രണ്ട്‌ കവിതകൾ

ഇങ്ങനേയും ചരിത്രത്തിലൊരിടം

കല്‌പകവൃക്ഷത്തൊണ്ടു വീഴുന്ന
വെള്ളായിക്കടൽത്തീരത്ത്‌
പുത്രപിണ്ഡം ഭുജിച്ച
ബലിക്കാക്കകൾ കാത്തിരുന്നു.

ഉണ്ണിക്കണ്ണനേപ്പോൽ പാൽപ്പല്ലുമുളച്ച
ഒരു പാമ്പിൻകുഞ്ഞ്‌
ക്രൂമൻ കാവിൽ നിന്നും
കിഴക്കേമാളത്തിലേയ്‌ക്കിഴഞ്ഞുപോയി.

ഉത്തരധർമ്മപുരാണത്തിൽ
കുലപതീപുത്രനു തൂറാൻ മുട്ടിയത്‌
പിതൃശരീരം
ചിതയിലേയ്‌ക്കെടുക്കുമ്പോൾ

കരിങ്കുപ്പായമിട്ട നീതിപീഠത്തിൻ കീഴെ
ഭസ്‌മ കലശത്തിനുള്ളിൽ
അക്ഷരാത്മാവ്‌
കഥാനായികയുടെ
‘പ്രാചീനമായ ചന്തി’യെക്കുറിച്ചോർത്തു.

അരിമ്പാറകൾ പഴകിപ്പഴുത്ത്‌
വെള്ളാനകളാകവേ
തലമുറകൾ
ഇങ്ങനേയും
ചരിത്രത്തിലിടം കണ്ടെത്തുന്നു.

മഹായാനം

കത്തുന്ന സൂര്യൻ
ചോരുന്ന കുട
ബേസിനിൽ മുറിച്ചുമാറ്റപ്പെട്ട
മുഴയും മുലയും തുടിക്കുന്നു.

ഈ പന്നിക്കൂടിനെന്തു നാറ്റം!

“ഞാനുമെന്തേ
വീണു പോകുന്നത്‌?”

തിരിഞ്ഞു നോക്കിയപ്പോൾ
പിറകിൽ
ഒരു നാടൻ നായമാത്രം!

നായ്‌ക്കണ്ണുകളിൽ
കെട്ടുപോയ ഇറച്ചിക്കൊതി.

ഗർഭപാത്രത്തിൽ കൈകൾ കഴുകി
ഞാൻ തിരിഞ്ഞു നടന്നു.

അപ്പോഴും
നക്ഷത്രങ്ങളിൽ നിന്നും
കുഞ്ഞുങ്ങളുടെ വിലാപങ്ങൾ
വർഷിച്ചുകൊണ്ടേയിരുന്നു.

Generated from archived content: poem1_mar30_10.html Author: subrahmanyan_kuttikkol

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English