മൂന്ന്‌

അനന്തസുസ്ഥിരപ്രപഞ്ചത്തിന്‌ തടസ്സവാദം ഉന്നയിച്ചത്‌ 1823-ൽ ഈ സിദ്ധാന്തത്തെക്കുറിച്ചെഴുതിയ ജർമ്മൻ തത്വചിന്തകൻ ഹെന്റിഷ്‌ ഓൽബേർസ്‌ ആണെന്ന്‌ കരുതപ്പെടുന്നു. എന്നാൽ, വാസ്‌തവത്തിൽ ന്യൂട്ടന്റെ പല സമകാലികർ തന്നെ ഈ പ്രശ്‌നം ഉന്നയിച്ചിരുന്നു. മാത്രമല്ല, ഈ സിദ്ധാന്തത്തിനെതിരായി പ്രസക്‌തമായ വാദമുഖങ്ങളുയർത്തിയ ആദ്യ ലേഖനവുമായിരുന്നില്ല ഓൽബേർസിന്റേത്‌. എങ്കിലും പരക്കെ ശ്രദ്ധിക്കപ്പെട്ടത്‌ ആ കൃതിയായിരുന്നുവെന്നു മാത്രം. അനന്തവും സ്ഥിരവുമായ പ്രപഞ്ചത്തെക്കുറിച്ചുളള ഒരു പ്രശ്‌നം, എല്ലാ ദൃഷ്‌ടി രേഖയും ഏതെങ്കിലും ഒരു നക്ഷത്രത്തിന്റെ ഉപരിതലത്തിൽ ചെന്നെത്തുമെന്നതാണ്‌. അങ്ങനെയെങ്കിൽ ആകാശം മുഴുവൻ രാത്രിയിൽ പോലും സൂര്യനെപോലെ തിളങ്ങിക്കൊണ്ടിരിക്കും എന്ന്‌ സമ്മതിക്കേണ്ടിവരും. ഇതിന്‌ ഓൽബേർസിന്റെ എതിർവാദം അതിവിദൂരമായ നക്ഷത്രങ്ങളിൽ നിന്നുളള വെളിച്ചം ഇടയിലുളള പദാർത്ഥങ്ങൾ ആഗിരണം ചെയ്‌ത്‌ നേർത്തു വരുമെന്നതാണ്‌. എന്നാൽ അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഈ വസ്‌തുക്കളും ഒടുവിൽ ചൂട്‌ പിടിച്ച്‌ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുവാൻ തുടങ്ങും. രാത്രിയിൽ ആകാശം മുഴുവൻ സൂര്യനെപ്പോലെ തിളങ്ങും എന്ന അബദ്ധ നിഗമനം ഒഴിവാക്കാനുളള ഒരേ ഒരു മാർഗ്ഗം നക്ഷത്രങ്ങൾ എല്ലാക്കാലവും ഒരുപോലെ പ്രകാശിച്ചുകൊണ്ടിരിക്കുകയായിരുന്നില്ല, മറിച്ച്‌ ഭൂതകാലത്തിലെപ്പഴോ ഒരു ക്ലിപ്‌ത സമയത്ത്‌ പ്രകാശിക്കാൻ തുടങ്ങി എന്നു കരുതുകയാണ്‌. അങ്ങനെയാവുമ്പോൾ ചൂട്‌ ആഗിരണം ചെയ്യുന്ന വസ്‌തുക്കൾ ഇതുവരെ ചൂടുപിടിച്ചിട്ടില്ലായിരിക്കാം, അല്ലെങ്കിൽ അതിവിദൂരതയിലുളള നക്ഷത്രങ്ങളിൽ നിന്നുളള പ്രകാശം ഇവിടെയെത്തിയിട്ടില്ലായിരിക്കാം. അപ്പോൾ ഈ നക്ഷത്രങ്ങൾ പെട്ടെന്ന്‌ ഒരു സുപ്രഭാതത്തിൽ എങ്ങനെ പ്രകാശിക്കാൻ തുടങ്ങി എന്ന ചോദ്യമുയരുന്നു.

ഇതിനെത്രയോ മുമ്പുതന്നെ പ്രപഞ്ചത്തിന്റെ ഉത്ഭവം ചർച്ച ചെയ്യപ്പെട്ടിരുന്നു. പല ആദ്യകാല പ്രപഞ്ചസിദ്ധാന്തങ്ങളും ജൂത, ക്രൈസ്‌തവ, മുസ്ലീം ഐതിഹ്യങ്ങളുമെല്ലാം പ്രകാരം പ്രപഞ്ചം ഭൂതകാലത്തിൽ അതിവിദൂരമല്ലാത്ത ഒരു ക്ലിപ്‌ത സമയസന്ധിയിൽ ഉത്ഭവിച്ചു. ഇത്തരം ഒരു ഉത്ഭവത്തിന്‌ നിരത്തുന്ന ഒരു വാദം പ്രപഞ്ചത്തിന്റെ ഉത്ഭവം വിശദീകരിക്കുന്നതിന്‌ ഒരു ‘പ്രഥമകാരണം’ വേണമെന്നുളള തോന്നലാണ്‌. (പ്രപഞ്ചത്തിനകത്ത്‌ നാം എല്ലായ്‌പ്പോഴും ഒരു സംഭവത്തെ വിശദീകരിക്കുന്നത്‌ മുമ്പുനടന്ന മറ്റൊരു സംഭവത്തിന്റെ അനന്തരഫലമായാണ്‌. അതുപോലെ പ്രപഞ്ചത്തിന്റെ ഉത്ഭവം വിശദീകരിക്കണമെങ്കിൽ അതിനൊരു ഉത്ഭവം കൂടിയേ കഴിയൂ). മറ്റൊരു വാദം ഉന്നയിച്ചത്‌ സെന്റ്‌ അഗസ്‌റ്റിൻ അദ്ദേഹത്തിന്റെ ‘ദൈവത്തിന്റെ നഗരം’ (The City of God) എന്ന പുസ്‌തകത്തിലാണ്‌. മനുഷ്യസംസ്‌കാരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഒരു മഹത്‌ പ്രവൃത്തി ഇന്നയാൾ ചെയ്‌തു, അല്ലെങ്കിൽ ഒരു പ്രത്യേക സാങ്കേതിക വിദ്യ മറ്റൊരാൾ കണ്ടുപിടിച്ചു എന്ന്‌ നമുക്ക്‌ ഓർക്കാൻ കഴിയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട്‌ മനുഷ്യനും ഒരുപക്ഷെ പ്രപഞ്ചം മുഴുവൻ തന്നെയും നാം വിചാരിക്കുന്നപോലെയത്ര കാലം നിലനിന്നിരിക്കണമെന്നില്ല. ‘ഉൽപ്പത്തി പുസ്‌തക’ത്തിൽ പറഞ്ഞിട്ടുളള പ്രകാരം പ്രപഞ്ചസൃഷ്‌ടി ഏകദേശം 5000 ബി.സി.യ്‌ക്കടുത്താണെന്ന്‌ അദ്ദേഹം അംഗീകരിക്കുന്നു. (ഇത്‌ മനുഷ്യസംസ്‌കാരം തുടങ്ങി എന്ന്‌ പുരാവസ്‌തു ശാസ്‌ത്രജ്ഞഞ്ഞർ പറയുന്ന ഏറ്റവും ഒടുവിലത്തെ ഹിമയുഗത്തിന്റെ അന്ത്യമായ 10,000 ബി.സി.യുമായി വലിയ വ്യത്യാസമില്ലെന്നത്‌ രസകരമായി തോന്നാം.)

അതേസമയം അരിസ്‌റ്റോട്ടിലും മറ്റു മിക്ക ഗ്രീക്ക്‌ ചിന്തകരും സൃഷ്‌ടി എന്ന ആശയത്തോട്‌ യോജിച്ചില്ല. കാരണം അത്‌ അതിരു കടന്ന ദൈവീക ഇടപെടലായി അവർ കരുതി. അതുകൊണ്ട്‌ മനുഷ്യരാശിയും അതിനു ചുറ്റുമുളള ലോകവും എക്കാലത്തും നിലനിന്നിരുന്നുവെന്നും ഇനിയും നിലനിൽക്കുമെന്നും അവർ വിശ്വസിച്ചു. പൗരാണികർ നേരത്തെതന്നെ മുമ്പു പറഞ്ഞ പുരോഗതി എന്ന വാദത്തെപ്പറ്റി ചിന്തിക്കുകയും അതിനു മറുപടിയായി കൂടെക്കൂടെ പ്രളയം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ മനുഷ്യരാശിയെ അതിന്റെ തുടക്കത്തിലെ അവസ്ഥയിലേക്ക്‌ തിരിച്ചെത്തിച്ചിരുന്നുവെന്ന്‌ വാദിക്കുകയും ചെയ്‌തിരുന്നു. പ്രപഞ്ചത്തിന്‌ സ്ഥലകാല പരിമിതികളുണ്ടോ എന്ന ചോദ്യം, ഇമ്മാനുവേൽ കാന്റ്‌ എന്ന ചിന്തകൻ തന്റെ “ക്രിട്ടിക്‌ ഓഫ്‌ പ്യൂർ റീസൺ” എന്ന മഹത്തായ ഗ്രന്ഥത്തിൽ കൂലംകഷമായി പഠനവിധേയമാക്കി. ഈ ചോദ്യങ്ങളെ അദ്ദേഹം യുക്‌തിപരമായ വിരോധാഭാസങ്ങൾ എന്നു വിളിച്ചു. കാരണം ഈ ചോദ്യങ്ങൾക്ക്‌ അനുകൂലമായും പ്രതികൂലമായും, അതായത്‌ പ്രപഞ്ചത്തിന്‌ ഒരു ഉത്ഭവമുണ്ടായിരുന്നുവെന്നും അല്ല അത്‌ എക്കാലത്തും ഉണ്ടായിരുന്നുവെന്നും ഒരുപോലെ സ്വീകാര്യമായവിധത്തിൽ വാദിക്കാമെന്നദ്ദേഹം കരുതി. അനുകൂലമായി അദ്ദേഹം ഇങ്ങനെ വാദിച്ചുഃ പ്രപഞ്ചത്തിന്‌ ഒരു ആരംഭം ഉണ്ടായിരുന്നില്ലെങ്കിൽ ഓരോ സംഭവങ്ങൾക്ക്‌ മുമ്പും അനന്തമായ സമയമുണ്ടായിരിക്കും. ഇത്‌ അസംബന്ധമായി അദ്ദേഹം കരുതി. ഇതിന്‌ വിരുദ്ധമായ വാദം, പ്രപഞ്ചത്തിന്‌ ഒരു തുടക്കമുണ്ടെങ്കിൽ അതിനുമുന്നിൽ അനന്തമായ സമയമുണ്ട്‌. പിന്നെ എന്തുകൊണ്ടാണ്‌ അത്‌ ഒരു പ്രത്യേക സമയത്ത്‌ ഉത്ഭവിച്ചത്‌? യഥാർത്ഥത്തിൽ രണ്ടിനും അദ്ദേഹം ഒരു വാദം തന്നെയാണ്‌ മുന്നോട്ട്‌ വെക്കുന്നത്‌. രണ്ടു വാദങ്ങളും, പ്രപഞ്ചം അനന്തമായി നിലനിൽക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും സമയം അനാദ്യന്തമായി തുടരുന്നു എന്ന അദ്ദേഹത്തിന്റെ മനസ്സിൽ ഒളിഞ്ഞുകിടക്കുന്ന അനുമാനത്തെ അടിസ്ഥാനപ്പെടുത്തിയുളളതാണ്‌. പ്രപഞ്ചത്തിന്റെ ഉത്ഭവത്തിനുമുമ്പ്‌ അഥവാ പ്രപഞ്ചമില്ലാത്ത ഒരവസ്ഥയിൽ സമയം എന്ന ആശയത്തിന്‌ ഒരു അർത്ഥവുമില്ലെന്ന്‌ നമുക്ക്‌ കാണാം. ഇത്‌ ആദ്യമായി ചൂണ്ടിക്കാണിച്ചത്‌ സെന്റ്‌ അഗസ്‌റ്റിനാണ്‌. ‘പ്രപഞ്ചം സൃഷ്‌ടിക്കുന്നതിനുമുമ്പ്‌ ദൈവം എന്ത്‌ ചെയ്യുകയായിരുന്നു?’ എന്നു ചോദിച്ചപ്പോൾ അദ്ദേഹം മിണ്ടിയില്ല. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവർക്ക്‌ നരകം ഒരുക്കുകയായിരുന്നു അദ്ദേഹം. എന്നിട്ട്‌ പറഞ്ഞു. ‘സമയം ദൈവം സൃഷ്‌ടിച്ച പ്രപഞ്ചത്തിന്റെ ഒരു സവിശേഷത മാത്രമാണ്‌ പ്രപഞ്ചത്തിന്റെ ആരംഭത്തിനുമുമ്പ്‌ സമയം ഉണ്ടായിരുന്നില്ല.’

മനുഷ്യൻ പൊതുവെ സ്ഥിരവും മാറ്റമില്ലാത്തതുമായ പ്രപഞ്ചത്തിൽ വിശ്വസിക്കുമ്പോൾ പ്രപഞ്ചത്തിന്‌ ഒരു ഉത്ഭവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യം ഉയർത്തുന്നത്‌ ആത്മീയവാദമോ, ദൈവശാസ്‌ത്രമോ ഒക്കെയാണ്‌. പ്രപഞ്ചം അനന്തമായി നിലനിൽക്കുന്നു, അല്ല, അങ്ങനെ തോന്നുമാറ്‌ ഒരു പ്രത്യേക സമയത്ത്‌ സൃഷ്‌ടിക്കപ്പെട്ടു എന്നീ രണ്ടു സിദ്ധാന്തങ്ങളും നാം ചുറ്റും കാണുന്ന വസ്‌തുതകൾ വിശദീകരിക്കുവാൻ ഒരുപോലെ സമർത്ഥമാണ്‌. അങ്ങനെയിരിക്കെ 1929-ൽ എഡ്‌വിൻ ഹബ്‌ൾ വിപ്ലവാത്മകമായ ഒരു കണ്ടുപിടുത്തം നടത്തി. നാം എവിടെ നോക്കിയാലും അതിവിദൂരമായ നക്ഷത്രസമൂഹങ്ങൾ നമ്മിൽനിന്ന്‌ അകന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്‌. മറ്റൊരുവിധത്തിൽ പറഞ്ഞാൽ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഇതിനർത്ഥം മുൻകാലങ്ങളിൽ എല്ലാ വസ്‌തുക്കളും കൂടുതൽ അടുത്തായിരുന്നു സ്ഥിതിചെയ്‌തിരുന്നത്‌ എന്നാണല്ലോ. വാസ്‌തവത്തിൽ ആയിരമോ രണ്ടായിരമോ കോടി വർഷങ്ങൾക്കുമുമ്പ്‌ പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളും ഒരു സ്ഥലത്ത്‌ ചേർന്നിരുന്ന്‌, അങ്ങനെ പ്രപഞ്ചത്തിന്റെ സാന്ദ്രത അനന്തമായി ഉയർന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നു വിശ്വസിക്കാൻ വിഷമമില്ല. ഈ കണ്ടുപിടുത്തമാണ്‌ ഒടുവിൽ പ്രപഞ്ചത്തിന്റെ ഉത്ഭവം എന്നൊന്നുണ്ടോ എന്ന സമസ്യ ശാസ്‌ത്രത്തിന്റെ ലോകത്തേയ്‌ക്ക്‌ കൊണ്ടുവന്നത്‌.

Generated from archived content: samayam3.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English