പുരാവൃത്തം
മുത്തപ്പൻ പുരാവൃത്തതിന്റെ ഭാഗമായ വായ്‌മൊഴിവഴക്കങ്ങളിൽ അയ്യൻതോറ്റം, കളിക്കപ്പാട്ട്, പൊലിച്ചുപാട്ട്, അയ്യൻമണ്ട, മലയിറക്കൽ, വരവിളി, കലശംപൊലിക്കൽ, പുറങ്കാലൻപട്ടോല എന്നിവ ഉൾപ്പെടുന്നു. ദൈവത്തിന്റെ ഉരിയാട്ടുകളും അരുളപ്പാടുകളും പുരാവൃത്തസൂചനകൾ അടങ്ങിയതാണ്. തലമുറകൾ കൈമാറിവന്ന ഐതിഹ്യങ്ങളിലും നാടൻപാട്ടുകളിലും മുത്തപ്പൻചരിതത്തിന്റെ മുഹൂർത്തങ്ങൾ ചിതറിക്കിടപ്പുണ്ട്.
അനപത്യതാദുഃഖത്താൽ നീറിക്കഴിഞ്ഞിരുന്ന അയ്യങ്കരമോലോത്തെ ദമ്പതികൾക്ക് നെടുനാളത്തെ പ്രാർത്ഥനയുടെ ഫലമെന്നോണം ഏരുവേശിപ്പുഴയുടെ കൂളിക്കടവിൽ നിന്നും കിട്ടിയ ശിശുവായിരുന്നത്രേ മുത്തപ്പൻ. പൊലിച്ചുപാട്ടിലെ താഴെകാണുന്ന വരികൾ പെറ്റമ്മയായ ഗോത്രകന്യകയെക്കുറിച്ചുള്ള സൂചനകളും നൽകുന്നുണ്ട്.
‘കാനൽവാഴും കരിങ്കുറത്തി കന്യാവാരിവരോ
ഓമനമകനല്ലോ പൊൻമുത്തപ്പൻ
പാടിക്കുറ്റി നല്ലമ്മ ആയവർക്കാരിവരോ
കണ്ടെടുത്ത മകനല്ലോ പൊൻമുത്തപ്പൻ’.
മറുക്കുടചൂടിയ അന്തർജ്ജനത്തിന്റെ ചിത്രമല്ല, വടക്കൻപാട്ടുകളിലൂടെ പരിചിതമായ ഒരു നായികയുടെ ചിത്രമാണ് പാടിക്കുറ്റിയുടെ നീരാട്ടുവർണ്ണനയിൽനിന്നും കിട്ടുന്നത്. ഏഴോളം വരുന്ന ഉടവിമാരോടൊപ്പം ‘ആന തിരുനെല്ലീപ്പോകുമ്പോലെ’ നീരാടാനുള്ള സർവസന്നാഹങ്ങളോടെ അവർ കടവിലെത്തുന്നു. ചിറ്റെള്ളിന്റെണ്ണ തിരുമുടിക്കും പേരെള്ളിന്റെണ്ണ തിരുമയ്‌ക്കും പുരട്ടി താളിതേച്ചുമെഴുക്കിളക്കി അത്തുതേച്ചു മുടിയിളക്കി മഞ്ഞൾ തേച്ചു നിറമിണക്കി മാറോളം വെള്ളത്തിലിറങ്ങി മുങ്ങിനിവരുമ്പോൾ കുഞ്ഞിന്റെ കുരലോശ കേൾക്കുന്നു. വെള്ളിച്ചിലമ്പോശ കേൾക്കുന്നു. തിരുനെറ്റിക്കല്ലിന്മേൽ പൊൻമയിൽപോലെ നിവർന്നുനിൽക്കുന്ന പൊന്മകനെക്കണ്ട് അവർ വാത്സല്യത്തോടെ വാരിയെടുത്തു.
അയ്യങ്കര വാഴുന്നോരും പാടിക്കുറ്റി അന്തർജനവും ശിശുവിനെ മകനായി സ്വീകരിച്ചു. ആനപ്പാലും കുതിരപ്പാലും നൽകി മെയ്വളർത്തി. ഉപനയനം ചെയ്യിക്കുകയും വേദശാസ്‌ത്രങ്ങൾ പഠിപ്പിക്കാൻ ഏർപ്പാടാക്കുകയും ചെയ്‌തു. എന്നാൽ വളർന്നുവന്നപ്പോൾ ശിശു അന്ത്യജസ്വഭാവമാണ് കാട്ടിത്തുടങ്ങിയത്. അമ്പും വില്ലും ഉപയോഗിച്ച് നായാടിപ്പിടിച്ച പറവകളെയും കാട്ടുമൃഗങ്ങളെയും അവൻ ബ്രാഹ്‌മണഗൃഹത്തിൽ കൊണ്ടുവന്ന് ചുട്ടുതിന്നു. അധഃകൃതരുമായി കൂട്ടുകൂടി ബ്രാഹ്‌മണ്യത്തിന്റെ അലംഘനീയമായ വിശുദ്ധി നഷ്‌ടപ്പെടുത്തി.
വളർത്തച്ഛന്റെ മനസ്സിൽ ജാത്യാചാരങ്ങളും പുത്രവാത്സല്യവും ഏറ്റുമുട്ടി. ‘പാടിക്കുറ്റ്യോമനപൊൻമകൻ നിമിത്തം എനിക്കെന്റെ മോലോത്ത് പൊറുതിയില്ല. ഞാനെന്റെ മോലോം ഒഴിയേയുള്ളൂ’- അയ്യങ്കരവാഴുന്നോർ പൊട്ടിത്തെറിച്ചു. ഇതുകേട്ട് പുത്രന്റെ കണ്ണുകളിൽ അഗ്നി ജ്വലിച്ചു. കിഴക്കുപടിഞ്ഞാറ് തൃക്കൺ പാർത്തപ്പോൾ കല്ലും മലയുമെല്ലാം ഉരുകിപ്പോയി. തെക്കുവടക്കായി തൃക്കൺ പാർത്തപ്പോൾ മരമൊടു മട്ടലും കരിഞ്ഞുപോയി. പിതാവിന്റെ നേരെ നോക്കാൻ തുനിഞ്ഞപ്പോൾ അമ്മ മകന്റെ കണ്ണുകൾ പൊത്തി കോപമടക്കാൻ അപേക്ഷിച്ചു. ദൈവിക ചിഹ്‌നങ്ങൾ വെളിപ്പെടുത്തിയ മുത്തപ്പൻ അവതാരലക്ഷ്യം നിറവേറ്റാനായി, തൃക്കൺതീയിൽനിന്നും ലോകത്തെ രക്ഷിക്കാൻ അമ്മ നൽകിയ പൊയ്‌ക്കണ്ണുകളണിഞ്ഞ് ഈയോക്കരിമ്പനവില്ലും കൊമ്പൻ ചുരികയുമണിഞ്ഞ് ‘മലനാടുകൊള്ളയ്‌ക്കു’ (ജൈത്രയാത്ര‘) പുറപ്പെട്ടു.
കുന്നത്തൂർ മലങ്കാട്ടിൽ നായാടിക്കൊണ്ടിരുന്ന മുത്തപ്പൻ അവിടെക്കണ്ട മധുപൻപനയുടെ മുകളിൽക്കയറി മധുകുടിച്ചുമദിച്ചു. ചെത്തുകാരനായ കല്ലായിക്കൊടി ചന്തൻ കള്ളെടുക്കാൻ വന്നപ്പോൾ പനമുകളിലിരിക്കുന്ന കള്ളനെക്കണ്ട് അമ്പുതൊടുത്തു. ദൈവം തൃക്കൺപാർത്തൊന്നു നോക്കിയപ്പോൾ ചന്തൻ കല്ലായി മറിഞ്ഞുപോയി. ’ഉച്ചയ്‌ക്കരിയാനായ് പോയ ചന്തൻ അന്തിക്കരിഞ്ഞിട്ടും വന്നു കാണാഞ്ഞ് കല്ലായിക്കൊടി അടിയാത്തി മധുപൻപനയുടെ കീഴിൽ ചെന്നപ്പോൾ കണ്ടത് കല്ലായി മറിഞ്ഞ ഭർത്താവിനെയും പനമുകളിൽ വൃദ്ധരൂപത്തിലിരിക്കുന്ന ദൈവത്തെയുമാണ്. “വാഴ്‌കപൊലിക പൊൻമുത്തപ്പാ! അറിയാതെ ചന്തൻ പിഴച്ചതെങ്കിൽ അറിവിൻ പിഴദണ്ഡം ഞാൻ ചെയ്‌തോളാം” – എന്ന അടിയാത്തിയുടെ അപേക്ഷ മാനിച്ച് ദൈവം ചന്തനെ പൂർവസ്‌ഥിതിയിലാക്കി.
ഭാര്യയുടെ നിർദ്ദേശപ്രകാരം ചന്തൻ മധുപൻപനയിൽ കയറി ‘മേൽകുംഭം കീഴ്‌കുംഭം കള്ളെടുത്ത്’ കുന്നത്തൂർ മലയിൽ നിച്ചൽപൈങ്കുറ്റിവെച്ചു. അകത്ത് അറപുജയും പുറത്ത് വെള്ളാട്ടവും തിരുവപ്പനയും കഴിപ്പിച്ചു. മുത്തപ്പൻ പൈങ്കുറ്റിവെച്ചു. മുത്തപ്പന് പൈങ്കുറ്റിയും പൂജയും ചെയ്‌ത ഈ ഗുഹയാണ് ആരൂഢമായ കുന്നത്തൂർപ്പാടിയായി പ്രസിദ്ധമായത്. കുന്നുമ്മേലടത്ത് വാണവരും കുഴിപ്പള്ളി കരുമനയും ചേർന്ന് ചന്തനെ ചതിയിൽ വധിച്ചപ്പോൾ പ്രതികാരമായി കുന്നുമ്മേലേടത്തിന്റെയും കരുമനയുടെയും കുലം മുടിച്ച മുത്തപ്പൻ ക്ഷത്രിയവംശജനായ കരക്കാട്ടിടം വാണവരെ കുന്നത്തൂർ മലയുടെ ഭരണമേൽപ്പിച്ചുവെന്നാണ് ഐതിഹ്യം ബ്രാഹ്‌മണ മേധാവിത്വത്തിനെതിരെ അധഃകൃതരെയും ആദിവാസികളയും ചേർത്ത് പടയൊരുക്കിയ മുത്തപ്പൻ കോട്ടകളും കളപ്പുരകളും പിടിച്ചടക്കി ധനധാന്യങ്ങൾ പാവങ്ങൾക്കു വിതരണം ചെയ്‌തു. ദുഷ്‌പ്രഭുക്കളായ നാടുവാഴികളുടെ കോട്ടകളാക്രമിക്കാൻ ഗറില്ലായുദ്ധരീതിയാണ് മുത്തപ്പൻ പ്രയോഗിച്ചത്.
വിഷ്‌ണുസംഭവനായ മുത്തപ്പൻ പുരളിമലയിൽ വെച്ചാണ് ശിവരൂപമായ ചെറിയമുത്തപ്പനുമായി ചേരുന്നത്. കോളിമരത്തിന്റെ വേരുകൾ പടർന്ന് ചിതൽപ്പുറ്റുമൂടിയനിലയിൽ തപോനിദ്രയിലായിരുന്ന ശിവരൂപത്തെ വില്ലുകൊണ്ടു തട്ടിയുണർത്തി സന്തതസഹചാരിയാക്കി. ജൈത്രയാത്രതുടർന്ന മുത്തപ്പൻമാർ ചന്ദ്രഗിരിപ്പുഴമുതൽ കോരപ്പുഴവരെയും കുടകു മലമുതൽ ‘കടലോടുകണ്ണാപുരം’ വരെയുമുള്ള പ്രദേശങ്ങൾ പിടിച്ചടക്കി പുരളിമല ചിത്രപീഠം കേന്ദ്രമാക്കി ‘നാടുവാഴിയും നാട്ടുസ്വാമിയായി’ വാണരുളി. ഏഴുമല. പുരളിമല. 72 പടുമലകൾ 108 ആസ്‌ഥനങ്ങൾ, 308 മഠപ്പുരകൾ, എണ്ണിയാൽ തീരാത്ത പൊടിക്കളങ്ങൾ എന്നിവ മുത്തപ്പന്റെ അധീനതയിലായിരുന്നെന്ന് പട്ടോലകളിൽ പറയുന്നു. നിത്യോത്സവത്തിന് ഉചിതമായ ഒരു സ്‌ഥാനം അന്വേഷിച്ച് തൊടുത്തുവിട്ട അസ്‌ത്രം ചെന്നുപതിച്ചത് പറശ്ശിനിപ്പുഴയോരത്തെ കാഞ്ഞിരമരത്തിലായിരുന്നു. പറശ്ശിനിപ്പുഴയിൽ ചൂണ്ടലിട്ടുകൊണ്ടിരുന്ന പെരുവണ്ണാൻ വിവരം കുന്നുമ്മൽ കാരണവരെ അറിയിച്ചു. പ്രസിദ്ധമായ പറശ്ശിനിമഠപ്പുര ക്ഷേത്രത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ചുള്ള ഐതിഹ്യം ഇങ്ങനെയാണ്.
വൈദികാധിപത്യത്തിനെതിരെ
വർണ്ണാധിപത്യത്തിന്റെ നിഷ്‌ഠൂരതകൾക്കെതിരെ അടിയാളമനസ്സുകളിൽ എരിഞ്ഞുനിന്നിരുന്ന കനലുകളാണ് അനുഷ്‌ഠാനകലകളിലെ തോറ്റംപാട്ടുകളായി രൂപപ്പെട്ടിട്ടുള്ളത്. അടിയാളസമൂഹത്തെ ആയുധവും ആയോധനവും നൽകി ഉയിർത്തെഴുന്നേൽപ്പിക്കുകയും അധികാരദുർഗ്ഗങ്ങളെ കിടിലംകൊള്ളിക്കുകയും ചെയ്‌ത ഒരു വീരനായകന്റെ ചിത്രം മുത്തപ്പൻ പുരാവൃത്തങ്ങളിൽ കണ്ടെത്താം. ജീർണ്ണതയെ പൊതിഞ്ഞുവയ്‌ക്കുന്ന ബ്രഹ്‌മണ്യത്തിന്റെ കപടവിശുദ്ധിയിലേക്കയ്‌ക്ക് കാട്ടിറച്ചിയും മീനും ‘ചുട്ടുകരിച്ച് മണംപായിച്ചു’ കൊണ്ടാണ് മുത്തപ്പൻ വൈദികസംസ്‌കാരത്തിനെതിരെയുള്ള യുദ്ധം പ്രഖ്യാപിക്കുന്നത്. ദർശനത്തിലും സ്‌പർശനത്തിലും ‘അയിത്തവും ശുദ്ധിയും’ ആചരിക്കുന്ന സവർണ്ണന് ഗന്ധങ്ങൾക്കുമേലുള്ള നിസ്സഹായതയെ നിശിതമായി പരിഹസിക്കുന്നതാണ് ‘ചുട്ടുകരിച്ചുമണംപായിച്ചു’ എന്ന പ്രയോഗം. അധമനും അധിപനും ഒരേ പാത്രത്തിൽനിന്നാണ് ജീവവായു ഉണ്ണുന്നതെന്നിരിക്കെ അയിത്താചാരത്തിന്റെ അന്തസ്സാരശൂന്യത ഇവിടെ തുറന്നുകാട്ടപ്പെടുന്നു.
വൈദികാധിപത്യത്തിന്റെ പ്രാരംഭദശയിലുള്ള ഉത്തരകേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ചിത്രവും ഭൂമിസാസ്‌ത്രവും മുത്തപ്പൻപുരാവൃത്തത്തിൽ കാണാം. മറക്കുടയ്‌ക്കുള്ളിൽ ബ്രാഹ്‌മണ്യം ഒളിപ്പിച്ചുകൊണ്ടല്ല പാടിക്കുറ്റി അന്തർജ്ജനം പ്രത്യക്ഷപ്പെടുന്നത്. അടിയാൻ, തീയ്യൻ, വണ്ണാൻ തുടങ്ങിയ സമുദായങ്ങൾ വൈദികാധിപത്യത്തിനു സമാന്തരയായി പ്രബലമായിത്തന്നെ നിലനിന്നിരുന്ന ഒരു സാമൂഹ്യാവസ്‌ഥയായിരിക്കണം അത്. “പെഴച്ചവരെയും പെഴയാത്തവരെയും നോക്കിക്കണ്ടു. പെഴച്ചവനെ കുത്തിക്കൊന്നുകൊലയെടുത്തു മുത്തപ്പൻ” എന്നാണ് ദൈവത്തിന്റെ അരുളപ്പാട്. വൈദികാധിപത്യത്തെയല്ല അതിന്റെ അനീതികളെയാണ് മുത്തപ്പൻ എതിർത്തത്. ചന്തനെ ചതിച്ചുകൊന്ന വാണവരുടെ കുലം മുടിച്ച് കുന്നത്തൂർപ്പാടിയുടെ ഭരണം ഏൽപ്പിക്കുന്നത് ക്ഷത്രിയവംശജനായ കരയ്‌ക്കാട്ടിടത്തു വാണവരെയാണ്. പരാജിതരാക്കപ്പെട്ട നാടുവാഴികളെ അകാരണമായി വധിക്കുന്നില്ല. മഠപ്പുരകൾ സ്‌ഥാപിച്ച് തന്റെ ഭരണവ്യവസ്‌ഥ അംഗീകരിപ്പിച്ചശേഷം പ്രവിശ്യകൾ അവർക്കുതന്നെ വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.
മിന്നൽപ്പിണർപോലെ ആക്രമണമഴിച്ചുവിട്ട് നിഷ്‌ക്രമിക്കുന്ന ഗറില്ലായുദ്ധരീതി കുറിച്ച്യരെ അഭ്യസിപ്പിച്ചത് മുത്തപ്പനാണെന്നുവേണം കരുതാൻ. കൊട്ടിയൂരുത്സവത്തിനിടയിൽ നടത്തപ്പെടുന്ന ഒരനുഷ്‌ഠാനം ഇതിലേയ്‌ക്കു വെളിച്ചം വീശുന്നതാണ്. കൊട്ടിയൂരെ പ്രസിദ്ധമായ ഇളനീരാട്ടത്തിനുമുമ്പ് മുത്തപ്പന്റെ വരവുണ്ട്. അട്ടഹാസങ്ങളും ഭീകരശബ്‌ദഘോഷങ്ങളും മുഴക്കി മുത്തപ്പനെ അനുഗമിക്കുന്നത് കുറിച്ച്യ സമുദായക്കാരാണ്. അപ്പോൾ സ്വതന്ത്രമായി പുറത്തുകാണുന്ന സാധനങ്ങളെല്ലാം അവർ കയ്യടക്കുകയും നിമിഷങ്ങൾക്കുള്ളിൽ കാട്ടിനുള്ളിലേയ്‌ക്ക് ഓടിമറയുകയും ചെയ്യും. മുത്തപ്പന്റെ ദിഗ്വജയകാലത്ത് കൊട്ടിയൂർ ദേവസ്വം പിടിച്ചടക്കാൻ ശ്രമം നടത്തി തിരിച്ചുപോയതിന്റെ ഓർമ്മയ്‌ക്കായിട്ടാണ് കൊട്ടിയൂരിൽ ഇന്നും ഈ ചടങ്ങ് അരങ്ങേറുന്നത്.
സ്‌ത്രീപ്പെരുമ
വർണ്ണാധിപത്യത്തിനെതിരെയെന്നപോലെ ലിംഗാധിപത്യത്തിനെതിരെയുള്ള പ്രതിഷേധവും തോറ്റംപാട്ടുകളുടെ മുഖഭാവമാണ്. ഗോത്രസമൂഹങ്ങൾ തുടർന്നുവന്ന സ്‌ത്രീദായക്രമവും ശക്തിപ്രതിഷ്‌ഠയായ അമ്മദൈവങ്ങളുടെ പ്രാധാന്യവും വൈദികസംസ്‌ക്കാരത്തിന്റെ പുരുഷാധിപത്യത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന് ഊർജ്ജം പകർന്നതായി കാണാം. മുത്തപ്പന്റെ കോപാഗ്നിയിൽനിന്നും അയ്യങ്കരവാഴുന്നവരെ രക്ഷിക്കുന്നത് പാടിക്കുറ്റി അന്തർജനമാണ്. മാതൃത്ത്വത്തോടുള്ള ആദരസൂചകമായി അവർ നൽകിയ പൊയ്‌ക്കണ്ണുകൾ അണിഞ്ഞുകൊണ്ടാണ് മുത്തപ്പൻ ദ്വിഗ്വിജയത്തിനു പുറപ്പെടുന്നത്. കല്ലായ്‌മറിഞ്ഞ ചന്തനെ പുനരുജ്ജീവിപ്പിക്കുന്നതും ചന്തന്റെ ഭാര്യയായ കല്ലായിക്കൊടി അടിയാത്തിയുടെ അഭ്യർത്ഥന മാനിച്ചാണ്. അവരുടെ “മുത്തപ്പാ” എന്ന സംബോധന ദൈവനാമമായി സ്വീകരിക്കപ്പെടുകയും അവർ നൽകിയ അകത്തറപൂജയും മധുകലശവും പൈങ്കുറ്റിയും പൂജാവിധികളായി നിശ്ചയിക്കപ്പെടുകയും ചെയ്‌തു.
‘കാനൽവാഴും കരിംകുറത്തി’ എന്ന പൊലിച്ചുപാട്ടിലെ വരികൾ പെറ്റമ്മയായ ഗിരിവർഗ്ഗകന്യകയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂർ പാടിയിലും പുരളിമലമഠപ്പുരയിലും ‘മൂലംപെറ്റഭഗവതി’യെ കെട്ടിയാടിക്കുന്നത് പെറ്റമ്മയുടെ പ്രതീകമായിട്ടാകാം. ഈ ദേവതയുടെ അനുഗ്രഹം പ്രസവസംബന്ധമായ അസ്വസ്‌ഥതകൾക്കും അനപത്യതാദുഃഖത്തിനും പരിഹാരമായി ഭക്തജനങ്ങൾ കരുതുന്നു. ഭഗവതിയുടെ കല്ലുവഴയിലകൾകൊണ്ടുള്ള തിരുമുടിയും ‘കാനൽവാഴും കന്യക’ എന്ന സങ്കല്‌പത്തിനു ചേർന്നതുതന്നെ.
തുടരും….
Generated from archived content: essay1_dec18_10.html Author: subrahmanyan_kuttikkol
Click this button or press Ctrl+G to toggle between Malayalam and English