പ്രപഞ്ചത്തിന്റെ ഉത്‌ഭവവും അന്ത്യഗതിയും

ഏതൊരു പരമമായ സിദ്ധാന്തത്തിന്റെയും ഭാഗമായിരിക്കണമെന്നു നാം വിശ്വസിക്കുന്ന രണ്ടാമത്തെ സവിശേഷത ഗുരുത്വാകർഷണ മണ്ഡലം പ്രതിനിധാനം ചെയ്യപ്പെടുന്നത്‌ വക്രമായ സ്‌ഥല-സമയത്തിലൂടെയാണ്‌ എന്ന ഐൻസ്‌റ്റീന്റെ ആശയമാണ്‌. കണികകൾ വക്രമായ സ്‌ഥലരാശിയിൽ നേർരേഖക്ക്‌ ഏറ്റവും അടുത്ത പാത പിന്തുടരുവാൻ ശ്രമിക്കുന്നു. എന്നാൽ, സ്‌ഥല-സമയം പരന്നതല്ലാത്തതിനാൽ അവയുടെ പാതകൾ ഗുരുത്വാകർഷണത്താൽ വളക്കപ്പെട്ടപോലെ വക്രമായി കാണപ്പെടും. ഫെയ്‌ൻമേന്റെ ചരിത്രങ്ങളുടെ തുക (sum over histories) ഗുരുത്വാകർഷണത്തെ സംബന്ധിച്ച ഐൻസ്‌റ്റീൻ വീക്ഷ്‌ണത്തിൽ പ്രയോഗിക്കുമ്പോൾ ഒരു കണികയുടെ ചരിത്രത്തിന്റെ അനുരൂപകം (analogue) മുഴുവൻ പ്രപഞ്ചത്തിന്റെയും ചരിത്രത്തെക്കുറിക്കുന്ന ഒരു സമ്പൂർണ്ണ വക്ര സ്‌ഥല-സമയമാവുന്നു. ചരിത്രങ്ങളുടെ തുക ശരിക്കും കണക്കാക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന്‌ ഈ വക്രമായ സ്‌ഥല-സമയങ്ങളെ യൂക്ലിഡിയനായിട്ടെടുക്കേണ്ടിയിരിക്കുന്നു. അതായത്‌, സമയത്തെ കല്‌പിതമായും സ്‌ഥലരാശിയിലെ ദിശകളിൽ നിന്നും വേർതിരിച്ചറിയാൻ കഴിയാത്തതുമായിട്ടെടുക്കേണ്ടിയിരിക്കുന്നു. ചില പ്രത്യേക സ്വഭാവം പ്രകടിപ്പിക്കുന്ന – എല്ലാ ബിന്ദുവിലും എല്ലാ ദിശയിലും ഒരുപോലെ കാണപ്പെടുക എന്നപോലെ- യഥാർത്ഥ സ്‌ഥല-സമയം കണ്ടെത്താനുള്ള സാധ്യത കണക്കാക്കുവാൻ നാം ആ സ്വഭാവമുള്ള എല്ലാ ചരിത്രങ്ങളുമായി ബന്ധപ്പെട്ട തരംഗങ്ങളെല്ലാം തമ്മിൽ കൂട്ടണം.

ക്ലാസ്സിക്കൽ സാമാന്യ ആപേക്ഷികസിദ്ധാന്തത്തിൽ നിരവധി വക്രമായ സ്‌ഥല-സമയങ്ങൾ സാദ്ധ്യമാണ്‌. ഓരോന്നും പ്രപഞ്ചത്തിന്റെ ഓരോ വ്യത്യസ്‌ത പ്രാരംഭാവസ്‌ഥയെ കുറിക്കുന്നു. നമുക്ക്‌ നമ്മുടെ പ്രപഞ്ചത്തിന്റെ പ്രാരംഭാവസ്‌ഥ അറിയാമെങ്കിൽ അതിന്റെ മുഴുവൻ ചരിത്രവും അറിയാൻ കഴിയും. അതുപോലെ, ഗുരുത്വാകർഷണ ഊർജ്ജകണ സിദ്ധാന്തത്തിൽ പ്രപഞ്ചത്തിന്‌ നിരവധി ഊർജ്ജകണ അവസ്‌ഥകൾ (quantum states) സാദ്ധ്യമാണ്‌. വീണ്ടും, ചരിത്രങ്ങളുടെ തുകയിലെ യൂ ക്ലിഡിയൻ വക്ര സ്‌ഥല-സമയങ്ങൾ ആദ്യകാലങ്ങളിൽ എങ്ങനെ പെരുമാറിയിരുന്നുവെന്നറിഞ്ഞാൽ നമുക്ക്‌ പ്രപഞ്ചത്തിന്റെ ഊർജ്ജകണ അവസ്‌ഥ അറിയാൻ കഴിയും.

യഥാർത്ഥ സ്‌ഥല-സമയത്തിന്റെ അടിസ്‌ഥാനത്തിലുള്ള ക്ലാസ്സിക്കൽ സാമാന്യ ആപേക്ഷികസിദ്ധാന്തത്തിൽ പ്രപഞ്ചത്തിന്‌ സാദ്ധ്യമായ സ്വഭാവരീതികൾ രണ്ടെണ്ണം മാത്രമാണ്‌. ഒന്നുകിൽ അത്‌ അനാദ്യന്തമായി നിലനിന്നിരുന്നു. അതല്ലെങ്കിൽ, ഭൂതകാലത്ത്‌ ഒരു നിശ്‌ചിത സമയത്ത്‌ ഒരു അദ്വിതീയാവസ്‌ഥയിലൂടെ ഉത്ഭവിച്ചു. അതേസമയം, ഗുരുത്വാകർഷണ ഊർജ്ജകണ സിദ്ധാന്തത്തിൽ മൂന്നാമതൊരു സാദ്ധ്യതയുയരുന്നു. ഇവിടെ നാം സമയത്തിന്റെ ദിശക്ക്‌ സ്‌ഥലത്തിന്റെ ദിശകൾക്കുള്ള അതേ നിലയുള്ള, യൂക്ലിഡിയൻ സ്‌ഥല-സമയങ്ങൾ ഉപയോഗിക്കുന്നതിനാൽ സ്‌ഥല-സമയം, അതിന്റെ വ്യാപപ്‌തിയിൽ നിശ്ചിതമായിരിക്കെ തന്നെ ഒരു അതിർത്തിയോ അറ്റമോ സൃഷ്‌ടിക്കുന്ന അദ്വിതീയാവസ്‌ഥകൾ ഒന്നും തന്നെ ഇല്ലാതിരിക്കുവാൻ കഴിയും. സ്‌ഥല-സമയം, രണ്ട്‌ മാനങ്ങൾ കൂടിയുള്ള, ഭൂമിയുടെ ഉപരിതലം പോലെയാവും. ഭൂമിയുടെ ഉപരിതലം വ്യാപ്‌തിയിൽ നിശ്ചിതമായിരിക്കുമെങ്കിലും അതിന്‌ ഒരു അതിർത്തിയോ അറ്റമോ ഇല്ലഃ നിങ്ങൾ അസ്‌തമയസൂര്യന്‌ നേരെ യാത്ര ചെയ്യുകയാണെങ്കിൽ ഒരു അറ്റത്തെത്തി വീണുപോവുകയോ, ഒരു അദ്വിതീയാവസ്‌ഥയിൽ ചെന്നുപെടുകയോ ഇല്ല. (ഇതെനിക്കറിയാം, കാരണം, ഞാൻ ലോകം ചുറ്റിയിട്ടുണ്ട്‌.)

യൂക്ലിഡിയൻ സ്‌ഥല-സമയം പിറകോട്ട്‌ അനന്തമായ കല്‌പിത സമയത്തിലേക്ക്‌ നീളുന്നുവെങ്കിൽ, അഥവാ, കല്‌പിത സമയത്തിലെ ഒരു അദ്വിതീയാവസ്‌ഥയിൽ ആരംഭിക്കുന്നുവെങ്കിൽ, ക്ലാസ്സിക്കൽ സിദ്ധാന്തത്തിലുള്ള, പ്രപഞ്ചത്തിന്റെ പ്രാരംഭാവസ്‌ഥ നിർണ്ണയിക്കുക എന്ന അതേ പ്രശ്‌നം ഇവിടെയുമുണ്ട്‌. പ്രപഞ്ചം എങ്ങിനെ ആരംഭിച്ചു എന്ന്‌ ദൈവത്തിന്‌ അറിയാമായിരിക്കാം, എന്നാൽ നമുക്ക്‌, മറ്റു വിധങ്ങളിലല്ലാതെ, ഒരു പ്രത്യേക വിധത്തിൽ ആരംഭിച്ചു എന്ന്‌കരുതുവാൻ പ്രത്യേക കാരണങ്ങളൊന്നുമില്ല. അതേസമയം, ഗുരുത്വാകർഷണ ഊർജ്ജകണ സിദ്ധാന്തം ഒരു പുതിയ സാദ്ധ്യത തുറക്കുന്നു. അതിൽ സ്‌ഥല-സമയത്തിന്‌ അതിർത്തി ഇല്ലാത്തതിനാൽ അതിർത്തിയിലുള്ള സ്വഭാവം, വിശദമാക്കേണ്ട ആവശ്യമില്ല. ശാസ്‌ത്രനിയമങ്ങളെല്ലാം തകരുന്ന അദ്വിതീയാവസ്‌ഥയോ, ദൈവത്തോട്‌ അപേക്ഷിക്കുകയോ, സ്‌ഥല-സമയത്തിന്റെ അതിർത്തി വ്യവസ്‌ഥ നിർണ്ണയിക്കുന്ന പുതിയ നിയമം ഉണ്ടാക്കുകയോ വേണ്ടിവരുന്ന സ്‌ഥല-സമയത്തിന്റെ അതിർത്തിയോ ഉണ്ടായിരിക്കുകയില്ല. നമുക്ക്‌ പറയാം “പ്രപഞ്ചത്തിന്റെ അതിർത്തി വ്യവസ്‌ഥകൾ, അതിന്‌ അതിർത്തിയില്ല എന്നതാണ്‌.” പ്രപഞ്ചം തീർത്തും സ്വയംസമ്പൂർണ്ണമായിരിക്കും; അതിന്‌ പുറത്തുള്ള ഒന്നും തന്നെ അതിനെ ബാധിക്കുകയുമില്ല അത്‌ സൃഷ്‌ടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ഇല്ല. അത്‌ നിലനിൽക്കുന്നു, അത്രതന്നെ.

മുമ്പ്‌ പറഞ്ഞ വത്തിക്കാനിലെ സമ്മേളനത്തിലാണ്‌ ഞാൻ ആദ്യമായി സ്‌ഥലവും സമയവും ചേർന്ന്‌, ഒരു പക്ഷെ നിശ്‌ചിത വലുപ്പമുള്ള, എന്നാൽ, അതിർത്തിയോ, അറ്റമോ ഇല്ലാത്ത ഒരു പ്രതലം സൃഷ്‌ടിക്കാമെന്ന നിർദ്ദേശം മുന്നോട്ട്‌ വെച്ചത്‌ എന്നാൽ, എന്റെ പ്രബന്ധം തീർത്തും ഗണിതപരമായിരുന്നതിനാൽ, ഈ നിർദ്ദേശത്തിന്‌, പ്രപഞ്ചസൃഷ്‌ടിയിൽ ദൈവത്തിന്റെ പങ്കിലുള്ള പ്രത്യാഘാതങ്ങൾ പൊതുവെ മനസ്സിലാക്കപ്പെട്ടിരുന്നില്ല (അത്‌ എനിക്ക്‌ നന്നായി). വത്തിക്കാൻ സമ്മേളനത്തിന്റെ കാലത്ത്‌, “അതിർത്തിയില്ല” എന്ന ആശയം പ്രപഞ്ചത്തെപ്പറ്റി പ്രവചിക്കുന്നതിന്‌ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന്‌ എനിക്ക്‌ അറിയാമായിരുന്നില്ല. അടുത്ത വേനൽക്കാലം ഞാൻ സാന്റ ബാർബറയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ ചിലവഴിച്ചു. അവിടെ എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ജിം ഹാർട്ടിലും (Jim hartle) ഞാനും കൂടി സ്‌ഥല-സമയത്തിന്‌ അതിർത്തിയില്ലെങ്കിൽ പ്രപഞ്ചം പാലിക്കേണ്ട വ്യവസ്‌ഥകൾ എന്തൊക്കെയാണെന്ന്‌ കണക്കാക്കി കാംബ്രിഡ്‌ജിൽ തിരിച്ചെത്തിയപ്പോൾ എന്റെ ഗവേഷണ വിദ്യാർത്ഥികളായ ജൂലിയൻ ലുട്രലും (Julian Luttrel) ജൊനാതൻ ഹാലിവേലു (Jonathan Hallivell) മൊത്ത്‌ ഈ പഠനം തുടർന്നു.

Generated from archived content: samayam33.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here