ഭൗതിക ശാസ്ത്രത്തിന്റെ ഏകീകരണം

ഇതുപോലുള്ള അസംബന്ധമെന്നു തോന്നുന്ന അനന്തതകള്‍ മറ്റു ഭാഗികസിദ്ധാന്തങ്ങളിലുമുണ്ട്. എന്നാല്‍ , ഇവയിലുള്ള അനന്തതകള്‍ പുനര്‍സാധാരണീകരണം എന്നു പറയുന്ന പ്രക്രിയയിലൂടെ റദ്ദാക്കാവുന്നതാണ്. മറ്റ് അനന്തതകള്‍ കൊണ്ടു വന്ന് ഈ അനന്തതകളെ പരസ്പരം റദ്ദാക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ഈ വിദ്യ ഗണിതപരമായി സംശയാതീതമല്ലെങ്കിലും പ്രായോഗികമായി ഫലപ്രദമാണെന്നു തോന്നുന്നു എന്നു മാത്രമല്ല , ഈ സിദ്ധാന്തങ്ങളില്‍ പ്രയോഗിച്ച നിരീക്ഷണങ്ങളുമായി അസാധാരണമായ കൃത്യതയോടെ യോജിക്കുന്ന പ്രവചനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുമുണ്ട്. എന്നിരുന്നാലും , പുനര്‍സാധാരണീകരണത്തിന് , ഒരു സമ്പൂര്‍ണ്ണ സിദ്ധാന്തം കണ്ടെത്താനുള്ള ശ്രമമെന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ ഗുരുതരമായ ന്യൂനതയുണ്ട് . കാരണം, ഇതിനര്‍ത്ഥം ശക്തികളുടെയും പിണ്ഡങ്ങളുടേയും യഥാര്‍ത്ഥ മൂല്യം സിദ്ധാന്തത്തില്‍ നിന്നും പ്രവചിക്കാനാവുകയില്ല അവ നിരീക്ഷണങ്ങളുമായി യോജിക്കുന്ന വിധത്തില്‍ തിരെഞ്ഞെടുക്കേണ്ടിയിരിക്കുന്നു എന്നാണ്.

അനിശ്ചിതത്വതത്വത്തെ സാമാന്യ ആപേക്ഷികസിദ്ധാന്തവുമാ‍യി സമന്വയിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ നമുക്ക് ‍ക്രമീകരിക്കാവുന്ന രണ്ട് പരിണാമങ്ങളേയുള്ളു. ഗുരുത്വആകര്‍ഷണത്തിന്റെ അളവും പ്രപഞ്ചസംഖ്യയുടെ മൂല്യവും . പക്ഷെ, ഇവ ക്രമീകരിച്ചുകൊണ്ട് മാത്രം എല്ലാ അനന്തതകളേയും നീക്കം ചെയ്യാന്‍ കഴിയുകയില്ല അതിനാല്‍ , നമുക്കിവിടെ ഉള്ളത് സ്ഥല- സമയത്തിന്റെ വക്രതപോലുള്ള ചില പരിണാമങ്ങള്‍ ശരിക്കും അനന്തമാണെങ്കിലും ഈ പരിണാമങ്ങള്‍ തികച്ചും നിശ്ചിതമായി നിരീക്ഷിക്കുകയും അളക്കുകയും ചെയ്യാവുന്നവയുമാണെന്നും പ്രവചിക്കുന്ന ഒരു സിദ്ധാന്തമാണ്. അനിശ്ചിതത്വ തത്വവും സാമാന്യ ആപേക്ഷിക സിദ്ധാന്തവും സംയോജിപ്പിക്കുന്നതിലുള്ള ഈ പ്രശ്നം കുറച്ചു കാലമായി സംശയിക്കപ്പെട്ടിരിക്കുന്നതാണ് . എന്നാല്‍ 1972 ല്‍ വിശദമായ ഗണനക്രിയകളിലൂടെ അത് അന്തിമമായി സ്ഥിതീകരിക്കപ്പെട്ടു. നാലുവര്‍ഷത്തിനു ശേഷം അതിഗുരുത്വാകര്‍ഷണം എന്ന ഒരു പോം വഴി നിര്‍ദ്ദേശിക്കപ്പെട്ടു. ഗുരുത്വാകര്‍ഷണശക്തി വഹിക്കുന്ന ഗ്രാവിറ്റോണ്‍ എന്ന, ച്രക്രണം 2 ഉള്ള കണികയും ചക്രണം 3/2, 1, 1/2, 0 എന്നിങ്ങനെ ഉള്ള ചില പുതിയ കണികകളുമായി സംയോജിപ്പിക്കുക എന്നതാണ് ഇതിലെ ആശയം. അപ്പോള്‍ ഒരര്‍ത്ഥത്തില്‍ , ഈ കണികകളെല്ലാം ഒരു ‘’ അതികണിക’‘ യുടെ വിവിധ വശങ്ങളായി കണക്കാക്കാവുന്നതാണ്. അങ്ങനെ , ചക്രണം 1/2, 3/2 ഉള്ള ദ്രവ്യകണികകളും ചക്രണം 0, 1, 2, ഉള്ള ബലവാഹക കണികകളും ഏകീകരിക്കാം. ചക്രണം 1/2 ഉം 3/2 ഉം ഉള്ള മായിക കണിക / പ്രതികണിക ജോഡികള്‍ക്ക് ഋണ ഊര്‍ജ്ജം ഉണ്ടായിരിക്കും. അതിനാല്‍ ചക്രണം 2, 1, 0 ഉള്ള മായികജോഡികളുടെ ധന ഊര്‍ജ്ജത്തെ പരസ്പരം റദ്ദാക്കും. ഇത് സാദ്ധ്യതയുള്ള പല അനന്തതകളും റദ്ദാക്കപ്പെടുന്നതിന് കാരണമാകും പക്ഷെ, പിന്നേയും ചില അനന്തതകള്‍ അവശേഷിക്കുമോ എന്ന് അറിയുവാനുള്ള ഗണനക്രിയകള്‍ അതിദീര്‍ഘവും ദുഷ്ക്കരവും ആയതിനാല്‍ ആരും തന്നെ അതൊനൊരുമ്പടാന്‍ തയ്യാറായില്ല . കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടിയാണെങ്കില്‍ പോലും അതിന്, ചുരുങ്ങിയത് നാലുവര്‍ഷം വേണ്ടി വരുന്മെന്ന് കണക്കാക്കപ്പെടുന്നു . തന്നെയുമല്ല അതിനിടയില്‍ ഒരു തെറ്റെങ്കിലും , ഒരു പക്ഷെ, അതിലധികവും , വരുത്താനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് , നമുക്ക് ശരിയായ ഉത്തരം തന്നെയാണ് ലഭിച്ചിരിക്കുന്നതെന്ന് ഉറപ്പു വരുത്തണമെങ്കില്‍ ഈ ഗണനക്രിയകളെല്ലാം മറ്റൊരാള്‍ ആവര്‍ത്തിക്കുകയും അതേ ഉത്തരം തന്നെ ലഭിക്കുകയും വേണം. അതിനുള്ള സാദ്ധ്യത തുലോം വിരളമാണെന്നു തോന്നുന്നു.

ഈ പ്രശ്നങ്ങളും , പുറമെ, അതിഗുരുത്വാകര്‍ഷണ സിദ്ധാന്തങ്ങളിലെ കണികകള്‍ നിരീക്ഷിതമായ കണികകളുമായി പൊരുത്തപ്പെടുന്നില്ല എന്ന വസ്തുതയുമെല്ലാം ഉണ്ടെങ്കിലും അതിഗുരുത്വാകര്‍ഷണം തന്നെയാണ് മിക്കവാറും ഭൗതികശാസ്ത്രത്തിന്റെ ഏകീകരണം എന്ന പ്രശ്ത്തിന് ശരിയായ ഉത്തരം എന്ന് മിക്ക ശാസ്ത്രജ്ഞരും വിശ്വസിച്ചു. ഇതാണ് ഗുരുത്വാകര്‍ഷണത്തെ മറ്റു ശക്തികളുമായി ഏകീകരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം എന്ന തോന്നിച്ചു. എന്നാല്‍ 1984 ല്‍ നൂല്‍ സിദ്ധാന്തങ്ങള്‍ എന്ന് വിളിക്കുന്ന ആശയത്തിനനുകൂലമായി വിസ്മയകരമായ അഭിപ്രായമാ‍റ്റം ഉണ്ടായി. ഈ സിദ്ധാങ്ങളില്‍ അടിസ്ഥാന വസ്തുക്കള്‍ സ്ഥലരാശിയില്‍ ഒരു ബിന്ദുവില്‍ മാത്രം ഒതുങ്ങുന്ന കണികകളല്ല. മറിച്ച് അനന്തമായത്ര കനം കുറഞ്ഞ നൂല്‍ക്കഷണം പോലെ , നീളമൊഴിച്ച് മറ്റൊരു മാനങ്ങളുമില്ലാത്ത വസ്തുക്കളാണ്. ഈ നൂലുകള്‍ അറ്റങ്ങളുള്ളവയാവാം, ( തുറന്ന നൂലുകള്‍ എന്നു വിളിക്കുന്നവ) അല്ലെങ്കില്‍ രണ്ടറ്റവും കൂടീച്ചേര്‍ന്ന് അടഞ്ഞ വളയങ്ങള്‍ പോലെ (അടഞ്ഞ നൂലുകള്‍ ) ആവാം. ( ചിത്രം 10.1, 10 .2 ) ഒരു കണിക സമയത്തിന്റെ ഓരോ നിമിഷത്തിലും സ്ഥലരാശിയില്‍ ഒരു ബിന്ദു കൈയാളുന്നു. അതിനാല്‍, അതിന്റെ ചരിത്രം സ്ഥല- സമയങ്ങളില്‍ ഒരു രേഖ ( ലോക രേഖ) കൊണ്ട് പ്രതിനിധാനം ചെയ്യാവുന്നതാണ്. അതേസമയം . അതിനാല്‍ അതിന്റെ ചരിത്രം സ്ഥല – സമയത്തിലൂടെ ലോകപാളി എന്നു വിളിക്കുന്ന ഒരു ദ്വിമാന തലമാണ്. ( അത്തരമൊരു ലോകപാളിയില്‍ ഏതെങ്കിലുമൊരു ബിന്ദു രണ്ട് സംഖ്യ കൊണ്ട് വിവരിക്കാവുന്നതാന്. ഒന്ന് സമയത്തെ കുറിക്കുന്നതും മറ്റേത് , നൂലില്‍ ബിന്ദുവിന്റെ സ്ഥാനം കുറിക്കുന്നു. ) ഒരു തുറന്ന നൂലിന്റെ ലോകപാളി ഒരു ഒരു പരന്ന തകിട് ആയിരിക്കും അതിന്റെ അറ്റങ്ങള്‍ നൂലിന്റെ അറ്റങ്ങളുടെ സ്ഥല- സമയത്തിലൂടെയുള്ള പാതയെ കുറിക്കുന്നു ( ചിത്രം – 10 .1) ഒരു അടഞ്ഞ നൂലിന്റെ ലോകപാളി ഒരു കുഴലായിരിക്കും. ( ചിത്രം – 10.2 ) കുഴലിന്റെ കുറുകെയുള്ള കഷണം ഒരു വൃത്തമായിരിക്കും ഇത് ഒരു പ്രത്യേക സമയത്തെ നൂലിന്റെ സ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നു.

Generated from archived content: samayam41.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English