അഞ്ചിന്ദ്രിയങ്ങളാൽ ബന്ധിതനെങ്കിലും
അറിവിന്നിടങ്ങളിലെങ്ങും
തിരയുന്നു നിന്നെ ഞാൻ
ഒരുമാത്രയെങ്കിലും
അനുഭൂതിയായെന്നിൽ നിറയുമോ നീ
മധുമാസരാവിന്റെ മദഗന്ധമേൽക്കുവാൻ
മലയിൽ കിടക്കുകയായിരുന്നു
ആയിരം വനപുഷ്‌പഗന്ധത്തിലൊന്നിൽ നിൻ
അനവദ്യനിശ്വാസം
അറിഞ്ഞില്ല ഞാൻ
പുലരിത്തണുപ്പിന്റെ പുളകം പുരട്ടി ഞാൻ
പുഴയിൽ കുളിക്കുകയായിരിന്നു
തഴുകുന്ന തെളിനീരിൻ തിരകളിലൊന്നിൽ നിൻ
തണുവിരൽസ്‌പർശനം
അറിഞ്ഞില്ല ഞാൻ
മണിമേടയിൽ നിന്റെ വരനാദമൊഴുകവേ
ഇരുളിലും കാതോർത്തുണർന്നിരുന്നു
മധുരമാ ശാരീരശ്രുതിയിൽ മയങ്ങി നിൻ
മദനരാഗാമൃതം
അറിഞ്ഞില്ല ഞാൻ
കൂത്തമ്പലത്തിൽ നിൻ നർത്തനം കാണുവാൻ
പിറകിലായ് നിൽക്കുകയായിരുന്നു
അണിയലങ്കാരത്തിൻ കനകാഭയിൽ നിന്റെ
അഭിരാമദർശനം
അറിഞ്ഞില്ല ഞാൻ
കൈക്കുമ്പിൾ നീട്ടി നീ പകരുന്ന ദാഹനീർ
കടുകെക്കുടിക്കുകയായിരുന്നു
ഒരുതുള്ളിയിൽ പ്രേമതീർത്ഥരസമായിനീ
നാവിൽപ്പുരണ്ടതും
അറിഞ്ഞില്ല ഞാൻ.
Generated from archived content: poem1_mar21_11.html Author: subrahmanyan_kuttikkol