ദുർബല ആന്ത്രോപ്പിക് തത്വത്തിന്റെ ഉപയോഗത്തിന് ഒരു ഉദാഹരണമാണ്. മഹാസ്‌ഫോടനം എന്തുകൊണ്ട് ആയിരം കോടി വർഷങ്ങൾക്കു മുമ്പ് സംഭവിച്ചു എന്നതിന്റെ വിശദീകരണം – വിശേഷബുദ്ധിയുള്ള ജീവികളുടെ വികാസത്തിന് ഏതാണ്ട് അത്രയും കാലമെടുക്കും. മുകളിൽ വിശദീകരിച്ചപോലെ, ആദ്യം നക്ഷത്രങ്ങളുടെ ഒരു ആദ്യശ്രേണി രൂപംകൊള്ളേണ്ടിയിരിക്കുന്നു. ഈ നക്ഷത്രങ്ങൾ തുടക്കത്തിലുണ്ടായിരുന്ന ഹൈഡ്രജനും ഹീലിയവും, നാം സൃഷ്‌ടിക്കപ്പെട്ട അടിസ്‌ഥാന വസ്‌തുക്കളായ കാർബണും ഓക്‌സിജനുമാക്കി മാറ്റി. നക്ഷത്രങ്ങൾ പിന്നെ, സൂപ്പർ നോവകളായി പൊട്ടിത്തെറിക്കുകയും അവയുടെ അവശിഷ്‌ടങ്ങൾ മറ്റു നക്ഷത്രങ്ങളും ഗ്രഹങ്ങളും കൂട്ടത്തിൽ, അഞ്ഞൂറ് കോടി വർഷം പഴക്കമുള്ള നമ്മുടെ സൗരയൂഥവും ആയി മാറുകയും ചെയ്‌തു. ഭൂമിയുടെ അസ്‌തിത്വത്തിന്റെ ആദ്യത്തെ നൂറോ ഇരുന്നൂറോ കോടി വർഷങ്ങൾ, ഏതെങ്കിലും സങ്കീർണ്ണമായ ജൈവരൂപങ്ങളുടെ വികാസം സാദ്ധ്യമല്ലാത്ത വിധം അത്യധികം ചൂടുള്ളതായിരുന്നു. ശേഷിച്ച മുന്നൂറു കോടിയോളം വർഷങ്ങൾ ഏറ്റവും ലളിതമായ ജീവികളിൽ നിന്നും, മഹാസ്‌ഫോടനം വരെ സമയം പിന്നിലേക്ക് അളക്കാൻ കെല്‌പുള്ള ബുദ്ധിജീവികൾ വരെ നീളുന്ന, ജൈവ പരിണാമത്തിന്റെ വളരെ മന്ദഗതിയിലുള്ള പ്രക്രിയക്കായി വിനിയോഗിക്കപ്പെട്ടു.
ദുർബ്ബലം ആന്ത്രോപ്പിക്ക് തത്വത്തിന്റെ സാധുതയെ കുറിച്ചോ, പ്രയോജനത്തെക്കുറിച്ചോ ആർക്കും തർക്കമുണ്ടാവില്ല. എന്നിരുന്നാലും, ചിലർ കുറേ കൂടി മുന്നോട്ട് പോയി ഈ തത്വത്തിന്റെ ഒരു ബലിഷ്‌ഠ വകഭേദം നിർദ്ദേശിക്കുന്നു. ഈ സിദ്ധാന്തപ്രകാരം പല വ്യത്യസ്‌ത പ്രപഞ്ചങ്ങളോ, അല്ലെങ്കിൽ, ഒരു പ്രപഞ്ചത്തിന് പല വ്യത്യസ്‌ത പ്രദേശങ്ങളോ ഉണ്ടായിരിക്കുകയും അവക്ക് ഓരോന്നിനും സ്വന്തമായ പ്രാരംഭ ക്രമവിന്യാസങ്ങളും, ഒരു പക്ഷെ, വ്യത്യസ്‌ത ശാസ്‌ത്രനിയമാവലികളും ഉണ്ടായിരിക്കും. ഇവയിൽ മിക്ക പ്രപഞ്ചങ്ങളിലും സങ്കീർണ്ണ ജീവികളുടെ വികാസത്തിന് അനുകൂലമായ പരിതസ്‌ഥിതികളുണ്ടായിരിക്കുകയില്ല. നമ്മുടേതുപോലെ കുറച്ചു പ്രപഞ്ചങ്ങളിൽ മാത്രമേ വിശേഷബുദ്ധിയുള്ള ജീവികൾ വികാസം പ്രാപിക്കുകയും “പ്രപഞ്ചം എന്തുകൊണ്ടാണ് ഈ കാണുന്നതുപോലെയിരിക്കുന്നത്?” എന്ന് ചോദിക്കുകയും ചെയ്യുകയുള്ളൂ. ഇതിന്റെ ഉത്തരം വളരെ ലളിതമാണ്. അത് വ്യത്യസ്‌തമായിരുന്നെങ്കിൽ നാം ഇവിടെ ഉണ്ടായിരിക്കുകയില്ല!
നാം ഇന്ന് മനസ്സിലാക്കിയിട്ടുള്ള വിധത്തിൽ ശാസ്‌ത്ര നിയമങ്ങൾ പല മൗലിക സംഖ്യകളടങ്ങിയതാണ്, ഒരു ഇലക്‌ട്രോണിന്റെ വൈദ്യുത ചാർജ്ജിന്റെ അളവ്, പ്രോട്ടോണിന്റെയും ഇലക്‌ട്രോണിന്റെയും പിണ്ഡങ്ങളുടെ അനുപാതം എന്നിവ പോലെ. നമുക്ക്, ചുരുങ്ങിയത് ഇതുവരെയെങ്കിലും, സിദ്ധാന്തത്തിൽ നിന്നും ഈ സഖ്യകളുടെ മൂല്യം പ്രവചിക്കുവാൻ കഴിയുകയില്ല. അത് നിരീക്ഷണങ്ങളിൽ നിന്നും കണ്ടെത്തേണ്ടിയിരുക്കുന്നു. ഒരു പക്ഷേ, ഒരു ദിവസം അവയെല്ലാം പ്രവചിക്കുന്ന ഒരു പരിപൂർണ്ണ ഏകീകൃത സിദ്ധാന്തം നാം കണ്ടുപിടിച്ചുവെന്നു വരാം. പക്ഷെ, ഇവയിൽ ചിലതോ അല്ലെങ്കിൽ എല്ലാം തന്നെയോ വ്യത്യസ്‌ത പ്രപഞ്ചങ്ങളിൽ അല്ലെങ്കിൽ ഒരൊറ്റ പ്രപഞ്ചത്തിനകത്തു തന്നെ വ്യത്യസ്‌ത മൂല്യമുള്ളവയാണെന്നും വരാം. എന്നാൽ, വിസ്‌മയാവഹമായ വസ്‌തുത ഈ സംഖ്യകളുടെ മൂല്യമെല്ലാം ജീവന്റെ വികാസം സാദ്ധ്യമാവുന്ന വിധത്തിൽ വളരെ കൃത്യമായി കണക്കാക്കി വെച്ചിരിക്കുന്നു എന്നതാണ്. ഉദാഹരണത്തിന്, ഇലക്‌ട്രോണിന്റെ വൈദ്യുത ചാർജ്ജ് അല്‌പം വ്യത്യസ്‌തമായിരുന്നെങ്കിൽ നക്ഷത്രങ്ങൾക്ക് ഹൈഡ്രജനും ഹീലിയവും കത്തിക്കുവാൻ കഴിയാതിരിക്കുകയോ, അവ പൊട്ടിത്തെറിക്കാതിരിക്കുകയോ ചെയ്യുമായിരുന്നു. തീർച്ചയായും, ശാസ്‌ത്ര നോവലെഴുത്തുകാർ പോലും ഭാവനയിൽ കാണാത്ത, സൂര്യനേപ്പോലുള്ള നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശമോ, അവയിലുണ്ടാക്കപ്പെടുകയും ഒടുവിൽ പൊട്ടിത്തെറിക്കുമ്പോൾ ശൂന്യാകാശത്തേയ്‌ക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്ന ഭാരമേറിയ രാസമൂല്യങ്ങളോ ആവശ്യമില്ലാതെ വിശേഷബുദ്ധിയുള്ള ജീവന്റെ മറ്റു രൂപങ്ങളുണ്ടായിരിക്കും. എന്നിരുന്നാലും ഏതൊരു വിധത്തിലുമുള്ള വിശേഷബുദ്ധിയുള്ള ജീവന്റെ വികസനത്തിനുതകുന്ന, സംഖ്യകളുടെ മൂല്യങ്ങൾക്കുളള പരിധികൾ താരതമ്യേന പരിമിതമാണെന്നും ഏറെക്കുറെ വ്യക്തമാണെന്നും തോന്നുന്നു. മിക്ക മൂല്യഗണങ്ങളും രൂപം കൊടുക്കുന്ന പ്രപഞ്ചങ്ങൾ വളരെ സുന്ദരങ്ങളാകാമെങ്കിലും ആ സൗന്ദര്യത്തിൽ വിസ്‌മയം കൊള്ളാൻ കഴിവുള്ള ആരും തന്നെ അവയിൽ ഉണ്ടായിരിക്കുകയില്ല. ഇതു ഒന്നുകിൽ സൃഷ്‌ടിയിലും ശാസ്‌ത്രനിയമങ്ങളുടെ തെരഞ്ഞെടുപ്പിലുള്ള ദിവ്യമായ ഉദ്ദേശ്യലക്ഷ്യത്തിന്റെ തെളിവായെടുക്കാം. അല്ലെങ്കിൽ ബലിഷ്‌ഠ ആന്ത്രോപ്പിക് തത്വത്തിനനുകൂലമായ വാദമായിട്ടെടുക്കാം.
ദൃശ്യമാായ പ്രപഞ്ചത്തിന്റെ അവസ്‌ഥയ്‌ക്ക് വിശദീകരണമായി ആന്ത്രോപ്പിക് തത്വത്തെ (strong anthropic Principles) എടുക്കുന്നതിനും എതിർവാദങ്ങളും ഉന്നയിക്കാം. ആദ്യമായി ഏതർത്ഥത്തിലാണ് ഈ വ്യത്യസ്‌ത പ്രപഞ്ചങ്ങൾ നിലനിൽക്കുമെന്നും പറയാൻ കഴിയുക. അവ തികച്ചും വെവ്വേറെ ആണെങ്കിൽ മറ്റൊരു പ്രപഞ്ചത്തിൽ എന്തെങ്കിലും സംഭവിക്കുന്നതിനും നമ്മുടേതായ പ്രപഞ്ചത്തിൽ ദൃശ്യമായ അനന്തരഫലങ്ങൾ ഉണ്ടായിരിക്കുകയില്ല. അതിനാൽ നമുക്ക് മിതവ്യയ തത്വം (principle of economy) ഉപയോഗിച്ച് അവയെല്ലാം സിദ്ധാന്തത്തിൽ നിന്നും തുടച്ചു മാറ്റേണ്ടിവരും. നേരെ മറിച്ച് അവ ഒരൊറ്റ പ്രപഞ്ചത്തിന്റെ വ്യത്യസ്‌ത പ്രദേശങ്ങളാണെങ്കിൽ ഓരോ പ്രദേശത്തും ശാസ്‌ത്ര നിയമങ്ങൾ ഒന്നുതന്നെയായിരിക്കണം. അതെല്ലെങ്കിൽ നമുക്കു ഒരു പ്രദേശത്തു നിന്നും മറ്റൊന്നിലേയ്‌ക്ക് തുടർച്ചയായി സഞ്ചരിക്കുവാൻ കഴിയുകയില്ല. ഈ അവസ്‌ഥയിൽ പ്രദേശങ്ങൾ തമ്മിലുള്ള വ്യത്യാസം അവയുടെ പ്രാരംഭ ക്രമവിന്യാസം (initial configuration) മാത്രമായിരിക്കുകയും അതിനാൽ ബലിഷ്‌ഠം ആന്ത്രോപ്പിക് തത്വം ദുർബ്ബല തത്വത്തിലേക്ക് ചുരുങ്ങുകയും ചെയ്യും.
ബലിഷ്‌ഠ ആന്ത്രോപ്പിക് തത്വത്തിനുള്ള രണ്ടാമത്തെ എതിർപ്പും അതുമുഴുവൻ ശാസ്‌ത്രചരിത്രത്തിന്റെയും ഒഴുക്കിനെതിരെ നീങ്ങുന്നുവെന്നതാണ്. ടോളമിയുടെയും അദ്ദേഹത്തിന്റെ പൂർവ്വികരുടെയും ഭൗമ കേന്ദ്രീകൃത പ്രപഞ്ച ശാസ്‌ത്രത്തിൽ നിന്നും കോപ്പർനിക്കസിന്റെയും ഗലീലയോയുടെയും സൗരകേന്ദ്രീകൃത പ്രപഞ്ചത്തിലൂടെയാണ് നാം ദൃശ്യപ്രപഞ്ചത്തിലെ ലക്ഷം കോടി നക്ഷത്രവ്യൂഹങ്ങളിൽ ഒരു സാധാരണ സർപ്പിള നക്ഷത്രവ്യൂഹത്തിന്റെ പുറംപ്രദേശത്തുള്ള ഒരു സാധാരണ നക്ഷത്രത്തിനെ ഭ്രമണം ചെയ്യുന്ന മദ്ധ്യ വലിപ്പമുള്ള ഒരു ഗ്രഹമാണ് ഭൂമി എന്ന ആധുനിക ചിത്രത്തിലേയ്‌ക്ക് വികസിച്ചത്. എന്നിട്ടും ബലിഷ്‌ഠ ആന്ത്രോപ്പിക് തത്വം അവകാശപ്പെടുന്നത് ഈ അതിബ്രൃഹത്തായ നിർമ്മിതി മുഴുവൻ നമുക്കുവേണ്ടി മാത്രമാണ് നിലനിൽക്കുന്നതെന്നാണ്. ഇത് വിശ്വസിക്കാൻ വളരെ പ്രയാസമാണ്. നമ്മുടെ സൗരയൂഥം തീർച്ചയായും അസ്‌ഥിത്വത്തിന് ഒരു മുൻ വ്യവസ്‌ഥയാണ്. ഇത്, വലിയ ഭാരമുള്ള മൂലകങ്ങൾ സൃഷ്‌ടിച്ച ആദ്യതലമുറയിലെ നക്ഷത്രങ്ങളെ കൂടി ഉൾപ്പെടുത്തുന്നതിനായി നമ്മുടെ മുഴുവൻ നക്ഷത്രവ്യൂഹത്തിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്യാം. പക്ഷെ മറ്റെല്ലാ നക്ഷത്രവ്യൂഹങ്ങളുടെയും പ്രപഞ്ചം അതിന്റെ സ്‌ഥൂല രൂപത്തിൽ എല്ലാ ദിശയിലും ഒരുപോലെയിരിക്കുന്നതും ഐക്യരൂപമുള്ളതുമാവേണ്ടതിന്റേയും ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
Generated from archived content: samayam28.html Author: stephen_hoking