ഭൂമി, ആരംഭത്തിൽ അത്യധികം ചൂടുള്ളതും അന്തരീക്ഷരഹിതവുമായിരുന്നു. കാലക്രമേണ, അത് തണുക്കുകയും പാറകളിൽ നിന്നും പുറത്തുവിടപ്പെട്ട വാതകങ്ങൾ കൊണ്ട് ഒരു അന്തരീക്ഷം കൈവരിക്കുകയും ചെയ്‌തു. ഈ ആദ്യകാല അന്തരീക്ഷം നമുക്ക് നിലനിൽക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. അതിൽ പ്രാണവായു അടങ്ങിയിരുന്നില്ല. പകരം ഹൈഡ്രജൻ സൾഫൈഡ് (ചീഞ്ഞ മുട്ടയ്‌ക്ക് അതിന്റെ മണം കൊടുക്കുന്നത് ഈ വാതകമാണ്) പോലുള്ള നിരവധി വിഷാതവാതകങ്ങളാണുണ്ടായിരുന്നത്. എന്നിരുന്നാലും, അത്തരം സാഹചര്യങ്ങളിൽ വളരാൻ കഴിയുന്ന ജീവന്റെ മറ്റു ചില ആദിമ രൂപങ്ങളുണ്ടായിരുന്നു. ഇവ ആറ്റങ്ങളുടെ ആകസ്‌മിക സംയോജനത്തിലൂടെ മാക്രോ തന്മാത്രകൾ എന്നു വിളിക്കുന്ന വലിയ ഘടനകളുണ്ടായതിന്റെ ഫലമായി സമുദ്രത്തിൽ വികാസം പ്രാപിച്ചിരിക്കാമെന്ന് കരുതപ്പെടുന്നു. ഇവയ്‌ക്ക് സുദ്രത്തിലെ മറ്റ് അണുക്കളുമായി കൂടിച്ചേർന്ന് സദൃശ്യമായ ഘടനകളുണ്ടാക്കാനുള്ള കഴിവുണ്ട്. ഇങ്ങനെ അവ സ്വയം പ്രജനനം ചെയ്യുകയും ഇരട്ടിക്കുകയും ചെയ്‌തിരിക്കണം. എന്നാൽ, ചിലവയുടെ കാര്യത്തിൽ പ്രജനനത്തിൽ ചില പിശകുകൾ സംഭവിച്ചിരിക്കാം. മിക്കപ്പോഴും ഈ പിശകുകൾ പുതിയ മാക്രോ തന്മാത്രകളുടെ പ്രജനനം തടയുകയും അങ്ങനെ അന്തിമമായി അവയെ നശിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ളവയായിരിക്കും. എന്നാൽ ചില പിശകുകൾ കൂടുതൽ പ്രജനനശേഷിയുള്ള മാക്രോതന്മാത്രകൾ ഉൽപ്പാദിപ്പിച്ചുവെന്നും വരാം. അതിനാൽ, അവക്ക് കൂടുതൽ അനുകൂലമായ സാഹചര്യമുണ്ടാവുകയും ആദ്യമുണ്ടായിരുന്ന തന്മാത്രകളെ മാറ്റി അവയുടെ സ്‌ഥാനം ഏറ്റെടുക്കുവാനുള്ള സാദ്ധ്യതയുണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ ഒരു പരിണാമപ്രക്രിയ ആരംഭിക്കുകയും അത് കൂടുതൽ കൂടുതൽ സങ്കീർണ്ണമായ സ്വയം പ്രജനനശേഷിയുള്ള ജീവികളുടെ വികാസത്തിലേക്കു നയിക്കുകയും ചെയ്‌തു. ജീവന്റെ ആദ്യത്തെ പ്രാചീന രൂപങ്ങൾ ഹൈഡ്രജൻ സൾഫൈഡ് പോലുള്ള വിവിധ വസ്‌തുക്കൾ ഉപയോഗിക്കുകയും ഓക്‌സിജൻ പുറത്തു വിടുകയും ചെയ്യും. ഇത് ക്രമേണ അന്തരീക്ഷത്തിന്റെ ഘടന ഇന്നത്തേതുപോലെയാക്കിത്തീർക്കുകയും, മത്സ്യം, ഉരഗങ്ങൾ, സസ്‌തനികൾ, ഒടുവിൽ മനുഷ്യരാശി എന്നിങ്ങനെ ഉയർന്ന ജൈവരൂപങ്ങളുടെ വികാസത്തിന് വഴി തെളിക്കുകയും ചെയ്‌തു.
അതിതാപത്തോടുകൂടെ തുടങ്ങുകയും, പിന്നെ വികസിക്കുന്നതോടെ തണുക്കുകയും ചെയ്‌ത പ്രപഞ്ചത്തിന്റെ ഈ ചിത്രം ഇന്ന് നമുക്ക് ലഭ്യമായ നിരീക്ഷണങ്ങളിൽ നിന്നുള്ള എല്ലാ തെളിവുകളുമായും പൂർണ്ണമായി യോജിക്കുന്നു. എന്നിരുന്നാലും ചില പ്രധാന ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ അവശേഷിക്കുന്നു.
1) എന്തുകൊണ്ടാണ് ആദ്യകാല പ്രപഞ്ചം ഇത്ര ചൂടുള്ളതായത്?
2) എന്തുകൊണ്ടാണ് പ്രപഞ്ചം, അതിന്റെ സ്‌ഥൂലമായ രൂപത്തിൽ ഇത്രയും ഐക്യരൂപ്യമുള്ളതായത്? എന്തുകൊണ്ടാണ് അത് സ്‌ഥലരാശിയിലെ ഓരോ ബിന്ദുവിലും എല്ലാ ദിശയിലും ഒരുപോലെയിരിക്കുന്നത്? പ്രത്യേകിച്ചും, മൈക്രോതരംഗങ്ങളുടെ പശ്‌ചാത്തല വികിരണ ഊഷ്‌മാവ് ഏത് ദിശയിൽ നോക്കിയാലും ഏതാണ്ട് ഒന്നുതന്നെയാവുന്നതെങ്ങനെ? ഇത്, നിരവധി വിദ്യാർത്ഥികളോട് ഒരു പരീക്ഷാചോദ്യം ചോദിക്കുന്നതുപോലെയാണ്. അവരെല്ലാവരും ഒരേ ഉത്തരമാണ് പറയുന്നതെങ്കിൽ അവർ തമ്മിൽ ഉത്തരം കൈമാറിയിട്ടുണ്ടെന്ന് ഉറപ്പിക്കാം. എങ്കിലും മുകളിൽ വിവരിച്ച മാതൃകയിൽ, മഹാസ്‌ഫോടനത്തിനുശേഷം ആദ്യകാല പ്രപഞ്ചത്തിൽ വിവിധ പ്രദേശങ്ങൾ വളരെ അടുത്തായിരിക്കുമെന്നാൽ പോലും, പ്രകാശത്തിന്, ഒരു വിദൂര പ്രവിശ്യയിൽ നിന്നും മറ്റൊന്നിലേക്കെത്താൻ വേണ്ട സമയം ലഭിക്കുകയില്ല. അപേക്ഷിക സിദ്ധാന്തപ്രകാരം, പ്രകാശത്തിന് ഒരു പ്രദേശത്തുനിന്ന് മറ്റൊന്നിലേക്കെത്താൻ കഴിയില്ലെങ്കിൽ മറ്റൊരു സന്ദേശത്തിനും എത്താൻ കഴിയുകയില്ല. അതിനാൽ ആദ്യകാല പ്രപഞ്ചത്തിലെ വിവിധ പ്രദേശങ്ങൾക്ക് ഒരേ ഊഷ്‌മാവ് ആയി വരുവാൻ, വിശദീകരിക്കാനാവാത്ത ചില കാരണങ്ങളാൽ ഒരേ ഊഷ്‌മാവോടുകൂടി ആരംഭിച്ചു എന്നല്ലാതെ, മറ്റൊരു വഴിയുമില്ല.
3) എന്തുകൊണ്ടാണ് പ്രപഞ്ചം, വീണ്ടും സങ്കോചിക്കുന്ന മാതൃകകളേയും അനന്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മാതൃകകളേയും വേറിട്ടുനിൽക്കുന്ന നിർണ്ണായക വികാസതോതിന്റെ ഇത്രയും അടുത്തായി വികാസം ആരംഭിക്കുകയും, അങ്ങനെ, ആയിരം കോടി വർഷങ്ങൾക്കു ശേഷം, ഇന്നും നിർണ്ണായക തോതിനടുത്തായി വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്? മഹാസ്‌ഫോടനത്തിന് ഒരു സെക്കന്റിനു ശേഷമുള്ള വികാസതോത് ആയിരം കോടി കോടിയിലൊരംശം കുറവായിരുന്നാൽ പോലും പ്രപഞ്ചം ഇപ്പോഴത്തെ വലുപ്പമെത്തുന്നതിന് എത്രയോ മുമ്പുതന്നെ വീണ്ടും സങ്കോചിക്കുമായിരുന്നു.
4) പ്രപഞ്ചം അതിന്റെ അതിസ്‌ഥൂലമായ രൂപത്തിൽ വളരെ ഐകരൂപ്യമുള്ളതാണെങ്കിലും, അതിൽ നക്ഷത്രങ്ങളും നക്ഷത്രവ്യൂഹങ്ങളും പോലെ പ്രദേശിക ക്രമക്കേടുകളടങ്ങിയിട്ടുണ്ട്. ഇവ ആദ്യകാല പ്രപഞ്ചത്തിലെ ഒരു പ്രദേശത്തിനും മറ്റൊന്നിനും തമ്മിലുള്ള ചെറിയ സാന്ദ്രത വ്യതിയാനങ്ങളിൽ നിന്നും ഉയർന്നു വന്നതാണെന്നാണ് കരുതപ്പെടുന്നത്. ഈ സാന്ദ്രതാ വ്യതിയാനങ്ങളുടെ ഉത്ഭവം എന്താണ്?
Generated from archived content: samayam26.html Author: stephen_hoking