കാർഷികപ്പെരുമ
കൃഷിയും നായാട്ടും മീൻപിടുത്തവും ചെത്തും ഉപജീവനമാർഗ്ഗമായി സ്വീകരിച്ച ഒരു കൂട്ടായ്‌മയുടെ ചിത്രമാണ് മുത്തപ്പൻ പുരാവൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. അന്തർജ്ജനത്തിന്റെ നീരാട്ടൊരുക്കത്തിൽ പേരെള്ള്, ചിറ്റെള്ള്, മഞ്ഞൾ തുടങ്ങിയ കാർഷികവിളകൾ പരാമർശിക്കുന്നുണ്ട്. വാഴ, ചേന, ചേമ്പ് മുതലായ ഇടവിളകളുള്ള തൊടികളും മധുപൻപനയും അരക്കൻപനയും മൂർഖൻപനയും തേൻകൂടുമൊക്കെയുള്ള പുനങ്ങളും ഉടുമ്പും പന്നിയും മാനും പുളയ്‌ക്കുന്ന വനങ്ങളും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ദൃഢബന്ധത്തിന്റെ സാക്ഷ്യങ്ങളാണ്. അമ്പും വില്ലും കുന്തവും വലയും വേട്ടനായ്‌ക്കളും ചേർന്നുള്ള നായാട്ടുരംഗങ്ങളുടെ ചടുലമായ ചിത്രീകരണം പ്രതീകാത്മകവും ദാർശനികവുമായ തലങ്ങളിലേയ്‌ക്ക് വികസിക്കുന്നതുകാണാം. ഉദയകുലപർവതത്തിന്മേൽ തലയും അസ്‌തകുലപർവതത്തിന്മേൽ വാലുമണച്ച് ആകാശത്തോടു മുതുകും ഭൂമിയോടും വട്ടിയും ചേർത്ത് ശയിക്കുന്ന പെരുംപന്നി ജനനം മുതൽ മരണം വരെ ജീവിതത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന അഹംബോധത്തിലെ മൃഗീയതതന്നെയാണ്. വനം മനുഷ്യമനസ്സും നായാട്ട് മൃഗീയവാസകളെ സംഹരിക്കുന്ന ഇന്ദ്രീയനിഗ്രഹയജ്ഞവുമായി മാറുന്നു. ഉപരിവർഗ്ഗസാഹിത്യം കാമക്കൂത്തുകളിലും അച്ചീചരിതങ്ങളിലും അഭിരമിച്ചിരുന്ന ഒരു കാലഘട്ടത്തിൽ സാമൂഹ്യപ്രതിബദ്ധത ധർമ്മമായിക്കണ്ട ഒരു കൂട്ടായ്‌മ്മ തോറ്റംപാട്ടുകളിലൂടെ നിലനിർത്തിപ്പോന്ന ദാർശനികദാർഢ്യവും ജീവിതാഭിമുഖ്യവും ശ്രദ്ധേയമാണ്.
വാഴയ്‌ക്ക മഞ്ഞളിട്ടുവറുത്തതും പയർ പുഴുങ്ങിയതും തേങ്ങാപ്പൂളും ചുട്ട മത്സ്യമാംസാദികളുമടങ്ങിയ മുത്തപ്പന്റെ നൈവേദ്യം ‘അരിങ്ങാട്’ എന്നറിയപ്പെടുന്നു. കള്ളും ചാരായവും ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകങ്ങളാണ് മുത്തപ്പൻ അനുഷ്‌ഠാനത്തിൽ വീത്ത് നൽകുന്നതിന് പ്രത്യേകം പ്രാധാന്യമുണ്ട്. മണ്ണുകൊണ്ടോ ഓടുകൊണ്ടോ വെള്ളികൊണ്ടോ ഉണ്ടാക്കിയ ചെറിയ വാൽക്കിണ്ടികളിൽ മദ്യമൊഴിച്ചാണ് ദൈവത്തിന് ‘വീത്തു’ നൽകുന്നത്. മത്സ്യമാംസങ്ങളും മദ്യവുമടങ്ങിയ വൈദികവിരുദ്ധമായ ആഹാരരീതിയുടെ ഉദാത്തവത്‌ക്കരണം ഇവിടെ ദർശിക്കാം. മുത്തപ്പൻ കോലധാരിയുടെ വ്രതനിഷ്‌ഠയിൽപ്പോലും മത്സ്യവും നായാട്ടിറച്ചിയും നിഷിധമല്ല അനുയായികളുടെ ജഠരാഗ്നി അകറ്റുന്നതിൽ അതിവതല്‌പരനായിരിന്നു. ആശ്രിതവത്സലനായ മുത്തപ്പൻ പാണ്ടികശാലകൾ കയ്യടക്കി ധാന്യങ്ങൾ പാവങ്ങൾക്കു വിതരണം ചെയ്യുന്നതും നായാട്ടുമൃഗത്തെ അംശംവെച്ചു വീതിക്കുന്നതും വിശദമായി വർണ്ണിക്കപ്പെട്ടിട്ടുണ്ട്. അവകാശികൾക്ക് അരിയളക്കൽ കുന്നത്തൂർപ്പാടിയിലെ പ്രധാന ചടങ്ങാണ്. പറശ്ശിനിമഠപ്പുരയിൽ ആയിരക്കണക്കിനെത്തുന്ന ഭക്തജനങ്ങൾക്ക് നൈവേദ്യത്തിനുപുറമെ മുന്നുനേരം സൗജന്യഭക്ഷണവും നൽകിവരുന്നു. വീടുകളിൽ മുത്തപ്പൻ കഴിപ്പിക്കുമ്പോഴും ‘അരിങ്ങാട്’ കാണികളായ ഭക്തർക്കുമാത്രമല്ല, സമീപഗൃഹങ്ങളിലും വീതിച്ചുൽകുന്നത് അനുഷ്‌ഠാനത്തിന്റെ ഭാഗമാണ്.
ആടയാഭരണങ്ങളും ചുവടുകളും
മുപ്പത്തൈവരായ തെയ്യക്കോലങ്ങൾക്കു മുകളിലാണ് മുത്തപ്പന്റെ സ്‌ഥാനമെന്ന് ഉരിയാട്ടുകളിലൂടെ സ്വയം വ്യക്‌തമാക്കുന്നുണ്ടെങ്കിലും മറ്റു തെയ്യക്കോലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മുത്തപ്പന്റെ വേഷം ലളിതമാണ്. വെള്ളാട്ടം വൈക്കോലും തുമ്പയും പൂക്കളും ഉപയോഗിച്ചുള്ള ചെറുമുടിയും നരച്ച താടിയും ധരിക്കുമ്പോൾ തിരുവപ്പന മത്സ്യാകാരമായ തിരുമുടിയും കറുത്ത താടിമീശകളും ധരിക്കുന്നു. മഞ്ഞൾ, അരിമാവ്, ചുണ്ണാമ്പ്, തിരികത്തിച്ചു വെളിച്ചെണ്ണയിൽ ചാലിച്ച കരി തുടങ്ങിയ പ്രകൃതിവസ്‌തുക്കൾകൊണ്ടു നിർമ്മിക്കുന്ന വർണ്ണങ്ങളാണ് മുഖത്തെഴുത്തിനും മേക്കെഴുത്തിനും ഉപയോഗിക്കുന്നത്. മഞ്ഞയിൽ ചുവന്ന പുള്ളികളുള്ള വട്ടക്കുറിയാണ് തിരുവപ്പനയുടെ മെയ്‌ച്ചിത്രപ്പണി. കണ്ണെഴുത്തിനും മഷിവയ്‌പ്പിനും കറുപ്പ് ഉപയോഗിക്കുന്നു. മഞ്ഞയിൽ ചുവപ്പും വെള്ളയും കലർന്ന ചുരികക്കുറിയാണ് വെള്ളാട്ടത്തിനുള്ളത്. ഇരുപത്തൊന്ന്‌ഗുരുക്കന്മാരെ സങ്കൽപ്പിച്ചുകൊണ്ടുള്ള തലപൊളിയാണ് ശിരാഭരണമായി ആദ്യം ധരിക്കുന്നത്. കൊമ്പോലക്കാത്, ചെന്നിമലർ, കൊടുപട്ടം എന്നിവ അണിഞ്ഞശേഷം കൊടുമുടിയണിയുന്നു. വഞ്ചിയും (തലമുടി) താടിമീകകളും മുണ്ടനാരുകൊണ്ടുണ്ടാക്കിയതാണ്. കണ്‌ഠാഭരണമായ കഴുത്തിൽക്കെട്ട്, കൈവള, ചൂടകം, കടകം മുതലായവ ദ്രാവിഡ ഭരണങ്ങളുടെ മാതൃകകളാണ്. ചിലമ്പ്, പറ്റുമ്പാടം മണിക്കാല് എന്നിവ പാദങ്ങളെ അലങ്കരിക്കുന്നു. അരയിൽ ചണ്ടിരിക്കെട്ടും കണമുണ്ടുടുപ്പും നിണവർണ്ണപ്രധാനങ്ങളാണ്. ചെക്കിപ്പൂവും തുളസിയും ചേർത്തുനിർമ്മിക്കുന്ന പൂച്ചെണ്ടുകളും മെയ്യാഭരണത്തിന്റെ ഭാഗമായുണ്ട്.
വെള്ളാട്ടത്തിന്റെയും തിവുവപ്പനയുടെയും നൃത്തച്ചുവടുകൾ സന്ദർഭാനുസരണം കലാശം, പള്ളിവേട്ട, കൂടിക്കലാശം എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. കാളിയമർദ്ദനത്തിന്റെ ചുവടുകളെ അനുസ്‌മരിപ്പിക്കുന്നതാണ് തിരുവപ്പനയുടെ നൃത്തക്കലാശം. പള്ളിവേട്ടയിൽ നായാട്ടിന്റെ ആംഗിക, ആഹാര്യ, അഭിനയമുഹൂർത്തങ്ങൾ സമന്യയിക്കുന്നുണ്ട്. പള്ളിവേട്ടയ്‌ക്കൊടുവിൽ കറങ്ങുന്ന നാളികേരം അമ്പെയ്യുന്നത് വേട്ടമൃഗത്തെ നിഗ്രഹിക്കുന്നതിനെ അനുസ്‌മരിപ്പിക്കുന്നു. വില്ലും അമ്പും ചുരികയുമണിഞ്ഞ് വിരനായകന്റെ രൂപത്തിലാണ് മുത്തപ്പൻ പ്രത്യക്ഷപ്പെടുന്നത്. നാടുവാഴിശ്ശൻ, അന്തിത്തറ, നൊമ്പലമുത്തപ്പൻ, പുറങ്കാലമുത്തപ്പൻ എന്നീ രൂപങ്ങൾ വ്യത്യസ്‌ത സന്ദർഭങ്ങളിൽ തിരുവപ്പന സ്വീകരിക്കാറുണ്ട്. വെള്ളാട്ടത്തിന് രൂപഭേദങ്ങൾ കാണുന്നില്ല.
വിഷ്‌ണുരൂപത്തെയും ശിവരൂപത്തെയുമാണ് യഥാക്രമം തിരുവപ്പനയിലും വെള്ളാട്ടത്തിലും സങ്കൽപ്പിക്കപ്പെടുന്നത്. മത്സ്യാകാരമുടിയും ശ്രീവത്സകല്‌പിതമായ മഷിയടയാളവും ചക്രത്തെ പ്രതിനിധീകരിക്കുന്ന വാൽക്കണ്ണാടിയും വിഷ്‌ണുചിഹ്നങ്ങളാണ്. മത്സ്യാകാരമുടിയിൽ സ്‌ഥിതിപ്രകൃതി ചിഹ്‌നമായ അധോമുഖത്രികോണംകൂടി അടങ്ങിയിരിക്കുന്നതു കാണാം. വെള്ളാട്ടത്തിന്റെ മുടിയിൽ ശിവജഡയും ശിവലിംഗവും ഓംകാരരൂപവും സമന്വയിപ്പിച്ചിട്ടുണ്ട്. വിഷ്‌ണു-ശിവ സംയോഗം അങ്ങനെ പ്രകൃതി-പുരുഷസംയോഗത്തിന്റെ പ്രതീകാത്മതകൂടി കൈവരിക്കുന്നു
പ്രത്യേകരീതിയിൽ ചിട്ടപ്പെടുത്തിയ ആലാപനരീതിയും വാദ്യമേളങ്ങളും നൃത്തച്ചുവടുകളും വേഷപ്പകർച്ചകളും ഒത്തൊരുമിക്കുന്ന തെയ്യാട്ടം ക്ലാസിക്കൽ കലകളുടെ ആദിരൂപങ്ങളാണ്. നിണവർണ്ണത്തിന്റെ അതിഭാവുകത്വമാർന്ന ഉടയാടകളും, മുഖത്തെഴുത്തും മേലെഴുത്തും ദ്രാവിഡചിത്രകലാപാരമ്പര്യത്തിന്റെ മികച്ച ദൃഷ്‌ടാന്തങ്ങളാണ്. അണിയലങ്ങളുടെ നിർമ്മാണവും കോലങ്ങളുടെ ജ്യാമിതീയരൂപാവിഷ്‌ക്കരണവും ശില്‌പകലാപാടവത്തെ വെളിപ്പെടുത്തുന്നു. പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ചുള്ള ചായക്കൂട്ടുകൾ രസതന്ത്രവൈദഗ്‌ദ്ധ്യത്തിന്റെ പ്രാചീനമാതൃകകളാണ്. ദേവതാപ്രതീകങ്ങളായ വിഗ്രഹങ്ങൾക്കുപകരം ദൈവസ്വരൂപങ്ങൾതന്നെയായ തെയ്യങ്ങൾ ക്ഷേത്രകലാപ്രസ്‌ഥാനത്തിനു സമാന്തരമായി കീഴാളസമൂഹം നിലനിർത്തിപ്പോന്ന ഗ്രാമീണനാടകപ്രസ്‌ഥാനമാണ്.
ആരൂഢവും നിത്യോത്സവക്ഷേത്രവും
ആരൂഢമായ കുന്നത്തൂർപ്പാടിയും നിത്യോത്സവക്ഷേത്രമായ പറശ്ശിനിമഠപ്പുരയുമാണ് ഏറ്റവും പ്രസിദ്ധമായ മുത്തപ്പൻസ്‌ഥാനങ്ങൾ. കാഞ്ഞിരമരത്തിൽ അസ്‌ത്രം കണ്ട സ്‌ഥലത്ത് പൈങ്കുറ്റിവെച്ച് ആരംഭിച്ച പറശ്ശിനിമഠപ്പുര ക്ഷേത്രപദവിയിലെക്കുയർന്ന കാവാണ്. ക്ഷേത്രത്തിന് വിപുലമായ കെട്ടിടസമുച്ചയം പണികഴിപ്പിച്ചിട്ടുണ്ടെങ്കിലും ശ്രീകോവിൽ കാവിന്റെ വാസ്‌തുശില്‌പമാതൃകയിൽത്തന്നെ നിലനിർത്തിയിരിക്കുന്നു. കീഴ്‌ജാതിക്കാർക്ക് ക്ഷേത്രപ്രവേശനത്തിന് അധികാരമില്ലാതിരുന്നകാലത്ത് വൈദികസംസ്‌ക്കാരത്തിന്റെ ധാർഷ്‌ഠ്യത്തിനെതിരെ ഉയർന്നുവന്ന ഈ ദേവാലയം അധഃസ്‌ഥിതന്റെ അഭിമാനപ്രതീകമാണ്. ശ്രീനാരായണഗുരു ഈഴവശ്ശിവനെ പ്രതിഷ്‌ഠിക്കാൻ ധൈര്യപ്പെടുന്നതിന് നൂറ്റാണ്ടുകൾമുമ്പ് ഉത്തരകേരളത്തിൽ തീയ്യസമുദായത്തിന്റെ ഭരണത്തിൽ ഒരു ക്ഷേത്രം നിലനിന്നു എന്നത് അത്ഭുതാവഹമാണ്. ഈ ക്ഷേത്രം സ്വന്തമാക്കാൻ സവർണ്ണവിഭാഗങ്ങൾ നടത്തിയ എല്ലാം ശ്രമങ്ങളും പരാജയപ്പെടുകയാണ് ചെയ്‌തിട്ടുള്ളത്.
ഉത്സവവേളകളിൽ താൽക്കാലികമായി കെട്ടിയുയർത്തുന്ന ഓലപ്പന്തലുകളാണ് കുന്നത്തൂർപ്പാടിയുടെ പ്രത്യേകത. മറ്റു മുത്തപ്പൻ സ്‌ഥാനങ്ങളിൽ തീയ്യസമുദായാംഗമായ മഠയനുള്ള സ്‌ഥാനമാണ് കുന്നത്തൂർപ്പാടിയിൽ അടിയാൻ സമുദായാംഗമായ ചന്തനുള്ളതെങ്കിലും ഭരണാവകാശം വാണവർക്കാണ്. ഇവിടെ അടിയന്തരം കഴിഞ്ഞാൽ അധികാരചിഹ്നമായ ദേവസ്‌ഥാനത്തിന്റെ താക്കോൽ വാണവർ ചന്തനെ ഏല്‌പിക്കേണ്ടതാണ്. “ഇന്നുവരെ വാണവർ മുത്തപ്പനെ ചതിച്ചിട്ടില്ല, മുത്തപ്പൻ വാണവരെയും ചതിച്ചിട്ടില്ല” എന്ന ദൈവത്തിന്റെ ഉരിയാട്ട് ചതിയുടെ ഭൂതകാലസ്‌മരണയും ഭാവിയിലേയ്‌ക്കുള്ള താക്കീതുമായി ഇന്നും തുടരുന്നതുകാണാം.
മുത്തപ്പന്റെ ആരാധനാലയങ്ങളുടെ പ്രാഥമികരൂപമാണ് പൊടിക്കളങ്ങൾ. മൂന്നുവർഷം അന്തിത്തറ കഴിച്ചശേഷം തിരുവപ്പന കഴിപ്പിക്കുന്നതോടെ പൊടിക്കളങ്ങൾ മഠപ്പുരകളാകുന്നു. മഠപ്പുരകളിൽ വർഷം തോറും തിരുവപ്പന ഉത്സവം നിർബന്ധിതമാണ്. മൂന്നുവർഷം അന്തിത്തറ കഴിക്കാതെ തിരുവപ്പന കഴിക്കുന്നതും മഠപ്പുരകളിൽ വർഷംതോറും തിരുവപ്പന കഴിക്കാതിരിക്കുന്നതും ആചാരവിരുദ്ധമാണ്. വീടുകളിൽ പൈങ്കുറ്റിയും വെള്ളാട്ടവും മാത്രമേ പാടുള്ളൂ. പൈങ്കുറ്റിവെള്ളാട്ടത്തിന് വരവിളിക്കുന്നത് ചെറിയ മുത്തപ്പനെ സങ്കൽപ്പിച്ചുകൊണ്ടാണെന്നിരിക്കെ വീടുകളിൽ ആചാരപ്പെട്ട മഠയൻ കലാശം തുള്ളരുത്. കാരണം മഠയൻ പ്രതിനിധികരിക്കുന്നത് വലിയമുത്തപ്പനായ തിരുവപ്പനയെയാണ്.
മുത്തപ്പൻ അനുഷ്‌ഠാനത്തിലെ അപൂർവ്വമായ പല വിവരങ്ങളും വെളിപ്പെടുത്തി ഈ ലേഖനം കൂടുതൽ ആധികാരികമാക്കാൻ സഹായിച്ചത് ബാലകൃഷ്‌ണപ്പെരുവണ്ണാനാണ്. കാഞ്ഞിരമരത്തിൽ അസ്‌ത്രം കണ്ട കുണ്ടത്തിൽ തറവാട്ടുകാരണവരായ പെരുവണ്ണാന്റെ വംശപരമ്പരയിൽപ്പെട്ട ഇദ്ദേഹം കഴിഞ്ഞ 30 വർഷക്കാലമായി പരശ്ശിനിമഠപ്പുര ക്ഷേത്രത്തിലും മറ്റു നിരവധി മഠപ്പുരകളിലും തിരുവപ്പന കെട്ടിവരുന്ന കോലധാരിയാണ്. തെയ്യംകലാകാരന് തികഞ്ഞ ഭക്തിയും വ്രതനിഷ്‌ഠയും ഉണ്ടായിരിക്കണമെന്നും അനുഷ്‌ഠാനത്തിൽനിന്നും വിശ്വാസം എടുത്തുമാറ്റുന്നത് അതിന്റെ നാശത്തിനുമാത്രമേ വഴിവെക്കു എന്നും അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു.
ഒരു വലിയ വിഭാഗം ജനങ്ങളുടെ ദൈവസങ്കല്‌പത്തിന്റെ പ്രത്യക്ഷരൂപം മുത്തപ്പനാണ്. മുക്‌തേശ്വരനായാണ് മുത്തപ്പൻ അറിയപ്പെടുന്നത്. എന്നാൽ മോക്ഷപ്രാപ്‌തിക്കുപരിയായി ജീവിതത്തിന്റെ ഭൗതികഭദ്രതതന്നെയാണ് മുത്തപ്പൻ ഭക്തിയിലൂടെ ആരാധകർ കാംക്ഷിക്കുന്നത്. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദൈവമാണ് മുത്തപ്പനെന്ന് അവർ വിശ്വസിക്കുന്നു. മുത്തപ്പനിലൂടെ അവർ ദൈവത്തെ പ്രത്യക്ഷരൂപത്തിൽ ദർശിക്കുകയാണ്. സങ്കടങ്ങൾക്ക് പരിഹാരം തേടുകയും ദൈവമുഖത്തുനിന്നും നേരിട്ട് സാന്ത്വനവും അനുഗ്രഹവും കയ്യേറ്റ് ആശ്വാസം കൊള്ളുകയും ചെയ്യുന്നു. മനശ്ശാസ്‌ത്രപരമായി നോക്കുമ്പോൾ ദൈവവുമായുള്ള ഈ മുഖാമുഖസംവാദം മാനസികസംഘർഷങ്ങളുടെ ലഘൂകരണത്തിന് ഒരു കൗൺസിലിങ്ങിന്റെ ഫലം ചെയ്യുന്നുണ്ടെന്നു കാണാം.
Generated from archived content: essay1_jan18_11.html Author: subrahmanyan_kuttikkol