അയൽപക്കത്തെയാശാരി
മരം തുരയ്‌ക്കുമ്പോൾ
മരം കരയുന്നൂ
പല ഭാവങ്ങളിൽ
പേക്കിനാപ്പൈതലായ്
നടുങ്ങിച്ചിണുങ്ങി
പേടിയാൽ പിതുക്കി
പിണക്കമായേങ്ങി
പശിയായ് വിതുമ്പി
മോങ്ങിയും മുരണ്ടും
വലിയ വായിലലറിവിളിച്ചും
മരക്കുട്ടിയുടെ കരച്ചിൽ.
കരച്ചിൽ നിർത്താൻ
കെണിപ്പിനൊരുകൊട്ട്
കടച്ചിൽ മാറ്റാൻ
ചീപ്പുളികൊണ്ടൊരു തടവ്
ഇക്കിളിയിട്ടപോൽ
മരക്കുട്ടിയുടെ കിളുകിളെച്ചിരി.
അപ്പും ചിപ്പുമില്ലാതെ
ചിരിച്ചീളുകൾ വാരിയെടുത്ത്
അഴകുള്ള ആശാരിച്ചി
കഞ്ഞീം കറിയുമൊരുക്കുന്നു.
-ആയിരംപ്‌ള്ളറ് കുളിച്ചുവരുമ്പം
ആശാരിച്ചെക്കൻ തടുക്കാനില്ലാതെ
എങ്ങനെ ഞാൻ ചൊറുവയ്‌ക്കും?
അത്താഴം കഴിഞ്ഞ ആശാരി
മരമുട്ടികൾ കൂട്ടിയിണക്കി
നാലുകാലിൽ നിർത്തുമ്പോൾ
ആശാരിച്ചിക്കു നാണം
-നമുക്കും സ്വന്തമായ്
ഒരു കട്ടിൽ വേണ്ടേ?
-നമുക്കോരോരാവും
പുതുപുത്തൻ കട്ടിൽ!
ഏതോ തമ്പുരാട്ടിക്കുള്ള
പുത്തൻ കട്ടിലിൽ
അവരാ രാവിലും
തച്ചനും തച്ചത്തിയുമായി.
Generated from archived content: poem1_aug7_09.html Author: subrahmanyan_kuttikkol