സമയത്തിന്റെ അസ്‌ത്രാകൃതി

സമയത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണങ്ങൾ വർഷങ്ങളിലായി എങ്ങനെ മാറിയിരിക്കുന്നു എന്ന്‌ കഴിഞ്ഞ അദ്ധ്യായങ്ങളിൽ നാം കണ്ടുകഴിഞ്ഞു. ഈ നൂറ്റാണ്ടിന്റെ ആദ്യംവരെ ജനങ്ങൾ ഒരു കേവലസമയത്തിൽ വിശ്വസിച്ചു. അതായത്‌, ഓരോ സംഭവവും അനന്യമായ വിധത്തിൽ ‘സമയം’ എന്ന ഒരു സംഖ്യകൊണ്ട്‌ രേഖപ്പെടുത്താവുന്നതാണ്‌. രണ്ട്‌ സംഭവങ്ങൾ തമ്മിലുള്ള ഇടവേള എല്ലാ നല്ല ഘടികാരങ്ങളിലും ഒന്നുതന്നെയായിരിക്കും. എന്നാൽ, പ്രകാശവേഗത എല്ലാ നിരീക്ഷകർക്കും, അയാൾ എങ്ങനെ സഞ്ചരിക്കുകയാണെങ്കിലും ഒന്നുതന്നെയായി കാണപ്പെട്ടു എന്ന കണ്ടുപിടുത്തം ആപേക്ഷിക സിദ്ധാന്തത്തിലേക്ക്‌ വഴിതെളിച്ചു. അതിലാകട്ടെ അനന്യമായ ഒരു കേവലസമയമുണ്ടെന്ന ആശയം നമുക്ക്‌ ഉപേക്ഷിക്കേണ്ടതായും വന്നു. പകരം, ഓരോ നിരീക്ഷകനും അയാളുടെ പക്കലുള്ള ഘടികാരം രേഖപ്പെടുത്തുന്നപോലെ, സമയത്തിന്‌ സ്വന്തമായ അളവ്‌ ഉണ്ടായിരിക്കും. വ്യത്യസ്‌ത നിരീക്ഷകരുടെ പക്കലുള്ള ഘടികാരങ്ങൾ രേഖപ്പെടുത്തുന്ന സമയം ഒത്തുവരണമെന്നില്ല. അങ്ങനെ, സമയം അത്‌ അളക്കുന്ന നിരീക്ഷകനെ ആശ്രയിക്കുന്ന ഒരു വ്യക്തിനിഷ്‌ഠമായ സങ്കൽപമായി മാറി.

ഗുരുത്വാകർഷണവും ഊർജ്ജകണബലതന്ത്രവും സംയോജിപ്പിക്കാൻ ശ്രമിച്ചപ്പോൾ നമുക്ക്‌ ‘കല്‌പിത’ സമയം എന്ന ആശയം അവതരിപ്പിക്കേണ്ടിവന്നു. കല്‌പിത സമയം സ്‌ഥലരാശിയിലെ ദിശകളിൽ നിന്നും വേർതിരിച്ചറിയാൻ കഴിയുകയില്ല. ഒരാൾക്ക്‌ വടക്കോട്ട്‌ പോകാമെങ്കിൽ തിരിഞ്ഞ്‌ തെക്കോട്ടും പോകാം, അതുപോലെതന്നെ ഒരുവന്‌ കല്‌പിത സമയത്തിൽ മുന്നോട്ട്‌ തിരിഞ്ഞ്‌ പിറകോട്ടും പോകാൻ കഴിയണം. ഇതിനർത്ഥം, കല്‌പിത സമയത്തിലെ മുന്നോട്ടും പിറകോട്ടും ഉള്ള ദിശകൾ തമ്മിൽ കാര്യമായ വ്യത്യാസമില്ല എന്നാണ്‌. നേരെ മറിച്ച്‌, യാഥാർത്ഥ സമയത്തിലാണെങ്കിൽ, നമുക്കെല്ലാം, അറിയാവുന്നതുപോലെ, മുന്നോട്ടും പിറകോട്ടും ഉള്ള ദിശകൾ തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്‌. ഭൂതവും ഭാവിയും തമ്മിലുള്ള ഈ വ്യത്യാസം എവിടെ നിന്ന്‌ വന്നു? എന്തുകൊണ്ടാണ്‌ നാം ഭൂതകാലം മാത്രം ഓർമ്മിക്കുകയും ഭാവി ഓർക്കാതിരിക്കുകയും ചെയ്യുന്നത്‌?

ശാസ്‌ത്രനിയമങ്ങൾ ഭൂതവും ഭാവിയും വേറിട്ടു കാണുന്നില്ല, കുറെക്കൂടി കൃത്യമായി പറഞ്ഞാൽ, മുമ്പ്‌ വിശദീകരിച്ചപോലെ സി, പി, ടി (C,P,T,) എന്നിവയുടെ സംയുക്‌ത പ്രവർത്തനത്തിൽ (അഥവാ, സമമിതികളിൽ) ശാസ്‌ത്രനിയമങ്ങൾക്ക്‌ മാറ്റമില്ല. (സി എന്നാൽ കണികകളെ പ്രതികണികകളാക്കുക, പി എന്നാൽ ദർപ്പണ പ്രതിബിംബമെടുക്കുക അതായത്‌ ഇടതും വലതും തമ്മിൽ മാറ്റുക, ടി എന്നാൽ കണികകളുടെ ചലനദിശ മാറ്റുകഃ ഫലത്തിൽ ചലനം പിറകോട്ടാക്കുക എന്നിങ്ങനെയാണ്‌) എല്ലാ സാധാരണ സാഹചര്യങ്ങളിലും സി, പി എന്നിവയുടെ സംയുക്‌ത പ്രവർത്തനത്തിൽ ദ്രവ്യങ്ങളുടെ സ്വഭാവം നിയന്ത്രിക്കുന്ന ശാസ്‌ത്രനിയമങ്ങൾക്ക്‌ മാറ്റമില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദ്രവ്യത്തിനു പകരം പ്രതിദ്രവ്യം കൊണ്ട്‌ സൃഷ്‌ടിക്കപ്പെട്ട, നമ്മുടെ ദർപ്പണ പ്രതിബിംബങ്ങളുമായ, മറ്റൊരു ഗ്രഹത്തിലെ നിവാസികൾക്ക്‌ ജീവിതം ഇതുപോലെ തന്നെയായിരിക്കും.

സി, പി എന്നിവയുടെ സംയുക്‌ത പ്രവർത്തനത്തിലും സി, പി, ടി, എന്നിവയുടെ സംയുക്‌ത പ്രവർത്തനത്തിലും ശാസ്‌ത്രനിയമങ്ങൾക്ക്‌ മാറ്റമില്ലെങ്കിൽ, ടി യുടെ മാത്രം പ്രവർത്തനത്തിലും അവക്ക്‌ മാറ്റമുണ്ടാകാൻ പാടില്ല. പക്ഷെ, നിത്യജീവിതത്തിൽ യഥാർത്ഥ സമയത്തിന്റെ മുന്നോട്ടും പിറകോട്ടും ഉള്ള ദിശകൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്‌. ഒരു കപ്പ്‌ വെള്ളം മേശപ്പുറത്തുനിന്നും നിലത്തുവീണ്‌ പൊട്ടിച്ചിതറുന്നതായി സങ്കല്‌പിക്കുക. ഇത്‌ അഭ്രപാളിയിൽ പകർത്തുകയാണെങ്കിൽ അത്‌ മുന്നോട്ടോടിച്ചാലും പിറകോട്ടോടിച്ചാലും നമുക്കത്‌ എളുപ്പത്തിൽ പറയാൻ കഴിയും. പിറകോട്ട്‌ ഓടിക്കുമ്പോൾ, പെട്ടെന്ന്‌ കഷണങ്ങളെല്ലാം ഒന്നിച്ച്‌ ചേർന്ന്‌, തിരിച്ച്‌ ചാടി, മേശപ്പുറത്ത്‌ ഒരു മുഴുവൻ കപ്പായി മാറുന്നത്‌ കാണാം. അഭ്രപാളി പിറകോട്ട്‌ ഓടിക്കുകയാണെന്ന്‌ നമുക്ക്‌ ഉടൻ പറയാൻ കഴിയും. കാരണം, ഇത്തരമൊരു പ്രകടനം നിത്യജീവിതത്തിൽ കാണാൻ കഴിയുകയില്ല. അങ്ങനെയായിരുന്നുവെങ്കിൽ, കളിമൺപാത്ര വ്യവസായങ്ങളെല്ലാം പൂട്ടിപ്പോകുമായിരുന്നു!

എന്തുകൊണ്ടാണ്‌ നാം പൊട്ടിയ കപ്പുകൾ കൂടിച്ചേർന്ന്‌ മേശപ്പുറത്തേക്ക്‌ തിരിച്ച്‌ ചാടുന്നത്‌ കാണാത്തത്‌ എന്ന ചോദ്യത്തിന്‌ സാധാരണ നല്‌കാറുള്ള വിശദീകരണം, രണ്ടാം താപഗതിക നിയമപ്രകാരം (Second Law of Thermodynamics) അത്‌ നിഷിദ്ധമാണ്‌ എന്നാണ്‌. ഇതനുസരിച്ച്‌ ഒരു അടഞ്ഞ വ്യവസ്‌ഥിതിയിൽ സമയം നീങ്ങുന്നതനുസരിച്ച്‌ ക്രമരാഹിത്യം അഥവാ, എൻട്രോപ്പി (entropy) എല്ലായ്‌പോഴും കൂടിക്കൊണ്ടിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇത്‌ മർഫിയുടെ നിയമ (Murphy’s law) ത്തിന്റെ മറ്റൊരു രൂപമാണ്‌. കാര്യങ്ങൾ എല്ലായ്‌പോഴും തകരാറിലാവാനാണ്‌ സാദ്ധ്യത! മേശപ്പുറത്തുള്ള, ഒരു കേടുമില്ലാത്ത കപ്പ്‌ വളരെ ഉയർന്ന ക്രമമുള്ള അവസ്‌ഥയിലാണ്‌. എന്നാൽ നിലത്ത്‌ പൊട്ടിക്കിടക്കുന്ന കപ്പ്‌ ക്രമരഹിതമായ അവസ്‌ഥയിലാണല്ലോ, നമുക്ക്‌ ഭൂതകാലത്തിലെ മേശപ്പുറത്തുള്ള കപ്പിൽ നിന്നും ഭാവിയിലെ നിലത്തുള്ള പൊട്ടിയ കപിലേക്ക്‌ പോകാം, പക്ഷെ, തിരിച്ച്‌ പറ്റില്ല.

Generated from archived content: samayam36.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here