പ്രപഞ്ചത്തിന്റെ ഉത്‌ഭവവും അന്ത്യഗതിയും

ഇത്‌, കല്‌പിതസമയം എന്ന്‌ പറയുന്നതാണ്‌ വാസ്‌തവത്തിൽ യഥാർത്ഥ സമയം; നാം യഥാർത്ഥ സമയം എന്ന്‌ പറയുന്നത്‌ നമ്മുടെ ഭാവനാവിലാസം മാത്രമാണ്‌ എന്നൊരു സൂചന നൽകിയേക്കാം. യഥാർത്ഥ സമയത്തിൽ, പ്രപഞ്ചം, ശാസ്‌ത്രനിയമങ്ങൾ തകരുകയും സ്‌ഥല-സമയത്തിന്‌ അതിർത്തി സൃഷ്‌ടിക്കുകയും ചെയ്യുന്ന അദ്വീതയാവസ്‌ഥകളിൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. എന്നാൽ, കല്‌പിത സമയത്തിൽ അതിർത്തികളോ അദ്വിതീയാവസ്‌ഥകളോ ഇല്ല. അതിനാൽ. ഒരു പക്ഷെ, കല്‌പിത സമയം എന്ന്‌ പറയുന്നത്‌ കൂടുതൽ അടിസ്‌ഥാനപരമായിരിക്കാം, യഥാർത്ഥ സമയം എന്ന്‌ നാം പറയുന്നത്‌, നാം സങ്കല്‌പിക്കുന്നതുപോലുള്ള പ്രപഞ്ചത്തെ വ്യാഖ്യാനിക്കുന്നതിന്‌ ഒരു സഹായത്തിനുവേണ്ടി നാം ചമച്ച വെറുമൊരു ആശയം മാത്രമായിരിക്കാം. പക്ഷെ, ഞാൻ ഒന്നാം അദ്ധ്യായത്തിൽ വിവരിച്ച സമീപന പ്രകാരം, ഒരു ശാസ്‌ത്രസിദ്ധാന്തം നമ്മുടെ നിരീക്ഷണങ്ങൾ വിവരിക്കുവാൻ നാം ഉണ്ടാക്കിയ ഒരു ഗണിതമാതൃക മാത്രമാണ്‌. അത്‌ നമ്മുടെ മനസ്സിൽ മാത്രമേ നിലനില്‌ക്കുന്നുള്ളു. അതിനാൽ, ഏതാണ്‌ യഥാർത്ഥം, ‘യഥാർത്ഥ’ സമയമോ, കല്‌പിത‘ സമയമോ? എന്ന ചോദ്യം നിരർതഥകമാണ്‌. ഏതാണ്‌ കൂടുതൽ പ്രയോജനപ്രദമായ വിവരണം എന്നതു മാത്രമാണ്‌ ഇവിടെ പ്രസക്തമായ കാര്യം.

പ്രപഞ്ചത്തിന്റെ ഏതെല്ലാം സ്വഭാവവിശേഷങ്ങൾ ഒന്നിച്ച്‌ പ്രകടമാകാൻ സാദ്ധ്യതയുണ്ട്‌ എന്ന്‌ കണ്ടുപിടിക്കുവാനും നമുക്ക്‌ ചരിത്രങ്ങളുടെ തുക, അതിർത്തിയില്ല എന്ന്‌ നിർദ്ദേശത്തോടൊപ്പം ഉപയോഗിക്കാം. ഉദാഹരണത്തിന്‌, നമുക്ക്‌, പ്രപഞ്ചത്തിന്റെ സാന്ദ്രതക്ക്‌ ഇപ്പോഴത്തെ മൂല്യമുള്ളപ്പോൾ അത്‌ വ്യത്യസ്‌ത ദിശകളിൽ ഒരേ സമയത്ത്‌ ഒരേ അളവിൽ വികസിക്കുവാനുള്ള സാദ്ധ്യത കണക്കാക്കാം. ഇതുവരെ പരിശോധിച്ച ലളിതവല്‌ക്കരിക്കപ്പെട്ട മാതൃകകളിൽ ഈ സാദ്ധ്യത ഉയർന്നതായി കാണുന്നു. അതായത്‌, നിർദ്ദിഷ്‌ട അതിർത്തിയില്ല എന്ന അവസ്‌ഥ. പ്രപഞ്ചത്തിന്റെ ഇന്നത്തെ വികാസത്തോത്‌ എല്ലാ ദിശകളിലും മിക്കവാറും ഒന്നുതന്നെയാകാൻ അത്യധികം സാദ്ധ്യതയുണ്ട്‌ എന്ന പ്രവചനത്തിലേക്ക്‌ നയിക്കുന്നു. ഇത്‌ മൈക്രോവേവ്‌ പശ്ചാത്തല വികരിണങ്ങളുടെ തീവ്രത എല്ലാ ദിശകളിലും കൃത്യമായും ഒന്നുതന്നെയാണ്‌ എന്ന നിരീക്ഷണവുമായി ഒത്തുവരുന്നു. പ്രപഞ്ചം ചില ദിശകളിൽ കൂടുതൽ വേഗത്തിൽ വികസിക്കുകയായിരുന്നെങ്കിൽ, ആ ദിശയിലുള്ള വികിരണതീവ്രത ചുവപ്പിലേക്കുള്ള അധിക നീക്കത്തിലൂടെ കുറഞ്ഞതായി കാണാം.

അതിർത്തിയില്ല എന്ന അവസ്‌ഥയുടെ കൂടുതൽ പ്രവചനങ്ങൾ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുകയാണ്‌. പ്രത്യേക താല്‌പര്യമുണർത്തുന്ന ഒരു പ്രശ്‌നം, ആദ്യം നക്ഷത്രവ്യൂഹങ്ങളുടേയും പിന്നീട്‌ നക്ഷത്രങ്ങളുടേയും ഒടുവിൽ നമ്മുടേയും ഉത്ഭവത്തിലേക്ക്‌ നയിച്ച, ആദ്യകാല പ്രപഞ്ചത്തിന്റെ സാന്ദ്രതയിൽ പൂർണ്ണഐകരൂപ്യത്തിൽ നിന്നുള്ള ചെറിയ വ്യതിയാനങ്ങളുടെ അളവാണ്‌. പ്രപഞ്ചം പൂർണ്ണമായും ഐകരൂപ്യമുള്ളതായിരിക്കുകയില്ല എന്നാണ്‌ അനിശ്‌ചിതത്വ സിദ്ധാന്തം സൂചിപ്പിക്കുന്നത്‌ കാരണം. കണികകളുടെ സ്‌ഥാനത്തിലും പ്രവേഗത്തിലും ചില അനിശ്‌ചിതത്വങ്ങൾ അഥവാ വ്യതിചലനങ്ങൾ ഉണ്ടായിരുന്നിരിക്കണം. അതിർത്തിയില്ല എന്ന അവസ്‌ഥ ഉപയോഗിച്ച്‌ പ്രപഞ്ചം യഥാർത്ഥത്തിൽ അനിശ്‌ചിതത്വ സിദ്ധാന്തം അനുവദിക്കുന്ന ഏറ്റവും ചുരുങ്ങിയ ഐകരൂപ്യമില്ലായ്‌മയോടുകൂടി ആരംഭിച്ചിരിക്കണം എന്ന്‌ കാണാം. എന്നിട്ട്‌ പ്രപഞ്ചം ദ്രുതവികാസം മാതൃകയിലേതുപോലെ അതിവേഗത്തിൽ വികസിക്കുന്ന ഒരു കാലഘട്ടത്തിലൂടെ കടന്നുപോയിരുന്നിരിക്കണം. ഈ കാലഘട്ടത്തിൽ ആദ്യത്തെ ഐകരൂപ്യമില്ലായ്‌മകൾ ഗുണീഭവിച്ച്‌ നാം ഇന്നു കാണുന്ന ഘടനകൾ വിശദീകരിക്കുന്ന വിധം വളർന്നിരിക്കണം. ഓരോ സ്‌ഥലത്തും ദ്രവ്യസാന്ദ്രത ചെറിയ തോതിൽ വ്യത്യസ്‌തമായ, വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിൽ, ഗുരുത്വാകർഷണം സാന്ദ്രതയേറിയ പ്രദേശങ്ങളുടെ വികാസം സാവധാനത്തിലാക്കുകയും ഒടുവിൽ സങ്കോചിപ്പിക്കുകയും ചെയ്‌തിരിക്കണം. ഇത്‌ നക്ഷത്രവ്യൂഹങ്ങളുടേയും നക്ഷത്രങ്ങളുടേയും, ഒടുവിൽ, നമ്മേപ്പോലെ അപ്രസക്‌തങ്ങളായ ജീവികളുടെ പോലും ഉത്ഭവത്തിലേക്ക്‌ നയിക്കും. അങ്ങനെ, പ്രപഞ്ചത്തിൽ നാം കാണുന്ന എല്ലാ സങ്കീർണ്ണ ഘടനകളും, പ്രപഞ്ചത്തിന്റെ അതിർത്തിയില്ല എന്ന അവസ്‌ഥയും ഊർജ്ജകണബലതന്ത്രത്തിലെ അനിശ്‌ചിതത്വ സിദ്ധാന്തവും ചേർത്തുകൊണ്ട്‌ വിശദീകരിക്കുവാൻ കഴിയും.

സ്‌ഥലവും സമയും ചേർന്ന്‌ അതിർത്തിയില്ലാത്ത, അടഞ്ഞ ഒരു പ്രതലം സൃഷ്‌ടിക്കാമെന്ന ആശയത്തിന്‌ പ്രപഞ്ചത്തിന്റെ കാര്യങ്ങളിൽ ദൈവത്തിന്റെ പങ്കിനെ സംബന്ധിച്ചിടത്തോളം അഗാധമായ പ്രത്യാഘാതങ്ങളുണ്ട്‌. സംഭവങ്ങൾ വിശദീകരിക്കുന്നതിൽ ശാസ്‌ത്രസിദ്ധാന്തങ്ങൾ വിജയം കൈവരിച്ചതോടെ, ദൈവം പ്രപഞ്ചത്തെ ഒരു കൂട്ടം നിയമങ്ങൾക്കനുസൃതമായി പരിണമിക്കുവാൻ അനുവദിക്കുന്നുവെന്നും ഇടയ്‌ക്കു വെച്ച്‌ പ്രപഞ്ചത്തിൽ ഇടപെട്ട്‌ നിയമങ്ങൾ ലംഘിക്കുന്നില്ലെന്നും മിക്കവരും വിശ്വസിക്കുവാൻ തുടങ്ങി. എന്നിരുന്നാലും, ഈ നിയമങ്ങൾ പ്രപഞ്ചം അതിന്റ ആരംഭത്തിൽ എങ്ങനെയായിരുന്നുവെന്ന്‌ പറയുന്നില്ല. ഈ ഘടികാരം മുറുക്കി, അതിന്‌ എങ്ങനെ ആരംഭം കുറിക്കണമെന്ന്‌ നിശ്ചയിക്കുക എന്നത്‌ ഇപ്പേഴും ദൈവത്തിന്റെ വരുതിയിൽ തന്നെയാണ്‌. പ്രപഞ്ചത്തിന്‌ ഒരു തുടക്കം ഉണ്ടായിരിക്കുന്നിടത്തോളം അതിന്‌ ഒരു സ്രഷ്‌ടാവുണ്ടായിരിക്കുമെന്നു കരുതാം. എന്നാൽ പ്രപഞ്ചം അതിർത്തിയോ അറ്റമോ ഇല്ലാതെ ശരിക്കും പൂർണ്ണമായും സ്വയം സമ്പൂർണ്ണമാണെങ്കിൽ അതിന്‌ ആദ്യമോ അന്ത്യമോ ഉണ്ടായിരിക്കുകയില്ല, അത്‌ വെറുതെ നിലനിലക്കുന്നുവെന്ന്‌ മാത്രം. അങ്ങനെയെങ്കിൽ, സ്രഷ്‌ടാവിനുള്ള സ്‌ഥാനമെന്താണ്‌.?

Generated from archived content: samayam35.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English