മുണ്ട്‌

അരയിൽ ചുറ്റിയാൽ

കീഴ്‌പ്പോട്ട്‌

തൂങ്ങിക്കിടക്കുമെന്നതിനാലാണ്‌

മുണ്ടുടുക്കാൻ തുടങ്ങിയത്‌

മുണ്ടായാൽ

വേണ്ടല്ലോ

തയ്യൽക്കാരൻ പോലും!

താറുപാച്ചിയാൽ

വീറുകാട്ടാം

മാറിലിട്ടാൽ

മുലക്കച്ചയാക്കാം

തോളിലണിഞ്ഞാൽ

ഞെളിഞ്ഞു നടക്കാം

ആഴം താണ്ടുമ്പോൾ

അഴിച്ചുതലയിൽ കെട്ടാം

മുടിപിടിച്ചാൽ

ഒളിച്ചുകടക്കാം

പട്ടിണിയിൽ മുറുക്കാം

മൃഷ്‌ടാന്നത്തിന്നയച്ചുടുക്കാം

(കാക്കനാടനും മുണ്ടാണ്‌ സൗകര്യം)1

മുണ്ടുപൊക്കലും

മുണ്ടഴിക്കലുമില്ലെങ്കിൽ

രാഷ്‌ട്രീയത്തിന്‌

സർഗ്ഗവഴികളുണ്ടോ?

ഇടത്തോട്ടോ

വലത്തോട്ടോ ഉടുത്ത്‌

എതിര്‌ കാട്ടാനും

മുണ്ട്‌ തന്നെ വേണം

(ബഷീറില്ലാത്തതും ഭാഗ്യം)2

പണിമുണ്ടുണ്ടെങ്കിൽ

പണിക്കു പഞ്ഞമുണ്ടാവില്ല

പഞ്ഞമുണ്ടായാൽ

മുണ്ടിന്‌ പണിയുണ്ടാവും

മുണ്ടഴിച്ച്‌

മാവിൽ കെട്ടുമ്പോഴാണല്ലോ

ജീവിത ഭാവങ്ങൾ

രസപൂർത്തിയിലെത്തുന്നത്‌

അരയിൽ മുണ്ടില്ലാത്തതും

പരമാനന്ദം!

1. ‘അടിയറവ്‌’ എന്ന നോവൽ കാണുക.

2. ‘ന്റുപ്പാപ്പക്കൊരാനയുണ്ടായിരുന്നു’ എന്ന നോവൽ കാണുക.

Generated from archived content: poem1_may26_08.html Author: subrahmanyan_kuttikkol

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here