സുബ്രമന്യന്‍ കുറ്റിക്കോലിന്റെ രണ്ടു കവിതകള്‍

1. വീട്ടുതൊടി

പച്ചമരുന്നുതോട്ടമായിരുന്നു
വീട്ടുതൊടി
മുത്തച്ഛന്റെ
നരകലര്‍ന്ന വിരിമാറുപോലെ

കറുകയും തുമ്പയും
മുക്കുറ്റിയും നിലപ്പനയും
കുറുന്തോട്ടിയും കീഴാര്‍നെല്ലിയും
ഉറുതൂക്കിയും മരയിഞ്ചിയും
ആനയടിയും ആടലോടകവും
തുള്ളനും തന്‍പിക്കുമൊപ്പം
കളവിളയായ്പ്പുളച്ചുവളര്‍ന്നു.

അച്ചമ്മ കയ്യിലിട്ടുതിരുമ്മി
ഇറ്റിച്ച പച്ചിലച്ചാറില്‍
പുണ്ണുകരിഞ്ഞു
കണ്ണുതെളിഞ്ഞു
കുഞ്ഞുകരച്ചില്‍ മാറ്റി മുലകുടിച്ചു.

യന്ത്രവാളുകള്‍ കാടുവെളുപ്പിച്ചപ്പോള്‍
ജേസീബികള്‍ കുന്നുചുവപ്പിച്ചപ്പോള്‍
ലോണിലെത്തിയ
പുല്ലുവെട്ടി യന്ത്രങ്ങള്‍
വാത്സല്യത്തോട്ടവും ക്ലീന്‍ഷേവുചെയ്തു.

പേറ്റന്റെടുക്കാന്മറന്നുപോയ മുത്തച്ഛന്‍
വടിച്ചുവെളുത്ത നെഞ്ചുവിരിച്ച്
മലര്‍ന്നുകിടപ്പാണ്
മുകളിലൊരു
സ്മ്രുതി മന്ദിരമുയരുന്നതും കാത്ത്.

2. എഴുത്തച്ഛ്ന്‍

നീറ്റിലെ കൂറ
എഴുത്തചഛനായത്
വൃത്തത്തില്‍ ചരിച്ചതുകൊണ്ട്

വളവും വടിവുംചെര്‍ന്ന്
എഴുത്തുവഴികളില്‍
പൊരുളുണരുന്‍പോള്‍
നഗ്നപാദരായ കുട്ടികള്‍
ചെളിവരമ്പില്‍ കാലൂന്നി
വിരലുരഞ്ഞറിഞ്ഞ
മണലെഴുത്തിലെ അക്ഷരങ്ങള്‍
ജലതരംഗത്തില്‍
വായിച്ചെടുത്തു-
അമ്മ
അയനം
മലയാളം…

മുഴുപ്പോലും ലഘുഗുരുക്കള്‍
മുഴങ്ങുന്നൂ മഴികേള്‍പാകേ
കാകളികളകാഞ്ചി നടയില്‍
കേകയില്‍ ദ്രാവിഡത്താളം
ത്രേതമായ് ദ്വാപരമായി
കാലചക്രപ്പെരുമുഴക്കം
വില്ലുപൊട്ടും മേഘനാദം
പാഞ്ചജന്യപ്രണവഘോഷം

കാലപ്രവാഹത്തിന്‍
പാടം നികന്നപ്പോള്‍
കുഞ്ഞുപാദങ്ങള്‍
മണ്ണില്‍ തൊടാതായി
മണ്ണീലുയരാത്ത വിരലുകള്‍
കേബോര്‍ഡില്‍ കളിച്ചു

വൃത്തത്തിലെഴുത്ത്
മടുത്തുമടുത്ത്
വൃത്തഭംഗംവന്ന എഴുത്തചഛന്‍
ആത്മകഥയെഴുതി-
നേര്‍ രേഖയില്‍
നീറ്റിലെ വരപോലെ……..

Generated from archived content: poem1_apr3_12.html Author: subrahmanyan_kuttikkol

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here