സിനിമയെ സംബന്ധിച്ചുളള ഏതൊരു വിചാരവും വളരെ പ്രത്യക്ഷമായി അടയാളപ്പെടുത്തുന്നത് കലാനുഭവത്തിന്റെ ചരിത്രത്തെയാണ്. വ്യത്യസ്‌തങ്ങളായ രൂപങ്ങളിലൂടെ സ്വത്വപ്രകാശനത്തിന്റെ അനന്തതലങ്ങളിലേക്കുളള അന്വേഷണം മനുഷ്യനാഗരികതയുടെ ആരംഭദശയിൽ തന്നെ ദൃശ്യമാണ്. ചിത്രണത്തിന്റെ സംവേദനപരതയിൽ ഒരുപക്ഷെ പ്രാക്‌മനുഷ്യൻ അത്ഭുതപ്പെട്ടിട്ടുണ്ടാവാം. നിശ്‌ചലചിത്രത്തിന്റെ ദൃശ്യാനുഭവം ചലനചിത്രത്തിലേക്കെത്തുമ്പോഴേക്കും പർവ്വതസമാനമായ അനുഭവമായി പരിണമിക്കുന്നുണ്ട്. ജീവിതത്തിന്റെ പ്രത്യക്ഷീകരണം പലപ്പോഴും ചലനമാണ്. അഥവാ ഏതൊരു തരത്തിലുളള അനുഭവവും മനുഷ്യനിലേക്കെത്തുന്നത് ചലനത്തിന്റെ അകമ്പടിയോടെയാണ്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ ഗതിവേഗങ്ങളെ സൂക്ഷ്‌മമായി പിടിച്ചെടുക്കാൻ ചലച്ചിത്രത്തിന് കഴിയുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ കലാചരിത്രം മുഖ്യമായും ചലച്ചിത്രത്തെ സംബന്ധിച്ചാവുന്നത് അതുകൊണ്ട് കൂടിയാണ്.
ശബ്‌ദം, ചലനം, വർണ്ണം എന്നിങ്ങനെ പ്രത്യക്ഷത്തിൽ വ്യത്യസ്ഥവും അനുഭവത്തിൽ ഏകരൂപമായി മാറാൻ കഴിയുന്നതുമായ അനുഭവങ്ങൾക്ക് പൊതുവായ ഒരു പ്രതലം സൃഷ്‌ടിക്കുകവഴി, ഒന്നും ചോർന്നു പോകാതെ, എല്ലാറ്റിനെയും സ്വീകരിക്കുന്ന, സംസ്‌കരിക്കുന്ന, സംവദിപ്പിക്കുന്ന ഒരു കലാസങ്കേതമായി സിനിമ വികസിക്കുന്നുണ്ട്. കലയുടെ ഇതര രൂപങ്ങൾക്ക് ഒരുപക്ഷെ അസാധ്യമാകുന്നത് ഭിന്ന രൂപങ്ങൾക്ക് ഏകപ്രതലം സൃഷ്‌ടിക്കുക എന്ന സാധ്യതയാണ്.
വൻതോതിൽ പരിവർത്തനങ്ങൾക്ക് വിധേയമായ ഒരു കാലമാണ് ഇരുപതാം നൂറ്റാണ്ട്. ഉന്നതമായ ജനാധിപത്യബോധവും സമത്വപൂർണ്ണമായ ഒരു ലോകസൃഷ്‌ടിയെക്കുറിച്ചുളള സജീവസ്വപ്‌നങ്ങളും മാനവികതയെ സംബന്ധിച്ച പുത്തനായ ഉൾക്കാഴ്‌ചകളും വികാസം പ്രാപിച്ച ഒരുകാലം. മറുവശത്താകട്ടെ ഭീകരമായ ധ്വംസനങ്ങളുടെയും പെരുകുന്ന ചൂഷണത്തിന്റെയും ദുരിതചിത്രങ്ങൾ വരച്ചിട്ട ദുരിതായമാനമായ ഭീഷണകാലവും. ഇങ്ങനെ മനുഷ്യാനുഭവത്തിന്റെ നേരിമകളിൽ ഈ കാലം വൻതോതിൽ പ്രക്ഷാളനങ്ങൾ ഏൽപ്പിക്കുന്നുണ്ട്. ഉന്മാദപൂർണ്ണമായ സങ്കൽപനങ്ങൾ സ്വാഭാവികമായും കലാനുഭവത്തിലേക്ക് സമീകരിക്കാതെ വയ്യല്ലോ. ചിത്രം, സംഗീതം, കഥനം എന്നിങ്ങനെ നാനാരൂപങ്ങളിൽ പടർന്നൊഴുകിയ സർഗ്ഗാത്‌മകത ഒരുപക്ഷേ ഏറെ ചെന്നെത്തിയത് ചലനചിത്രത്തിന്റെ അനന്ത സാധ്യതയിലേക്കാണ്.
ഭീഷണമായ വർത്തമാനത്തിനുനേർക്ക് ചാപ്ലിൻ തിരിച്ചുപിടിച്ച കണ്ണാടിയിൽ സ്വയം കോമാളിയായി പോകേണ്ടിവന്ന ഒരു ഗർവ്വിഷ്‌ഠ കാലത്തിന്റെ പതനങ്ങൾ ദർശിക്കാൻ കലാചിന്തകർക്ക് കോലാഹലങ്ങൾ നിറഞ്ഞ സൗന്ദര്യശാസ്‌ത്ര സംവാദങ്ങൾ ആവശ്യമില്ലാതെ വന്നു.
പ്രതിരോധിക്കയും പ്രതിഷേധിക്കുകയും പിന്നെ ഒന്നിനുമാവാതെ തകർന്നുവീഴുകയും കുതറുകയും ചെയ്യുന്ന ഒരു മഹാജനതയുടെ ചരിത്രവും സംഘർഷങ്ങളും ലോകമറിഞ്ഞത് ഒരുപക്ഷെ അകിരാകുറസോവയിലൂടെയാണ്. സമരവീര്യത്താൽ സമ്പന്നമായ ഒരു ജനതയുടെ ആത്‌മബോധത്തിന്റെ വർണ്ണപകിട്ടുകളായിരുന്നു കുറസോവയുടെ ഓരോ ഫ്രെയിമുകളും.
1950 കൾക്കുശേഷം ഇന്ത്യയിൽനിന്നും 90കളുടെ ഒടുവിൽ ഇറാനിൽ നിന്നും പുറത്തുവന്ന ചിത്രങ്ങൾ മൂന്നാം ലോക ജനതയുടെ ആത്‌മപ്രകാശനത്തിന്റെ മുദ്രണങ്ങളാണ് സത്യജിത്‌റായ് ചിത്രങ്ങൾ അടയാളപ്പെടുത്തുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യൻ പൊതുസമൂഹത്തിന്റെ ചരിത്രം തന്നെയാണ്. പാഥേർപാഞ്ചാലിയും ചാരുലതയുമെല്ലാം വ്യത്യസ്ഥ ദൃഷ്‌ടികോണുകളിലൂടെയുളള സാമൂഹ്യചരിത്രത്തിന്റെ കലാവിഷ്‌കാരങ്ങളാണ്.
സത്യജിത്‌റായ്, ഋതിക്‌ഘട്ടക്, അരവിന്ദൻ, ജോൺ എബ്രാഹാം തുടങ്ങിയവർ സവിശേഷമായ പങ്കാളിത്തം വഹിച്ച നവസിനിമയുടെ ഇന്ത്യൻ മാതൃകകളും ഇറാനുൾപ്പെടെയുളള മൂന്നാം ലോകസമൂഹത്തിൽ നിന്ന് പലരൂപത്തിൽ പുറത്തുവന്നുകൊണ്ടിരുന്ന സിനിമകളും വലിയൊരളവുവരെ പ്രതിരോധത്തിന്റെ ഉപകരണങ്ങളായിരുന്നു. വൻതോതിൽ പെരുകുന്ന മൂലധനാധിഷ്‌ഠിതമായ സാമൂഹികാനുഭവത്തിനെതിരായ ഓർമ്മപ്പെടുത്തലുകൾ ഇവയിലൂടെ നാം കണ്ടു. ശരിയായി വീക്ഷിക്കപ്പെടാതെപോയ ജോൺ എബ്രഹാം ഒരുപക്ഷെ ഈ പ്രതിരോധത്തിന്റെ ആൾരൂപമായിരുന്നു. കലയിലും തെറ്റായി ആഘോഷിക്കപ്പെട്ട ജീവിതത്തിലും.
സാഹിത്യം, സംഗീതം, ചിത്രകല എന്നിങ്ങനെ നാനാരൂപങ്ങളിലുളള കലാരൂപങ്ങൾ നമുക്ക് വാഗ്‌ദാനം ചെയ്യുന്നത് ആസ്വാദനത്തിന്റെ ഏറെക്കുറെ സമാനമായ തലങ്ങളെയാണ്. ഇവിടെയാണ് സിനിമ വ്യത്യസ്ഥമാവുന്നത്. പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ചിഹ്‌നമായിരിക്കുമ്പോഴും വിപണിവത്‌കൃതമായ ഒരു ലോകത്തിൽ ഏറ്റവും ആവശ്യക്കാരുളള ഉൽപ്പന്നമായിമാറാനും ചലച്ചിത്രത്തിന് കഴിയുന്നുണ്ട്. അഥവാ അതാണ് ഏറെ കഴിയുന്നതും.
ഇങ്ങനെ വിപണിയിൽനിന്ന്, മൂലധനത്തിൽനിന്ന് വേർതിരിച്ചെടുക്കാനാവാതെ നിലനിൽക്കുമ്പോഴും സിനിമ തുറന്നിടുന്നത് പ്രതിരോധ- പ്രതീക്ഷകളുടെ ചെറുവാതിലുകളാണ്. ഒരുപക്ഷെ ഇറാനിൽ നിന്ന് ഉയരുന്ന ഒരു ചിരി ഈ വാതിൽ നൽകുന്ന പ്രതീക്ഷയുടെ മഹാഹ്ലാദമായിരിക്കാം.
Generated from archived content: cinema_subin.html Author: subinkc