മഴ

മഴക്കാറുമൂടിയ
മേടരാത്രിയില്‍
വിയര്‍പ്പില്‍ത്തിളച്ച്
വെന്തുകിടക്കുമ്പോള്‍
ചക്രവാളങ്ങള്‍
വെള്ളിവാളുലച്ച്
ഉറഞ്ഞുതുള്ളിയനാള്‍
മേല്ക്കൂരപ്പഴുതിലൂടെ
തണുത്ത കൈനീട്ടി
നീയെന്റെ കവിളില്‍ത്തൊട്ടു..

അമ്മയുടെ ഒക്കത്തിരുന്ന്
തളിര്‍പ്പട്ടുവിരിപ്പിട്ട
ഇടവഞാറ്റുപാടം
മുറിച്ചുകടക്കവേ
കുടപ്പുറത്തേയ്ക്കുനീ
പുതുമണ്ണിന്മണമുള്ള
കുസൃതിപ്പൂമൊട്ടുകള്‍
വാരിയെറിഞ്ഞു
കുടനിഴല്‍പ്പുറത്തേയ്ക്ക്
കടത്തിനീട്ടിയ കുരുന്നുപാദം
അമ്മയറിയാതെ നീ
നുള്ളിച്ചുവപ്പിച്ചു .

കളിമുറ്റം നിറയെ
കളയിറക്കിയ
കറുകയ്ക്കു നീര്കൊടുക്കാന്‍
തുള്ളിക്കുടവുമായ്
വന്ന നീയെന്നുടെ
മുഖം പിടിച്ചുയര്‍ത്തി
മലര്‍ച്ചുണ്ടുകളില്‍
ചുംബനങ്ങള്‍ ചൊരിഞ്ഞു.
അമ്മയോടിയണഞ്ഞെന്നെ
നിന്നില്‍നിന്നും പിടിച്ചകറ്റി
ഉമിനീരും മഴച്ചൂരും തുടച്ചുകളഞ്ഞ്
അകത്തിട്ടു കതകടച്ചു..
പിറുപിറുപ്പോടെ നീ
പിണങ്ങിപ്പോകുന്നത്
ജനല്പ്പഴുതിലൂടെഞാന്‍ നോക്കിനിന്നു …

പനിച്ചുടില്‍ പൊള്ളുന്ന
നെറ്റിയില്‍ ചേര്‍ത്തുപിടിക്കാന്‍
മഞ്ഞുകട്ടകളുമായെത്തിയ നിന്നെ
വാതായനങ്ങളടച്ച്
വെളിയില്‍ നിര്‍ത്തിയതും
അമ്മതന്നെയല്ലേ
ജനല്‍ച്ചില്ലുകളില്‍ കവിള്‍ചേര്‍ത്ത്
നെടുവീര്‍പ്പുകളാല്‍ നീരാവി പടര്‍ത്തി
രാത്രിമുഴുവന്‍ നീ തേങ്ങിക്കരഞ്ഞു
ഇടനെഞ്ചുകീറി ഇടിവാള്‍ മിന്നിച്ച്
മരങ്ങളില്‍ മുടിയഴിച്ചാടി
ആലിപ്പഴങ്ങള്‍
ഓട്ടിന്‍പുറത്ത് വാരിയെറിഞ്ഞ്
അലറിവിളിച്ച്
ഉരുള്‍പൊട്ടി ഉറഞ്ഞൊഴുകിയത്
നിന്‍റെ പ്രണയമായിരുന്നല്ലോ.

Generated from archived content: poem2_july30_12.html Author: subrahmanyan_kuttikkol

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English