പ്രപഞ്ചത്തിന്റെ ഉത്‌ഭവവും അന്ത്യഗതിയും

ഇത്തരത്തിൽ, ദ്രവ്യത്തിന്റെ ഗുരുത്വാകർഷണം വികാസത്തെ മന്ദീഭവിപ്പിക്കുന്നതിനു പകരം, പ്രപഞ്ച സംഖ്യ ത്വരിതപ്പെടുത്തുന്ന ഒരു പ്രപഞ്ചത്തിൽ, അതിന്റെ പ്രാരംഭഘട്ടത്തിൽ, പ്രകാശത്തിന്‌, ഒരു പ്രദേശത്ത്‌ നിന്ന്‌ മറ്റൊന്നിലേക്ക്‌ സഞ്ചരിക്കുവാൻ വേണ്ട സമയമുണ്ടായിരിക്കും. ഇത്‌ മുമ്പുന്നയിച്ച, ആദ്യകാല പ്രപഞ്ചത്തിൽ വിവിധ പ്രദേശങ്ങൾ എന്തുകൊണ്ട്‌ ഓരേ സ്വഭാവം പ്രകടിപ്പിക്കുന്നു എന്ന പ്രശ്‌നത്തിന്‌ ഉത്തരം നല്‌കുന്നു. മാത്രമല്ല, പ്രപഞ്ചത്തിന്റെ വികാസത്തിന്റെ തോത്‌, അതിന്റെ ഊർജ്ജ സാന്ദ്രതയ്‌ക്കനുസരിച്ച്‌ സ്വയമേ നിർണ്ണായക തോതിന്റെ വളരെ അടുത്തായി വരും. അങ്ങനെ ഇത്‌ പ്രപഞ്ചത്തിന്റെ പ്രാരംഭ വികാസതോത്‌ അതീവ ശ്രദ്ധയോടെ കൃത്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കണം എന്ന്‌ അനുമാനിക്കേണ്ട ആവശ്യമില്ലാതെ തന്നെ, വികാസതോത്‌ ഇപ്പോഴും എന്തുകൊണ്ട്‌ നിർണ്ണായക തോതിന്‌ വളരെ അടുത്തായി നില്‌ക്കുന്നുവെന്ന്‌ വിശദീകരിക്കുന്നു.

ദ്രുതവികാസം (inflation) എന്ന ആശയത്തിന്‌ പ്രപഞ്ചത്തിൽ ഇത്രയധികം ദ്രവ്യമുണ്ടായതെങ്ങനെ എന്ന്‌ വിശദീകരിക്കുവാനും കഴിയും. നമുക്ക്‌ ദൃശ്യമായ പ്രപഞ്ചമേഖലയിൽ ഏകദേശം 10 കോടി കോടി കോടി കോടി കോടി കോടി കോടി കോടി കോടി കോടി കോടി (ഒന്നിനുശേഷം 80 പൂജ്യങ്ങൾ) കണികകളുണ്ട്‌. ഇവയെല്ലാം എവിടെ നിന്നു വന്നു? ഇതിനുത്തരം, ഊർജ്ജകണ സിദ്ധാന്തത്തിൽ (quantum theory), ഊർജ്ജത്തിൽ നിന്നു കണിക പ്രതികണിക ജോഡികളുടെ രൂപത്തിൽ കണികകളെ സൃഷ്‌ടിക്കുവാൻ കഴിയും എന്നാണ്‌. പക്ഷെ, അത്‌, ഈ ഊർജ്ജം എവിടെ നിന്നു വരുന്നു എന്ന ചോദ്യമുയർത്തുന്നു ഇതിനുത്തരം, പ്രപഞ്ചത്തിലെ ഊർജ്ജത്തിന്റെ ആകെ തുക കൃത്യം പൂജ്യമാണ്‌ എന്നാണ്‌. പ്രപഞ്ചത്തിലെ ദ്രവ്യം ധന ഊർജ്ജംകൊണ്ട്‌ ഉണ്ടാക്കിയതാണ്‌. എന്നാൽ, ദ്രവ്യം ഗുരുത്വാകർഷണത്താൽ സ്വയം ആകർഷിക്കുന്നു. വളരെ അടുത്തുള്ള രണ്ട്‌ കഷ്‌ണം ദ്രവ്യത്തിന്‌ അവ വളരെ അകന്നിരിക്കുമ്പോഴത്തേക്കാൾ കുറഞ്ഞ ഊർജ്ജമേ ഉണ്ടായിരിക്കുകയുള്ളു. കാരണം, അവയെ അടുപ്പിക്കുന്ന ഗുരുത്വാകർഷണത്തിനെതിരായി വേർപെടുത്തുന്നതിന്‌ ഊർജ്ജം ചിലവഴിക്കേണ്ടിയിരിക്കുന്നു. അങ്ങനെ, ഒരർത്ഥത്തിൽ, ഗുരുത്വാകർഷണ മണ്ഡലത്തിന്‌ ഋണ ഊർജ്ജമുണ്ട്‌. സ്‌ഥലരാശിയിൽ ഏതാണ്ട്‌ ഐകരൂപ്യമുള്ള ഒരു പ്രപഞ്ചത്തിന്റെ കാര്യത്തിൽ, ഈ ഋണ ഗുരുത്വാകർഷണ ഊർജ്ജം ദ്രവ്യം പ്രതിനിധാനം ചെയ്യുന്ന ധന ഊർജ്ജത്തെ കൃത്യമായി റദ്ദു ചെയ്യുന്നു. അതിനാൽ പ്രപഞ്ചത്തിലെ ഊർജ്ജത്തിന്റെ ആകെ തുക പൂജ്യമാണ്‌.

അപ്പോൾ, പൂജ്യത്തിന്റെ ഇരട്ടിയും പൂജ്യം തന്നെ. അതിനാൽ, ഊർജ്ജ സംരക്ഷണം ലംഘിക്കാതെ തന്നെ പ്രപഞ്ചത്തിന്‌ ധന ദ്രവ്യ ഊർജ്ജവും ഋണ ഗുരുത്വാകർഷണ ഊർജ്ജവും ഇരട്ടിക്കുവാൻ കഴിയും. പ്രപഞ്ചത്തിന്റെ സാധാരണ വികാസത്തിൽ ഇത്‌ സംഭവിക്കുന്നില്ല, കാരണം, പ്രപഞ്ചം വലുതാവും തോറും അതിന്റെ ദ്രവ്യ ഊർജ്ജ സാന്ദ്രത കുറയുന്നു. എന്നാൽ, ദ്രുത വികാസത്തിൽ ഇത്‌ സംഭവിക്കും, കാരണം അതിശീതികൃതാവസ്‌ഥയിൽ (Super cooled state) പ്രപഞ്ചം വികസിക്കുമ്പോഴും ഊർജ്ജ സാന്ദ്രത സ്‌ഥിരമായി നില്‌ക്കും. പ്രപഞ്ചത്തിന്റെ വലുപ്പം ഇരട്ടിക്കുമ്പോൾ ധന ദ്രവ്യ ഊർജ്ജവും ഋണ ഗുരുത്വാകർഷണ ഊർജ്ജവും ഇരട്ടിക്കുന്നു. അതിനാൽ, ആകെ ഊർജ്ജം പൂജ്യമായിത്തന്നെ നില്‌ക്കുന്നു. ദ്രുത വികാസഘട്ടത്തിൽ പ്രപഞ്ചത്തിന്റെ വലുപ്പം വളരെ വലിയ അളവിൽ വർദ്ധിക്കുന്നു. അതിനാൽ, കണികകളുണ്ടാക്കുന്നതിനായി ലഭ്യമായ മൊത്തം ഊർജ്ജത്തിന്റെ അളവ്‌ വളരെ അധികമാവുന്നു. ഗുത്ത്‌ പറഞ്ഞ പോലെ “സൗജന്യ ഭക്ഷണമെന്നൊന്നില്ലെന്ന്‌ പൊതുവെ പറയപ്പെടുന്നു. എന്നാൽ, പരമമായ സൗജന്യ ഭക്ഷണം പ്രപഞ്ചം തന്നെയാണ്‌.”

ഇന്ന്‌ പ്രപഞ്ചം ദ്രുതവികാസ രീതിയിൽ വികസിക്കുന്നില്ല. അപ്പോൾ മിച്ചമുള്ള വലിയ പ്രപഞ്ച സംഖ്യയെ ഇല്ലാതാക്കാനും അങ്ങനെ ത്വരിതപ്പെട്ടുകൊണ്ടിരിക്കുന്ന വികാസതോത്‌ ഇന്നത്തെപ്പോലെ ഗുരുത്വാകർഷണം മന്ദീഭവിപ്പിച്ചുകൊണ്ടിരിക്കുന്നതായി മാറ്റുവാൻ എന്തെങ്കിലും ഒരു സംവിധാനമുണ്ടായിരിക്കണം. അതിശീതികൃത ജലം ഒടുവിൽ നിശ്‌ചയമായും കട്ടയാവുന്നതിനുപോലെ, ദ്രുത വികാസത്തിൽ, അന്തിമമായി ശക്തികൾ തമ്മിലുള്ള സമമിതി തകർക്കപ്പെടും എന്ന്‌ പ്രതീക്ഷിക്കാം. സമമിതി തകർക്കപ്പെടാത്ത അവസ്‌ഥയിലുണ്ടായിരുന്ന അധിക ഊർജ്ജം അപ്പോൾ പുറത്തവിടപ്പെടുകയും, അത്‌ പ്രപഞ്ചത്തെ, ശക്‌തികൾ തമമിലുളള സമമിതിക്കു വേണ്ട നിർണ്ണായക ഊഷ്‌മാവിന്‌ തൊട്ടു താഴെയുള്ള താപനിലയിലേക്ക്‌ ഉയർത്തുകയും ചെയ്യും. പ്രപഞ്ചം പിന്നെ തപ്‌ത മഹാസ്‌ഫോടന മാതൃകപോലെ വികാസം തുടരുകയും തണുക്കുകയും ചെയ്യും. പക്ഷെ, പ്രപഞ്ചം എന്തുകൊണ്ടാണ്‌ കൃത്യമായും നിർണ്ണായക അളവിൽ വികസിക്കുന്നതെന്നും വ്യത്യസ്‌ത പ്രദേശങ്ങൾക്ക്‌ ഒരേ ഊഷ്‌മാവുള്ളതെന്തുകൊണ്ട്‌ എന്നീ ചോദ്യങ്ങൾക്ക്‌ ഇവിടെ വിശദീകരണം ലഭിക്കുന്നു.

Generated from archived content: samayam30.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English