ഭക്ഷണപ്രേമിയാണമ്മാവൻ
ലക്ഷണമൊത്തവളമ്മായി
കുഞ്ഞപ്പുവമ്മാവനമ്മായി
ഇഷ്‌ടഭോജ്യം പോലെയിഷ്‌ടക്കാരി
ഉപ്പുമെരിയും പുളിയും കടുത്തോരു
മോരു പുളിങ്കറിപോലെ
ചാരെയമ്മായിയിരുന്നു വിളമ്പിയാൽ
നാഴ്യരിച്ചോറുണ്ണുമമ്മാവൻ
ചോക്കെയുണക്കിയ ചൂളപ്പറങ്കികൾ
ചുണ്ടുകളായുള്ളമ്മായി
തേൻവരിക്കച്ചുളച്ചേലിൽ ചെവികൾ
ചെന്തെങ്ങിളനിർക്കവിൾത്തടങ്ങൾ
അറ്റം തുടുത്ത പറങ്കിമാങ്ങാപോലെ
മൂക്കത്തുശുണ്‌ഠിയാണമ്മായിക്ക്
തോലുപൊളിച്ചൊരു നങ്കുമീൻ പോലെ
ചേലുള്ള നാക്കിനും നീളമേറും
തൂങ്ങിവളർന്ന പടവലങ്ങയ്‌ക്കൊത്തു
പാങ്ങും പതുപ്പാർന്ന കൈരണ്ടിലും
ചെണ്ടക്കോലൻ വെണ്ടയ്‌ക്കപോലെ
വിരലുകൾ പന്ത്രണ്ടുള്ളമ്മായി
പുല്ലിൽപ്പഴുത്ത കണിവെള്ളരിക്കകൾ
പൊതിയുന്ന കച്ചക്കസവുവേഷ്‌ടി
ഇളവെയിലുമേല്‌ക്കാതെ നിഴലിൽ വളർന്ന
ഇളവന്റെ വട്ടി മറയ്‌ക്കില്ല
മത്തങ്ങാച്ചുഴിപ്പൊക്കിളിൻ കീഴെ
പുടവയുടുക്കുന്നോളമ്മായി
ഏത്തവാഴത്തടക്കാലുകൾ കാട്ടി
കോന്തല കുത്തുവോളമ്മായി
കാമ്പുപെരക്കിന്റെ മണമാണ്
കാളനും തോല്‌ക്കുന്ന നിറമാണ്
തേൻപോൽ മതുക്കുന്ന മൊഴിയാണ്
തേങ്ങാമുറിപോലെ ചിരിയാണ്
പായിൽക്കിടക്കുമ്പോഴമ്മായി
ഇലയിൽ നിവേദിച്ച പൂവമ്പഴം
കുഞ്ഞപ്പുവമ്മാവനമ്മായി
എന്നും സമൃദ്ധ വിവാഹസദ്യ.
ഓണമുണ്ടമ്മാവൻ പോയശേഷം
വീണ്ടുമൊരോണം വരും മുമ്പേ
നെയ്യായുരുകിപ്പോയമ്മായി
ഉപ്പായലിഞ്ഞുപോയമ്മായി
എരിവായെരിഞ്ഞുപോയമ്മായി
മണമായണഞ്ഞുപോയമ്മായി!
Generated from archived content: poem2_dec14_09.html Author: subrahmanyan_kuttikkol