പോസ്‌റ്റ്‌മോർട്ടം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്‌

കൊലപാതകത്തിന്റെ

സൗന്ദര്യശാസ്ര്തമനുസരിച്ച്‌

മൃതശരീരം

മുറിഞ്ഞതോ

ചിന്നിത്തകർന്നതോ

തുളഞ്ഞതോ

വീങ്ങിത്തുറിച്ചതോ

ചതഞ്ഞതോ

പൊള്ളികരിഞ്ഞതോ ആകാം

ചീഞ്ഞും ചുരുണ്ടും

വലിഞ്ഞും ഞെരിഞ്ഞും

വരണ്ടും വിറുങ്ങലിച്ചും

രൂപപരിണാമങ്ങൾ സംഭവിക്കാം

പുറംതൊലിക്കപ്പുറം

വർണ്ണവ്യവസ്ഥകളില്ല

അഗ്രചർമ്മം

നീക്കിയതാണെങ്കിലും അല്ലെങ്കിലും

അഴുകിയ നാറ്റം ഒന്നുതന്നെ

ശരീരത്തിനുള്ളിൽ

മനസ്സ്‌

ദ്രവരൂപത്തിലോ?

വാതകരൂപത്തിലോ?

മുൻക്കൂട്ടിയറിയാൻ വഴിയേതുമില്ല

ആയതിനാൽ

ആവരണത്തിനു പോറലേൽക്കാതെ

അതിസൂക്ഷ്മമായറുത്തെടുത്ത്‌

ഫോർമലിനിലിടുന്നതാണുചിതം

പോറിയാൽ

പൊട്ടിപ്പരക്കുന്നത്‌

ദ്വേഷത്തിന്റെ വിഷമോ

സ്നേഹത്തിന്റെ പശിമയോ

എന്താണെന്നറിയില്ലല്ലോ…

രണ്ടായാലും

കൈകളിൽ പുരണ്ടുപോയാൽ

കഴുകിക്കളയാൻ വിഷമമാണ്‌

ഈ രക്തത്തിൽ

നമുക്കും പങ്കില്ലല്ലോ

Generated from archived content: poem1_nov21_07.html Author: subrahmanyan_kuttikkol

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English