ഐൻസ്‌റ്റിന്റെ സാമാന്യ ആപേക്ഷികസിദ്ധാന്തം സ്വന്തം നിലയ്‌ക്കുതന്നെ സ്‌ഥല-സമയം ആരംഭിച്ചത് മഹാസ്‌ഫോടനം അദ്വീതീയാവസ്‌ഥയിലാണെന്നും അത് മഹാസങ്കോച അദ്വീയാവസ്‌ഥ (big crunch signgularity) യിൽ അവസാനിക്കുമെന്നും (പ്രപഞ്ചം മുഴുവൻ ചുരുങ്ങി ഇല്ലാതാവുകയാണെങ്കിൽ) അല്ലെങ്കിൽ ഒരു തമോഗർത്തത്തിനകത്ത് (ഒരു നക്ഷത്രം ഏതെങ്കിലും ഒരു പ്രദേശം ചുരുങ്ങുകയാണെങ്കിൽ) അവസാനിക്കുമെന്നും പ്രവചിച്ചു. ഗർത്തത്തിനകത്തു വീഴുന്ന ഏതൊരു ഒരു ദ്രവ്യവും അദ്വീതിയാവസ്‌ഥയിൽ നശിക്കുകയും അതിന്റെ പിണ്ഡത്തിന്റെ ഗുരുത്വാകർഷണ പ്രഭാവം മാത്രം പുറത്ത് അനുഭവപ്പെടുകയും ചെയ്യും. അതേസമയം ഊർജ്ജകണപ്രഭാവങ്ങൾ കൂടി കണക്കി ലെടുക്കുകയാണെങ്കിൽ ദ്രവ്യത്തിന്റെ പിണ്ഡം അഥവാ ഊർജ്ജം അന്തിമമായി പുറംലോകത്തിലേക്കുതന്നെ തിരിച്ചു നൽകപ്പെടുകയും തമോഗർത്തം അതിലെ അദ്വിതീയാവസ്‌ഥയോടുകൂടി ബാഷ്‌പീകരിക്കുകയും ഒടുവിൽ അപ്രത്യക്ഷമാവുകയും ചെയ്യും. ഊർജ്ജകണബലതന്ത്രത്തിന് മഹാസ്‌ഫോടന, മഹാസങ്കോച അദ്വിതീയാവസ്‌ഥകളിലും ഇതുപോലെ നാടകീയമായ പ്രഭാവം ഉണ്ടാകുമോ? ഊർജ്ജകണസ്വാധീനം അവഗണിക്കാനാവത്തക്കവിധം ഗുരുത്വാകർഷണം അതിശക്തമാവുന്ന പ്രപഞ്ചത്തിന്റെ ആദിമഘട്ടങ്ങളിലും അന്തിമഘട്ടങ്ങളിലും വാസ്‌തവത്തിൽ, എന്താണ് സംഭവിക്കുന്നത്? പ്രപഞ്ചത്തിന് യഥാർത്ഥത്തിൽ ഒരു ആദ്യവും അവസാനവും ഉണ്ടാ? ഉണ്ടെങ്കിൽ അത് എങ്ങനെയിരിക്കും?
1970കളിലുടനീളം ഞാൻ പ്രധാനമായും തമോഗർത്തങ്ങളെക്കുറിച്ചായിരുന്നു പഠനം നടത്തിയിരുന്നത്. എന്നാൽ 1981-ൽ ജസ്യൂട്ടുകൾ വത്തിക്കാനിൽ സംഘടിപ്പിച്ച പ്രപഞ്ചശാസ്‌ത്രത്തെപ്പറ്റിയുള്ള സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ പ്രപഞ്ചത്തിന്റെ ഉത്ഭവം, അന്ത്യം എന്നീ പ്രശ്‌നങ്ങളിലുള്ള എന്റെ താൽപര്യം വീണ്ടുമുണർന്നു. കത്തോലിക് പള്ളി, സൂര്യൻ ഭൂമിയെ ചുറ്റുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട്, ഒരു ശാസ്‌ത്രസംബന്ധിയായ പ്രശ്‌നത്തിന് ഒരു നിയമം സ്‌ഥാപിക്കാൻ മുതിർന്നപ്പോൾ ഗലിലിയോവിനോട് അക്ഷന്തവ്യമായ ഒരു തെറ്റാണ് ചെയതത്. ഇപ്പോൾ നൂറ്റാണ്ടുകൾക്കുശേഷം പ്രപഞ്ചശാസ്‌ത്രത്തെപ്പറ്റി ഉപദേശം തേടിക്കൊണ്ട് കുറെ വിദഗ്‌ദ്ധരെ ക്ഷണിക്കാൻ അവർ തീരുമാനിച്ചു. സമ്മേളനത്തിനുശേഷം പങ്കെടുത്തവർക്ക് പോപ്പുമായി കൂടിക്കാഴ്‌ചയ്‌ക്കും അവസരം നൽകി. മഹാസ്‌ഫോടനത്തിനുശേഷം പ്രപഞ്ചത്തിന്റെ പരിണാമം പഠിക്കുന്നതിൽ തെറ്റില്ലെന്നും, എന്നാൽ മഹാസ്‌ഫോടനത്തെക്കുറിച്ചു തന്നെ അന്വേഷിക്കരുത്, കാരണം, അത് സൃഷ്‌ടിയുടെ മൂഹൂർത്തമാണ്. അതിനാൽ അത് ദൈവത്തിന്റെ കർമ്മമാണ് എന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. തൊട്ടുമുമ്പ് നടന്ന സമ്മേളനത്തിൽ എന്റെ പ്രഭാഷണവിഷയം അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല എന്നതിൽ ഞാൻ സന്തോഷിച്ചു. സ്‌ഥലസമയം നിശ്‌ചിതമെങ്കിലും അതിരുകളില്ല, അതായത് അതിന് ഒരു തുടക്കമില്ല, സൃഷ്‌ടിമുഹൂർത്തവുമില്ല എന്നതിനുള്ള സാദ്ധ്യത. ഗലീലിയോവിന്റെ ഗതി സ്വയം വരിക്കാൻ എനിക്ക് ഒട്ടും ആഗ്രഹമില്ലായിരുന്നു – ഗലീലിയോവുമായി എനിക്ക് ശക്തമായ ഏകീഭാവം തോന്നാറുണ്ട്. അതിനുകാരണം, ഭാഗീകമായി, അദ്ദേഹത്തിന്റെ മരണത്തിനുശേഷം കൃത്യം 300 വർഷത്തിനുശേഷമാണ് ഞാൻ ജനിച്ചത് എന്ന ആകസ്‌മികതയാകാം!
ഊർജ്ജകണബലതന്ത്രം പ്രപഞ്ചത്തിന്റെ ഉത്ഭവത്തെയും അന്ത്യഗതിയെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നതിനെക്കുറിച്ച് എനിക്കും മറ്റു പലർക്കുമുള്ള ആശയങ്ങൾ വിശദീകരിക്കുന്നതിന്, ആദ്യം തപ്‌തമഹാസ്‌ഫോടനമാതൃക “ (hot big bang model) എന്ന പേരിലറിയപ്പെടുന്ന, പൊതുവെ അംഗീകരിക്കപ്പെട്ട പ്രപഞ്ചചരിത്രം. മനസ്സിലാക്കേണ്ടതാവശ്യമാണ്. ഇത് പ്രപഞ്ചത്തെ. അതിന്റെ മഹാസ്‌ഫോടനം മുതൽ, ഫ്രീഡ്‌മാൻ മാതൃകകൊണ്ട് വിവരിക്കാവുന്നതാണെന്ന് അനുമാനിക്കുന്നു. അത്തരം മാതൃകകകളിൽ പ്രപഞ്ചം വികസിക്കുമ്പോൾ അതിലുള്ള ദ്രവ്യവും വികിരണങ്ങളും കൂടുതൽ തണുക്കുന്നുവെന്ന് കാണാം. (പ്രപഞ്ചം ഇരട്ടി വലുപ്പമാവുമ്പോൾ അതിലെ ഊഷ്‌മാവ് പകുതിയാവുന്നു.) ഊഷ്‌മാവ് എന്നു പറയുന്നത് കണികകളുടെ ശരാശരി ഊർജ്ജം, അഥവാ വേഗതയായതിനാൽ പ്രപഞ്ചത്തിന്റെ ഈ തണുക്കലിന് അതിലെ ദ്രവ്യത്തിൽ വലിയ സ്വാധീനമുണ്ടായിരിക്കും. വളരെ ഉയർന്ന ഊഷ്‌മാവിൽ കണികകൾ അതിവേഗം സഞ്ചരിക്കുന്നതിനാൽ അവക്ക് അണുശക്തി മൂലമോ വൈദ്യുതകാന്തശക്തി മൂലമോ ഉള്ള ആകർഷണത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. പക്ഷെ, അവ തണുക്കുമ്പോൾ തമ്മിൽ ആകർഷിക്കുന്ന കണികകൾ കട്ടകൂടാൻ തുടങ്ങുമെന്നു കരുതാം. മാത്രമല്ല പ്രപഞ്ചത്തിൽ നിലനിൽക്കുന്ന കണികകളുടെ സ്വഭാവം തന്നെ ഊഷ്‌മാവിനെ ആശ്രയിക്കും. വേണ്ടത്ര ഉയർന്ന ഊഷ്‌മാവിൽ കണികകൾക്ക് വളരെ ഉയർന്ന ഊർജ്ജമുണ്ടാവുകയും, അവ എപ്പോഴെങ്കിലും കൂട്ടിമുട്ടുകയാണെങ്കിൽ വ്യത്യസ്‌ത കണികകളും പ്രതികണികകളും ഉൽപാദിപ്പിക്കപ്പെടും-അവയിൽ ചിലത് പ്രതികണികകളുമായി കൂട്ടിമുട്ടി ഉന്മൂലനം ചെയ്യപ്പെടുമെങ്കിലും, അവ നശിപ്പിക്കപ്പെടുന്നതിനേക്കാൾ വേഗത്തിൽ ഉൽപ്പാദിപ്പിക്കപ്പെടും. എന്നാൽ താഴ്‌ന്ന ഊഷ്‌മാവിൽ കൂട്ടിമുട്ടുന്ന വസ്‌തുക്കൾക്ക് ഊർജ്ജം കുറവായതിനാൽ കണിക – പ്രതികണിക ജോഡികൾ ഉൽപാദിപ്പിക്കുന്ന വേഗത കുറയുകയും ഉന്മൂലനം ഉൽപാദനത്തേക്കാൾ വേഗതയിലാവും.
Generated from archived content: samayam23.html Author: stephen_hoking
Click this button or press Ctrl+G to toggle between Malayalam and English