വികസിക്കുന്ന പ്രപഞ്ചം – 3

മറ്റു നക്ഷത്രങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചതിനുശേഷമുള്ള വർഷങ്ങൾ ഹബ്‌ൾ അവയുടെ ദൂരങ്ങളുടെ കണക്കെടുക്കുന്നതിനും അവയുടെ സ്‌പെക്‌ട്രം പഠിക്കുന്നതിനും ചിലവഴിച്ചു. അക്കാലത്ത്‌ പൊതുവെ എല്ലാവരും കരുതിയിരുന്നത്‌ ഗാലക്സികൾ യാതൊരു വ്യവസ്ഥയുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുകയാണെന്നായിരുന്നു. അതിനാൽ ചുവപ്പിലേക്ക്‌ നീങ്ങിയ സ്പെക്ര്ടം പോലെത്തന്നെ നീലയിലേക്ക്‌ നീങ്ങിയ സ്പെക്ര്ടവും കാണുമെന്നാണ്‌ അവർ പ്രതീക്ഷിച്ചത്‌. അതുകൊണ്ട്‌ മിക്കനക്ഷത്ര വ്യൂഹങ്ങളും ചുവപ്പിലേക്ക്‌ നീങ്ങിയതായി കണ്ടപ്പോൾ അത്‌ വലിയ അത്ഭുതം തന്നെയായിരുന്നു. മിക്കവാറും എല്ലാ നക്ഷത്രവ്യൂഹങ്ങളും നമ്മിൽ നിന്നകന്നുപോവുകയാണ്‌. 1929ൽ പ്രസിദ്ധീകരിക്കപ്പെട്ട ഹബ്‌ളിന്റെ കണ്ടെത്തൽ ഇതിലും അത്ഭുതകരമായിരുന്നു ഃ നക്ഷത്രവ്യൂഹത്തിന്റെ ചുവപ്പിലേക്കുള്ള നീക്കത്തിന്റെ അളവുപോലും അവ്യവസ്ഥിതമല്ല. മറിച്ച്‌, അത്‌ നക്ഷത്രവ്യൂഹത്തിന്റെ ദൂരത്തിനനുപാതമായിട്ടായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നക്ഷത്രവ്യൂഹം എത്രയും ദൂരെയാണോ അത്രയും കൂടുതൽ വേഗത്തിലാണ്‌ അത്‌ അകന്നുപോകുന്നത്‌. ഇത്‌ സൂചിപ്പിക്കുന്നത്‌, മുമ്പ്‌ എല്ലാവരും കരുതിയിരുന്നതുപോലെ പ്രപഞ്ചം സ്ഥിരാവസ്ഥയിലല്ല, മറിച്ച്‌ വലുതായിക്കൊണ്ടിരിക്കുകയാണ്‌, അഥവാ, വിവിധ നക്ഷത്രവ്യൂഹങ്ങൾ തമ്മിലുള്ള ദൂരം കൂടിക്കൊണ്ടിരിക്കുകയാണ്‌ എന്നാണ്‌.

പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന കണ്ടുപിടിത്തം 21-​‍ാം നൂറ്റാണ്ടിലെ മഹത്തായ ധൈഷണിക വിപ്ലവങ്ങളിലൊന്നാണ്‌. തിരിഞ്ഞുനോക്കുമ്പോൾ ആരും ഇങ്ങനെ ചിന്തിച്ചില്ലല്ലോ എന്ന്‌ അത്ഭുതം തോന്നും. ന്യൂട്ടനും മറ്റുള്ളവരും ഒരു സ്ഥിരാവസ്ഥയിലുള്ള പ്രപഞ്ചം അധികം താമസിയാതെ ഗുരുത്വാകർഷണത്തിന്റെ സ്വാധീനത്താൽ ചുരുങ്ങാൻ തുടങ്ങുമെന്ന്‌ മനസിലാക്കേണ്ടതായിരുന്നു. മറിച്ച്‌, പ്രപഞ്ചം വികസിക്കുകയാണെന്നിരിക്കട്ടെ. അത്‌ വികസിക്കുന്നത്‌ വളരെ സാവധാനത്തിലാണെങ്കിൽ ഗുരുത്വാകർഷണം ഒടുവിൽ ഈ വികാസം പിടിച്ചുനിർത്തുകയും അതിനുശേഷം അത്‌ ചുരുങ്ങാൻ തുടങ്ങുകയും ചെയ്യും. എന്നാൽ പ്രപഞ്ചത്തിന്റെ വികാസം ഒരു നിർണായക തോതിലാണെങ്കിൽ ഗുരുത്വാകർഷണത്തിന്‌ ഒരിക്കലും അതിനെ പിടിച്ചുനിർത്തുവാൻ സാധിക്കാതെ വരുകയും പ്രപഞ്ചം എന്നന്നേക്കുമായി വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇത്‌ ഏതാണ്ട്‌ ഭൂമിയിൽ നിന്നും ഒരു റോക്കറ്റ്‌ വിടുമ്പോൾ സംഭവിക്കുന്നതുപോലെയാണ്‌. അതിന്റെ വേഗത അൽപം കുറവാണെങ്കിൽ ഗുരുത്വാകർഷണം റോക്കറ്റിന്റെ ഗതി തടയുകയും അത്‌ താഴേക്ക്‌ വീഴാൻ തുടങ്ങുകയും ചെയ്യും. നേരെ മറിച്ച്‌, റോക്കറ്റിന്റെ വേഗത ഒരു പ്രത്യേക നിർണായക വേഗതയ്‌ക്കു (ഏകദേശം സെക്കന്റിൽ 7 നാഴിക) മുകളിലാണെങ്കിൽ ഗുരുത്വാകർഷണത്തിന്‌ അതിനെ പിടിച്ചു നിർത്താനാവാതെ വരുകയും അത്‌ ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി അകന്നുപോയിക്കൊണ്ടിരിക്കുകയും ചെയ്യും. പ്രപഞ്ചത്തിന്റെ ഈ സ്വഭാവം ന്യൂട്ടന്റെ സിദ്ധാന്തത്തിൽ നിന്നും 19​‍ാം നൂറ്റാണ്ടിലോ, 18-​‍ാം നൂറ്റാണ്ടിലോ, 17​‍ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലോ എപ്പോൾ വേണമെങ്കിലും പ്രവചിക്കാവുന്നതായിരുന്നു. പക്ഷെ സ്ഥിര പ്രപഞ്ചത്തിലുള്ള വിശ്വാസം അത്രയും രൂഢമായിരുന്നതിനാൽ അത്‌ 20-​‍ാം നൂറ്റാണ്ടിന്റെ ആദ്യം വരെ നിലനിന്നു. എന്തിനധികം, ഐൻസ്‌റ്റീൻ പോലും 1915ൽ സാമാന്യ ആപേക്ഷിക സിദ്ധാന്തത്തിന്‌ രൂപം കൊടുക്കുമ്പോൾ, പ്രപഞ്ചം സ്ഥിരാവസ്ഥയിലായിരിക്കണമെന്ന്‌ അത്രയും ഉറച്ചുവിശ്വസിച്ചിരുന്നു എന്നതിനാൽ അത്‌ സാധ്യമാകുന്നതിനുവേണ്ടി തന്റെ സമവാക്യങ്ങളിൽ പ്രപഞ്ചസംഖ്യ (cosmological constant) എന്നൊന്ന്‌ ഉൾപ്പെടുത്തിക്കൊണ്ട്‌ സ്വന്തം സിദ്ധാന്തത്തിൽ ഭേദഗതി വരുത്തി. അതിനായി ഐൻസ്‌റ്റീൻ മറ്റു ശക്തികളിൽ നിന്ന്‌ വ്യത്യസ്തമായി, പ്രത്യേകിച്ച്‌ ഒരു ഉത്ഭവസ്ഥാനമില്ലാത്ത, സ്ഥലസമയത്തിൽ അന്തർലീനമായ ‘പ്രതിഗുരുത്വാകർഷണ ശക്തി’ (antigravity) എന്ന ഒരു പുതിയ ആശയം അവതരിപ്പിച്ചു. സ്ഥലസമയത്തിന്‌, അന്തർലീനമായി, വികസിക്കുവാനുള്ള പ്രവണതയുണ്ടെന്നും പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളുടെയും ആകർഷണം ഇതിനെ കൃത്യമായി സംതുലനം ചെയ്യുന്നുവെന്നും അങ്ങനെ സ്ഥിരപ്രപഞ്ചത്തിൽ പരിണമിക്കുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഒരേ ഒരാൾ മാത്രം സാമാന്യ ആപേക്ഷിക സിദ്ധാന്തത്തെ അതിന്റെ മുഖവിലയ്‌ക്കെടുക്കാൻ തയ്യാറായി. ഐൻസ്‌റ്റിനും കൂട്ടരും സാമാന്യ ആപേക്ഷിക സിദ്ധാന്തത്തിന്റെ അസ്ഥിരപ്രപഞ്ച പ്രവചനത്തെ മറികടക്കാനുള്ള വഴികൾ അന്വേഷിച്ചപ്പോൾ അലക്സാണ്ടർ ഫ്രീഡ്‌മാൻ ((Alexander Friedman) എന്ന റഷ്യൻ ഗണിത ഭൗതിക ശാസ്‌ത്രജ്ഞൻ പ്രസ്തുത പ്രവചനത്തെ വിശദീകരിക്കാനുള്ള ശ്രമം തുടങ്ങി.

ഫ്രീഡ്‌മാൻ പ്രപഞ്ചത്തെക്കുറിച്ച്‌ രണ്ടു ലളിതമായ അനുമാനങ്ങൾ മുന്നോട്ടുവച്ചു. ഏതു ദിശയിൽ നോക്കിയാലും പ്രപഞ്ചം തികച്ചും അഭിന്നമായിരിക്കുന്നുവെന്നും മറ്റെവിടെ നിന്ന്‌ നോക്കിയാലും ഇതു തന്നെയാണ്‌ സ്ഥിതി എന്നും. ഈ രണ്ട്‌ ആശയങ്ങളിൽ നിന്നു മാത്രം ഫ്രീഡ്‌മാൻ പ്രപഞ്ചം സ്ഥിരാവസ്ഥയിലാണെന്ന്‌ പ്രതീക്ഷിക്കരുതെന്ന്‌ തെളിയിച്ചു. വാസ്തവത്തിൽ, 1922ൽ, എഡ്‌വിൻ ഹബ്‌ളിന്റെ കണ്ടുപിടുത്തത്തിനു വർഷങ്ങൾക്കു മുമ്പുതന്നെ, ഫ്രീഡ്‌മാൻ ഹബ്‌ൾ കണ്ടെത്തിയ വസ്തുത പ്രവചിച്ചു.

Generated from archived content: samayam_2nd3.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English