ഷെൽവി ആത്‌മഹത്യ ചെയ്‌തു. സ്വകാര്യമായ നടുക്കങ്ങളുടെ ഒരു പെരുംകാലത്ത് ആണവ റിയാക്‌ടറുകളെപോലെ- അനേക ശതം സൂര്യാതപങ്ങളെ ഉളളിൽ പെരുക്കി മനുഷ്യർ അശരണരായി അലയുന്ന കാലുവേവുന്ന മണ്ണിൽ കനൽ പൊളളുന്ന ഒരു ദുരിതകാലത്തിൽ ഒരുവന്റെ മരണത്തിൽ മാത്രം എന്തിരിക്കുന്നു. അതുകൊണ്ട് ഷെൽവി മരണത്തിലേക്കല്ല മഴയിലേക്കാണ് നനഞ്ഞിറങ്ങിപ്പോയത്. ജീവിതത്തിൽ നിന്നല്ല ആരവങ്ങൾക്കിടയിലെ ഏകാന്തതയിൽ നിന്നാണ്.
ഷെൽവി കുറിക്കുന്നു;
ഒരിക്കലും ഞാനുണ്ടായിരുന്നില്ല.
മഴ എന്റെ പേരെഴുതിയില്ല
മഴ എന്റെ പേരു മായ്‌ച്ചതുമില്ല.
– – –
ഇല്ല, ഞാനുണ്ടായിരുന്നില്ല
മഴയിൽ എല്ലാം മറക്കപ്പെടും.
ആരായിരുന്നു മലയാളത്തിന് ഈ മനുഷ്യൻ.
എഴുത്തിൽ പ്രസാധകന്റെ ഇടം ഏതെന്ന് ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത ചോദ്യത്തിന്റെ ഉത്തരം. എഴുത്തിലെ സ്‌ഫോടനങ്ങളിൽ, ഏകാന്തതകളിൽ, പലായനങ്ങളിൽ, നിലവിളികളിൽ, അഗ്‌നിവെളിച്ചങ്ങളിൽ പ്രസാധകന്റെ സ്ഥാനമെന്നും പുറത്താണ്. മൈതാന മധ്യത്തിൽ നിറഞ്ഞാടി ഒരു പന്ത് ഗോളിലേക്ക് രൂപം മാറും വരെ ക്രോസ്‌ബാറുകൾക്ക് കീഴെ കനത്ത ഏകാന്തതയിൽ കാലുപൊളളുന്ന ഒരുവനെ മാധവൻ ഹിഗ്വിറ്റയിലൂടെ വരച്ചിട്ടുണ്ട്.
ഒരു ഏകാന്തദ്വീപ്.
പ്രസാധകനും ഒരു ഗോളിയാണ്. തന്നിലേയ്‌ക്ക് ചാട്ടുളിപോലെ വാക്കുകൾ വന്നുപതിക്കും വരെ പൊറുതിയില്ലാതെ കാത്തിരിക്കേണ്ടവൻ. ഷെൽവി ഗോളികളിൽ ഹിഗ്വിറ്റയായിരുന്നു. പ്രസാധകരിൽ ഒരേയൊരു ഷെൽവിയും. മൾബെറിയുടെ മേലൊപ്പുമായി തപാലിൽ ഇടക്കിടെ നമ്മെ തേടിയെത്തിയിരുന്ന ഓരോ പുസ്തകങ്ങൾക്കും മുന്നേ ഒരു കുറിപ്പുണ്ടാകും. പ്രപഞ്ചത്തിന്റെ ഏതോ അറ്റത്ത് നിന്ന് നമ്മുടെ ഹൃദയത്തോട് മന്ത്രിക്കുന്ന ആർദ്രമായ ഒരു സ്വരം അവിടെയൊക്കെ സ്പന്ദിച്ചിരുന്നു. അങ്ങനെയാണ് ഷെൽവി തന്റെ ഇടം രേഖപ്പെടുത്തിയത്.
“പഴക്കത്താൽ മഞ്ഞയായ കടലാസിന്റെ
പ്രാർത്ഥനാ ഗന്ധം
മറിമായങ്ങളില്ലാത്ത മുദ്രണ കല
കണ്ണുനീർ വീണ്
ഒരരൂപിയുടെ പീഡനം-
ഇതായിരുന്നു വേദപാഠം”
ഓരോ വായനക്കാരനും അയാൾക്ക് “പ്രിയസുഹൃത്താ”യിരുന്നു. ഓരോ സൗഹൃദവും ഒരു പ്രാർത്ഥനയും.
അസാന്നിദ്ധ്യമാണ് ചില സാന്നിദ്ധ്യങ്ങളെ രേഖപ്പെടുത്തുന്നത്. ശൂന്യതയാണ് ചില നിറവുകളുടെ സാന്ത്വനങ്ങളെ ബോധ്യപ്പെടുത്തുന്നത്. വിറളി പിടിച്ച മനസ്സിന്റെ ഉൾവേവുകളിൽ നിന്ന് ഷെൽവി ചീന്തിയ വാക്കുകളിലെ കവിത നമ്മിൽ കിനിഞ്ഞിറങ്ങുന്നത് ഒരുപക്ഷെ ഇനി മുതലാവും.
ഷെൽവി എഴുതുന്നു;
‘കവിത വളരെ പരിമിതമായ കാര്യങ്ങളെ സാധിക്കുന്നുളളൂ. നെരൂദയേക്കാൾ വലിയ കവി ചെഗുവേര തന്നെയാണ്. സച്ചിദാനന്ദനെക്കാൾ എത്രയോ വലിയ കവിയാണ് ’അടിയോരുടെ പെരിമനായ‘ വർഗ്ഗീസ്. ഇതുമാത്രമാണ് കാവ്യപരമായ എന്റെ അപകർഷതാബോധം.“
പലപ്പോഴും അങ്ങനെയാണ്. ഒറ്റവാക്കിൽ, ഒരു ജീവിതത്തിൽ, മരണത്തിൽ, ഇറങ്ങിപ്പോക്കിൽ കവിത കടലായ് തിളക്കുന്നത് കാണാം.
ഒടുവിൽ ഒരു റബ്ബറാൽ,
ഒറ്റ നിമിഷത്തിൽ,
അവളുടെ ചിത്രങ്ങളെല്ലാം
മായ്‌ച്ചു കളഞ്ഞതാരാണ്.’
ആരാണ് നമ്മുടെ ഓർമ്മകളിൽ നിന്നും ഈ പ്രിയ സുഹൃത്തിനെ മായ്‌ച്ചു കളഞ്ഞത്.
Generated from archived content: aug25_essay.html Author: subinkc