മലയാളഭാഷയിലെ ആദ്യത്തെ ആധികാരിക ശബ്‌ദകോശം ശ്രീകണ്‌ഠേശ്വരം പത്മനാഭപ്പിള്ളയുടെ ശബ്‌ദതാരാവലിയാണല്ലോ. ജൈവഭാഷയിൽ രചിക്കപ്പെടുന്ന നിഘണ്ടുക്കൾ ഒരിക്കലും സമ്പൂർണ്ണതയിലെത്തുന്നില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഒരു ജീവിതകാലം മുഴുവൻ പദസമ്പാദനത്തിനായി ഉഴിഞ്ഞുവെച്ചുകൊണ്ടാണ് ശബ്‌ദതാരാവലി പൂർത്തിയാക്കിയത്. തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ നിർമ്മാണം തുടങ്ങി അൻപത്തിഎട്ടാം വയസ്സിൽ മലയാളപദങ്ങളുടെ ആ ഗാലക്‌സി അദ്ദേഹം ഭാഷയ്‌ക്കു സമർപ്പിച്ചു.
ശ്രീകണ്‌ഠേശ്വരത്തിന്റെ മരണശേഷം ശബ്‌ദതാരാവലി സമഗ്രമായി പരിഷ്‌കരിച്ച് 1952-ൽ നാലാം പതിപ്പ് പുറത്തിറക്കിയത് പി. ദാമോദരൻനായരാണ്. 1964ൽ ആദ്യത്തെ എസ്.പി.സി.എസ്. പതിപ്പ് പുറത്തുവന്നു. 2010 വരെ 30 പതിപ്പുകൾ എസ്.പി.സി.എസ്. പുറത്തിറക്കിയിട്ടുണ്ട്. ശ്രീകണ്‌ഠേശ്വരത്തിന്റെ നിര്യാണത്തിനുശേഷം 64 വർഷം പൂർത്തിയായെങ്കിലും ഡി.സി.ബുക്‌സ് ശബ്‌ദതാരാവലി പുറത്തിറക്കാൻ തുനിയുന്നത് ആദ്യമായാണ്.
ഭാഷയിൽ ആദ്യമായി ഒരു നിഘണ്ടു രൂപപ്പെടുമ്പോൾ അതോടൊപ്പം ഒരു അക്ഷരമാലാക്രമവും രൂപപ്പെടുന്നുണ്ട്. ശ്രീകണ്‌ഠേശ്വരം ശബ്‌ദതാരാവലിക്കു രൂപംകൊടുത്തിട്ടുള്ളത് മലയാള ഭാഷയിൽ അതേവരെ നിലനിന്നിരുന്ന അക്ഷരമാലാക്രമത്തെ അഴിച്ചുപണിഞ്ഞുകൊണ്ടാണ്. അക്ഷരമാലാക്രമത്തെ അപേക്ഷിച്ച് പദഘടനയ്‌ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് അദ്ദേഹം നിഘണ്ടുവിൽ പദങ്ങൾ വിന്യസിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ ‘ചുവരുണ്ടായാൽ ചിത്രമെഴുതാൻ പ്രയാസമില്ലല്ലോ’. ശബ്‌ദതാരാവലിക്കുപിറകെവന്ന നിഘണ്ടുകാരൻമാരെല്ലാം പദവിന്യാസത്തിന് ശബ്‌ദത്താരാവലിയെ അതേപടി അനുകരിക്കുകയാണ് ചെയ്‌തിട്ടുള്ളതെന്നു കാണാം. ഡി.സി.യുടെ ശബ്‌ദസാഗരവും മലയാളം-ഇംഗ്ലീഷ് നിഘണ്ടുവും ഇതിൽനിന്നും വ്യത്യസ്‌ഥമല്ല.
ശബ്‌ദതാരാവലി നോക്കുന്നവരെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത് അക്ഷരമാലാക്രമത്തിൽ അനുസ്വാരപദങ്ങളുടെ വിന്യാസമാണ്. നാലാം പതിപ്പിന്റെ പരിഷ്‌കർത്താവുതന്നെ മുഖവുരയിൽ ഇതു സൂചിപ്പിച്ചിട്ടുണ്ട്. “മലയാളഭാഷയിൽ പദങ്ങൾ അക്ഷരക്രമത്തിൽ ശരിയായി അടുക്കുക എന്നത് ക്ഷിപ്രസാദ്ധ്യമായ കാര്യമല്ല. അക്ഷരക്രമമോ പദഘടനയോ മനസ്സിലാക്കാതെ ആരെങ്കിലും ഒരു പദം നോക്കുകയും നോക്കുന്നിടത്തു കണ്ടില്ലെങ്കിൽ അതു നിഘണ്ടുവിലില്ലെന്ന് നിശ്ചയിക്കുകയും ചെയ്യുന്നത് കേവലം സാഹസമാണ്. ‘അനംഗൻ’ അനംബരൻ‘ എന്നീ പദങ്ങളിലെ അനുസ്വാരം രണ്ടും രണ്ടാണ്. ആദ്യത്തേതു ’ങ‘ കാരവും രണ്ടാമത്തേതു ’മ‘കാരാവുമാണ്”. മൃദുവായ അസഹിഷ്‌ണുതയുടെ സ്വരത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും പിന്നീടുവന്ന പരിഷ്‌കരിച്ച പതിപ്പുകളിലൊന്നും പദങ്ങൾ കൂട്ടിച്ചേർക്കുകയല്ലാതെ അടിസ്‌ഥാനപരമായ ന്യൂനതകൾ പരിഹരിക്കാൻ ശ്രമമുണ്ടായിട്ടില്ല.
പദഘടനയനുസരിച്ചുള്ള ലിപിവിന്യാസത്തിൽ വാക്കുകളുടെ മൂലരൂപത്തിനാണ് പ്രാധാന്യം കൈവരുന്നത്. അനുസ്വാരങ്ങളെ ’ങ‘ കാരാനുസ്വാരം, ’ന‘ കാരാനുസ്വാരം, ’മ‘ കാരാനുസ്വാരം എന്നിങ്ങനെ പദഘടനയനുസരിച്ച് വിഭജിച്ചാണ് ശബ്‌ദതാരാവലിയിൽ വാക്കുകൾ ക്രമീകരിച്ചിട്ടുള്ളത്. ’ക്ഷ‘ ക കാരത്തോടൊപ്പവും ’ൽ‘ ത കാരമായും ല കാരമായും വിഭജിച്ചും ചേർത്തിരിക്കുന്നു. അക്ഷരങ്ങളെ ഇങ്ങനെ പദഘടനയനുസരിച്ച് ഭിന്നിപ്പിച്ചിരിക്കുന്നതിനാൽ ഒരേ ചിഹ്നം വരുന്ന വാക്കുകൾ ചിതറപ്പെട്ട നിലയിലാണ് നിഘണ്ടുവിൽ കാണാൻ കഴിയുക. ശബ്‌ദതാരാവലി നോക്കുന്ന സാധാരാണക്കാരന് വാക്കുകൾ തിരയുമ്പോൾ പദഘടന മനസ്സിൽ വെച്ചുകൊണ്ട് പേജുകളുടെ വ്യത്യാസത്തിൽ പദങ്ങൾ തിരയേണ്ടിവരുന്നു. ഉദാഹരണത്തിന് ’അ‘ കാരത്തിൽ വരുന്ന ’അംശം‘ മുതൽ ’അംക്രി‘ വരെയുള്ള പദങ്ങൾ ആരംഭത്തിൽത്തന്നെ കൊടുത്തിരിക്കുമ്പോൾ ’അംഗം‘ മുതലുള്ള ’ങ‘ കാരാനുസ്വാരപദങ്ങൾ ’അങ്ക്യം‘ എന്ന വാക്കിനുശേഷവും (എട്ടാംപതിപ്പ് പേജ് 58) ’മ‘ കാരത്തിൽ വരുന്ന ’അംബ‘ മുതലുള്ള പദങ്ങൾ ’അമ്പോറ്റി‘ എന്ന വാക്കിനുശേഷവും (പേജ് 181) ചേർത്തിരിക്കുന്നതുകാണാം.
നിഘണ്ടുനോട്ടക്കാരനെ സംബന്ധിച്ചിടത്തോളം അനുസ്വാരവും വള്ളി, പുള്ളി തുടങ്ങിയ ചിഹ്‌നങ്ങൾ പോലെ ഒരു ചിഹ്‌നമായിട്ടാണ് ദൃശ്യമാവുന്നത്. അതിനാൽ അക്ഷരമാലാക്രമത്തിൽ പദങ്ങൾ വിന്യസിക്കുമ്പോൾ ദൃശ്യരൂപത്തിന് പ്രാമുഖ്യം നൽകിയാലാണ് എളുപ്പം ’കണ്ടെത്താൻ‘ കഴിയുക. പദഘടനയെ അടിസ്‌ഥാനമാക്കി വാക്കുകൾ അടുക്കിയിരിക്കുന്നതിനാലാണ് അവതാരികാകാരൻ ചൂണ്ടിക്കാട്ടിയതുപോലെ ചില പദങ്ങൾ നിഘണ്ടുവിലില്ലെന്ന പരാതിയുണ്ടായത്. പരിഷ്‌കർത്താക്കൾ ശ്രദ്ധിക്കുകയാണെങ്കിൽ പുതിയ പതിപ്പിൽ ഈ പ്രശ്‌നം എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ.
മലയാളം അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ പരിശോധിച്ചാൽ ’അ‘ യിൽത്തുടങ്ങി ’ഔ‘ വിനു ശേഷമാണ് അനുസ്വാരചിഹ്‌നസ്‌ഥാനമായ ’അം‘ വരുന്നത്. സ്വരാക്ഷരങ്ങൾ ’അ‘ മുതൽ ’അം അഃ‘ എന്നാണ് അവസാനിക്കുന്നതെങ്കിലും ശബ്‌ദതാരാവലിയുടെ ആരംഭത്തിൽക്കൊടുത്ത അക്ഷരമാലയിൽ ’അം, അഃ‘ ഭാഗം വിട്ടുകളഞ്ഞതായി കാണാം. പണ്ടുമുതലേ അക്ഷരമാല ചൊല്ലിപ്പഠിച്ചപ്രകാരം ’….കൗ, കം, ക‘ എന്ന രീതിയിൽ ക്രമീകരിച്ചിരുന്നെങ്കിൽ ചിതറിപ്പോകുന്നത് ഒഴിവാക്കാമായിരുന്നു. എന്നാൽ ഏറ്റവും സൗകര്യപ്രദമായ മാർഗം പദാരംഭത്തിൽത്തന്നെ അനുസ്വാരങ്ങൾ ഉൾപ്പെടുത്തുക എന്നതാണ്. സ്വരാക്ഷങ്ങൾ ’അം‘ കഴിഞ്ഞ് ’അ‘ വീണ്ടും ആരംഭിക്കുന്നതിനാൽ ഈ രീതിയിൽ പദങ്ങൾ ക്രമികരിക്കുന്നത് ഏറ്റവും ഉചിതമാണുതാനും. ശ്രികണ്‌ഠേശ്വരം തന്നെ ശബ്‌ദതാരാവലിയുടെ ആരംഭത്തിൽ ഈ രീതി സ്വീകരിച്ചിരിക്കുന്നതു കാണാം. ’അ‘ കാരത്തിൽ നിഘണ്ടു ആരംഭിക്കുമ്പോൾത്തന്നെ ’അംശം‘ മുതൽ ’അംക്രി‘ വരെയുള്ള പദങ്ങൾ കൊടുത്തിട്ടുണ്ട്. ഹിന്ദി നിഘണ്ടുക്കൾ ഈ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്.
യൂനികോഡിൽ മറ്റുചിഹ്‌നങ്ങൾക്കെന്നപോലെ അനുസ്വാരത്തിനും സ്വാതന്ത്രമായ കീയുണ്ട്. ഐ.എസ്.എം. കീബോർഡിൽ ’ൽ‘ ല കാരത്തോടുചേർന്നും ’ക്ഷ‘ ക കാരത്തോടുചേർന്നുമാണ് വരുന്നത്. (കേരളാഗവർമെന്റ് അംഗീകരിച്ച ടൈപ്പ്‌റൈറ്റർ യുഗത്തിനുമാത്രം ചേർന്ന മലയാളം കീബോർഡ് ഇന്ന് ആരും ഉപയോഗിക്കുന്നില്ല. വിജ്ഞാനകൈരളിക്കുപോലും വേണ്ടാത്ത ഈ ലിപിവൈകൃതം ഇനിയെങ്കിലും പിൻവലിക്കണമെന്നാണ് എന്റെ വിനീതമായ അഭിപ്രായം). ഭാഷയിൽ കമ്പ്യൂട്ടർ യുഗത്തിനുകൂടി യോജിക്കുന്നവിധം ശാസ്‌ത്രീയമായ ഒരു അക്ഷരമാലാക്രമം രൂപപ്പെടുത്താനുള്ള അസുലഭമായ അവസരമാണ് ശബ്‌ദതാരാവലിയുടെ പരിഷ്‌കരണത്തിലൂടെ കൈവന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് വിശദമായ നിർദ്ദേശം ഡി.സീ യുടെയും എസ്.പി.സി.എസ്സിന്റെയും നിഘണ്ടു പരിഷ്‌കരണക്കമ്മറ്റിക്ക് ഈ ലേഖകൻ എഴുതിസമർപ്പിച്ചിരുന്നു. മലയാളഭാഷയെ സംബന്ധിച്ചിടത്തോളം ഏറ്റവും ആധികാരികമായ നിഘണ്ടു ശബ്‌ദതാരാവലിതന്നെയാണല്ലോ. മറ്റെല്ലാ നിഘണ്ടുക്കളും ശബ്‌ദതാരാവലിയുടെ പിറകെ വന്നുകൊള്ളും. കേവലം പദങ്ങൾ കൂട്ടിച്ചേർക്കുന്നതിലുപരിയായി ശാസ്‌ത്രീയമായ പരിഷ്‌കരണത്തിനു വിധേയമാക്കിയ ഒരു എഡീഷനാണ് വിദ്യാർത്ഥികളും ഭാഷാകുതുകികളും പ്രതീക്ഷിക്കുന്നത്.
Generated from archived content: essay1_apr22_10.html Author: subrahmanyan_kuttikkol