ഭൗതിക ശാസ്ത്രത്തിന്റെ ഏകീകരണം

ഈ അധികമാനങ്ങള്‍ ശരിക്കും ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് അവ നമ്മുടെ ശ്രദ്ധയില്‍ പെടാത്തത്? എന്തുകൊണ്ടാണ് നാം മൂന്ന് സ്ഥലമാനങ്ങളും ഒരു സമയമാനവും മാത്രം കാണുന്നത്? മറ്റെല്ലാ മാനങ്ങളും വളരെ ചെറിയ, അതായത് , ഒരു ഇഞ്ചിന്റെ നൂറുകോടി കോടി കോടി കോടിയിലൊരംശം എന്ന തോതിലുള്ള ഒരു സ്ഥലപരിധിക്കുള്ളില്‍ വളച്ചിട്ടിരിക്കുകയാണെന്നാണ് ഇതിനു നിര്‍ദ്ദേശിക്കപ്പെടുന്ന ഉത്തരം. ഇത്രയും ചെറുതായതിനാല്‍ ഇത് നാം കാണുന്നില്ല ; പകരം ഏറെക്കുറെ പരന്ന സ്ഥല- സമയമുള്ള മൂന്ന് സ്ഥലമാനങ്ങളും ഒരു സമയമാനവും മാത്രം കാണുന്നു. ഇത് ഒരു മധുരനാരങ്ങയുടെ ഉപരിതലം പോലെയാണ്. സൂക്ഷ്മമായി നോക്കിയാല്‍ അത് വളഞ്ഞതും ചുക്കിച്ചുളിഞ്ഞതുമാണ്. എന്നാല്‍ അല്‍പ്പം അകലെ നിന്ന് നോക്കിയാല്‍ അതിലെ മുഴകളൊന്നും കാണുകയില്ല. അതിനാല്‍ മിനുപ്പാര്‍ന്നതായി തോന്നും. സ്ഥല- സമയത്തിന്റെ കാര്യത്തിലും അതുപോലെ തന്നെ അതിസൂക്ഷ്മമായ രൂപത്തില്‍ അത് പത്ത് മാനങ്ങളുള്ളതും അത്യധികം വളഞ്ഞതുമാ‍ണ്. എന്നാല്‍ സ്ഥൂലരൂപത്തില്‍ വക്രതയും അധികമാനങ്ങളും നാം കാണുകയില്ല. ഈ ചിത്രം ശരിയാണെങ്കില്‍ ഇത് ഭാവി ശൂന്യാകാശ യാത്രികര്‍ക്ക് അശുഭ വാര്‍ത്തയായിരിക്കും. അധികമാനങ്ങള്‍ ഒരു ബഹിരാകാശപേടകം കൊണ്ടുപോകാനാവാത്തവിധം വളരെ വളരെ ചെറുതായിരിക്കും. എന്നാല്‍ ഇത് മറ്റൊരു വലിയ പ്രശ്നമുയര്‍ത്തുന്നു. എന്തുകൊണ്ടാണ് എല്ലാ മാനങ്ങള്‍ക്കും പകരം ചിലത് മത്രം ഒരു പന്തു പോലെ ചുരുട്ടിവെച്ചിരിക്കുന്നത്? ഊഹിക്കാവുന്നതുപോലെ , ആദ്യകാല പ്രപഞ്ചത്തില്‍ എല്ലാ മാനങ്ങളും അത്യധികം വളഞ്ഞതായിരിക്കാം. പക്ഷെ, എന്തുകൊണ്ടാണ് മൂന്ന് സ്ഥലമാനങ്ങളും ഒരു സമയമാനവും മാത്രം പരന്നതാവുകയും മറ്റെല്ലാ മാനങ്ങളും മുറുക്കെ ചുരുട്ടിയ അവസ്ഥയില്‍ അവശേഷിക്കുകയും ചെയ്തത്?

സാദ്ധ്യമായ ഒരു ഉത്തരം ആന്ത്രോപ്പിക് തത്വമാണ് . നമ്മേപ്പോലെയുള്ള സങ്കീര്‍ണ്ണമായ ജീവികളുടെ വികാസത്തിന് രണ്ട് സ്ഥലമാനങ്ങള്‍ മതിയാവുമെന്ന് തോന്നുന്നില്ല. ഉദാഹരണത്തിന് ഏകമാനത്തിലുള്ള ഭൂമിയില്‍ ജീവിക്കുന്ന ദ്വിമാന മൃഗങ്ങള്‍ക്ക് പരസ്പരം കടന്നുപോകുവാന്‍ ഒന്നിന് മറ്റൊന്നിന്റെ മുകളിലൂടെ ചാടിക്കടക്കേണ്ടി വരും. ഒരു ദ്വിമാനജീവി , അതിന് പൂര്‍ണ്ണമായും ദഹിപ്പിക്കുവാന്‍ കഴിയാത്ത എന്തെങ്കിലും ഭക്ഷിച്ചാല്‍ , ബാക്കി വരുന്നത് വിഴുങ്ങിയ മാര്‍ഗ്ഗത്തിലൂടെ തന്നെ വിസര്‍ജ്ജിക്കേണ്ടി വരും. കാരണം ശരീരത്തിലുടനീളം ഒരു വഴിയുണ്ടെങ്കില്‍ അത് ജീവിയെ രണ്ടായി വിഭജിക്കും. നമ്മുടെ ദ്വിമാന ജീവി രണ്ടു കഷണമായി പിളരും.

മുന്നൂറിലധികം സ്ഥമാനങ്ങളുണ്ടെങ്കിലും പ്രശങ്ങളുണ്ട്. രണ്ടു വസ്തുക്കള്‍ തമ്മിലുള്ള ഗുരുത്വാകര്‍ഷണശക്തി ദൂരത്തിനനുസരിച്ച് , ത്രിമാനത്തിലേതിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കും. ( ത്രിമാനത്തില്‍ ദൂരം ഇരട്ടിയാകുമ്പോള്‍ ഗുരുത്വാകര്‍ഷണശക്തി 1/4 ഭാഗമായി കുറയും, ചതുര്‍മാനത്തില്‍ 1/8 ഉം അഞ്ചുശതമാനത്തില്‍ 1/6 ഉം ഭാഗമായി കുറഞ്ഞുകൊണ്ടിരിക്കും.) ഇതിന്റെ പ്രസക്തി , സൂര്യനു ചുറ്റുമുള്ള ഭൂമി മുതലായ ഗ്രഹങ്ങളുടെ ഭ്രമണപഥം അസ്ഥിരമായിരിക്കുമെന്നതാണ്. വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ നിന്നുമുള്ള ഏറ്റവും ചെറിയ വ്യതിയാനങ്ങള്‍ ( മറ്റു ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണം കൊണ്ട് സംഭവിക്കാവുന്നതുപോലെ ) പോലും ഭൂമി സൂര്യനിലേക്ക് കറങ്ങിവീഴുവാനോ അഥവാ , സൂര്യനില്‍ നിന്നും അകന്നുപോകുവാനോ ഇടയാക്കും. ഒന്നുകില്‍ നാം തണുത്ത് മരവിച്ച് പോവുകയോ, അല്ലെങ്കില്‍ കത്തിച്ചാമ്പലാവുകയോ ചെയ്യും. വാസ്തവത്തില്‍ , മുന്നൂറിലധികം മാനങ്ങളുള്ള അവസ്ഥയില്‍ ദൂരവുമായുള്ള ഗുരുത്വാകര്‍ഷണത്തിന്റെ ഇതേ സ്വഭാവം സൂചിപ്പിക്കുന്നത് മര്‍ദ്ദം ഗുരുത്വാകര്‍ഷണത്തെ തുലനം ചെയ്തുകൊണ്ട് സൂര്യന് സുസ്ഥിരമായി നിലനില്‍ക്കാനാവുകയില്ല എന്നാണ്. അത് ഛിന്നഭിന്നമാകുകയോ , അല്ലെങ്കില്‍ , ചുരുങ്ങി തമോഗര്‍ത്തമാകുകയോ ചെയ്യും. ഏതുവിധമായാലും അത് ,ഭൂമിയിലെ ജീവന്‍ ചൂടിന്റേയും പ്രകാശത്തിന്റേയും ഒരു സ്ത്രോതസ്സ് എന്ന നിലയില്‍ വളരെയൊന്നും പ്രയോജനപ്രദമാവുകയില്ല. സൂക്ഷമമായ തലത്തില്‍ , ഒരു അണുവിലെ ഇലക്ട്രോണുകളെ അണുകേന്ദ്രത്തിനു ചുറ്റും ഭ്രമണം ചെയ്യിക്കുന്ന വിദ്യുച്ഛക്തി ഗുരുത്വാകര്‍ഷണ ശക്തിപോലെ പ്രവര്‍ത്തിക്കും. അതായത് ഇലക്ടോണുകള്‍ അണുവില്‍ നിന്നും അകന്നുപോവുകയോ അണുകേന്ദ്രത്തിലേക്ക് കറങ്ങി വീഴുകയോ ചെയ്യും. ഏതു വിധത്തിലായാലും , നാം മനസിലാക്കിയതുപോലുള്ള അണുക്കള്‍ ഉണ്ടായിരിക്കുകയില്ല.

അതിനാല്‍ ജീവന്‍ ചുരുങ്ങിയത് നാം മനസിലാക്കിയപോലെയെങ്കിലും സമയവും മൂന്ന് സ്ഥലമാനങ്ങളും , ചുരുക്കി ചെറുതാക്കിയിട്ടില്ലാത്ത സ്ഥല- സമയത്തിന്റെ മേഖലകളില്‍ മാത്രമേ നിലനില്‍ക്കുകയുള്ളു എന്ന് വ്യക്തമാണെന്ന് പറയാം. ഇതിനര്‍ത്ഥം , നൂല്‍ സിദ്ധാന്തം പ്രപഞ്ചത്തില്‍ അത്തരം മേഖലകള്‍ അനുവദിക്കുന്നുണ്ടെന്ന് ( തീര്‍ച്ചയായും നൂല്‍ സിദ്ധാന്തം അനുവദിക്കുന്നുണ്ടെന്നു തന്നെയാണു തോന്നുന്നത്) തെളിയിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് ദുര്‍ബ്ബല ആന്ത്രോപിക് തത്വത്തെ ആശ്രയിക്കാം എന്നാണ്. എല്ലാ മാനങ്ങളും ചുരുക്കി ചെറുതാക്കിയതോ , അല്ലെങ്കില്‍ നാലിലധികം മാനങ്ങള്‍ നിരപ്പായതോ ആയ പ്രപഞ്ചത്തിന്റെ മേഖലകളോ, പ്രപഞ്ചങ്ങളോ ( അതിന്റെ അര്‍ത്ഥം എന്തു തന്നെയായാലും ) ഒരു പക്ഷെ , ഉണ്ടായിരിക്കാം എന്നാല്‍ അവയിലൊന്നും മാനങ്ങളുടെ ഈ വ്യത്യസ്ത എണ്ണം നിരീക്ഷിക്കാന്‍ വിശേഷബുദ്ധിയുള്ള ജീവികളുണ്ടായിരിക്കുകയില്ല.

സ്ഥലസമയത്തിനുള്ളതായി തോന്നുന്ന മാനങ്ങളുടെ എണ്ണത്തിന്റെ പ്രശ്നം കൂടാതെ തന്നെ നൂല്‍ സിദ്ധാന്തത്തിന് മറ്റു പല പ്രശ്നങ്ങളുണ്ട്. അവ പരിഹരിച്ചതിനു ശേഷമേ അത് ആത്യന്തികമായ ഒരു ഏകീകൃത ഭൗതികശാസ്ത്ര സിദ്ധാന്തമായി പ്രഖ്യാപിക്കാന്‍ കഴിയുകയുള്ളു. എല്ലാ അനന്തതകളും റദ്ദാക്കപ്പെടുമോ എന്നും എങ്ങനെയാണ് നൂലിലുള്ള തരംഗങ്ങളെ നാം കാണുന്ന തരത്തിലുള്ള കണികകളുമായി കൃത്യമായി ബന്ധപ്പെടുത്തേണ്ടെതെന്നും നമുക്ക് ഇപ്പോഴും അറിയില്ല. എങ്കില്‍ തന്നെയും വരുന്ന ഏതാനും വര്‍ഷങ്ങളില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയെന്നു വരാം. അങ്ങനെ , ഈ നൂറ്റാണ്ടിന്റെ അന്ത്യമാവുമ്പോഴേക്കും നൂല്‍ സിദ്ധാന്തം ശരിക്കും നമ്മുടെ ചിരകാലസ്വപ്നമായ ഏകീകൃത ഭൗതികശാസ്ത്ര സിദ്ധാന്തമാണോ എന്ന് കൃത്യമായി അറിയാന്‍ കഴിയും.

Generated from archived content: samayam43.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here