പ്രപഞ്ചത്തിന്റെ ഉത്‌ഭവവും അന്ത്യഗതിയും

നിരവധി വ്യത്യസ്‌ത പ്രാരംഭ ക്രമവിന്യാസങ്ങളുടെ പരിണാമം ഫലമാണ്‌ ഇന്ന്‌ നാം കാണുന്ന തരത്തിലുള പ്രപഞ്ചം എന്ന്‌ തെളിയിക്കുവാൻ കഴിഞ്ഞാൽ നമുക്ക്‌ ആന്ത്രോപിക്‌ തത്വത്തെക്കുറിച്ച്‌, ചുരുങ്ങിയത്‌ അതിന്റെ ദുർബ്ബല വകഭേദത്തെക്കുറിച്ചെങ്കിലും, ആഹ്ലാദിക്കാൻ വകയുണ്ട്‌. ഇങ്ങനെയാണെങ്കിൽ, തീർത്തും അവ്യവസ്‌ഥിതവും ആകസ്‌മികവുമായ പ്രാരംഭാവസ്‌ഥകളിൽ നിന്നും വികാസം പ്രാപിച്ച പ്രപഞ്ചത്തിൽ ഐക്യരൂപ്യമുള്ളതും, വിശേഷബുദ്ധിയുള്ള ജീവന്റെ വികാസത്തിനു യോജിച്ചതുമായ നിരവധി പ്രദേശങ്ങളുണ്ടായിരിക്കേണ്ടതാണ്‌. നേരെ മറിച്ച്‌, നാം ചുറ്റും കാണുന്ന പോലുള്ള ഒരു അവസ്‌ഥയിലേക്ക്‌ വഴിതെളിക്കുന്ന വിധം പ്രപഞ്ചത്തിന്റെ പ്രാരമഭാവസ്‌ഥ അതീവ ശ്രദ്ധയോടെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നുവെങ്കിൽ പ്രപഞ്ചത്തിൽ ജീവൻ പ്രത്യക്ഷപ്പെടാവുന്ന മറ്റേതെങ്കിലും ഒരു പ്രദേശം ഉണ്ടാവാൻ യാതൊരു സാദ്ധ്യതയുമില്ല. മുമ്പ്‌ വിവരിച്ച തപ്‌ത മഹാസ്‌ഫോടനമാതൃക (hot big bang model)യിൽ, ആദ്യകാല പ്രപഞ്ചത്തിൽ താപത്തിന്‌ ഒരു പ്രദേശത്തിൽ നിന്ന്‌ മറ്റൊരു പ്രദേശത്തിലേക്കൊഴുകാൻ വേണ്ടത്ര സമയമില്ല. ഇതിനർത്ഥം, പ്രപഞ്ചത്തിന്റെ പ്രാരംഭാവസ്‌ഥയിൽ നാം വീക്ഷിക്കുന്ന എല്ലാ ദിശയിലും മൈക്രോതരംഗ പാശ്ചാത്തലത്തിന്‌ ഒരേ ഊഷ്‌മാവാണുള്ളതെന്ന വസ്‌തുത വിശദീകരിക്കുന്നതിന്‌ എല്ലാസ്‌ഥലത്തും കൃത്യമായും ഒരേ ഊഷ്‌മാവുണ്ടായിരിക്കണമെന്നാണ്‌. പ്രാരംഭ വികാസ തോതും, അതിവ കൃത്യതയോടെ, നിർണ്ണായക തോതിന്റെ വളരെ അടുത്തായി, പുനഃസങ്കോചം തടയുന്ന വിധത്തിൽ, നിശ്ചയിക്കേണ്ടിയിരിക്കുന്നു. ഇതിനർത്ഥം, തപ്‌ത മഹാസ്‌ഫോടന മാതൃക സമയത്തിന്റെ ഉത്ഭവം മുതൽ ശരിയാണെങ്കിൽ, പ്രപഞ്ചത്തിന്റെ പ്രാരംഭാവസ്‌ഥ അതീവ ശ്രദ്ധയോടെ തിരഞ്ഞെടുക്കപ്പെട്ടിരിക്കണമെന്നാണ്‌. നമ്മെപ്പോലുള്ള ജീവികളെ സൃഷ്‌ടിക്കാനുദ്ദേശിച്ചുകൊണ്ടുള്ള ദൈവകർമ്മം എന്നല്ലാതെ, പ്രപഞ്ചം ഇതുപോലെത്തന്നെ സമാരംഭിച്ചതെന്തുകൊണ്ടാണെന്ന്‌ വിശദികരിക്കുക വളരെ ദുഷ്‌ക്കരമാണ്‌.

പല വ്യത്യസ്‌ത പ്രാരംഭ ക്രമവിന്യാസങ്ങൾ ഇന്നത്തെപോലുള്ള ഒരു പ്രപഞ്ചമായി പരിണമിച്ചേക്കാവുന്ന വിധം ഒരു പ്രപഞ്ച മാതൃക കണ്ടെത്തുവാനുള്ള ശ്രമത്തിൽ മസാചുസെറ്റ്‌സ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (Massachusetts Institute of Technology) യിലെ ശാസ്‌ത്രജ്ഞനായ അലൻ ഗുത്ത്‌(Alan Guth) ആദ്യകാല പ്രപഞ്ചം അതിവേഗത്തിലുള്ള വികാസത്തിന്റെ ഒരു കാലഘട്ടം പിന്നിട്ടിരുന്നിരിക്കണമെന്നു നിർദ്ദേശിച്ചു. ഈ വികാസത്തെ ദ്രുത വികാസ(inflationary expansion) മെന്നു വിളിക്കുന്നു. അതായത്‌, പ്രപഞ്ചം ഒരു ഘട്ടത്തിൽ ഇപ്പോഴത്തെ കുറഞ്ഞുകൊണ്ടിരിക്കുന്ന വികസതോതിന്‌ വിരുദ്ധമായി വർദ്ധിച്ചുകൊണ്ടിരുന്ന തോതിൽ വികസിച്ചിരുന്നു. ഗുത്തിന്റെ അഭിപ്രായ പ്രകാരം പ്രപഞ്ചത്തിന്റെ വ്യാസം, ഒരു സെക്കന്റിന്റെ വളരെ ചെറിയ ഒരംശത്തിൽ, നൂറു കോടി കോടി കോടി കോടി കോടി (ഒന്നും 30 പൂജ്യവും) മടങ്ങ്‌ വർദ്ധിച്ചിരിക്കണം.

പ്രപഞ്ചം മഹാസ്‌ഫോടനത്തിൽ നിന്നും ആരംഭിച്ചത്‌, ഉയർന്ന ഊഷ്‌മാവിൽ, അതേ സമയം ശിഥിലമായ അവസ്‌ഥയിൽ നിന്നുമായിരിക്കുമെന്ന്‌ ഗുത്ത്‌ നിർദ്ദേശിച്ചു. ഈ ഉയർന്ന ഊഷ്‌മാവ്‌ കാരണം പ്രപഞ്ചത്തിലെ കണികകൾ അതിവേഗം സഞ്ചരിക്കുകയും, അവക്ക്‌ വളരെ ഉയർന്ന ഊർജ്ജം ഉണ്ടായിരിക്കുകയും ചെയ്യും. മുമ്പ്‌ വിവരിച്ചപോലെ, ഇത്രയും ഉയർന്ന ഊഷ്‌മാവിൽ ബലിഷ്‌ഠ, ദുർബ്ബല അണുശക്തികളും വൈദ്യുത കാന്തശക്തിയും സംയോജിച്ച്‌ ഒരൊറ്റ ശക്തിയായി മാറുമെന്ന്‌ ന്യായമായും കരുതാവുന്നതാണ്‌. പ്രപഞ്ചം വികസിക്കുന്നതോടെ അത്‌ തണുക്കുകയും കണികകളുടെ ഊർജ്ജം കുറയുകയും ചെയ്യും. അന്തിമമായി അവസ്‌ഥാന്തരം(Phase transition) എന്നു പറയുന്നത്‌ സംഭവിക്കുകയും, ശക്തികൾ തമ്മിലുള്ള സമ്മിതി തകർക്കപ്പെടുകയും ചെയ്യും. ബലിഷ്‌ഠ ശക്തി, ദുർബ്ബല ശക്തിയിൽ നിന്നും വൈദ്യുത കാന്തശക്തിയിൽ നിന്നും വ്യത്യസ്‌ഥമാകും. അവസ്‌ഥാന്തരത്തിന്റെ ഒരു സാധാരണ ഉദാഹരണം വെള്ളം തണുപ്പിക്കുമ്പോൾ അത്‌ ഉറച്ച്‌ കട്ടിയാവുന്നതാണ്‌. ദ്രവ ജലം സമ്മിതിയോടുകൂടിയതാണ്‌, അത്‌ ഓരോ ബിന്ദുവിലും എല്ലാ ദിശയിലും ഒരുപോലെയാണ്‌. എന്നാൽ ഹിമ പരലുകൾ രൂപം കൊള്ളുമ്പോൾ അവക്ക്‌ കൃത്യമായ സ്‌ഥാനമുണ്ടാവുകയും ഏതെങ്കിലുമൊരു ദിശയിൽ നിരക്കുകയും ചെയ്യും. ഇത്‌ വെള്ളത്തിന്റെ സമ്മിതി തകർക്കുന്നു.

വെള്ളത്തിന്റെ കാര്യത്തിൽ, നാം ശ്രദ്ധിക്കുകയാണെങ്കിൽ, നമുക്ക്‌ അതിനെ അതിശീതികരിക്കുവാൻ ‘(Super cool) കഴിയും. അതായത്‌, ഹിമക്കട്ടിയാവാതെ തന്നെ അതിന്റെ ഖരാങ്കത്തിന്‌ (0ഡിഗ്രി സെൽഷ്യസ്‌) താഴെ തണുപ്പിക്കുവാൻ കഴിയും. പ്രപഞ്ചവും ഇതുപോലെ പ്രവർത്തിച്ചിരിക്കാമെന്ന്‌ ഗുത്ത്‌ നിർദ്ദേശിച്ചു. ശക്തികൾ തമ്മിലുള്ള സമ്മിതി തകർക്കാതെ തന്നെ ഊഷ്‌മാവ്‌ നിർണ്ണായക സഖ്യക്ക്‌ താഴെ വന്നിരിക്കാം. ഇത്‌ സംഭവിച്ചുവെങ്കിൽ പ്രപഞ്ചത്തിന്‌ സമ്മിതി തകർന്ന അവസ്‌ഥയേക്കാൾ കൂടുതൽ ഊർജ്ജം ഉണ്ടാവുകയും അത്‌ അസ്‌ഥിരമായ അവസ്‌ഥയിലായിരിക്കുകയും ചെയ്യും. ഈ സവിശേഷമായ അധിക ഊർജ്ജം ഗുരുത്വാകർഷണ വിരുദ്ധമായി പ്രവർത്തിക്കുമെന്ന്‌ തെളിയിക്കുവാൻ കഴിയും. ഇത്‌, ഐൻസ്‌റ്റീൻ, പ്രപഞ്ചത്തിന്‌ ഒരു സുസ്‌ഥിര മാതൃക നിർമ്മിക്കാൻ ശ്രമിച്ചപ്പോൾ, സാമാന്യ അപേക്ഷിക സിദ്ധാന്തത്തിന്‌ ഉൾപ്പെടുത്തിയ പ്രപഞ്ച സംഖ്യ (Cosmological constant) പോലെത്തന്നെ പ്രവർത്തിക്കുന്നു. പ്രപഞ്ചം ഇതിനകം തന്നെ തപ്‌ത മഹാസ്‌ഫോടന മാതൃകയിലെപ്പോലെ വികസിച്ചുകൊണ്ടിരിക്കുകയായതിനാൽ, ഈ മിച്ചമുള്ള പ്രപഞ്ച സംഖ്യയുടെ വികർഷണം പ്രഭാവം, പ്രപഞ്ചം വർദ്ധിച്ചുകൊണ്ടിരിക്കുന്ന തോതിൽ വികസിക്കാൻ ഇടയാക്കുന്നു. ശരാശരിയിൽ അധികം ദ്രവ്യകണികകളുള്ള പ്രദേശങ്ങളിൽപോലും ഈ പ്രപഞ്ചസംഖ്യയുടെ വികർഷണം, ദ്രവ്യത്തിന്റെ ഗുരുത്വാകർഷണത്തേക്കാൾ മുന്നിട്ടു നില്‌ക്കും. അങ്ങനെ ഈ പ്രദേശങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന വേഗത്തിൽ, ദ്രുത വികാസ രീതിയിൽ വികസിക്കും. അവ വികസിക്കുകയും ദ്രവ്യകണികകൾ കൂടുതൽ അകലുകയും ചെയ്യുമ്പോൾ അവശേഷിക്കുന്നത്‌ കണികകളൊന്നും അടങ്ങിയിട്ടില്ലാത്ത, എന്നിട്ടും അതിശീതീകൃതാവസ്‌ഥയിലുള്ള, വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചമാണ്‌. പ്രപഞ്ചത്തിലെ ഏതെങ്കിലും ക്രമക്കേടുകൾ വികാസം കൊണ്ട്‌ മിനുസപ്പെട്ടിരിക്കും, ഒരു ബലൂൺ വീർപ്പിച്ചുക്കൊണ്ടിരിക്കുമ്പോൾ അതിലെ ചുളിവുകൾ നിവരുന്നതുപോലെ. അങ്ങനെ ഐകരൂപ്യമില്ലാത്ത പല വ്യത്യസ്‌ത പ്രാരംഭാവസ്‌ഥയിൽ നിന്നും പ്രപഞ്ചം ഇന്നത്തെ ഐകരൂപ്യമുള്ള മിനുസമാർന്ന അവസ്‌ഥയിലേക്ക്‌ വികാസം പ്രാപിച്ചിരിക്കണം.

Generated from archived content: samayam29.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English