വികസിക്കുന്ന പ്രപഞ്ചം – 5

പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ വികാസത്തിന്റെ തോത്‌ ഡോപ്ലർ പ്രഭാവം ഉപയോഗിച്ച്‌ നക്ഷത്രവ്യൂഹങ്ങൾ തമ്മിൽ നിന്നകന്നുപോകുന്നതിന്റെ വേഗത അളന്നു കൊണ്ട്‌ നിർണ്ണയിക്കാൻ കഴിയും. ഇത്‌ വളരെ കൃത്യമായി ചെയ്യാൻ കഴിയും. എന്നാൽ നക്ഷത്രവ്യൂഹങ്ങളുടെ ദൂരം കൃത്യമായി അറിവില്ല. കാരണം അത്‌ നമുക്ക്‌ നേരിട്ടളക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട്‌ നമുക്ക്‌ ആകെ അറിയാവുന്ന കാര്യം പ്രപഞ്ചം നൂറുകോടി വർഷത്തിൽ 5നും 10നുമിടയ്‌ക്ക്‌ ശതമാനം വികസിച്ചുകൊണ്ടിരിക്കുന്നു എന്നു മാത്രമാണ്‌. എന്നാൽ പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ ശരാരി സാന്ദ്രതയെക്കുറിച്ചുള്ള നമ്മുടെ അജ്ഞത ഇതിലുമെത്രയോ കൂടുതലാണ്‌. നമ്മുടേതടക്കം എല്ലാ നക്ഷത്രവ്യൂഹങ്ങളിലേയും കാണാവുന്ന എല്ലാ നക്ഷത്രങ്ങളുടേയും പിണ്ഡം കൂട്ടിയാലും അത്‌ പ്രപഞ്ചത്തിന്റെ ഏറ്റവും കുറഞ്ഞ കണക്കിലുള്ള വികാസം തടയാൻ വേണ്ട പിണ്ഡത്തിന്റെ നൂറിലൊന്നുപോലുമാവുന്നില്ല. പക്ഷെ നമ്മുടെ നക്ഷത്രവ്യൂഹത്തിലും മറ്റു നക്ഷത്രവ്യൂഹങ്ങളിലും, വലിയൊരളവിൽ നമുക്ക്‌ നേരിട്ട്‌ കാണാൻ കഴിയാത്ത, എന്നാൽ ഈ നക്ഷത്രവ്യൂഹങ്ങളിലെ നക്ഷത്രങ്ങളുടെ ഭ്രമണപഥത്തിലുള്ള ഇതിന്റെ ഗുരുത്വാകർഷണസ്വാധീനത്തിൽ നിന്നും സാന്നിദ്ധ്യം ഉറപ്പായ, “ഇരുണ്ട ദ്രവ്യം” ഉണ്ട്‌. മാത്രമല്ല, മിക്ക നക്ഷത്രവ്യൂഹങ്ങളും കൂട്ടങ്ങളായിട്ടാണ്‌ കാണപ്പെടുന്നത്‌. അതിനാൽ ഇനിയും കൂടുതൽ ഇരുണ്ട ദ്രവ്യം ഈ കൂട്ടങ്ങളിലുള്ള നക്ഷത്രവ്യൂഹങ്ങൾക്കിടയിലുണ്ടെന്ന്‌ ഇതുപോലെ അനുമാനിക്കാം. ഈ നക്ഷത്രവ്യൂഹങ്ങളുടെ ചലനങ്ങളിലുള്ള ഇവയുടെ സ്വാധീനത്തിൽ നിന്ന്‌, ഈ ഇരുണ്ട ദ്രവ്യമെല്ലാം കൂട്ടിയാലും പ്രപഞ്ചത്തിന്റെ വികാസം തടയാൻ വേണ്ടതിന്റെ പത്തിലൊന്നു മാത്രമേ ആവുന്നുള്ളൂ. എന്നിരുന്നാലും, ഇതുവരെ കണ്ടുപിടിക്കപ്പെടാത്ത, പ്രപഞ്ചം മുഴുവൻ ഒരുപോലെ വ്യാപിച്ചു കിടക്കുന്ന മറ്റേതെങ്കിലും രൂപത്തിലുള്ള ദ്രവ്യം ഉണ്ടായിരിക്കുകയും അത്‌ പ്രപഞ്ചത്തിന്റെ വികാസം തടയാൻ വേണ്ട നിർണ്ണായക സംഖ്യയിലേക്കു ശരാശരി സാന്ദ്രത ഉയർത്തുകയും ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനാൽ ഇപ്പോഴത്തെ തെളിവുകൾ, പ്രപഞ്ചം ഒരു പക്ഷേ അനന്തമായി വികസിച്ചുകൊണ്ടിരിക്കുമെന്നാണ്‌ സൂചിപ്പിക്കുന്നതെങ്കിലും നമുക്ക്‌ ശരിക്കും തീർച്ച പറയാവുന്ന ഒരു കാര്യം പ്രപഞ്ചം വീണ്ടും ക്ഷയിക്കുകയാണെങ്കിൽത്തന്നെ അത്‌ ചുരുങ്ങിയത്‌ ആയിരം കോടി വർഷങ്ങൾക്കു മുമ്പായിരിക്കില്ല എന്നു മാത്രമാണ്‌. കാരണം, ചുരുങ്ങിയത്‌ അത്രയും കാലമായി അത്‌ വികസിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിൽ നാം അനാവശ്യായി പരിഭ്രമിക്കേണ്ട കാര്യമില്ല. അപ്പോഴേയ്‌ക്കും, നാം സൗരയൂഥത്തിന്‌ പുറത്ത്‌ വാസമുറപ്പിച്ചിട്ടില്ലെങ്കിൽ, സൂര്യൻ കെട്ടടങ്ങുകയും അതിനോടൊപ്പം മനുഷ്യരാശി മുഴുവൻ നശിക്കുകയും ചെയ്തിട്ട്‌ വളരെക്കാലമായിക്കാണും.

ഫ്രീഡ്‌മാന്റെ എല്ലാ നിർദ്ദേശങ്ങൾക്കും ഭൂതകാലത്തിലൊരിക്കൽ (ആയിരം കോടിക്കും രണ്ടായിരം കോടി വർഷങ്ങൾക്കുമിടയ്‌ക്ക്‌) നക്ഷത്രവ്യൂഹങ്ങൾ തമ്മിലുള്ള ദൂരം പൂജ്യമായിരിക്കണം എന്ന ഒരു പൊതു സവിശേഷതയുണ്ട്‌. നാം മഹാസ്‌ഫോടനം (Big Bang) എന്നു വിളിക്കുന്ന ആ സമയത്ത്‌ പ്രപഞ്ചത്തിന്റെ സാന്ദ്രതയും സ്ഥലസമയത്തിന്റെ വക്രതയും അനന്തമായിരിക്കും. ഗണിത ശാസ്ര്തത്തിന്‌ അനന്തസംഖ്യകളെ (infinitie numbers) ശരിക്കും കൈകാര്യം ചെയ്യാൻ പറ്റാത്തതിനാൽ, ഇതിനർത്ഥം പ്രപഞ്ചത്തിന്റെ ഒരു പ്രത്യേക സന്ധിയിൽ സിദ്ധാന്തം തന്നെ നിഷ്‌ഫലമാവുന്നു എന്ന്‌ സാമാന്യ ആപേക്ഷക സിദ്ധാന്തം (ഫ്രീഡ്‌മാന്റെ നിർദ്ദേശങ്ങൾ ഇതിനെ അടിസ്ഥാനപ്പെടുത്തിയാണല്ലോ) പ്രവചിക്കുന്നുവെന്നാണ്‌. ഈ അവസ്ഥ ഗണിത ശാസ്ര്തജ്ഞന്മാർ അദ്വിതീയാവസ്ഥ (singularity) എന്നു പറയുന്നതിന്‌ ഒരു ഉദാഹരണമാണ്‌. വാസ്തവത്തിൽ, നമ്മുടെ എല്ലാ ശാസ്ര്ത സിദ്ധാന്തങ്ങളും സ്ഥല-സമയം തടസ്സമില്ലാതെ പരന്നതാണ്‌ എന്ന അനുമാനത്തിൽ രൂപപ്പെടുത്തിയതാണ്‌. അതിനാൽ സ്ഥല-സമയത്തിന്‌ അനന്തമായ വക്രതയുള്ള മഹാസ്‌ഫോടന അദ്വിതീയാവസ്ഥയിൽ അവ നിഷ്‌ഫലമാവുന്നു. മഹാസ്‌ഫോടനത്തിനു മുമ്പ്‌ സംഭവങ്ങളുണ്ടായിരുന്നുവെങ്കിൽത്തന്നെ അവ നമുക്ക്‌ പിന്നീടെന്തുണ്ടാവുമെന്ന്‌ നിർണ്ണയിക്കുവാൻ പ്രയോജനപ്രദമാവുകയില്ല എന്നാണിതിനർത്ഥം. കാരണം, മഹാസ്‌ഫോടനത്തിൽ പ്രവചനക്ഷമത പാടെ തകരുന്നു. അതുപോലെ നമുക്ക്‌ മഹാസ്‌ഫോടനത്തിന്‌ ശേഷമുള്ളതേ അറിയാൻ കഴിയുള്ളൂവെങ്കിൽ (അതു തന്നെയാണ്‌ ശരി) അപ്പോൾ സംഭവിക്കുന്നത്‌ നമുക്ക്‌ മുൻകൂട്ടി അറിയാൻ സാദ്ധ്യമല്ല. നമ്മെ സംബന്ധിച്ചിടത്തോളം മഹാസ്‌ഫാടനത്തിനു മുമ്പുള്ള സംഭവങ്ങൾക്ക്‌ യാതൊരു അനന്തരഫലങ്ങളുമില്ല. അതിനാൽ അവ പ്രപഞ്ചത്തിന്റെ ഒരു ശാസ്ര്തീയ മാതൃകയുടെ ഭാഗമാവുകയില്ല. അതുകൊണ്ട്‌ അവയെ ഈ മാതൃകയിൽ നിന്ന്‌ ഒഴിവാക്കുകയും മഹാസ്‌ഫോടനത്തിലാണ്‌ സമയത്തിന്റെ ആരംഭം എന്ന നിലപാടെടുക്കുകയും വേണം.

സമയത്തിന്‌ ഒരു ആരംഭമുണ്ടെന്ന ആശയം, ഒരു പക്ഷേ ദൈവീക ഇടപെടൽ ധ്വനിപ്പിക്കുന്നതുകൊണ്ടാവാം, പലരും ഇഷ്ടപ്പെടുന്നില്ല. (അതേസമയം കാത്തലിക്‌ സഭ മഹാ സ്‌ഫോടന മാതൃക ഏറ്റുപിടിക്കുകയും 1951ൽ അത്‌ ബൈബിളുമായി യോജിക്കുന്നു എന്ന്‌ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു) അതുകൊണ്ട്‌ ഒരു മഹാസ്‌ഫോടനം ഉണ്ടായിരുന്നുവെന്ന നിഗമനം ഒഴിവാക്കുവാൻ പല ശ്രമങ്ങളും നടന്നു. ഇതിൽ ഏറ്റവും വിശാലമായ പിന്തുണയാർജ്ജിച്ച നിർദ്ദേശത്തെ സുസ്ഥിരാവസ്ഥ സിദ്ധാന്തം (Dteady state theory) എന്നു പറയുന്നു. ഇത്‌ നിർദ്ദേശിച്ചത്‌ നാസി അധീനതയിലായിരുന്ന ആസ്ര്ടിയയിൽ നിന്നുള്ള രണ്ട്‌ അഭയാർത്ഥികളായിരുന്ന ഹെർമൻ ബോണ്ടിയും (Hermann Bondi) തോമസ്‌ ഗോൾഡും (Thomas Gold) പിന്നെ, യുദ്ധകാലത്ത്‌ റഡാർ വികസിപ്പിച്ചെടുക്കുന്നതിൽ അവരോടൊപ്പം പ്രവർത്തിച്ചിരുന്ന ഫ്രെഡ്‌ ഹോയ്‌ൽ (Fred Hoyle) എന്ന ഇംഗ്ലീഷുകാരനും കൂടിയാണ്‌ നക്ഷത്രവ്യൂഹങ്ങൾ പരസ്പരം അകന്നുപോകുന്നതനുസരിച്ച്‌ അവയുടെ വിടവിൽ തുടർച്ചയായി സൃഷ്ടിക്കപ്പെടുന്ന ദ്രവ്യത്തിൽ നിന്നും പുതിയ നക്ഷത്രവ്യൂഹങ്ങളുണ്ടാവുന്നു എന്നാണ്‌ ഇതിന്റെ ആശയം. അതുകൊണ്ട്‌ പ്രപഞ്ചം എല്ലായിടത്തും എല്ലാ സമയത്തും ഏകദേശം ഒരുപോലെയിരിക്കും. സുസ്ഥിരാവസ്ഥ സിദ്ധാന്തത്തിന്‌ ദ്രവ്യത്തിന്റെ തുടർച്ചയായ സൃഷ്ടി വിശദീകരിക്കുവാൻ സാമാന്യ ആപേക്ഷിക സിദ്ധാന്തത്തിൽ ഒരു ഭേദഗതി ആവശ്യമായി വരുന്നുവെങ്കിലും ഇതിന്റെ തോത്‌ വളരെ ചെറുതായതിനാൽ (ഒരു ഘനകിലോമീറ്ററിൽ ഒരു കൊല്ലത്തിൽ ഒരു അണു മാത്രം) അത്‌ പരീക്ഷണത്തിന്‌ വിരുദ്ധമല്ലെന്ന്‌ പറയാം. ഈ സിദ്ധാന്തം ഒന്നാം അദ്ധ്യായത്തിൽ വിവരിച്ച അർത്ഥത്തിൽ ഒരു നല്ല സിദ്ധാന്തമാണ്‌ ഃ അത്‌ ലളിതമാണ്‌; നിരീക്ഷണങ്ങൾകൊണ്ട്‌ പരീക്ഷിക്കാവുന്ന വ്യക്തമായ പ്രവചനങ്ങൾ നടത്തുകയും ചെയ്യുന്നു. ഈ പ്രവചനങ്ങളിലൊന്ന്‌, സ്ഥലരാശിയിൽ ഒരു നിശ്ചിതവ്യാപ്തിയിൽ ഉള്ള നക്ഷത്രവ്യൂഹങ്ങളുടെയോ അതുപോലുള്ള വസ്തുക്കളുടേയോ എണ്ണം പ്രപഞ്ചത്തിൽ എവിടെ, എപ്പോൾ നോക്കിയാലും ഒരു പോലെയായിരിക്കും എന്നുള്ളതാണ്‌. കാംബ്രിഡ്‌ജിൽ, 1950കളുടെ അവസാനത്തിലും 60കളുടെ ആദ്യവുമായി മാർട്ടിൻ റൈലിന്റെ (Martin Ryle- ഇദ്ദേഹവും ബോണ്ടി, ഗോൾഡ്‌, ഹോയ്‌ൽ എന്നിവരോടൊപ്പം യുദ്ധകാലത്ത്‌ റഡാർ വികസനത്തിൽ പ്രവർത്തിച്ചിരുന്നു) നേതൃത്വത്തിൽ ഒരു സംഘം ജ്യോതിശാസ്ര്തജ്ഞന്മാർ ബഹിരാകാശത്തുനിന്നുള്ള റേഡിയോ തരംഗസ്രോതസ്സുകളുടെ ഒരു സർവ്വേ നടത്തുകയുണ്ടായി. ഈ സ്രോതസ്സുകൾ മിക്കതും നമ്മുടെ നക്ഷത്രവ്യൂഹത്തിന്‌ പുറത്താണ്‌ സ്ഥിതി ചെയ്യുന്നതെന്നു (ഇവയിൽ പലതും മറ്റു പല നക്ഷത്രവ്യൂഹങ്ങളുടേതായി തിരിച്ചറിയപ്പെടുവാനും കഴിഞ്ഞു) മാത്രമല്ല, ശക്തികൂടിയവയേക്കാൾ എത്രയോ കൂടുതൽ ശക്തികുറഞ്ഞവയുണ്ടെന്നും കാംബ്രിഡ്‌ജ്‌ സംഘം തെളിയിച്ചു. ഇതിൽ ശക്തികൂടിയവ താരതമ്യേന അടുത്തുള്ളതും ശക്തി കുറഞ്ഞവ അകലെയുള്ളതുമാണെന്ന്‌ അവർ വ്യാഖ്യാനിച്ചു. സ്ഥലരാശിയിൽ വ്യാപ്തിയുടെ ഒരു ഏകകത്തിലുള്ള സ്രോതസ്സുകളുടെ എണ്ണം വിദൂരത്തിലുള്ളവയേക്കാൾ സമീപത്തുള്ളവ കുറവാണെന്നപോലെയും കാണപ്പെട്ടു. ഇതിനർത്ഥം, നാം പ്രപഞ്ചത്തിൽ സ്രോതസ്സുകൾ കുറവായ ഒരു വലിയ പ്രദേശത്തിന്‌ നടുവിലാണെന്നായിരിക്കാം. അതല്ലെങ്കിൽ ഈ റേഡിയോ തരംഗങ്ങൾ യാത്രപുറപ്പെട്ട കാലത്ത്‌ സ്രോതസ്സുകളുടെ എണ്ണം ഇപ്പോഴത്തേക്കാൾ കൂടുതലായിരുന്നുവെന്നുമാവാം. ഈ രണ്ട്‌ വിശദീകരണങ്ങളും സുസ്ഥിരാവസ്ഥ സിദ്ധാന്തത്തിന്‌ വിരുദ്ധമാണ്‌. മാത്രമല്ല 1965ൽ പെൻസിയാസിന്റെയും വിൽസന്റെയും മൈക്രോ തരംഗങ്ങളുടെ കണ്ടുപിടുത്തം പ്രപഞ്ചം പണ്ടുകാലത്ത്‌ ഇപ്പോഴത്തേക്കാൾ വളരെ കൂടുതൽ സാന്ദ്രമായിരുന്നുവെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. അതിനാൽ സുസ്ഥിരാവസ്ഥ സിദ്ധാന്തം ഉപേക്ഷിക്കേണ്ടിവന്നു.

ഒരു മഹാസ്‌ഫോടനം ഉണ്ടായിരുന്നുവെന്നും അതിനാൽ സമയത്തിനൊരു തുടക്കം ഉണ്ടായിരുന്നുവെന്നുമുള്ള നിഗമനം ഒഴിവാക്കാനുള്ള മറ്റൊരു ശ്രമം നടത്തിയത്‌ 1963ൽ ഇവ്‌ജെനി ലിഫ്‌ഷിറ്റ്‌സ്‌ (Evgenii Lifshitz) ഐസക്‌ കലാറ്റ്‌നിക്കോവ്‌ (Isac Khalatnikov) എന്നീ റഷ്യൻ ശാസ്ര്തജ്ഞന്മാരാണ്‌. മഹാസ്‌ഫോടനം എന്നത്‌ യഥാർത്ഥ പ്രപഞ്ചത്തിന്റെ ഏകദേശ രൂപങ്ങൾ മാത്രമായ ഫ്രീഡ്‌മാൻ മാതൃകകളുടെ മാത്രം പ്രത്യേകതയാവാം എന്ന്‌ അവർ നിർദ്ദേശിച്ചു. ഒരു പക്ഷേ, യഥാർത്ഥ പ്രപഞ്ചവുമായി അടുത്ത സാമ്യമുള്ള പല മാതൃകകളിൽ ഫ്രീഡ്‌മാന്റെ മാതൃകകളിൽ മാത്രമായിരിക്കാം മഹാസ്‌ഫോടന അദ്വിതീയാവസ്ഥയുള്ളത്‌. ഫ്രീഡ്‌മാന്റെ മാതൃകകളിൽ നക്ഷത്രവ്യൂഹങ്ങളെല്ലാം പരസ്പരം നേരെ അകന്നു പോവുകയാണ്‌. അതിനാൽ ഭൂതകാലത്തിലെന്നെങ്കിലും ഒരിക്കൽ അവയെല്ലാം ഒരു സ്ഥലത്തായിരുന്നുവെന്നും കരുതുന്നതിൽ അസ്വാഭാവികമായൊന്നുമില്ല. എന്നാൽ യഥാർത്ഥ പ്രപഞ്ചത്തിൽ നക്ഷത്രവ്യൂഹങ്ങൾ പരസ്പരം നേരെ അകന്നു പോവുക മാത്രമല്ല, അവക്ക്‌ വശങ്ങളിലേക്കും ചെറിയ പ്രവേഗമുണ്ട്‌. അതിനാൽ യഥാർത്ഥത്തിൽ അവയെല്ലാം വളരെ അടുത്തായിരിക്കാം. എന്നല്ലാതെ കൃത്യമായും ഒരേ സ്ഥലത്തുതന്നെയായിരിക്കണമെന്നില്ല. അങ്ങനെയെങ്കിൽ ഒരു പക്ഷേ ഇപ്പോഴത്തെ വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചം മഹാസ്‌ഫോടന അദ്വിതീയാവസ്ഥയുടെ ഫലമായുണ്ടായതായിരിക്കില്ല. മറിച്ച്‌ മുമ്പത്തെ ഒരു സങ്കോചിക്കുന്ന അവസ്ഥയിൽ നിന്നും ഉളവായതാകാം. പ്രപഞ്ചം ചുരുങ്ങിയപ്പോൾ അതിലെ കണികകളെല്ലാം കൂട്ടിമുട്ടാതെ എതിർദിശയിലേക്ക്‌ തെറിച്ചുപോവുകയും അങ്ങനെ ഇപ്പോഴത്തെ വികാസം ഉണ്ടായി എന്നും വരാം. അപ്പോൾ പ്രപഞ്ചം ഒരു മഹാസ്‌ഫോടനത്തിലൂടെയാണ്‌ ആരംഭിച്ചതെന്ന്‌ എങ്ങനെ പറയാൻ കഴിയും? ലിഫ്‌ഷിറ്റ്‌സും കലാറ്റ്‌നിക്കോവും ചെയ്തതെന്താണെന്നുവച്ചാൽ, ഫ്രീഡ്‌മാൻ മാതൃകകളുമായി സാമ്യമുള്ള എല്ലാ പ്രപഞ്ചമാതൃകകളും പഠിക്കുകയും അതോടൊപ്പം യഥാർത്ഥ പ്രപഞ്ചത്തിലെ ക്രമവ്യതിയാനങ്ങളും അനിയതമായ വേഗതകളുമെല്ലാം കണക്കിലെടുക്കുകയും ചെയ്തു. ഇത്തരം മാതൃകകൾ, നക്ഷത്രവ്യൂഹങ്ങൾ എല്ലായ്‌പ്പോഴും നേരെ എതിരായ അകന്നു പോവുകയല്ലെങ്കിൽ തന്നെ മഹാസ്‌ഫോടനത്തോടു കൂടി ആരംഭിക്കാം, എന്ന്‌ അവർ തെളിയിച്ചു. പക്ഷെ, നക്ഷത്രവ്യൂഹങ്ങൾ പ്രത്യേക രീതിയിൽ സഞ്ചരിക്കുന്ന ചില തികച്ചും അസാധാരണമായ മാതൃകകളിൽ മാത്രമേ ഇത്‌ സാദ്ധ്യമാവുകയുള്ളൂ എന്ന്‌ അവർ അവകാശപ്പെട്ടു. മഹാസ്‌ഫോടനത്തോടു കൂടി ആരംഭിക്കുന്ന ഫ്രീഡ്‌മാൻ മാതൃകകളെ അപേക്ഷിച്ച്‌ അനന്തമായ അത്ര മാതൃകകൾ മഹാസ്‌ഫോടനമില്ലാതെയുള്ളതുകൊണ്ട്‌ വാസ്തവത്തിൽ മഹാസ്‌ഫോടനമെന്നൊന്നുണ്ടായിരുന്നില്ല എന്ന തീർപ്പിലെത്താം എന്നവർ വാദിച്ചു. എന്നാൽ, പിന്നീട്‌, നക്ഷത്രവ്യൂഹങ്ങൾ പ്രത്യേകരീതിയിൽ സഞ്ചരിക്കാത്തതായിത്തന്നെ സാധാരണ ഫ്രീഡ്‌മാൻ മാതൃകകളുടെ വകുപ്പിൽപ്പെട്ട വളരെയധികം മാതൃകകൾ മഹാസ്‌ഫോടനത്തോടുകൂടിയതായിട്ടുണ്ടെന്ന്‌ അവർക്ക്‌ ബോദ്ധ്യപ്പെട്ടു. അതുകൊണ്ട്‌ 1970ൽ അവർ തങ്ങളുടെ അവകാശവാദം പിൻവലിച്ചു.

Generated from archived content: samayam_2nd5.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English