പക്ഷെ യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു ഏകീകൃത സിദ്ധാന്തമുണ്ടോ ? അതോ , നാം വെറുമൊരു മരീചികയെ പിന്തുടരുകയാണോ? മൂന്ന് സാദ്ധ്യതകളാണുള്ളതെന്നു തോന്നുന്നു.
1. യഥാര്‍ത്ഥത്തില്‍ , ഒരു പൂര്‍ണ്ണമായ ഏകീകൃത സിദ്ധാന്തമുണ്ട് . നമുക്ക് കഴിവുണ്ടെങ്കില്‍ ഒരിക്കല്‍ നാം അത് കണ്ടെത്തും.
2. പ്രപഞ്ചത്തിന്റെ ആത്യന്തികമായ ഒരു സിദ്ധാന്തമില്ല. ഉള്ളത് പ്രപഞ്ചത്തെ കൂടുതല്‍ കൂടുതല്‍ കൃത്യമായി നിര്‍വചിക്കുന്ന സിദ്ധാന്തങ്ങളുടെ അനന്തമായ ഒരു തുടര്‍ച്ച മാത്രമാണ്.
3. പ്രപഞ്ചത്തിന്റേതായ ഒരു സിദ്ധാന്തവുമില്ല. സംഭവങ്ങള്‍ ഒരു പരിധിക്കപ്പുറം പ്രവചിക്കുക അസാദ്ധ്യമാണ്. അവ തീര്‍ത്തും അവ്യസ്ഥിതമായി, യാദൃഛയാ സംഭവിക്കുന്നു എന്നു മാത്രം.
പരിപൂര്‍ണ്ണമായ ഒരു നിയമാവലിയുണ്ടെങ്കില്‍ അത് ദൈവത്തിന് വേണമെങ്കില്‍ നിലപാട് മാറ്റുവാനും ലോകകാര്യങ്ങളില്‍ ഇടപെടുവാനുമുള്ള സ്വാതന്ത്ര്യത്തിന്റെ ഉല്ലംഘനമായിരിക്കും എന്ന അടിസ്ഥാനത്തില്‍ ചിലര്‍ മൂന്നാമത്തെ സാദ്ധ്യതയാണ് ശരി എന്നു വാദിക്കുന്നു. ഇത്, ഏതാണ്, പഴയ ഒരു വൈരുദ്ധ്യം പോലെയാണ്. ദൈവത്തിന് ഒരു കല്ല് അദ്ദേഹത്തിന് ഉയര്‍ത്താന്‍ പറ്റാത്തവിധം ഭാരതമുള്ളതാക്കാന്‍ കഴിയുമോ? പക്ഷെ , ദൈവത്തിന് നിലപാട് മാറ്റാന്‍ തോന്നിയേക്കാം എന്ന ആശയം സെന്റ് അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടിയ പോലെ , ദൈവം സമയത്തില്‍ നിലനില്‍ക്കുന്ന ഒരു ജീവിയാണെന്ന മിഥ്യാധാരണക്ക് ഒരു ഉദാഹരണമാണ്. സമയമെന്നത് ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ ഒരു സവിശേഷതയാണ്. ഊഹിക്കാവുന്നതുപോലെ , അത് സ്ഥാപിക്കുമ്പോള്‍ തന്റെ ഉദ്ദേശം എന്തെന്നദ്ദേഹത്തിന് അറിയാമായിരിക്കണം.
ഊര്‍ജ്ജകണബലതന്ത്രത്തിന്റെ വരവോടെ സംഭവങ്ങള്‍ പരിപൂര്‍ണ്ണ കൃത്യതയോടെ പ്രവചിക്കാന്‍ സാദ്ധ്യമല്ലെന്നും എല്ലായ്പ്പോഴും ഒരളവുവരെ അനിശ്ചിതത്വമുണ്ടെന്നും നാം അംഗീകരിച്ചു. നമുക്ക് വേണമെങ്കില്‍ ഈ യാദൃഛികത്വം ദൈവത്തിന്റെ ഇടപെടലാണെന്നു വാദിക്കാം. പക്ഷെ , ഇത് വളരെ വിചിത്രമായ ഒരു ഇടപെടലായിരിക്കും. ഇത് എന്തെങ്കിലും ഉദ്ദേശം വച്ചുകൊണ്ടുള്ളതാണെന്നതിന് തെളിവുകളൊന്നുമില്ല. അങ്ങനെയായിരുന്നെങ്കില്‍ , തീര്‍ച്ചയായും അത് യാദൃശ്ചികമായിരിക്കുകയില്ല. മറിച്ച് , വ്യവസ്ഥിതമായിരിക്കും. ആധുനിക കാലത്ത് ശാസ്ത്രത്തിന്റെ ലക്ഷ്യം പുനര്‍നിര്‍വചിച്ചുകൊണ്ട് മൂന്നാമത്തെ സാദ്ധ്യത നാം ഫലപ്രദമായി ഒഴിവാക്കിയിട്ടുണ്ട്. നമ്മുടെ ലക്ഷ്യം സംഭവങ്ങളെ അനിശ്ചിതതത്വം ഉയര്‍ത്തുന്ന പരിധി വരെ മാത്രം പ്രവചിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന ഒരു കൂട്ടം നിയമങ്ങളാവിഷ്ക്കരിക്കുക എന്നതാണ്.
കൂടുതല്‍ കൂടുതല്‍ സൂക്ഷ്മമായ സിദ്ധാന്തങ്ങളുടെ അനന്തമായ ഒരു തുടര്‍ച്ച എന്ന രണ്ടാമത്തെ സാദ്ധ്യത നമ്മുടെ ഇതുവരെയുള്ള എല്ലാ അനുഭവങ്ങളുമായും യോജിക്കുന്നു. പല സന്ദര്‍ഭങ്ങളിലും നമ്മുടെ അളവ് നിര്‍ണ്ണയത്തിന്റെ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയോ പുതിയ ഒരു കൂട്ടം നിരീക്ഷണങ്ങള്‍ കണ്ടെത്തുകയോ ചെയ്യുകയും, ഒടുവില്‍, നിലവിലുള്ള സിദ്ധാന്തം പ്രവചിക്കാത്തപ്രതിഭാസങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ട് ഇവയെ വിശദീകരിക്കുന്നതിനായി കൂടുതല്‍ ആധുനികമായ സിദ്ധാന്തം വികസിപ്പിക്കേണ്ടി വന്നിട്ടുമുണ്ട്. അതിനാല്‍ ദുര്‍ബല വൈദ്യുത ഏകീകരണ ഊര്‍ജ്ജമായ 100 ജി ഇ വി ക്കും മഹേതീകരണ ഊര്‍ജ്ജമായ 10 കോടി കോടി ജി ഇ വി ക്കും ഇടക്ക് പുതിയതായി കാതലായ ഒന്നും തന്നെ സംഭവിക്കുകയില്ല എന്ന മഹേതേകീകരണ സിദ്ധാന്തങ്ങളുടെ ഇന്നത്തെ തലമുറയുടെ അവകാശവാദം തെറ്റാണെങ്കില്‍ , അതില്‍ ആശ്ചര്യപ്പെടാനില്ല . ഇന്ന് നാം അടിസ്ഥാന കണികകളായി കണക്കാക്കുന്ന കാര്‍ക്കുകള്‍ ഇലക്ടോണുകള്‍ എന്നിവയേക്കാള്‍ ‘ അടിസ്ഥാനപരമായ’ നിരവധി പുതിയ സൂക്ഷ്മഘടനകളുടെ അടരുകള്‍ കണ്ടെത്താനാവുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം.
എന്നിരുന്നാലും ഗുരുത്വാകര്‍ഷണം ഈ ‘’ ചെപ്പുകള്‍ക്കുള്ളിലെ ചെപ്പുകളുടെ’‘ തുടര്‍ച്ചക്ക് ഒരു പരിധി വെക്കുമെന്നു തോന്നുന്നു. ഒരു കണികക്ക് പ്ലാങ്ക് ഊര്‍ജ്ജം എന്നു വിളിക്കുന്ന ലക്ഷം കോടി കോടി ( 1നു ശേഷം 19 പൂജ്യം) ജി.ഇ വി യില്‍ കൂടുതല്‍ ഊര്‍ജ്ജം ഉണ്ടെങ്കില്‍ അതിന്റെ പിണ്ഡം അത്യധികം സാന്ദ്രീകൃതമായിരിക്കും എന്നതിനാല്‍ അത് സ്വയം പ്രപഞ്ചത്തില്‍ നിന്നും വേറിട്ട് ഒരു ചെറിയ തമോഗര്‍ത്തമായി മാറും. അതിനാല്‍, കുടുതല്‍ കൂടുതല്‍ ഊര്‍ജ്ജത്തിലേക്ക് പോകുന്നതിനനുസരിച്ച് കൂടുതല്‍ കൂടുതല്‍ സൂക്ഷ്മമായ സിദ്ധാന്തങ്ങളുടെ തുടര്‍ച്ചക്ക് ഒരു പരിധിയുണ്ടായിരിക്കണമെന്നുതന്നെയാണ് തോന്നുന്നത്. അതുകൊണ്ടു തന്നെ പ്രപഞ്ചത്തിന്റെ ആത്യന്തികമായ ഒരു സിദ്ധാന്തവും ഉണ്ടായിരിക്കണം. തീര്‍ച്ചയായും , പ്ലാങ്ക് ഊര്‍ജ്ജം ഇന്ന് പരീക്ഷണശാലകളില്‍ ഉത്പാദിപ്പിക്കുവാന്‍ പറ്റുന്ന പരമാവധി ഊര്‍ജ്ജം 100 ജി ഇ വി യില്‍ നിന്നും വളരെ വളരെ അകലെയാണ്. കണികാത്വരണയന്ത്രങ്ങളുപയോഗിച്ചുകൊണ്ട് പ്രവചനസാദ്ധ്യമായ ഭാവിയിലൊന്നും ഈ വിടവ് നികത്തുവാന്‍ നമുക്ക് കഴിയുമെന്നു തോന്നുന്നില്ല.
Generated from archived content: samayam44.html Author: stephen_hoking