എഴുത്തുലോകത്തെ കുശുമ്പൻ കുട്ടികൾ

സംവാദങ്ങൾ സാധ്യമാകാത്തവിധം തോറ്റുപോയ ഒരു ജനതയാണ്‌ നമ്മളെന്ന്‌ വീണ്ടും ഓർമ്മിപ്പിക്കുന്നതായിരുന്നു കവിതയിലെ പഞ്ചനക്ഷത്രവിവാദം. മലയാള കവിതയുടെ അല്ലെങ്കിൽ കവിയുടെ പ്രാതിനിധ്യം സംബന്ധിച്ച ഗൗരവതരമായ ഒരു ചോദ്യവും ഉയർത്താതെ പുലയാട്ടിലും പുലഭ്യത്തിലും അവസാനിച്ച ആ വിവാദം കണിശമായ ചില നിരീക്ഷണങ്ങൾ ആവശ്യപ്പെടുന്നുണ്ട്‌. മഹാരൂപങ്ങളെ നിരാകരിച്ചും നവീകരിച്ചും മലയാള കഥ എത്തിച്ചേർന്ന മഹാദൂരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇഴഞ്ഞും കിതച്ചും പരസ്‌പരം തുപ്പിയും ജീർണിക്കുന്ന മലയാള കവിതയെ സംബന്ധിച്ച്‌ അത്തരം നിരീക്ഷണങ്ങൾ ഇനിയെങ്കിലും വൈകിക്കൂടാ.

എന്തുകൊണ്ടാണ്‌ വായനക്കാരെ നേരിടുന്നതിൽ നമ്മുടെ യുവകവികൾ മുഴുവനായി പരാജയപ്പെടുന്നത്‌. (ചില അപവാദങ്ങൾ കണ്ടേക്കാം. അവയിൽ പലതും ‘അപ’വാദങ്ങളുമാണ്‌). എഴുത്തിൽ മൂന്ന്‌ പതിറ്റാണ്ടുകൾ പിന്നിട്ട്‌, ഇപ്പോൾ തീർത്തും നിശ്ശബ്‌ദരായിത്തീർന്ന സച്ചിദാനന്ദൻ മുതൽ ബാലചന്ദ്രൻ ചുളളിക്കാടുവരെയുളള മഹാരൂപങ്ങളെ അട്ടിമറിക്കാനോ അവരിൽ നിന്ന്‌ കവിതാ വായനക്കാരെ മോചിപ്പിക്കാനോ കഴിയാതെ ഇവർ തോറ്റു പോകുന്നതിന്റെ കാരണമെന്താണ്‌. യുവകവി എന്ന വാക്കിന്റെ പിന്നാലെ അവസാനം എത്തുന്ന മുഖം പോലും ഒരു മധ്യവയസ്‌കന്റേതായി&മധ്യവയസ്‌കയുടേതായി തീരുന്നത്‌ എന്തുകൊണ്ടാണ്‌.

എസ്‌.ജോസഫ്‌, സെബാസ്‌റ്റ്യൻ തുടങ്ങിയ ചില പേരുകളിൽ മാത്രം തട്ടി ആയിരത്തോളം വരുന്ന മറ്റ്‌ കവികൾ മറഞ്ഞുപോകുന്നതിന്റെ കാരണമെന്താണ്‌?

അലക്ഷ്യമായ ഒരു വായനക്കപ്പുറം, ആഴ്‌ചപ്പതിപ്പുകളുടെ അല്പായുസിനപ്പുറം ജീവനുളള ഒരു കവിതപോലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ എഴുതപ്പെടാത്തതിന്റെ കാരണമെന്താണ്‌?

സുഭാഷ്‌ ചന്ദ്രൻ മുതൽ സിതാരവരെ നീളുന്ന കഥായുവത്വത്തിന്റെ പ്രാതിനിധ്യത്തെ അംഗീകരിക്കുമ്പോഴും കവിതക്കൂട്ടങ്ങൾ അകറ്റിനിർത്തപ്പെടാൻ കാരണമെന്താണ്‌?

ചോദ്യങ്ങൾ നിരവധി ഉയരുമ്പോഴും ഉത്തരം ലളിതമല്ല. പലപ്പോഴും അസാധ്യമാണുതാനും.

എഴുത്തിന്റെ മൗലീകമായ തിരിച്ചറിവ്‌ അത്‌ ഏത്‌ വായനസമൂഹത്തെ സംബോധന ചെയ്യുന്നു എന്നായിരിക്കണം. ഒരുപക്ഷേ അത്‌ ഇന്നിന്റെ വായനക്കാരനെയാവാം അല്ലെങ്കിൽ ഇന്നിലൂടെ രൂപപ്പെടുന്ന ഏതു കാലത്തെയും വായനക്കാരനെയാവാം. എഴുത്ത്‌ കാലാതിവർത്തിയാകുന്നത്‌ രണ്ടാമത്‌ പറഞ്ഞ വായനാസമൂഹത്തെ നേരിടുമ്പോഴാണ്‌. നീട്ടിവെക്കുന്ന ഒരർത്ഥം, ഒരു വികാരം, ഒരാഘാതം ഇതെല്ലാം ചേർന്നാണ്‌ ഒരു രചന വായനക്കാരിലേക്ക്‌ എത്തുന്നത്‌.

വ്യക്തിപരവും സാമൂഹികവുമായ നിരവധി ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്നു വായന എന്ന പ്രക്രിയയിൽ താൻ ആർജ്ജിച്ച പൊതുബോധവുമായി എഴുത്തുകാരൻ സൃഷ്‌ടിക്കുന്ന ഏതെങ്കിലും ബോധം സന്ധിക്കുന്ന നിമിഷത്തിൽ മാത്രമാണ്‌ വായനക്കാരനെ ആ എഴുത്ത്‌ വിജയകരമായി നേരിടുന്നത്‌. ഒരുപക്ഷേ അത്‌ വായനക്കാരന്റെ ചരിത്രബോധത്തെയാവാം, ആത്മഭാവത്തെയാവാം മറ്റെന്തിനെയുമാവാം. കവിതയുടെ വഴികളിൽ മലയാളം ഇന്ന്‌ കൈവിടുന്നത്‌ ബോധത്തിന്റെ ഈ കൂടിച്ചേരലിനെയാണ്‌.

ആഗോളീകരിക്കപ്പെട്ട ഒരു കാലം വ്യക്തിയെ തുരുത്തുകളാക്കി മാറ്റുകയും ബോധത്തിന്റെ പൊതുമണ്ഡലങ്ങൾ ഒട്ടൊക്കെ അസ്തമിക്കുകയും ചെയ്ത ഒരു വായനക്കാരനെ തേടി അവന്റെ തുരുത്തുകളിലേക്ക്‌ ചെല്ലുകയെന്ന ദുഷ്‌കര ദൗത്യത്തിൽ കവി തോറ്റുപോയിരിക്കുന്നു. ദുർബലമാക്കപ്പെടുന്നു. ആധുനികതയുടെ തിരത്തളളലിൽ വന്ന്‌ നിറഞ്ഞ വാക്കുകൾ തേടിച്ചെന്ന്‌ സാകല്യം നേടുകയാണ്‌ ഉത്തരാധുനികതയുടെ കാലത്തെ കവിതാവായനക്കാരുമെന്ന്‌ ചുരുക്കം. ഇതിനെ മറികടക്കാതെ, പുതുബോധത്തിന്റെ ജ്വാലാസ്പർശമുളള വാക്കുകൾ രൂപപ്പെടുത്താതെ കുശുമ്പുകളിലും കൂട്ടായ്‌മകളിലും നഷ്‌ടപ്പെടുന്നവരെയാണ്‌ നിർഭാഗ്യവാൻമാരായ നമ്മൾ കവികളെന്ന്‌ വിളിക്കുന്നത്‌ എന്നുകൂടി പറയട്ടെ.

Generated from archived content: essay2_oct20.html Author: subinkc

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here