, ചങ്ങമ്പുഴ. ഭാവതലത്തിൽ ആശാനോടായിരുന്നു, അടുപ്പം. വളളത്തോളിന്റെ പ്രസിദ്ധമായ ഒരു കല്പന, ’ഭാനുമതി‘യിലുളളതു കാണുക.

’. . . . . . .. . . . . .. . . .. . .

മിഴികൾക്കൊരുത്സവമായി മിന്നി.‘

’ഗണപതി‘യിലെ ’മുക്കണ്ണനേകി മിഴികൾക്കൊരുത്സവം‘ എന്നുളള പാദം ശ്രദ്ധിക്കുക.

’ഭാനുമതി‘യെന്ന കൗമാരകാലകാവ്യത്തിന്റെ യുക്തിപൂർവ്വവും സമീചീനവും സൗന്ദര്യാത്മകവുമായ വികാസമത്രേ, ’രമണ‘-കാര്യം. രാഘവൻപിളള, രമണനായി കടന്നുവന്നു എന്നു മാത്രം!

(സമാപനം)

Generated from archived content: bhanumathi.html Author: sudarsan_aluva

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here