വികസിക്കുന്ന പ്രപഞ്ചം – 4

യഥാർത്ഥത്തിൽ, പ്രപഞ്ചം എല്ലാ ദിശയിലും ഒരുപോലെയിരിക്കുന്നു എന്ന അനുമാനം സത്യമല്ല എന്ന്‌ വളരെ വ്യക്തമാണ്‌. ഉദാഹരണത്തിന്‌, മുമ്പ്‌ പറഞ്ഞപോലെ, നമ്മുടെ നക്ഷത്രവ്യൂഹത്തിലെ മറ്റു നക്ഷത്രങ്ങൾ തികച്ചും വിഭിന്നമായ, നാം ആകാശഗംഗ എന്നു വിളിക്കുന്ന പ്രകാശത്തിന്റെ ഒരു പാതയായി രാത്രിയിൽ കാണാൻ കഴിയും. പക്ഷെ നാം വിദൂര നക്ഷത്രവ്യൂഹങ്ങളെ നോക്കുകയാണെങ്കിൽ എല്ലായിടത്തും ഏറെക്കുറെ ഒരുപോലെ ഇവയെ കാണാൻ കഴിയും. അതിനാൽ നക്ഷത്രവ്യൂഹങ്ങൾ തമ്മിലുള്ള ദൂരത്തെ അപേക്ഷിച്ച്‌ അതിവിശാലമായ അളവിൽ പ്രപഞ്ചത്തെ കാണുകയും ചെറിയ അളവിൽ വരുന്ന വ്യത്യാസത്തെ അവഗണിക്കുകയുമാണെങ്കിൽ പ്രപഞ്ചം എല്ലാ ദിശയിലും ഏറെക്കുറെ ഒരുപോലെയാണെന്ന്‌ പറയാൻ കഴിയും. വളരെക്കാലത്തേക്ക്‌, ഇത്‌ ഫ്രീഡ്‌മാന്റെ അനുമാനത്തിനുള്ള മതിയായ ന്യായീകരണമായിരുന്നു – യഥാർത്ഥ പ്രപഞ്ചത്തിന്റെ ഒരു ഏകദേശവൽക്കരണം എന്ന നിലയിൽ. പക്ഷേ, വളരെ അടുത്തിടെ ഉണ്ടായ ഒരു ആകസ്മിക സംഭവം ഫ്രീഡ്‌മാന്റെ അനുമാനം യഥാർത്ഥത്തിൽ പ്രപഞ്ചത്തെക്കുറിച്ച്‌ സ്തുത്യർഹമാംവിധം കൃത്യമായ വിവരണമാണു നൽകുന്നത്‌ എന്ന വസ്തുത പുറത്തുകൊണ്ടുവന്നു.

1965ൽ ന്യൂജേഴ്സിയിലെ ബെൽ ടെലഫോൺ ലാബറട്ടറീസിലെ രണ്ട്‌ അമേരിക്കൻ ഭൗതിക ശാസ്‌ത്രജ്ഞരായിരുന്ന ആർണോ പെൻസിയാസും (Arno Penzias) റോബർട്ട്‌ വിൽസണും (Robert Wilson) അതിസംവേദനക്ഷമതയുള്ള ഒരു മൈക്രോവേവ്‌ ഡിറ്റക്ടർ പരീക്ഷിക്കുകയായിരുന്നു. (മൈക്രോവേവ്‌ സാധാരണ പ്രകാശ തരംഗങ്ങൾ പോലെതന്നെയാണ്‌. പക്ഷെ അവയുടെ ആവൃത്തി സെക്കന്റിൽ ആയിരം കോടി തരംഗങ്ങൾ മാത്രമായിരിക്കും) യന്ത്രം കണക്കിലധികം ആരവം പിടിച്ചെടുക്കുന്നതായി കണ്ട പെൻസിയാസും വിൽസണും ആശങ്കാകുലരായി. ശബ്ദം വരുന്നതാകട്ടെ ഏതെങ്കിലും ഒരു പ്രത്യേക ദിശയിൽ നിന്നായും അവർക്ക്‌ തോന്നിയില്ല. ആദ്യം അവർ യന്ത്രം പരിശോധിച്ചപ്പോൾ അതിന്മേൽ കിളിക്കാഷ്‌ഠം കണ്ടെത്തി. അതുപോലെ മറ്റ്‌ എന്തെങ്കിലും തകരാറുകൾ ഉണ്ടോ എന്ന്‌ പരിശോധിച്ച്‌, യാതൊന്നുമില്ലെന്ന്‌ ഉറപ്പുവരുത്തി. അന്തരീക്ഷത്തിൽ നിന്നാണ്‌ ഈ ശബ്ദം വരുന്നതെങ്കിൽ യന്ത്രം നേരെ മുകളിലേക്ക്‌ പിടിക്കുകയാണെങ്കിൽ കൂടുതൽ ശബ്ദമുണ്ടാവുമെന്ന്‌ അവർക്കറിയാമായിരുന്നു. കാരണം പ്രകാശത്തിന്‌, നേരെ മുകളിൽ നിന്ന്‌ വരുന്നതിനേക്കാൾ ദൂരം ചക്രവാളദിശയിൽ നിന്നും വരുമ്പോൾ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കണം. പക്ഷെ ഈ അധിക ശബ്ദം യന്ത്രം ഏതു ദിശയിൽ പിടിച്ചാലും ഒരുപോലെയായിരുന്നു. അതുകൊണ്ട്‌ ഇതുവരുന്നത്‌ അന്തരീക്ഷത്തിന്‌ പുറത്തുനിന്നായിരിക്കണം. മാത്രമല്ല ഭൂമിയുടെ സ്വന്തം ഭ്രമണവും സൂര്യനു ചുറ്റുമുള്ള ഭ്രമണവുമൊന്നും ബാധിക്കാതെ ഇത്‌ രാത്രിയും പകലും വർഷമുടനീളവും ഒരുപോലെയായിരുന്നു. ഇത്‌ തെളിയിക്കുന്നത്‌ ഈ പ്രസരണം വരുന്നതു സൗരയൂഥത്തിനും നക്ഷത്രവ്യൂഹത്തിനും അപ്പുറത്തു നിന്നായിരിക്കണമെന്നാണ്‌. അല്ലെങ്കിൽ ഭൂമിയുടെ ചലനങ്ങൾക്കനുസരിച്ച്‌ യന്ത്രത്തിന്റെ ദിശ മാറുമ്പോൾ ഇതിന്‌ മാറ്റം വരേണ്ടതാണ്‌. യഥാർത്ഥത്തിൽ, ഈ പ്രസരണം നിരീക്ഷണ സാദ്ധ്യമായ പ്രപഞ്ചം മുഴുവൻ സഞ്ചരിച്ചാണ്‌ വരുന്നതെന്ന്‌ നമുക്കറിയാം. അപ്പോൾ, ഈ പ്രസരണം എല്ലാ ദിശയിലും ഒരുപോലെയായി തോന്നുന്നതുകൊണ്ട്‌, അതിസ്ഥൂലമായ അളവിലെങ്കിലും പ്രപഞ്ചവും എല്ലാ ദിശയിലും ഒരു പോലെയായിരിക്കണം. ഏത്‌ ദിശയിൽ നോക്കിയാലും ഈ അധിക ശബ്ദത്തിന്‌ പതിനായിരത്തിലൊരംശത്തിലധികം ഒരിക്കലും മാറ്റമില്ല എന്ന്‌ ഇന്ന്‌ നമുക്കറിയാം. അങ്ങനെ പെൻസിയാസും വിൽസണും തികച്ചും യാദൃശ്ചികമായി, ഫ്രീഡ്‌മാന്റെ ആദ്യത്തെ അനുമാനത്തിന്റെ വിസ്മയകരമാം വിധം കൃത്യമായ സ്ഥിരീകരണത്തിൽ എത്തിപ്പെട്ടു.

ഏതാണ്ട്‌ ഇതേ സമയത്തു തന്നെ തൊട്ടടുത്ത പ്രിൻസ്‌ടൺ സർവകലാശാല ബോബ്‌ ഡിക്ക്‌ (Bob Dicke), ജീം പീബൾസ്‌ (Jim Peebles) എന്നീ രണ്ട്‌ അമേരിക്കൻ ഭൗതികശാസ്‌ത്രജ്ഞന്മാരും മൈക്രോതരംഗങ്ങളിൽ തല്പരരായിരുന്നു. അവർ ജോർജ്‌ ഗാമോവിന്റെ, (George Gamow മുമ്പ്‌ അലക്സാണ്ടർ ഫ്രീഡ്‌മാന്റെ വിദ്യാർത്ഥിയായിരുന്നു) ആദ്യകാലത്തെ പ്രപഞ്ചം അതിസാന്ദ്രവും ചുട്ടുപഴുത്തിരിക്കുന്നതുമായിരിക്കണം എന്ന നിർദ്ദേശത്തെ കേന്ദ്രീകരിച്ചുകൊണ്ട്‌ പഠനം നടത്തുകയായിരുന്നു. ആദ്യകാല പ്രപഞ്ചത്തിന്റെ പ്രകാശം നമുക്കിപ്പോഴും കാണാൻ സാധിക്കേണ്ടതാണ്‌ എന്ന്‌ ഡിക്കും പിബ്‌ൾസും വാദിച്ചു. കാരണം അതിന്റെ അതിവിദൂര ഭാഗങ്ങളിൽ നിന്നുള്ള വെളിച്ചം ഇപ്പോഴായിരിക്കും ഇവിടെയെത്തുന്നത്‌… പക്ഷേ പ്രപഞ്ചത്തിന്റെ വികാസം കാരണം ഈ പ്രകാശം ചുവപ്പിന്റെ ഭാഗത്തേയ്‌ക്ക്‌ അത്രയും മാറിയിരിക്കുമെന്നതിനാൽ അവ നമുക്ക്‌ മൈക്രോതരംഗങ്ങളായേ കാണാൻ കഴിയുകയുള്ളൂ. അങ്ങനെ ഡിക്കും പിബ്‌ൾസും ഈ പ്രസരണം കണ്ടെത്താൻ തയ്യാറെടുക്കുമ്പോൾ പെൻസിയാസും വിൽസണും ഇവരുടെ പരിശ്രമങ്ങളെപ്പറ്റി കേട്ടറിയുകയും അവർ നേരത്തെ തന്നെ ഇത്‌ കണ്ടെത്തിയിട്ടുണ്ട്‌ എന്ന്‌ മനസിലാക്കുകയും ചെയ്തു. ഇതിന്‌ 1978ൽ പെൻസിയാസിനും വിൽസനും നോബൽ സമ്മാനം ലഭിച്ചു. (ഇത്‌ ഡിക്കിനും പിബ്‌ൾസിനും ഒരു പ്രഹരം തന്നെയായി; ഗാമോവിന്റെ കാര്യം പറയുകയും വേണ്ട!)

അപ്പോൾ, ഒറ്റനോട്ടത്തിൽ പ്രപഞ്ചം എല്ലാ ദിശയിലും ഒരുപോലെയിരിക്കുന്നു എന്നതിനുള്ള ഇത്രയധികം തെളിവുകൾ, പ്രപഞ്ചത്തിൽ നമുക്ക്‌ പ്രത്യേക പദവിയുണ്ടെന്ന്‌ സൂചിപ്പിക്കുന്നതുപോലെ തോന്നാം. പ്രത്യേകിച്ചും, മറ്റെല്ലാ ഗാലക്സികളും നമ്മിൽ നിന്നകന്നു പോയ്‌ക്കൊണ്ടിരിക്കുന്നതായി കാണപ്പെടുമ്പോൾ, നാം പ്രപഞ്ചത്തിന്റെ മദ്ധ്യത്തിലാണെന്ന്‌ തോന്നും. എന്നാൽ, ഇതിന്‌ മറ്റൊരു വിശദീകരണമുണ്ട്‌. മറ്റ്‌ ഏത്‌ ഗാലക്സിയിൽ നിന്ന്‌ നോക്കിയാലും പ്രപഞ്ചം എല്ലാ ദിശയിലും ഒരു പോലെയിരിക്കുന്നതായി തോന്നാം. നാം മുമ്പ്‌ കണ്ടപോലെ, ഇതാണ്‌ ഫ്രീഡ്‌മാന്റെ രണ്ടാമത്തെ അനുമാനം. ഇതിന്‌ അനുകൂലമായോ പ്രതികൂലമായോ ശാസ്‌ത്രീയ തെളിവുകളൊന്നും തന്നെയില്ല. നമ്മുടെ വിനയത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്‌ നാം ഇത്‌ വിശ്വസിക്കുന്നത്‌ഃ നമ്മെ സംബന്ധിച്ചിടത്തോളം പ്രപഞ്ചം നമുക്കു ചുറ്റും എല്ലാ ദിശയിലും ഒരുപോലെയിരിക്കുകയും പ്രപഞ്ചത്തിലെ മറ്റൊരു സ്ഥാനത്തും അങ്ങനെ അല്ലാതെയിരിക്കുകയുമെന്നത്‌ ഏറ്റവും അഭിമാനകരം തന്നെ! ഫ്രീഡ്‌മാന്റെ മാതൃകയിൽ എല്ലാ ഗാലക്സികളും പരസ്പരം അകന്നു പോയിക്കൊണ്ടിരിക്കുകയാണ്‌. ഈ അവസ്ഥ ഒരു ബലൂണിൽ കുറെ പൊട്ടുകൾ വരച്ച്‌, അത്‌ വീർപ്പിക്കുന്നതുപോലെയാണ്‌. ബലൂൺ വലുതാവുമ്പോൾ ഏതെങ്കിലും രണ്ടു പൊട്ടുകൾ തമ്മിലുള്ള ദൂരം കൂടുന്നു. പക്ഷെ ഈ വികാസത്തിന്റെ കേന്ദ്രബിന്ദുവെന്ന്‌ പറയാവുന്ന ഒരു പൊട്ടും ഇല്ല. മാത്രമല്ല പൊട്ടുകൾ തമ്മിൽ എത്രകണ്ട്‌ അകലമുണ്ടോ അത്രകണ്ട്‌ വേഗത്തിലാണ്‌ അവ അകന്നുകൊണ്ടിരിക്കുക. അതുപോലെ ഫ്രീഡ്‌മാന്റെ മാതൃകയിൽ രണ്ട്‌ നക്ഷത്രവ്യൂഹങ്ങൾ തമ്മിൽ അകലുന്ന വേഗത അവ തമ്മിലുള്ള ദൂരത്തിന്റെ അനുപാതത്തിലായിരിക്കും. അതിനാൽ ഒരു നക്ഷത്രവ്യൂഹത്തിന്റെ (സ്പെക്ര്ടത്തിലെ) ചുവപ്പിലേക്കുള്ള അടുപ്പം, ഹബ്‌ൾ കണ്ടെത്തിയ പോലെത്തന്നെ, നമ്മിൽ നിന്ന്‌ അതിന്റെ ദൂരത്തിന്‌ നേർ അനുപാതത്തിലായിരിക്കും. ഹബ്‌ളിന്റെ നിരീക്ഷണങ്ങൾ പ്രവചിക്കുകയും, അങ്ങനെ അദ്ദേഹത്തിന്റെ മാതൃക ഒരു വൻവിജയമാവുകയും ചെയ്തിട്ട്‌ പോലും, ഫ്രീഡ്‌മാന്റെ പ്രവർത്തനം, വളരെക്കാലം, ഒടുവിൽ, 1935ൽ അമേരിക്കൻ ഭൗതികശാസ്‌ത്രജ്ഞരായ ഹവാഡ്‌ റോബർട്‌സണും (Howard Robertson) ബ്രിട്ടീഷ്‌ ഗണിതശാസ്‌ത്രജ്ഞനായ ആർതർ വാക്കറും (ഡഡകംനഎലയന ഋമാ​‍ുപനഡഡപ) ഹബ്‌ളിന്റെ പ്രപഞ്ചവികാസത്തെ സംബന്ധിച്ച കണ്ടുപിടുത്തത്തെ തുടർന്ന്‌ സമാനമായ മാതൃകകൾ കണ്ടെത്തുന്നതുവരെ, പാശ്ചാത്യ ലോകത്ത്‌ തികച്ചും അജ്ഞാതമായിരുന്നു.

ഫ്രീഡ്‌മാൻ ഒന്നു മാത്രമേ കണ്ടുപിടിച്ചിട്ടുള്ളൂവെങ്കിലും വാസ്തവത്തിൽ അദ്ദേഹത്തിന്റെ രണ്ടു അടിസ്ഥാനപരമായ അനുമാനങ്ങൾ അനുസരിക്കുന്ന മൂന്ന്‌ വ്യത്യസ്ത തരം മാതൃകകളുണ്ട്‌. ഒന്നാമത്തെ വിഭാഗത്തിൽ (ഇതാണ്‌ ഫ്രീഡ്‌മാൻ കണ്ടെത്തിയത്‌) പ്രപഞ്ചം വികസിക്കുന്നത്‌ വേണ്ടത്ര സാവധാനത്തിലാണെന്നതിനാൽ വ്യത്യസ്ത നക്ഷത്രവ്യൂഹങ്ങൾ തമ്മിലുള്ള ഗുരുത്വാകർഷണം ഈ വികാസം ക്രമേണ കുറച്ചു കൊണ്ടുവരുകയും, ഒടുവിൽ നിർത്തുകയും ചെയ്യുന്നു. അതിനുശേഷം നക്ഷത്രവ്യൂഹങ്ങൾ തമ്മിലടുക്കാൻ തുടങ്ങുകയും, അങ്ങനെ പ്രപഞ്ചം സങ്കോചിക്കുവാൻ തുടങ്ങുകയും ചെയ്യുന്നു.

ചിത്രം 3.2ൽ രണ്ട്‌ തൊട്ടടുത്തുള്ള നക്ഷത്രവ്യൂഹങ്ങൾ തമ്മിലുള്ള ദൂരം സമയം നീങ്ങുന്നതിനനുസരിച്ച്‌ എങ്ങനെ മാറുന്നു എന്ന്‌ കാണിക്കുന്നു. പൂജ്യത്തിൽ നിന്ന്‌ തുടങ്ങി അത്‌ ഒരു പരമാവധി ദൂരത്തിലെത്തി, വീണ്ടും പൂജ്യത്തിലേയ്‌ക്ക്‌ താഴുന്നു. രണ്ടാമത്തെ വിഭാഗത്തിൽ പ്രപഞ്ചം അതിവേഗം വികസിക്കുന്നതിനാൽ, ഗുരുത്വാർഷണത്തിന്‌, വേഗത അൽപം കുറയ്‌ക്കാമെന്നല്ലാതെ ഒരിക്കലും അതിനെ പിടിച്ചു നിർത്താൻ കഴിയുകയില്ല. ചിത്രം 3.3ൽ ഈ മാതൃക പ്രകാരം തൊട്ടടുത്തുള്ള രണ്ടു നക്ഷത്രവ്യൂഹങ്ങൾ തമ്മിലുള്ള അകൽച്ച കാണിക്കുന്നു. അത്‌ പൂജ്യത്തിൽ തുടങ്ങുകയും, ഒടുവിൽ നക്ഷത്രവ്യൂഹങ്ങൾ ഒരു സ്ഥിരവേഗതയിൽ അകന്നു പോവുകയും ചെയ്യുന്നു. അവസാനമായി, മൂന്നാമത്തെ വിഭാഗത്തിൽ പ്രപഞ്ചം കൃത്യമായി തിരിച്ച്‌ കൂട്ടിമുട്ടാത്ത അത്ര വേഗത്തിൽ മാത്രം വികസിക്കുന്നു. ഈ വിഭാഗത്തിലും ചിത്രം 3.4ൽ കാണിച്ചപോലെ പുജ്യത്തിൽ തുടങ്ങുകയും അനന്തമായി അകന്നുപോവുകയും ചെയ്യുന്നു. എങ്കിലും, നക്ഷത്രവ്യൂഹങ്ങൾ തമ്മിൽ അകലുന്ന വേഗത കുറഞ്ഞു കുറഞ്ഞു വരുമെങ്കിലും ഒരിക്കലും പൂജ്യത്തിലെത്തുന്നില്ല.

ഇതിൽ ആദ്യത്തെ ഫ്രീഡ്‌മാൻ മാതൃകയുടെ വിസ്മയകരമായ ഒരു സവിശേഷത, അതിൽ പ്രപഞ്ചം സ്ഥലരാശിയിൽ അനന്തമല്ല എന്നിരിക്കെത്തന്നെ സ്ഥലത്തിന്‌ ഒരു പരിധിയില്ല എന്നുള്ളതാണ്‌. ഗുരുത്വാകർഷണം അത്രയും ശക്തമായതിനാൽ അത്‌ സ്ഥലരാശിയെ വളച്ച്‌ ഏതാണ്ട്‌ ഭൂമിയുടെ ഉപരിതലം പോലെയാക്കുന്നു. ഒരാൾ ഭൂമിയുടെ ഉപരിതലത്തിലൂടെ ഒരു പ്രത്യേക ദിശയിൽ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ അയാൾ ഒരിക്കലും മുന്നോട്ടു പോകാനാകാത്ത വിധം ഒരു വൻ മറയ്‌ക്കു മുന്നിൽ എത്തിപ്പെടുകയോ, ഒരു അഗാധതയുടെ വക്കിലെത്തി വീണുപോവുകയോ ഇല്ല, മറിച്ച്‌ അവസാനം അയാൾ തുടങ്ങിയിടത്തു തന്നെ എത്തിച്ചേരുന്നു. ആദ്യത്തെ ഫ്രീഡ്‌മാൻ മാതൃകയിൽ സ്ഥലരാശി ഇതുപോലെത്തന്നെയാണ്‌. ഭൂമിയുടെ ഉപരിതലത്തിലെ ദ്വിമാനത്തിനു പകരം ഇവിടെ ത്രിമാനമാണെന്ന വ്യത്യാസം മാത്രം. നാലാമത്തെ അളവായ സമയവും, രണ്ടറ്റമുള്ള, അതായത്‌, ഒരു തുടക്കവും ഒരു അന്ത്യവും ഉള്ള, ഒരു രേഖപോലെ, നിശ്ചിതമാണ്‌. സാമാന്യ ആപേക്ഷികാസിദ്ധാന്തവും ഊർജ്ജകണസിദ്ധാന്തവും സംയോജിപ്പിക്കുമ്പോൾ ഇങ്ങനെ സ്ഥലരാശിയും സമയവും, അതിരുകളോ അറ്റമോ ഇല്ലാതെ തന്നെ നിയതമായിരിക്കാൻ കഴിയുമെന്ന്‌ വരുന്ന അദ്ധ്യായങ്ങളിൽ നമുക്ക്‌ കാണാം.

നമുക്ക്‌ പ്രപഞ്ചത്തിന്‌ ചുറ്റും സഞ്ചരിച്ച്‌ പുറപ്പെട്ടിടത്ത്‌ തന്നെ എത്താമെന്ന ആശയം നല്ല ശാസ്‌ത്രഭാവനയായിരിക്കാം. പക്ഷേ അതിന്‌ വലിയ പ്രായോഗിക പ്രസക്തിയില്ല. കാരണം, നാം ചുറ്റിവരുമ്പോഴേക്കും പ്രപഞ്ചം വീണ്ടും ക്ഷയിച്ച്‌ പൂജ്യം എന്ന അവസ്ഥയിലെത്തിയിരിക്കുന്ന് തെളിയിക്കാൻ കഴിയും. അഥവാ, പ്രപഞ്ചാവസാനത്തിനു മുമ്പ്‌ പുറപ്പെട്ടിടത്ത്‌ തന്നെ തിരിച്ചെത്തണമെങ്കിൽ നാം പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കേണ്ടിവരും. അത്‌ അനുവദനീയമല്ലല്ലോ.

വികസിക്കുകയും വീണ്ടും തകരുകയും ചെയ്യുന്ന ആദ്യ വിഭാഗത്തിൽപ്പെട്ട ഫ്രീഡ്‌മാൻ മാതൃകയിൽ സ്ഥലരാശി ഭൂമിയുടെ ഉപരിതലം പോലെ അതിലേക്കു തന്നെ വളഞ്ഞിരിക്കും. അതിനാൽ അതിന്റെ വ്യാപ്തി നിയതമാണ്‌. എന്നെന്നേയ്‌ക്കും വികസിച്ചുകൊണ്ടിരിക്കുന്ന രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ട മാതൃകയിൽ സ്ഥലരാശി കുതിരയുടെ ജീനിപോലെ എതിർദിശയിൽ വളഞ്ഞിരിക്കും. ഇവിടെ സ്ഥലരാശി അനിയതമാണ്‌. ഒടുവിലത്തെ, നിർണ്ണായക അളവിൽ മാത്രം വികസിക്കുന്ന മൂന്നാമത്തെ തരം ഫ്രീഡ്‌മാൻ മാതൃകയിൽ സ്ഥലരാശി പരന്നിരിക്കും. അതിനാൽ ഇതും അനിയതമായിരിക്കും.

പക്ഷെ ഏത്‌ ഫ്രീഡ്‌മാൻ മാതൃകയാണ്‌ നമ്മുടെ പ്രപഞ്ചത്തെ വിശദീകരിക്കുന്നത്‌? ഒടുവിൽ പ്രപഞ്ചം വികാസം നിർത്തി ചുരുങ്ങാൻ തുടങ്ങുമോ, അതോ അനന്തമായി വികസിച്ചുകൊണ്ടിരിക്കുമോ? ഈ ചോദ്യങ്ങൾക്കുത്തരം പറയാൻ നമുക്ക്‌ പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ വികാസത്തിന്റെ തോതും ശരാശരി സാന്ദ്രതയും അറിഞ്ഞിരിക്കണം. സാന്ദ്രത, വികാസത്തിന്റെ തോതിനോട്‌ ബന്ധപ്പെട്ട ഒരു നിർണ്ണായകസംഖ്യക്ക്‌ താഴെയാണെങ്കിൽ ഗുരുത്വാകർഷണം വികാസം തടയാൻ തക്കവണ്ണം ശക്തമാവുകയില്ല. സാന്ദ്രത, നിർണ്ണായക സംഖ്യയ്‌ക്ക്‌ മുകളിലാണെങ്കിൽ ഗുരുത്വാകർഷണം ഭാവിയിലെപ്പോഴെങ്കിലും ഒരു സമയത്ത്‌ വികാസം തടയുകയും വീണ്ടും തകർച്ചയിലേക്ക്‌ നയിക്കുകയും ചെയ്യും.

Generated from archived content: samayam_2nd4.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here