പ്രപഞ്ചത്തിന്റെ ഉത്‌ഭവവും അന്ത്യഗതിയും

സാമാന്യ ആപേക്ഷിക സിദ്ധാന്തത്തിന്‌ സ്വന്തം നിലക്ക്‌ ഈ സവിശേഷതകൾക്ക്‌ വിശദീകരണം നൽകാനോ, ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം പറയാനോ കഴിയുകയില്ല. കാരണം, അത്‌ പ്രവചിക്കുന്നത്‌, പ്രപഞ്ചം ആരംഭിച്ചത്‌ മഹാസ്‌ഫോടന അദ്വിതീയാവസ്‌ഥയിൽ അനന്തമായ സാന്ദ്രതയോടുകൂടിയാണെന്ന്‌ അദ്വിതീയാവസ്‌ഥയിൽ സാമാന്യ അപേക്ഷിക സിദ്ധാന്തവും മറ്റെല്ലാ ഭൗതികനിയമങ്ങളും തകരുന്നു. എന്താണ്‌ പുറത്തു വരുക എന്ന്‌ ആർക്കും പ്രവചിക്കുവാൻ സാദ്ധ്യമല്ല മുമ്പ്‌ വിശദീകരിച്ച പോലെ ഇതിനർത്ഥം നമുക്ക്‌ മഹാസ്‌ഫോടനത്തേയും അതിനുമുമ്പുള്ള സംഭവങ്ങളേയും സിദ്ധാന്തത്തിൽ നിന്നും മുറിച്ചു മാറ്റാവുന്നതാണ്‌ എന്നാണ്‌. കാരണം അവക്ക്‌ നമ്മുടെ നിരീക്ഷണങ്ങളിൽ യാതൊരു സ്വാധീനവുമുണ്ടായിരിക്കുകയില്ല. അതായത്‌, സ്‌ഥലസമയത്തിന്‌ ഒരു അതിർത്തിയുണ്ടായിരിക്കും- മഹാസ്‌ഫോടനം എന്ന ആരംഭത്തിൽ.

ഏതെങ്കിലും ഒരു സമയത്തെ പ്രപഞ്ചത്തിന്റെ അവസ്‌ഥ അറിയാമെങ്കിൽ, അനിശ്‌ചിതത്വ സിദ്ധാന്തം വെക്കുന്ന പരിധികൾക്കുള്ളിൽ, പ്രപഞ്ചത്തിന്റെ മറ്റേതൊരു സമയത്തേയും അവസ്‌ഥ വിശദീകരിക്കുന്ന ഒരുകൂട്ടം നിയമങ്ങൾ ശാസ്‌ത്രം പുറത്തു കൊണ്ടുവന്നുവെന്നു തോന്നുന്നു. ഈ നിയമങ്ങൾ പ്രാരംഭത്തിൽ ദൈവകൽപ്പിതമായിരിക്കാം എന്നാൽ, അതിനുശേഷം അദ്ദേഹം പ്രപഞ്ചത്തെ ഈ നിയമങ്ങൾക്കനുസൃതമായി വികസിക്കുവാൻ വിടുകയും അതിൽ ഇടപെടാതിരിക്കുകയും ചെയ്യുന്നതുപോലെ തോന്നുന്നു. പക്ഷെ, എങ്ങനെയാണ്‌ അദ്ദേഹം പ്രപഞ്ചത്തിന്റെ പ്രാരംഭാവസ്‌ഥ അല്ലെങ്കിൽ ക്രമവിന്യാസം തിരഞ്ഞെടുത്തത്‌? സമയത്തിന്റെ ആരംഭത്തിലെ “അതിർത്തി വ്യവസ്‌ഥകൾ” എന്തൊക്കെയായിരുന്നു?

ഇതിന്‌ നൽകാവുന്ന ഒരു ഉത്തരം, നമുക്ക്‌ മനസ്സിലാക്കാമെന്ന്‌ പ്രത്യാശിക്കാൻ കഴിയാത്ത കാരണങ്ങളാൽ, ദൈവം പ്രപഞ്ചത്തി​‍െൻ പ്രാരംഭ ക്രമവിന്യാസം തിരഞ്ഞെടുത്തു എന്ന്‌ പറയുകയായിരിക്കും. ഇത്‌, തീർച്ചയായും, സർവ്വശക്തനായ ഒരു ശക്തിയുടെ കഴിവിന്റെ പരിധിയിൽ പെട്ടതുതന്നെയായിരിക്കും. എന്നാൽ, അദ്ദേഹം ഇങ്ങനെ ദുർജ്ഞേയമായ വിധത്തിൽ ആരംഭം കുറിച്ചുവെങ്കിൽ പിന്നെ എന്തിനാണ്‌ അദ്ദേഹം നമുക്ക്‌ മനസ്സിലാവുന്ന നിയമങ്ങൾ പ്രകാരം അതിനെ വികാസം പ്രാപിക്കാൻ അനുവദിച്ചത്‌? ശാസ്‌ത്രത്തിന്റെ ചരിത്രം തന്നെ, സംഭവങ്ങൾ നടക്കുന്നത്‌ വെറും ആകസ്‌മികമായല്ല, മറിച്ച്‌ അവ, ദിവ്യപ്രചോദിതമോ അല്ലാതെയോ ഉള്ള അന്തർലീനമായ ക്രമം പ്രതിഫലിപ്പിക്കുന്നു എന്ന വസ്‌തുതയുടെ സാവധാനത്തിലുളള ബോധ്യപ്പെടലാണ്‌. ഈ ക്രമം നിയമങ്ങൾക്കു മാത്രമല്ല, മറിച്ച്‌, പ്രപഞ്ചത്തിന്റെ പ്രാരംഭാവസ്‌ഥ നിർണ്ണയിക്കുന്ന സ്‌ഥലസമയത്തിന്റെ അതിർത്തിയിലെ വ്യവസ്‌ഥകൾക്കും ബാധകമായിരിക്കണം എന്ന്‌ കരുതുന്നത്‌ സ്വാഭാവികം മാത്രമാണ്‌. വ്യത്യസ്‌ത പ്രാരംഭ വ്യവസ്‌ഥകളുള്ള, എല്ലാ നിയമങ്ങളും അനുസരിക്കുന്ന ഒരുപാട്‌ പ്രപഞ്ചമാതൃകകൾ ഉണ്ടായിരിക്കാം. അവയിൽ നിന്നും നമ്മുടെ പ്രപഞ്ചത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രാരംഭാവസ്‌ഥ, അതിനാൽ ഒരു മാതൃക, തിരഞ്ഞെടുക്കാൻ എന്തെങ്കിലും ഒരു തത്വമുണ്ടായിരിക്കണം.

അത്തരമൊരു സാദ്ധ്യതയാണ്‌ ശിഥില അതിർത്തി വ്യവസ്‌ഥകൾ എന്നു പറയുന്നത്‌. പരോക്ഷമായി, ഇവ, ഒന്നുകിൽ പ്രപഞ്ചം അനന്തസ്‌ഥലത്തോടുകൂടിയാണെന്ന്‌ അല്ലെങ്കിൽ അനന്തമായ എണ്ണം പ്രപഞ്ചങ്ങളുണ്ടെന്ന്‌ അനുമാനിക്കുന്നു. ശിഥില അതിർത്തി വ്യവസ്‌ഥയിൽസ്‌ഥലരാശിയിലെ ഒരു പ്രത്യേക പ്രദേശം ഒരു പ്രത്യേക ക്രമവിന്യാസത്തിൽ കാണപ്പെടാനുള്ള സാദ്ധ്യതയും അല്ലെങ്കിൽ മറ്റേതെങ്കിലും ക്രമവിന്യാസത്തിൽ കാണപ്പെടുവാനുള്ള സാദ്ധ്യതയും ഒന്നു തന്നെയാണ്‌. പ്രപഞ്ചത്തിന്റെ പ്രാരംഭാവസ്‌ഥ തിരഞ്ഞെടുക്കുന്നത്‌ തികച്ചും യാദൃച്‌ഛയാ ആണ്‌. ഇതിനർത്ഥം ആദ്യകാല പ്രപഞ്ചം അത്യധികം ശിഥിലവും ക്രമരഹിതവുമായിരുന്നിരിക്കാം എന്നാണ്‌. കാരണം, ക്രമബദ്ധവും നിരപ്പാർന്നതുമായ ക്രമവിന്യാസങ്ങളേക്കാൾ വളരെയധികം ശിഥിലവും ക്രമരഹിതവുമായ ക്രമവിന്യാസങ്ങളുണ്ടായിരിക്കും. (ഓരോ ക്രമവിന്യാസവും ഒരുപോലെ സാദ്ധ്യമാണെങ്കിൽ, പ്രപഞ്ചം ആരംഭിച്ചത്‌ ശിഥിലവും ക്രമരഹിതവുമായ അവസ്‌ഥയിലായിരിക്കും. കാരണം, അവയുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്നതുതന്നെ.) ഇത്തരം ശിഥിലമായ പ്രാരംഭാവസ്‌ഥയിൽ നിന്ന്‌, ഇന്ന്‌ കാണുന്ന, സ്‌ഥൂലരൂപത്തിലുള്ള അടുക്കും ചിട്ടയുമുള്ള പ്രപഞ്ചം എങ്ങനെ രൂപംകൊണ്ടു എന്ന്‌ മനസ്സിലാക്കുക എളുപ്പമല്ല. മാത്രമല്ല, അത്തരം ഒരു മാതൃകയിലെ സാന്ദ്രതാവ്യതിയാനങ്ങൾ, ഗാമാരശ്‌മികളുടെ പശ്‌ചാത്തലത്തിന്റെ നിരീക്ഷണം കൽപിക്കുന്ന ഉയർന്ന പരിധിയേക്കാൾ വളരെയധികൾ തമോഗർത്തങ്ങൾ രൂപംകൊള്ളുന്നതിന്‌ പ്രേരകമായിരിക്കും എന്ന്‌ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.

പ്രപഞ്ചം ശരിക്കും അനന്തമായ സ്‌ഥലരാശിയോടു കൂടിയതാണെങ്കിൽ, അഥവാ, പ്രപഞ്ചങ്ങളുടെ എണ്ണം അനന്തമാണെങ്കിൽ, എവിടെയെങ്കിലും ചില വലിയ പ്രദേശങ്ങൾ ഐക്യരൂപമുള്ളതും നിരപ്പാർന്നതുമായ വിധത്തിൽ ആരംഭിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്‌. ഇത്‌ ടൈപ്പ്‌റൈറ്ററിൽ കൊട്ടിക്കൊണ്ടിരിക്കുന്ന പ്രസിദ്ധരായ കുരങ്ങുകളുടെ കൂട്ടം പോലെയാണ്‌- അവർ എഴുതുന്നത്‌ മിക്കതും വെറും ചവറു മാത്രമായിരിക്കുമെങ്കിലും, വളരെ അപൂർവ്വമായി, തികച്ചും ആകസ്‌മികമായി, അവർ ഷേക്‌സ്‌പിയറുടെ ഒരു ഗീതിക ടൈപ്പ്‌ ചെയ്‌തുവെന്ന്‌ വരാം. അതുപോലെ, പ്രപഞ്ചത്തിന്റെ കാര്യത്തിൽ തികച്ചും ആകസ്‌മികമായി, നാം ജീവിക്കുന്നത്‌ ക്രമബദ്ധവും ഐക്യരൂപമുള്ളതുമായ ഒരു പ്രദേശത്തായിപ്പോയി എന്ന്‌ വന്നുകൂടേ? ഒറ്റനോട്ടത്തിൽ ഇത്‌ അസാദ്ധ്യമെന്ന്‌ തോന്നാം. കാരണം, ഇത്തരം നിരപ്പാർന്ന പ്രദേശങ്ങളേക്കാൾ വളരെയധികം ശിഥിലവും ക്രമരഹിതവുമായ പ്രദേശങ്ങളുണ്ടായിരിക്കും. എന്നിരുന്നാലും, ഐക്യരൂപ്യമുള്ള പ്രദേശങ്ങളിൽ മാത്രമേ നക്ഷത്രവ്യൂഹങ്ങളും നക്ഷത്രങ്ങളും രൂപംകൊള്ളുകയും, സങ്കീർണ്ണവും, സ്വയം പ്രജനനം ചെയ്യുകയും, നമ്മെപ്പോലെ, “എന്തുകൊണ്ടാണ്‌ പ്രപഞ്ചം ഇത്രയും ഐക്യരൂപമുള്ളതായിരിക്കുന്നത്‌?” എന്ന്‌ ചോദിക്കുവാൻ കെൽപ്പുള്ളതുമായ ജീവികളുടെ വികാസത്തിന്‌ അനുയോജ്യമായ സാഹചര്യങ്ങളുണ്ടാവുകയും ചെയ്യുകയുള്ളു എന്ന്‌ കരുതാം. ഇത്‌, “പ്രപഞ്ചത്തെ നാം ഇന്ന്‌ കാണുന്നതുപോലെ തന്നെ കാണുന്നതിന്‌ കാരണം നമ്മുടെ അസ്‌തിത്വമാണ്‌” എന്ന്‌ വിശദീകരിക്കാവുന്ന അന്ത്രോപ്പിക്‌ തത്വത്തിന്റെ പ്രയോഗത്തിന്‌ ഒരു ഉദാഹരണമാണ്‌.

അന്ത്രോപ്പിക്‌ തത്വത്തിന്‌ രണ്ട്‌ വകഭേദങ്ങളുണ്ട്‌, ദുർബലവും ബലിഷ്‌ഠവും. സ്‌ഥലരാശിയിലോ, സമയത്തിലോ അതോ രണ്ടിലും കൂടിയോ, അതിബഹുലമോ അനന്തമോ ആയ പ്രപഞ്ചത്തിൽ വിശേഷബുദ്ധിയുള്ള ജീവികളുടെ വികാസത്തിനാവശ്യമായ പരിതസ്‌ഥിതികൾ ഒത്തുവരുന്നത്‌, സ്‌ഥലരാശിയിലും സമയത്തിലും പരിമിതമായ പ്രദേശങ്ങളിൽ മാത്രമാണെന്ന്‌ ദുർബ്ബല അന്ത്രോപ്പിക്‌ തത്വം പറയുന്നു. അതിനാൽ, ഈ പ്രദേശങ്ങളിലുള്ള വിശേഷബുദ്ധിയുള്ള ജീവികൾ സ്വന്തം പ്രദേശങ്ങളിൽ അവരുടെ നിലനിൽപ്പിനുവേണ്ട എല്ലാ സാഹചര്യങ്ങളും ഒത്തുവരുന്നുവെന്നതിൽ അതിശയിക്കേണ്ടതില്ല ഇത്‌, ഏതാണ്ട്‌ സമ്പന്നമായ പരിസരത്ത്‌ ദാരിദ്ര്യം കാണാതെ ജീവിക്കുന്ന ഒരു ധനികനെപ്പോലെയാണ്‌.

Generated from archived content: samayam27.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English