ശശിധരനും ജി. സുധാകരനും ചില ഭാഷാപ്രശ്നങ്ങളും

ഭാഷാ ചർച്ചയല്ല രാഷ്ര്ടീയ ചർച്ച എന്ന്‌ നമ്മെ ഓർമ്മിപ്പിച്ചത്‌ മറ്റ്‌ പലതും എന്നതു പോലെ വിജയൻമാഷാണ്‌. നമ്മുടെ മുഴുവൻ സംവാദങ്ങളോടും മാഷ്‌ അവസാനമായി പറഞ്ഞതും അത്‌ തന്നെ. കേൾക്കണമെങ്കിൽ ഈ ഭാഷാ തന്നെ വേണം എന്ന്‌ ബർണാഡ്‌ഷാ പറഞ്ഞതും മാഷ്‌ നമ്മെ ഓർമ്മിപ്പിച്ചു. ഒരദ്ധ്യാപകന്റെ ഏറ്റവും ശരിയായ ഇടപെടൽ. ജി. സുധാകരൻ മുതൽ പി. ശശിധരൻ വരെയുള്ളവർ തുറന്നുവിട്ട ഭാഷാപ്രശ്നങ്ങളിലേയ്‌ക്ക്‌ കടക്കാനാണ്‌ വിജയൻമാഷെ വീണ്ടും ഓർത്തത്‌. സ്വച്ഛവും ശാന്തവുമായി ഒഴുകിയിരുന്ന, (ചിലപ്പോളെങ്കിലും വിരസമായ ഭൂഭാഗങ്ങളിലൂടെ മാത്രം) പുഴയിൽ വല്ലാത്തൊരു മുഴക്കവും ചില കലമ്പലുകളും കണ്ടു തുടങ്ങിയത്‌ അടുത്തിടെയാണ്‌. അഹോ മുഖം അഹോ സ്വരം എന്ന മട്ടിൽ ചില പൊങ്ങച്ചങ്ങളും പ്രിന്റ്‌ മീഡിയ പോലും കയ്യൊഴിഞ്ഞ്‌ തുടങ്ങിയ കവിതാക്കസർത്തുകളും ആവർത്തനവിരസമായ രാഷ്ര്ടീയ പുറം ചൊറിയലുകളും കണ്ട്‌ ഈ പുഴയിലെ കുളി മടുപ്പിച്ച്‌ തുടങ്ങിയിരുന്നു. അപ്പോഴാണ്‌ പി. ശശിധരന്റെ വരവ്‌. കൗതുകമുണർത്തുന്ന തുടക്കം. ഒരുതരം തച്ചുതകർക്കൽ. പിന്നെ കാണുന്നത്‌ ചർച്ചയാണ്‌. ശശിധരന്റെ തെറിക്ക്‌ മുറിപ്പത്തലുകൊണ്ട്‌ ഉത്തരം ചമച്ചു ചിലർ. ആ തെറി കേട്ട്‌ കേരളീയത കടലിൽ പോയേ എന്ന്‌ വിലപിച്ചു മറ്റു ചിലർ. ശശിധരന്റെ ഭൂതത്തെ കൂട്ടിലടക്കല്ലേ എന്ന്‌ മറ്റുചിലർ. എന്തായാലും സംഗതി സജീവമായി. കളിയങ്ങനെ തുടരുമ്പോഴാണ്‌ ചില കാര്യങ്ങൾ പറഞ്ഞുതുടങ്ങാം എന്നു തോന്നുന്നത്‌. ഭാഷയാണ്‌ പ്രശ്നം.

ഭാഷ എന്ന പ്രമേയത്തെ മാധ്യമവുമായി ബന്ധപ്പെടുത്തി മാത്രം ചർച്ച ചെയ്യാവുന്ന ഒന്നല്ല. പക്ഷേ ഇപ്പോൾ അത്തരമൊരു ചർച്ച സാധ്യമാണെന്ന്‌ തോന്നുന്നു. ഭാഷയുടെ ക്രമീകരണം വാസ്തവത്തിൽ ഒരുതരം മാധ്യമ ധർമ്മമാണ്‌. കേരളത്തിൽ പ്രത്യേകിച്ചും. ഭാഷാരീതികളുടെ വല്ലാത്ത വൈചിത്ര്യമുണ്ട്‌ കേരളീയ സമൂഹത്തിൽ. ഇതിനെ സവിശേഷമായ ഒരു പൊതുരൂപത്തിലേക്ക്‌ ജ്ഞാനസ്നാനം ചെയ്യിച്ചത്‌ മാധ്യമങ്ങളാണെന്ന്‌ പറഞ്ഞാൽ അതിശയോക്തിയാവില്ല. കേരളത്തിനാകമാനം ഒരു പൊതുഭാഷയെ രൂപപ്പെടുത്തേണ്ടത്‌ അച്ചടിയുടെ മിനിമം ആവശ്യകതയാണ്‌. ഭാഷയെ രൂപപ്പെടുത്തിയ ഈ മാധ്യമങ്ങൾ പക്ഷേ വിചാരങ്ങളെയും രൂപപ്പെടുത്താൻ തുടങ്ങിയെന്നത്‌ വസ്തുതയാണ്‌.

ഒരുപാട്‌ ബന്ധനങ്ങളുള്ള പണിയാണ്‌ മാധ്യമപ്പണി. സാമാന്യ യുക്തിക്ക്‌ പുറത്ത്‌ നിൽക്കുന്നതാണ്‌ ആ ബന്ധനം. ഒരുപാട്‌ കണ്ണികളുടെ കൂട്ടായ യത്നത്തിലാണ്‌ അതിന്റെ പിറവി. സാമൂഹികമായ ഒട്ടേറെ ബലതന്ത്രങ്ങൾ അതിന്റെ സ്വഭാവത്തെ നിരന്തരം രൂപപ്പെടുത്തുകയും ചെയ്യും. അതിന്റെ പ്രധാനകാരണം ഈ കെട്ടുപാടുകളാണ്‌. അച്ചടി മാധ്യമത്തിനോ വിഷ്വൽ മീഡിയക്കോ ഈ കെട്ടുപാടുകളെ സത്യസന്ധമായി അതിജീവിക്കാൻ കഴിയില്ല. പൊതുസ്വീകാര്യത എന്ന വലിയ കളംവരച്ച്‌ അതിനുള്ളിൽ സാധ്യമാകുന്ന കസർത്തുകൾ മാത്രമാണ്‌ ഇപ്പറഞ്ഞ മാധ്യമങ്ങൾക്ക്‌ സാധ്യമാകൂ.

ഇന്ത്യാവിഷനും നികേഷ്‌കുമാറുമൊക്കെ നടത്തുന്ന ചില ഇടപെടലുകൾ പ്രത്യക്ഷത്തിൽ ധീരമെന്ന്‌ തോന്നിക്കുമ്പോഴും കളത്തിനകത്ത്‌ തന്നെയാണെന്ന്‌ സൂക്ഷ്മമായി കാണാൻ സമയമുള്ളവർക്ക്‌ മനസിലാവും. ചുരുങ്ങിയപക്ഷം ഇത്തരം കാണലുകൾ ജീവിതത്തിലെ മുഖ്യ പണിയാക്കി മാറ്റിയവർക്കെങ്കിലും. പൊതുസ്വീകാര്യത എന്ന കളത്തിനകത്തെ ഭാഷയ്‌ക്കും വിമർശനങ്ങൾക്കും പരിമിതികൾ മാത്രമേയുള്ളൂ.

വിഗ്രഹഭഞ്ജനം എന്നൊക്കെ ഭള്ള്‌ പറയാനല്ലാതെ കേരളീയ മാധ്യമരംഗം അത്തരത്തിൽ എന്തെങ്കിലും പണി എന്നെങ്കിലും എടുക്കുകയോ എടുത്താൽ തന്നെ തുടരുകയോ ചെയ്യാറില്ല. കേരളീയ പൊതുജീവതം ഒട്ടേറെ അഴുക്കുകളുടെ കൂടാരമായി മാറിയതിൽ മാധ്യമപ്രവർത്തനത്തിനും ചെറുതല്ലാത്ത പങ്കുണ്ട്‌. ആൾക്കൂട്ടത്തിന്റെ മറവിയുടെ ഔദാര്യം ഇല്ലായിരുന്നെങ്കിൽ നമ്മുടെ പൊതുജീവിതത്തിൽ ആരെങ്കിലും അവശേഷിക്കുമായിരുന്നോ? ചില പതിവ്‌ ചിട്ടവട്ടങ്ങളും അൽപായുസായ വിവാദങ്ങളും ചില്ലറ കുശുമ്പുകളും അല്ലാതെ നമ്മുടെ സാമൂഹികതയ്‌ക്ക്‌ മാധ്യമങ്ങൾ എന്ത്‌ സംഭാവനയാണ്‌ നൽകുന്നത്‌? എന്ത്‌ ജാഗ്രതയാണ്‌ അവർക്കുള്ളത്‌?.

മാധ്യമപ്രവർത്തനത്തിന്റെ പിന്നാമ്പുറങ്ങൾ ആരെങ്കിലും തിരക്കാറുണ്ടോ? പിണറായി വിജയനാണ്‌ പറഞ്ഞതെങ്കിലും കാര്യം കാര്യമല്ലാതാവില്ല.

വാർത്തകൾക്ക്‌ പിന്നിലെ വാർത്തകൾ അന്വേഷിച്ചാൽ പിന്നെ മാധ്യമപ്പണിക്ക്‌ അന്തസുള്ളവർ വരില്ല എന്ന്‌ പറയാവുന്ന തരം വഷളത്തരങ്ങൾ കാണാതിരുന്നുകൂടാ. മറച്ചുവെക്കുന്ന സത്യങ്ങൾ മാത്രമല്ല വ്യാജങ്ങളുടെ സൃഷ്ടികളും മാധ്യമങ്ങൾ സുഖമായി നടത്തുന്നുണ്ട്‌. പൊതുബിംബങ്ങളുടെ പരസ്യപ്പണി നിർലജ്ജം ചെയ്യുന്ന എത്രയോ മാധ്യമങ്ങൾ കേരളത്തിലുണ്ട്‌. ശ്രീശാന്ത്‌ എന്ന യുവക്രിക്കറ്ററുടെ ശ്വാസനിശ്വാസങ്ങൾ സ്ഥാനത്തും അസ്ഥാനത്തും (അയാളുടെ പ്രതിഭയിൽ ആർക്കുമില്ല സംശയം) ഒരു പ്രത്യേക പത്രപ്രവർത്തകൻ നിരന്തരം വിളമ്പുന്നത്‌ നിഷ്‌കളങ്കമാണെന്ന്‌ കരുതുന്നതിൽ തെറ്റില്ല. അങ്ങനെയല്ലെന്ന്‌ മാത്രം. മാതൃഭൂമിയുടേത്‌ ഉൾപ്പടെയുള്ള സിനിമാ പ്രസിദ്ധീകരണങ്ങളിൽ വരുന്ന വാർത്തകൾക്ക്‌ പിന്നിലെ കാര്യങ്ങൾ വ്യത്യസ്തമല്ല. റിലീസ്‌ ചെയ്ത്‌ ആദ്യ പ്രദർശനത്തിൽ കാണികൾ കൂക്കിയോടിച്ച സിനിമയെ ഹിറ്റ്‌ എന്നുപറഞ്ഞ്‌ അവതരിപ്പിക്കാൻ എത്രകാശ്‌ വാങ്ങിയിട്ടുണ്ട്‌ എന്ന്‌ മാത്രം ആലോചിച്ചാൽ മതി. കൂട്ടിക്കൊടുപ്പ്‌ എന്നല്ലാതെ ഈ പണിക്ക്‌ മലയാളത്തിൽ മറ്റെന്താണ്‌ പേര്‌.

വായനക്കാരുടെ ചെലവിൽ ഇപ്പണി ചെയ്യുന്നവരെ ആര്‌ തുറന്നുകാട്ടും. രൂപേഷ്‌ പോൾ എന്ന കവിപ്രതിഭാസത്തിന്റെ ലീലാവിലാസങ്ങൾ, പ്രണയം എല്ലാം നാണമില്ലാതെ വിളമ്പുന്ന പ്രസിദ്ധീകരണത്തെ എന്ത്‌ വിളിക്കണം. കേരളീയ സമൂഹത്തിൽ എന്തായിരുന്നു അവരുടെ പ്രസക്തി. ഒരാൾപോലും ചോദ്യം ചെയ്തില്ല ഈ ടിപ്പണിയെ. കാരണം അയാൾ അറിയപ്പെടുന്ന പത്രത്തിലെ അറിയപ്പെടുന്ന ലേഖകനായിരുന്നു. അയാളെ വിമർശിക്കാൻ ആർക്കുണ്ട്‌ ധൈര്യം. സഹികെട്ടാണ്‌ മാധവിക്കുട്ടി സീലോ കാർ നൽകി ഈ മിഥുനങ്ങളെ ശിക്ഷിച്ചത്‌.

കേരളീയ എഴുത്തും സാംസ്‌കാരികമേഖലയും വ്യാജന്മാരുടെ പെരുങ്കളിയാട്ടത്തിന്‌ വേദിയായതിന്‌ ചൂട്ടുപിടിച്ചത്‌ പരമ്പരാഗത മാധ്യമങ്ങളുടെ കളത്തിനകത്തെ കളിയല്ലാതെ മറ്റൊന്നല്ല. കഴിഞ്ഞ അഞ്ചുവർഷമായി വിനയചന്ദ്രൻ എന്ന പാവം മനുഷ്യൻ എന്തെല്ലാമാണ്‌ എഴുതിക്കൂട്ടുന്നത്‌. അതൊന്നും കവിതയല്ലെന്ന്‌ അദ്ദേഹത്തോട്‌ ഏത്‌ പത്രാധിപർ പറയും.

പവിത്രൻ തീക്കുനി സാമൂഹികമായ വലിയ അശ്ലീലമായി മാറിയത്‌ ആരുടെ ചതിക്കുഴിയിൽ പെട്ടാണ്‌?. ഈ മഹാൻമാരൊക്കെ പത്ര ഓഫീസിന്റെ തിണ്ണകളിൽ കാട്ടുന്ന കസർത്തുകൾ കണ്ടാൽ തെറിയല്ലാതെ മറ്റെന്ത്‌ പറയണം. പ്രത്യേകിച്ചും സാമൂഹികമായി ഇവർ അവകാശപ്പെടുന്ന പദവി കണക്കിലെടുക്കുമ്പോൾ?

വിജയൻമാഷുടെ മരണാനന്തരം നടന്ന അനുശോചന പ്രവാഹങ്ങൾ മറന്നിട്ടില്ലല്ലോ. എം.വി ദേവൻ മുതൽ അഴീക്കോട്‌ വരെ കരഞ്ഞു. ദേവൻ എന്ന മനുഷ്യൻ തന്റെ ആയുസിൽ ഒരിക്കലെങ്കിലും വിജയൻ മാഷിനെ അംഗീകരിച്ചിട്ടില്ലെന്ന്‌ അറിയാത്തവർ ആരുണ്ട്‌. ദേവനോട്‌ അനുശോചനം തിരക്കി ചെന്ന കഴുതകളെ എന്ത്‌ വിളിക്കണം?

അഴീക്കോടിന്‌ എം.എൻ വിജയനോടുണ്ടായിരുന്ന സമീപനം എന്തായിരുന്നു?. ആർക്കു കഴിയും ഈ വിഗ്രഹങ്ങളെ വിമർശിക്കാൻ?

ആദരവാണെന്ന്‌ കരുതിയാൽ തെറ്റി. അതിന്റെ കാരണങ്ങൾ മാധ്യമപ്പണി എടുക്കുന്ന ആരോടെങ്കിലും തിരക്കുക. വാർഷികം മുതൽ വാർഷികപ്പതിപ്പ്‌ വരെയുള്ള അഭ്യാസങ്ങൾക്ക്‌ ഈ സ്ഥിരം കർച്ചീട്ടുകാരെ അല്ലാതെ ആരെ കിട്ടും.

ചുരുക്കത്തിൽ വിശുദ്ധമാക്കി സംരക്ഷിക്കപ്പെടുന്ന ഒട്ടേറെ കന്നത്തരങ്ങളുടെ വലിയൊരു ഭൂമികയാണ്‌ നമ്മുടെ പൊതുജീവിതം. പൊതുജീവിതത്തിലെ മുഴുവൻ ദേഷ്യങ്ങൾക്കും മീതെ സോപ്പു പുരട്ടി നാം ചീഞ്ഞുനാറുകയാണ്‌. ഇതൊക്കെ പറയുന്നത്‌ ഈ ലേഖകൻ മാത്രമല്ല. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രി സുധാകരൻ കൂടിയാണ്‌. പക്ഷേ സുധാകരൻ കളത്തിനകത്താണ്‌. മാത്രമല്ല കളം കാത്ത്‌ സൂക്ഷിച്ചോളാമെന്ന്‌ സത്യപ്രതിജ്ഞ ചെയ്തയാളും.

എന്നാൽ പുഴ കളത്തിനകത്തല്ല. വേലികെട്ടാൻ ആർക്കും കഴിയില്ല. കാരണമുണ്ട്‌. അതിനാണ്‌ ഞങ്ങൾ പറമ്പരാഗത മാധ്യമപ്രവർത്തകർ വലക്കണ്ണി വിപ്ലവം എന്നൊക്കെ പറയുന്നത്‌. അപ്പോൾ നമുക്ക്‌ ചർച്ച മറ്റൊന്നാക്കാം. വലയെഴുത്തിന്റെ, ബ്ലോഗിന്റെ ഭാഷാപരവും സാമൂഹികവിമർശപരവുമായ സാധ്യതകൾ. പറയാത്ത തെറിവാക്ക്‌ കെട്ടിക്കിടന്നെന്റെ നാവു കയ്‌ക്കുന്നു എന്ന്‌ ശ്രീ. കെ. ജി. ശങ്കരപ്പിള്ളയെക്കൊണ്ട്‌ പറയിപ്പിച്ച ഒരു കളത്തിനകത്തല്ല പുഴ ഉൾപ്പെടെയുള്ള നവ വായനകളുടെ സഞ്ചാരം. കളത്തിനകത്ത്‌ കിടന്ന്‌ തിരിഞ്ഞ്‌ കളിക്കാൻ ഇവിടെ നൂറിലേറെ പ്രസിദ്ധീകരണങ്ങളുണ്ട്‌. പുഴയുടെ വഴി അതിലൂടെ വേണമെന്ന്‌ ശഠിക്കുന്നവർ മണൽവാരാൻ മാത്രം വരുന്നവരാണ്‌.

മമ്മൂട്ടി, എം.ടി തുടങ്ങിയ വിഗ്രഹങ്ങൾ മുതൽ വായനയെ വലിയ കച്ചവടമാക്കിയ പുതുതലമുറ മാഗസിൻ സംശോധകരെ വരെ ശശിധരൻ കുടയുന്നത്‌ കണ്ടു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ കണ്ടേക്കാം. അതൊക്കെ നമുക്ക്‌ മിറർസ്‌കാനിന്റെ നിരൂപണപരമായ മൂല്യത്തേയും കനത്തെയും കുറിച്ചുള്ള ചർച്ചകളിൽ പറയാം. പക്ഷേ ഭാഷയെക്കുറിച്ചുള്ള വിമർശങ്ങൾ കൃതിയുടെ മൂല്യത്തിന്‌ പുറത്തും ചർച്ച ചെയ്യാവുന്നതാണ്‌.

നിർഭാഗ്യകരമായ മറ്റൊന്നുകൂടി സംഭവിക്കുന്നു. വായനയുടെ ഉടമസ്ഥത ആർക്ക്‌ എന്ന മൗലികമായ പ്രശ്നം വിസ്മരിക്കപ്പെടുന്നു. എഴുത്തിന്റെ ഉടമസ്ഥതക്കുള്ള സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നു. ബഷീറിന്റെ ശബ്ദങ്ങൾ പൂരപ്പാട്ടാണെന്ന്‌ പറഞ്ഞത്‌ ഗുപ്തൻ നായരാണ്‌. ഉജ്ജ്വലമെന്ന്‌ പറഞ്ഞത്‌ കേസരിയും. ആരാണ്‌ ശരിയെന്നത്‌ അവനവന്റെ നിലവാരം പോലെ തീരുമാനിക്കാം. ബഷീർ ഭാഷയെ വല്ലാതെ തുറന്നുവിട്ടിരുന്നു. വി.കെ.എൻ എന്നൊരാൾ ഇവിടെയിരുന്ന്‌ എഴുതിയിരുന്നു എന്നോർക്കണം. ഭാഷാ അഴുക്കുപുരളാത്ത വസ്ര്തം പോലെയാവണം എന്നൊക്കെ കരുതുന്നവന്‌ ഒരുതരം ഫ്യൂഡൽ നിലപാടാണ്‌. വിളിച്ച്‌ പറയലുകളെ തടയുകയല്ല ചെറുക്കുകയാണ്‌ വേണ്ടതെന്ന്‌ നമുക്കറിയാം. അക്ഷരങ്ങൾക്ക്‌ പുറത്ത്‌ വൃത്തികെട്ട കുശുമ്പും കുന്നായ്മകളും സേവപിടിത്തവും നടത്തുന്ന നിരവധി വിഗ്രഹങ്ങളെ എനിക്കറിയാം. പറയാൻ പക്ഷേ ധൈര്യമില്ല. കാരണം നേരത്തെ പറഞ്ഞ കളത്തിനകത്താണ്‌ ഞാനും.

അപ്പോ പിന്നെ ശശിധരനും സുധാകരനും പറയട്ടെ. ചെവി പൊത്തുന്നത്‌ വിഗ്രഹങ്ങളോടുള്ള വിധേയത്വം കൊണ്ടാവരുത്‌. സാധ്യതകളെ ഉപയോഗിക്കുകയാണു വേണ്ടത്‌. കണ്ണുരുട്ടലുകളിൽ വറ്റിപ്പോകുന്ന പുഴകൾ നമുക്ക്‌ വേണ്ട.

Generated from archived content: mirror_subi_oct5_07.html Author: subinkc

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here