ഒലിവുമരങ്ങളിൽ മഞ്ഞു പെയ്യുന്നു

ക്രിസ്‌തുമസ്‌ ഒരു സഞ്ചാരമാണ്‌. ചുറ്റും പതറിവീഴുന്ന അല്പജീവിതങ്ങൾക്ക്‌ മീതെ പെരും കൊട്ടാരങ്ങളുടെ വലിയ ജീവിതങ്ങൾ കെട്ടിയുയർത്താനുളള പരക്കം പാച്ചിലിനിടെ ആണ്ടിലൊരിക്കൽ മഹാനന്മകളെ ഓർമ്മപ്പെടുത്തി ആ ദിവസമെത്തുന്നു. പിന്നെ ആത്മബലിപോലെ, ഏകാന്തവും ദുഃഖഭരിതവുമായ കുമ്പസാരം പോലെ ക്രിസ്‌തു എന്ന നാമപദം അതിന്റെ ഏറ്റവും വിദൂരമായ ഓർമ്മപ്പെടുത്തലിൽ പോലും നമ്മെ പൊളളിക്കുന്നു. ഏറ്റവും ക്രൂരമായ മനസ്സുപോലും അല്പനേരം അപ്പോൾ ഒരാൾത്താരയായി മാറും. ഏറ്റവും നീചമായ ഗന്ധങ്ങളെപോലും മറച്ച്‌ കുന്തിരിക്കത്തിന്റെ പ്രാചീന ഗന്ധമുയരും. ഉയർന്നുയർന്ന്‌ മാനംമുട്ടെ പൊങ്ങി ശ്വാസം മുട്ടിക്കുന്ന വൻനഗരങ്ങൾപോലും ബേത്‌ലഹേമിന്റെ പുൽത്തൊട്ടിലായി അനുഭവപ്പെടും. നഗരപഥങ്ങളിൽ പുഴുക്കളെപോലെ പിറന്നുവീണ്‌ പുളക്കുന്ന കുഞ്ഞുമുഖങ്ങളിലേക്കെല്ലാം നക്ഷത്രങ്ങൾ വഴികാട്ടും. ഓരോ പിറവിക്കും പിന്നാലെ അശരീരികൾ വരും. അജ്‌ഞ്ഞാത ദേശങ്ങളിൽ നിന്ന്‌ ഒലീവ്‌ ചില്ലകളുമായി പ്രാക്കൾ കൂട്ടമായെത്തും. ക്രിസ്‌തുമസ്‌ അങ്ങിനെ ജീവിതത്തിൽനിന്ന്‌ ഓർമ്മയിലേക്കുളള നന്മനിറഞ്ഞ സഞ്ചാരമായി മാറുന്നു.

ക്രിസ്‌തുഃ ജീവിതം, വിശ്വാസം

മനുഷ്യന്റെ നാളിതുവരെയുളള ജീവിതത്തെ ക്രിസ്‌തുവിനോളം ആഴത്തിൽ സ്വാധീനിച്ച മറ്റൊരാളില്ല. വിശ്വാസികൾക്ക്‌ തന്റെ പാപങ്ങൾ മുഴുവൻ ഏറ്റുവാങ്ങാൻ പിതാവിനാൽ നിയോഗിക്കപ്പെട്ട പുത്രൻ. വിപ്ലവകാരിക്ക്‌ മുഴുവൻ സ്ഥാപിതമൂല്യങ്ങളെയും ഒറ്റയ്‌ക്ക്‌ അട്ടിമറിച്ച്‌ മറ്റൊരു ലോകം സാധ്യമാണെന്ന്‌ ആദ്യമായി പ്രഖ്യാപിച്ചവൻ. ഇങ്ങനെ വിശ്വാസത്തിൽനിന്ന്‌ വിപ്ലവത്തിലേക്ക്‌ നീളുന്ന ഈ പാരസ്പര്യമാണ്‌ സെമിറ്റിക്കായ ഒരു മതത്തിന്റെ സർവചട്ടകൂടുകൾക്കും പുറത്തേക്ക്‌ ക്രിസ്‌തുവിനെ ഉൾബലത്തോടെ എത്തിക്കുന്നതെന്ന്‌ കാണാം. നിശ്ചയമായും മറ്റൊരാൾക്കും ഇങ്ങനെ മതത്തിനുപുറത്ത്‌ ഉൾബലമാർന്ന നിൽപ്പ്‌ സാധ്യമല്ല. അതുകൊണ്ട്‌ തന്നെയാണ്‌ കലയുടെ സർവ്വമേഖലകളിലും ക്രിസ്‌തു വമ്പിച്ച വിഷയമായി മുഴുവൻ ലോകത്തെയും മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നത്‌.

മോഹിപ്പിക്കുക എന്ന പദം ഇവിടെ കേവലമായ ആലങ്കാരികതയല്ല. ചിത്രകലയിലും എഴുത്തിലും പിന്നീട്‌ സിനിമകളിലുമെല്ലാം ക്രിസ്‌തുവിന്റെ സാന്നിധ്യം മതപരിവേഷമാർന്ന ദിവ്യബിംബമായിരുന്നില്ല. അത്രമേൽ ആഴത്തിൽ സ്‌നേഹിച്ചുകൊണ്ട്‌ തന്നെ കലയുടെ ഏറ്റവും വലിയ പ്രജാപതികൾ മനുഷ്യപുത്രനുമായി കലഹിച്ചു. ‘അവസാനത്തെ അത്താഴവും’ ‘മാതാവും പുത്രനും’ തുടങ്ങിയ ചിത്രഭാഷകൾ ദൈവത്തെ അന്വേഷിച്ചുളള യാത്രയായിരുന്നില്ല. മനുഷ്യന്റെ നിരാലംബമായ ലോകങ്ങളിൽ വേദനകരമായ പരിസരങ്ങളിൽ ക്രിസ്‌തുവിനെ പ്രതിഷ്‌ഠിക്കാനും അവന്റെ മുറിവുകളിൽ നോവാനും അവന്റെ പ്രാർത്ഥനകളിൽ വിതുമ്പാനുമായിരുന്നു ആ കലാസഞ്ചാരങ്ങൾ. പാപം എന്ന കലാന്വേഷകന്റെ ചിരന്തന പ്രമേയത്തിലേക്ക്‌ ക്രിസ്‌തുവിന്റെ ഭൗതീകജീവിതത്തെ പ്രതിഷ്‌ഠിക്കലായിരുന്നു അത്‌. നന്മതിന്മകളുടെ ഉളളറിവ്‌ സ്‌ത്രീക്ക്‌ പകർന്ന്‌ നൽകി സൃഷ്‌ടാവിന്റെ ഉഗ്രശാപം ഏറ്റുവാങ്ങിയ പഴയ നിയമത്തിലെ സർപ്പം മുതൽ തുടങ്ങുന്ന വിലോഭനീയങ്ങളായ ബിബ്ലിക്കൽ ആശയ പ്രപഞ്ചങ്ങളിൽ നിന്നാണ്‌ വാസ്തവത്തിൽ ഇരുപത്തൊന്നു നൂറ്റാണ്ടുകളായി നടക്കുന്ന മുഴുവൻ അന്വേഷണങ്ങളും ഊർജ്ജം കണ്ടെത്തുന്നത്‌ എന്ന്‌ കൂടി ഈ സന്ദർഭത്തിൽ ഓർമ്മിക്കാവുന്നതാണ്‌. ഉദരം കൊണ്ട്‌ സഞ്ചരിക്കാനും താനറിവു സമ്മാനിച്ച സ്‌ത്രീയുടെ സന്തതികളാൽ ആക്രമിക്കപ്പെടാനും വെറുക്കപ്പെടാനും ആ സന്തതികളുടെ കുതികാലുകൾ കൊത്താനുമാണ്‌ ഇനിയുളള തന്റെ ജീവിതമെന്ന സർപ്പത്തിന്റെ അറിവായിരുന്നു അവധൂതങ്ങൾ എന്ന്‌ ഇന്ന്‌ വിളിക്കപ്പെടുന്ന കലാജീവിതങ്ങളുടെ ദർശനം.

മിൽട്ടന്റെ പറുദീസാ നഷ്‌ടം മുതൽ നിക്കോസ്‌ കസാൻദ്‌ സാക്കീസിന്റെ ക്രിസ്‌തുദേവന്റെ അന്ത്യപ്രലോഭനം വരെയുളള പാശ്ചാത്യരചനകളും സി.ജെ.തോമസ്‌ മുതൽ സക്കറിയ വരെ നീളുന്ന മലയാളത്തിലെ എഴുത്തും ക്രിസ്‌തുവിനെ സമീപിക്കുന്നത്‌ മുഴുവൻ ആശയപ്രപഞ്ചങ്ങളുടെയും ഉത്‌ഭവകേന്ദ്രമോ അമരക്കാരനൊ ആയാണെന്ന്‌ കാണാം. അവയൊക്കെതന്നെ നിശിതങ്ങളായ വിചാരണകളോ പലപ്പോഴും പുലഭ്യങ്ങൾ തന്നെയോ ആയി മാറുമ്പോഴും അതെല്ലാം മഹാപീഡനങ്ങളിലെ മറ്റൊരു മുറിവായി മാത്രം തിരിച്ചറിയപ്പെട്ടു. ഓരോ മുറിവിനും പകരം ഒരു കടലോളം സ്‌നേഹമാണ്‌ ക്രിസ്‌തു തിരിച്ചു വാങ്ങുന്നതെന്ന പ്രസിദ്ധമായ കവിവാചകം ഈ സന്ദർഭത്തിൽ ഓർക്കാം. വേദന, സ്‌നേഹം എന്നീ വിരുദ്ധ വികാരങ്ങളെ ഒരേ ശരീരത്തിൽ നിന്ന്‌ സ്രവിപ്പിക്കുന്ന അത്ഭുതകരമായ രാസവിദ്യയാണ്‌ ക്രിസ്‌തുവിന്റെ ജീവിതമെന്ന്‌ പറയുന്നത്‌ അതുകൊണ്ടാണ്‌.

പ്രശ്‌നങ്ങൾക്കുളള കണിശമായ ഉത്തരങ്ങളാണ്‌ ക്രിസ്‌തുവിലേക്ക്‌ മുഴുവൻ മനുഷ്യരെയും ചേർത്തുനിർത്തുന്നത്‌. അഭയം പ്രഖ്യാപിക്കുന്ന ഒരു മുഖത്തെയാണ്‌ ക്രിസ്‌തു ഓർമ്മിപ്പിക്കുന്നത്‌. (അഭയങ്ങളുടെയും ആശ്രയത്തിന്റെയും പുതിയ മാർക്കറ്റിംഗ്‌ എക്‌സിക്യൂട്ടീവുകൾ ഇരിപ്പിലും നോക്കിലും ക്രിസ്‌തുവിനെ അനുകരിക്കുന്നത്‌ ശ്രദ്ധിക്കുക). അഭയത്തിലേക്ക്‌ വലിച്ചടുപ്പിക്കുന്ന വാക്കുകളിലാണ്‌ ക്രിസ്‌തു തന്റെ ആശയലോകങ്ങൾ നിർമ്മിച്ചതെന്നും പറയാം. വിപ്ലവകാരിയുടെ നിശിതമായ മുദ്രാവാക്യങ്ങൾ പോലെ തീഷ്ണമായിരിക്കുമ്പോഴും ഏകാന്തതയിൽ നിന്നുയരുന്ന താളബദ്ധമായ ഒരു പളളിമണിപോലെ അത്‌ ശാന്തവുമായിരുന്നു. അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അരികിൽ വരിക എന്ന തീഷ്‌ണമായ ആഹ്വാനത്തിനൊപ്പം “ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം‘ എന്ന വാചകത്തോടെ അത്‌ നിങ്ങളെ സാന്ത്വനിപ്പിക്കുന്നു. മാന്ത്രികമെന്ന്‌ തോന്നുംവണ്ണം അപ്പോൾ പ്രവാചകത്വം എന്നത്‌ ലോകത്തിലെ ഏറ്റവും തീവ്രമായ കവിതയാവുന്നു. ”ഞാൻ നിന്നെ സ്‌നേഹിക്കുന്നു; എന്തുകൊണ്ടെന്നാൽ നീ എന്നെ സ്‌നേഹിക്കുന്നു; സ്‌നേഹത്തിലെന്താണ്‌. അത്‌ ചുങ്കക്കാരനും ചെയ്യുന്നില്ലയോ“ എന്ന ഒറ്റ പ്രഖ്യാപനത്തിലൂടെ സ്‌നേഹത്തിന്റെ മുഴുവൻ അർത്ഥത്തെയും ക്രിസ്‌തു വിളംബരം ചെയ്യുന്നത്‌ കാണാം. സ്‌നേഹിക്കുക, സ്‌നേഹിക്കപ്പെടുക തുടങ്ങിയ ആദിമമായ മുഴുവൻ വികാരങ്ങളെയും അതിന്റെ ഏറ്റവും പരിശുദ്ധമായ അർത്ഥത്തിൽ ക്രിസ്‌തു അവതരിപ്പിക്കുന്നത്‌ കാണാം. അങ്ങിനെ വരുമ്പോൾ ക്രിസ്‌തുവിനെ വീണ്ടെടുക്കൽ സ്‌നേഹത്തിന്റെ വീണ്ടെടുക്കലായി മാറുന്നു. ക്രിസ്‌തുമസ്‌ സ്‌നേഹത്തിന്റെ വീണ്ടെടുപ്പും വിളവെടുപ്പുമാണ്‌.

………..നക്ഷത്രങ്ങളിൽ വെളിച്ചം നിറഞ്ഞു തുടങ്ങി. കൂട്ടമായി നിന്ന്‌ അവർ ആരെയോ വഴികാട്ടുകയാണ്‌. ആത്മാവിന്റെ മുറിവുകളിലേക്ക്‌ ആരോ ലേപനം പുരട്ടുന്നു. എറിയാനോങ്ങിയ കല്ലുകൾ താഴെയിട്ട്‌ ഇപ്പോൾ അവർ വിതുമ്പുകയാണ്‌. പളളിമണിയുടെ നേർത്ത നാദം മുഴങ്ങുന്നുണ്ട്‌. കുഞ്ഞുടുപ്പുകളിട്ട്‌ മാലാഖമാർ മേഘങ്ങളിൽ നിന്നിറങ്ങി മഞ്ഞിനൊപ്പം ഭൂമിയെ സ്പർശിക്കുന്നു. അകലങ്ങളിൽ നിന്ന്‌ വെൺപിറാവുകളുടെ നേർത്ത കുറുകൽ. ലോകം ധ്യാനമുഹൂർത്തത്തിലാണ്‌. തിരുപ്പിറവി. ക്രിസ്‌തുവിനെ ഓർമ്മിച്ച്‌ ഇപ്പോൾ നാം കുമ്പസാരക്കൂടുകളിലേക്ക്‌ പോകുന്നു.

Generated from archived content: essay2_dec22.html Author: subinkc

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English