സമയത്തിന്റെ അസ്ത്രാകൃതി

പ്രപഞ്ചം അതിന്റെ വലുപ്പം അനേക മടങ്ങ് ഇരട്ടിക്കുന്ന അതിദ്രുതവികാസത്തിലൂടെ ആരംഭിച്ചിരിക്കണം. ഈ വികാസത്തിനിടയില്‍ , സാന്ദ്രതാവ്യതിയാനങ്ങള്‍ വളരെ കുറവായിരിക്കാമെങ്കിലും പിന്നീട് അത് വര്‍ദ്ധിക്കാന്‍ തുടങ്ങിയിരിക്കും. ശരാശരിയില്‍ അല്‍പ്പം കൂടുതല്‍ സാന്ദ്രതയുള്ള പ്രദേശങ്ങളുടെ വികാസം അവയുടെ അധികമുള്ള പിണ്ഡത്തിന്റെ ഗുരുത്വാകര്‍ഷണം മൂലം മന്ദീഭവിക്കും. ഒടുവില്‍, അത്തരം പ്രദേശങ്ങള്‍ വികാസം നിര്‍ത്തി സങ്കോചിക്കാന്‍ തുടങ്ങുകയും , നക്ഷത്രവ്യൂഹങ്ങളും , നക്ഷത്രങ്ങളും , നമ്മേപ്പോലുള്ള ജീവികളും രൂപം കൊള്ളുകയും ചെയ്തിരിക്കണം. പ്രപഞ്ചം ക്രമബദ്ധവും നിരപ്പാര്‍ന്നതായ അവസ്ഥയില്‍ ആരംഭിക്കുകയും സമയം പോകുന്നതിനസുസരിച്ച് ക്രമരഹിതവും കട്ടകൂടിയതും ആയി മാറുകയും ചെയ്തിരിക്കും. ഇത് സമയത്തിന്റെ താപഗതിക അസ്ത്രാകൃതിയുടെ അസ്തിത്വത്തിനുള്ള വിശദീകരണമാകും.

പക്ഷെ, പ്രപഞ്ചം വികാസം നിര്‍ത്തുകയും , സങ്കോചിക്കാന്‍ തുടങ്ങുകയും ചെയ്യുകയാണെങ്കില്‍ എന്തു സംഭവിക്കും ? താപഗതിക അസ്ത്രാകൃതി പിന്നോക്കം തിരിയുകയും സമയത്തിനൊപ്പം ക്രമരാഹിത്യം കുറയുകയും ചെയ്യുമോ? ഇത്, വികാസഘട്ടത്തില്‍ നിന്ന് സങ്കോചഘട്ടത്തിലേക്ക് അതിജീവിക്കുന്ന മനുഷ്യര്‍ക്ക് , ശാസ്ത്രഭാവനയെ വെല്ലുന്ന പല തരത്തിലുള്ള സാദ്ധ്യതകളൊരുക്കുന്നു. അവര്‍ക്ക് പൊട്ടിയ കപ്പുകള്‍ കൂടിച്ചേര്‍ന്ന് മേശപ്പുറത്തേക്ക് തിരിച്ച് ചാടുന്നത് കാണാന്‍ കഴിയുമോ? അവര്‍ക്ക് നാളത്തെ വിലകള്‍ ഓര്‍മ്മിക്കുകയും ഓഹരി വിപണിയില്‍ വന്‍ലാഭം കൊയ്യുകയും ചെയ്യാന്‍ കഴിയുമോ? പ്രപഞ്ചം സങ്കോചിക്കാന്‍ തുടങ്ങുമ്പോള്‍ എന്തു സംഭവിക്കുമെന്ന് വേവലാതിപ്പെടുന്നത് വെറും താത്വികവ്യഥയാണെന്നു തോന്നാം. കാരണം, ചുരുങ്ങിയത് ആയിരം കോടി വര്‍ഷങ്ങള്‍ക്കു ശേഷമേ അത് സങ്കോചിക്കാന്‍ തുടങ്ങുകയൊള്ളു. എന്നാല്‍ , എന്തു സംഭവിക്കുമെന്നു പെട്ടന്നറിയാന്‍ ഒരു മാര്‍ഗമുണ്ട് : ഒരു തമോഗര്‍ത്തത്തിലേക്കു ചാടുക. ഒരു നക്ഷത്രം സങ്കോചിച്ച് തമോഗര്‍ത്തമായി മാറുന്നത് മുഴുവന്‍ പ്രപഞ്ചത്തിന്റെയും അന്തിമഘട്ടത്തില്‍ ക്രമരാഹിത്യം കുറയുമെങ്കില്‍ തമോഗര്‍ത്തത്തിലും അത് കുറയുമെന്ന് പ്രതീക്ഷിക്കാം. അതുകൊണ്ട്, തമോഗര്‍ത്തത്തിലേക്ക് വീണുപോയ ബഹിരാകാശസഞ്ചാരിക്ക് ‘ റൂലറ്റില്‍’ ല്‍ പന്തയം വെക്കുന്നതിനു മുമ്പ് പന്ത് എവിടെപ്പോയി എന്ന് ഓര്‍മ്മിച്ച് , ധാ‍രാളം പണമുണ്ടാക്കാന്‍ കഴിയുമായിരിക്കും. ( പക്ഷെ, നിര്‍ഭാഗ്യവശാല്‍ , അധികനേരം കളിക്കുന്നതിനു മുമ്പുതന്നെ അയാള്‍ സേമിയ കമ്പിപോലെയായിരിക്കും. മാത്രമല്ല, താപഗതിക അസ്ത്രാകൃതിയുടെ ദിശാ മാറ്റത്തെക്കുറിച്ച് നമ്മോട് പറയാനോ, അയാളുടെ സമ്പാദ്യം ബാങ്കിലിടാനോ അയാള്‍‍ക്ക് കഴിയുകയില്ല കാരണം, അയാള്‍ തമോഗര്‍ത്തത്തിന്റെ സംഭവചക്രവാളത്തിനകത്ത് കുടുങ്ങിപ്പോയിട്ടുണ്ടാകും. )

ആദ്യം ഞാന്‍ കരുതിയത് , പ്രപഞ്ചം പുനസങ്കോചിക്കുമ്പോള്‍ ക്രമരാഹിത്യം കുറയുമെന്നാണ്. കാരണം, പ്രപഞ്ചം വീണ്ടും ചെറുതാവുമ്പോള്‍ ക്രമബദ്ധവും നിരപ്പാര്‍ന്നതുമായ അവസ്ഥയിലേക്ക് മടങ്ങുമെന്നാണ്. ഞാന്‍ കരുതിയിരുന്നത്. ഇതിനര്‍ഥം സങ്കോചഘട്ടം വികാസഘട്ടത്തിന്റെ സമയവിപരീതം പോലെയാ‍യിരിക്കുമെന്നാണ്. സങ്കോചഘട്ടത്തിലെ ജനങ്ങള്‍ ജീവിതം പിറകോട്ടായിരിക്കും ജീവിക്കുക: അവര്‍ ജനിക്കുന്നതിനു മുന്‍പ് മരിക്കുകയും പ്രപഞ്ചം സങ്കോചിക്കുന്നതിനനുസരിച്ച് ചെറുപ്പമാകുകയും ചെയ്യും.

ഇത് രസകരമായ ഒരു ആശയമാണ് കാരണം, ഇത് വികാസ സങ്കോചഘട്ടങ്ങള്‍ തമ്മില്‍ നല്ലൊരു സമ്മതി സൂചിപ്പിക്കുന്നു. എന്നിരുന്നാലും , ഇതിനെ പ്രപഞ്ചത്തെ സംബന്ധിച്ച് മറ്റ് ആശയങ്ങളില്‍ നിന്നും വേര്‍പെടുത്തി ഒറ്റക്കെടുക്കാന്‍ കഴിയുകയില്ല. ചോദ്യം ഇതാണ് , ഇത് അതിര്‍ത്തിയില്ല എന്ന അവസ്ഥ ദ്യോതിപ്പിക്കുന്നതാണോ, അതോ ആ അവസ്ഥയുമായി പൊരുത്തപ്പെടാത്തതാണോ? ഞാന്‍ പറഞ്ഞതുപോലെ , അതിര്‍ത്തിയില്ല എന്ന അവസ്ഥ തീര്‍ച്ചയായും സങ്കോചഘട്ടത്തില്‍ ക്രമരാഹിത്യം കുറയുമെന്ന് ദ്യോതിപ്പിക്കുന്നു എന്നാ‍ണ് ഞാന്‍ ആദ്യം കരുതിയത്. ഭൂമിയുടെ ഉപരിതലവുമായുള്ള താരതമ്യം എന്നെ ഭാഗീകമായി വഴി തെറ്റിച്ചു. പ്രപഞ്ചത്തിന്റെ ആരംഭം ഉത്തര ധ്രുവത്തിന് തുല്യമായിട്ടെടുത്താല്‍ പ്രപഞ്ചത്തിന്റെ അന്ത്യം , ദക്ഷിണധ്രുവവും ഉത്തരധ്രുവത്തിന് സമാനമാണ് എന്ന പോലെ ,ആരംഭത്തിന് സമാനമായിരിക്കും. എന്നാല്‍ ഉത്തര‍ധ്രുവവും ദക്ഷിണധ്രുവവും പ്രപഞ്ചത്തിന്റെ ആരംഭത്തിനും അന്ത്യത്തിനും തുല്യമാവുന്നത് കല്‍പ്പിതസമയത്തിലാണ്. യഥാര്‍ത്ഥ സമയത്തിലെ ആദ്യവും അന്ത്യവും പരസ്പരം വളരെ വ്യത്യസ്തമാകുന്നതാണ്.

Generated from archived content: samayam38.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here