കട്ടിലിൽ അവനെ ഇരുത്തി അടുത്തു ചേർന്നു നിന്നുകൊണ്ട് തലതോർത്തി കൊടുക്കുമ്പോൾ അവൾ മഴയ്‌ക്കു അകമേ നന്ദി പറഞ്ഞു. അവനെ അത്രയും നല്ല സ്വഭാവത്തിൽ കണ്ടു കിട്ടുവാൻ പ്രയാസമാണെന്നു അവൾക്കറിയാം.
ഇപ്പോൾ അനുസരണശീലമുളെളാരു കുഞ്ഞിനെപോലെ അവൻ അനങ്ങാതെ ഇരുന്നു തരുമ്പോൾ – അവൾ ആഹ്ലാദം ഉളളിലൊതുക്കി.
തലയിൽ നിന്നു തോർത്തെടുത്തു കുടയാൻ ഭാവിച്ച സമയത്തവൻ പൊടുന്നനെ അരക്കെട്ടിൽ കെട്ടിപ്പിടിച്ചു വയറിൽ ചുംബിച്ചപ്പോൾ അവൾ അറിയാതെ നിശ്ചലയായി. കൈകളിൽനിന്ന് തോർത്തുമുണ്ടു താഴേക്കുതിർന്നു വീണു. അവന്റെ മുടിയിഴകളിൽ മുറുക്കെ പിടിച്ചുകൊണ്ടവൾ കണ്ണുകളടച്ചു.
—————————————————————————
മാസാവസാനത്തിൽ വരുന്ന ഞായറാഴ്‌ച-അതവൾക്കു വേണ്ടിയുളളതായിരുന്നു. ഇരുട്ടിന്റെ മറവിൽ അവൻ പടികൾ കയറിവരുമ്പോൾ നെഞ്ചിടിപ്പു കൂടും. ശബ്‌ദമുണ്ടാക്കാതെ താഴേക്കിറങ്ങിവന്നു പൂമുഖത്തെ വാതിൽ തുറക്കുമ്പോൾ പുറകിൽ അച്‌ഛന്റെ മുറിയിലേക്കാവും ശ്രദ്ധ മുഴുവൻ.
ഒടുവിൽ ഇരുട്ടിൽ അവന്റെ കരവലയത്തിൽ അമർന്നു നിൽക്കുമ്പോൾ അവൻ വിറയ്‌ക്കുന്ന സ്വരത്തിൽ ചോദിച്ചിരുന്നു. ‘സുമീ, ഒരു ദിവസം ഇതച്ഛൻ അറിയില്ലെ?’
അവന്റെ മുഖത്തേക്കു നോക്കാതെ താനും ചോദിക്കുമായിരുന്നു. ഹരിയുടെ ട്രാൻസ്‌ഫെറിന്റെ കാര്യമെന്തായി.
കോണിപ്പടികൾ മെല്ലെ കയറി മുറിയുടെ വാതിൽ പിന്നിലടയുമ്പോൾ ഹരിയുടെ നെടുവീർപ്പു കേൾക്കാം.
മുറിക്കകത്തു നിന്ന് മാളികവരാന്തയിലേക്കുളള വാതിൽ തുറന്നു, അവന്റെ കൈപിടിക്കുമ്പോൾ-അവന്റെ നോട്ടത്തിൽ ചോദ്യഭാവമുണ്ടാവും. ചിരിച്ചുകൊണ്ട് താൻ പറയും – ഈ ഹരി ഇങ്ങനെ പേടിച്ചാലെങ്ങനെയാ…
ദേഷ്യം ഭാവിച്ചു ഹരി കട്ടിലിൽ ചെന്നിരുന്നു പറയും- ‘എന്നാൽ നിന്റച്ഛനോട് എനിക്കു നിന്നെ വേളി കഴിപ്പിച്ചു തരാൻ പറ..’
അടുത്തൊപ്പം ചെന്നിരുന്നു, കഴുത്തിൽകൂടെ കൈയിട്ടു അവനെ ചൊടിപ്പിക്കുവാൻ വേണ്ടി പറയും-‘കഷ്‌ടാണല്ലോ കുട്ടാ, അച്ഛന്റെ തറവാട്ടിലൊന്നും പെൺകുട്ട്യോളെ നായ്യന്മാർക്കു കെട്ടിച്ചു കൊടുക്കാറില്ല.’
—————————————————————————
അവൻ ആലോചിക്കുകയായിരുന്നു. ഒരുമിച്ചു ഒരേ കോളേജിൽ വർഷങ്ങൾ പഠിച്ചത്, പിന്നെ അവിടെതന്നെ ഗസ്‌റ്റ് ലക്‌ചറർമാരായി രണ്ടാളും ഒരുമിച്ചു ജോലി തുടങ്ങിയത്. ഞാനും സുമിത്രയും അത്ര പരിചയം മാത്രമാണോ-പക്ഷെ സുമിത്ര, സുമിയായതെന്നായിരുന്നു.
150 നാഴിക ദൂരെയുളള നാട്ടിലെ കലാലയത്തിൽ സ്ഥിരപ്പെട്ട ജോലിയുമായി പോകുമ്പോൾ വീട്ടിലെ ദാരിദ്ര്യം കുറയുന്നതിലുളള സന്തോഷമായിരുന്നു. അച്ഛൻ മരിക്കുമ്പോൾ അവകാശികൾക്ക് ജോലി തരുവാൻ ബാധ്യതയൊന്നുമില്ലെങ്കിലും-ആർക്കോ തോന്നിയ ഒരു ദയ. അല്ലെങ്കിൽ അമ്മയുടെ പ്രാർത്ഥനയുടെ ഫലം. ഒടുവിൽ കാത്തിരിപ്പിനുശേഷം തണലായി ഒരു ജോലി.
സ്‌റ്റേഷനിൽ ആകെയുളള സമ്പാദ്യമായ പുസ്‌തകങ്ങൾ ഒതുക്കിവച്ച ബാഗുമായി നിൽക്കുമ്പോൾ അവൾ ഒപ്പമുണ്ടായിരുന്നു. എന്റെ വലംകൈ അവൾ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു. പരിചയക്കാർ ആരെങ്കിലും കണ്ടുവരുമോ എന്ന ഭയത്താൽ എന്റെ മനസ്സുഴറുകയായിരുന്നു.
അവൾ പറഞ്ഞുകൊണ്ടേയിരുന്നു – ഹരി വേഗം ട്രാൻസ്‌ഫെറിനു ശ്രമിക്കില്ലേ. ഞാൻ കാത്തിരിക്കും. എല്ലാ മാസങ്ങളിലും. വരാതിരിക്കരുതേ.
നീങ്ങി തുടങ്ങുന്ന ട്രെയിനിന്റെ വാതിൽക്കൽ നിന്നുകൊണ്ടു അവളെ നോക്കുമ്പോൾ അവൾ അകന്നുപോകുന്ന ആൾക്കൂട്ടത്തിൽ തനിച്ചായപോലെ തോന്നിപ്പിച്ചു. പോക്കറ്റിൽ അവൾ വച്ചുതന്ന നോട്ടുകളായിരുന്നു ആ നഗരത്തിൽ നിന്നു തന്റെ ഏക സമ്പാദ്യം.
—————————————————————————
മഴ പെയ്തു തുടങ്ങിയപ്പോൾ നാണിത്തളള വന്നു പറഞ്ഞു. ‘കുട്ടീടെ കൂടെ ഞാൻ നിക്കണോ രാത്രീലു തുണയ്‌ക്ക്…’ ഹരിവരുമെന്നു തീർച്ചയുളള കാരണം ഇനി അഥവാ അച്‌ഛൻ പറഞ്ഞാലും കൂടി എന്തെങ്കിലും കാരണം പറഞ്ഞു ഒഴിവാക്കുവാൻ കരുതിയതായിരുന്നു.
-കണ്ണാടിയിൽ കുനിഞ്ഞു നോക്കി വൃത്തത്തിൽ ചാന്തു തൊട്ടുകൊണ്ട് പറഞ്ഞു ‘നാണ്യേമ്മ പൊയ്‌ക്കോളളൂ. അവിടെ കുട്ട്യോളു ഒറ്റയ്‌ക്കല്ലെ.’
പോവുമെന്നു ഉറപ്പാക്കുവാൻ വേണ്ടി ചോദിച്ചു. ‘കാശു വല്ലതും വേണോ?’
കണ്ണാടിയിൽ ഒന്നുകൂടെ നോക്കി ചാന്തു പരന്നിട്ടില്ലല്ലോ എന്നുറപ്പു വരുത്തിക്കൊണ്ട് മേശപ്പുറത്തെ അളുക്കിൽ നിന്ന് രണ്ടുറുപ്പ്യ എടുത്തു നാണ്യേമ്മക്കു കൊടുത്തു. നീട്ടിപ്പിടിച്ച കൈകളിലേക്ക് കാശുവച്ചു കൊടുക്കുമ്പോൾ പറഞ്ഞു- എന്റെ റോസാച്ചെടീലോട്ടെ മുറുക്കി തുപ്പ്യാലുണ്ടല്ലോ…
മഴ പകലു മുഴുവൻ പെയ്യാതെ വിട്ടുനിന്നത് രാത്രി കോരിച്ചൊരിയുവാനെന്നു ഉറപ്പ്. ഹരി കുട എടുത്തിട്ടുണ്ടാവില്ലേ-രാത്രി 8.30 ആവും പാസഞ്ചർ വണ്ടി എത്തുക.
താഴെ അച്‌ഛന്റെ മുറിയിൽ നിന്നും അഞ്ചടിക്കുന്നതു കേട്ടു. നേരം കുറെ ആയിരിക്കുന്നു. മാളികയുടെ വാതിൽ തുറന്നു വരാന്തയിൽ ചെന്നു നിൽക്കുമ്പോൾ വഴിയിലൂടെ ബ്രാഹ്‌മണ്യേമ്മയുടെ മകൾ വസുന്ധര കോളേജ് വിട്ടു പോകുന്നതു കണ്ടു. സെക്കന്റ് ഇയർ ചരിത്ര വിദ്യാർത്ഥികളുടെ ഇകോണമിക്സ് ക്ലാസ്സുകളിൽ തന്റെ സ്‌റ്റുഡന്റ് ആണു ആ കുട്ടിയും. ഇന്നു ഉച്ചയ്‌ക്കുശേഷം അവധി എടുത്തില്ലായിരുന്നെങ്കിൽ കോളേജ് വിട്ട് ഈ കുട്ടീടെ ഒപ്പമായിരിക്കും താൻ എത്തുക.
ഈറൻ മാറാത്ത മുടിയിൽനിന്ന് ജലകണങ്ങൾ ഇറ്റുവീണു നനഞ്ഞ മിനുസമുളള നിലത്ത് ഞാൻ വെറുതെ കാൽവിരലുകൾ കൊണ്ട് ചിത്രങ്ങൾ വരച്ചു.
————————————————————————-
വരാന്തയുടെ ചിത്രപ്പണികൾ ചെയ്‌ത അഴികൾ ചാരി ഇരിക്കുകയായിരുന്നു ഹരി. അവനോടു ചാരിയിരുന്നു, മതിയെന്നു പറഞ്ഞ ശേഷവും അവനെ നിർബന്ധിപ്പിച്ചു ഭക്ഷണം കഴിപ്പിക്കുകയായിരുന്നു ഞാൻ. ഇതുകൂടിയെന്നു പറഞ്ഞു ചപ്പാത്തി കറിയിൽ മുക്കി വീണ്ടും അവന്റെ വായിൽ വച്ചു കൊടുക്കുമ്പോൾ അവൻ വെറുതെ അരിശം ഭാവിച്ചു.
എന്റെ കൈയിൽ നിന്നു ചപ്പാത്തി കഷണം വാങ്ങി തിരിച്ചെന്റെ വായിൽ വച്ചു തരുമ്പോൾ അവൻ ചോദിച്ചു-മോളു എന്താ കഴിച്ചേ ഇന്നു വൈകീട്ട്…
‘ഞാൻ ഇതുവരെ ഒന്നും കഴിച്ചില്ല’ – ഒഴിഞ്ഞ പാത്രത്തിലേക്കു നോക്കാതെ ഹരിയെന്നെ തറച്ചു നോക്കി. അവന്റെ കണ്ണുകളിൽ നോക്കാതെ അവന്റെ നെഞ്ചോടു ചാരിയിരുന്നു ഞാൻ പറഞ്ഞു- എനിക്കു ഹരി കഴിക്കുന്നതു നോക്കിയിരിക്കാനാണിഷ്‌ടം.
————————————————————————-
മലർന്നു കിടക്കുന്ന ഹരിയുടെ ദേഹത്തോടു ചാരി കിടന്നു അവന്റെ നെറ്റിയിൽ തലോടിക്കൊണ്ട് ഞാൻ ചോദിച്ചു- ‘ഹരി ഉറങ്ങുന്നില്ലേ?’
വലംകൈ കൊണ്ടെന്നെ ചേർത്തു പിടിച്ചുകൊണ്ടവൻ കുസൃതിയോടെ ചോദിച്ചുഃ ‘എന്നെ ഉറക്കാനാണോ നീ ഇത്ര ദിവസം കാത്തിരുന്നത്.’
ഇടയ്‌ക്കു പെയ്യാൻ മറന്ന മേഘങ്ങൾ പടിഞ്ഞാറു നിന്നു വന്ന കാറ്റിനൊപ്പം ഒഴുകി വന്ന് നിലാവു വിതറി നിന്നിരുന്ന തിങ്കളെ മറച്ചു രാവിൽ ഇരുട്ടു വീഴ്‌ത്തി.
ഒടുവിൽ നിലാവു വീണ്ടും മേഘപാളികളെ കീഴടക്കി വന്നപ്പോൾ വിയർപ്പിന്റെയും, നേർത്തുവരുന്ന അവന്റെ നിശ്വാസത്തേയും സാക്ഷി നിർത്തി ഞാൻ അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞുഃ ‘ഇയ്യാളെന്റെ ഗന്ധർവ്വനാണ്.’
ഞാനോ? അവന്റെ മിഴികൾ തിളങ്ങിയിരുന്നു. പുതപ്പിന്റെ അടിയിലേക്കിറങ്ങി വന്ന അവന്റെ വിരലുകൾ എന്റെ ഇടവാരിയിലെവിടെയോ ഇഴഞ്ഞു നടന്നു. ആകാശം മുഴുവൻ പ്രകാശത്താൽ ദൃശ്യമാക്കിയ ഒരു മിന്നലിന്റെ അകമ്പടിയോടെ മഴ വീണ്ടും കനത്തു പെയ്യുവാൻ തുടങ്ങി.
————————————————————————
‘അടുത്ത മാസം എക്‌സാമിനേഷൻ ആണ്. വരാൻ പറ്റിയെന്നു വരില്ല.’ അവൻ ഷർട്ടിന്റെ കുടുക്കുകൾ ഇട്ടുകൊണ്ടു പറഞ്ഞു. ഞാൻ ദൂരെ പാടത്തിനപ്പുറം കാണുന്ന അമ്പലമുറ്റത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.
ഉമ്മറവാതിലിന്റെ ഒരു പാളി മാത്രം തുറന്നു അവൻ പൂമുഖത്തേക്കിറങ്ങി നിന്നു. വാതിൽപ്പടിക്കിപ്പുറം നിന്നു അവന്റെ കൈകൾ ഞാൻ മുറുകെ പിടിച്ചിരുന്നു.
കണ്ണുകൾ നിറയുവാൻ ഭാവിക്കുമ്പോൾ അവൻ ദീനതയാർന്ന സ്വരത്തിൽ പറഞ്ഞു. ‘ഞാൻ പോയിവരട്ടെ സുമീ. എഴുതാം!’
എന്റെ കൈകളിൽനിന്ന് അവന്റെ വിരലുകളെ സ്വതന്ത്രമാക്കിക്കൊണ്ട് ഞാൻ വാതിൽപ്പാളിയിൽ ചാരിനിന്നു. ഒതുക്കു കല്ലിറങ്ങി അവൻ തിരിഞ്ഞു നിന്നു. രാത്രിയുടെ അന്ത്യയാമത്തിൽ അവന്റെ മുഖം എനിക്കു നേരെ കാണുവാൻ കഴിയുമായിരുന്നില്ല.
വാതിലടച്ച് കോണിപ്പടികൾ ശബ്‌ദമുണ്ടാക്കാതെ ഓടിക്കയറി മുകളിൽ മാളികവരാന്തയിൽ ചെന്നുനിന്നു. ദൂരെ വേലിക്കപ്പുറത്ത് അവന്റെ നിഴൽ അപ്രത്യക്ഷമാവുമ്പോൾ താഴെ അപ്പോൾ വിരിഞ്ഞ പാരിജാതത്തിന്റെ പൂക്കൾ നേർത്ത ഇരുട്ടിൽ അവ്യക്തമായി കാണാമായിരുന്നു.
കിടക്കവിരിയിൽ അവൻ ബാക്കിവെച്ചു പോയ ചുളിവുകളിൽ തലോടി ഞാൻ അവനെ വീണ്ടും കാത്തിരിക്കുവാൻ തുടങ്ങി.
————————————————————————-
മഴയോടൊപ്പം വന്ന ഒരു ഇടിവെട്ടിന്റെ നാദം അവളെ ഉണർത്തി. സ്വർണ്ണനിറത്തിൽ മയിൽപ്പീലി വരച്ചിട്ട കാർഡ് മാറ്റിവച്ചു അവളോർത്തു-ഈശ്വരാ! ഒരു കത്തെഴുതുവാൻ താനിത്ര നേരമെടുത്തുവോ?
-മേശപ്പുറത്തു കൈമുട്ടുകുത്തി താടിക്കൂന്നികൊണ്ട് മേശയോട് ലേശം ചേർന്നിരുന്നു അവൾ എഴുതുവാൻ തുടങ്ങി.
ഹരിദാസന്റെ ക്ഷണപ്പത്രിക വൈകിയായിരുന്നു ലഭിച്ചത്. നേരത്തെ കിട്ടിയിരുന്നാൽ തന്നെ അച്‌ഛന്റെ പുലകുളി കഴിയാത്തതു കാരണം ഗുരുവായൂർക്ക് വരുവാൻ പറ്റുമായിരുന്നില്ല. നവദമ്പതികൾക്കു എന്റെ ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ….
നിർമ്മലയോടു എന്റെ സ്‌നേഹാന്വേഷണങ്ങൾ പ്രത്യേകം പറയുക.
സ്‌നേഹപൂർവ്വം,
സുമി (ത്ര)
Generated from archived content: story1_nov3.html