രണ്ട്‌

കെപ്‌ളറെ സംബന്ധിച്ചിടത്തോളം ദീർഘവൃത്തഭ്രമണപഥം ഒരു താത്‌ക്കാലിക അനുമാനം മാത്രമായിരുന്നു. മാത്രമല്ല, അൽപ്പം അരോചകം തന്നെയായിരുന്നു. കാരണം ദീർഘവൃത്തത്തിന്‌ വൃത്തത്തിന്റെ പൂർണ്ണതയില്ലല്ലോ. തികച്ചും ആകസ്‌മികമായി, ദീർഘവൃത്തഭ്രമണപഥങ്ങൾ നിരീക്ഷണഫലങ്ങളുമായി ഒത്തുവരുന്നു എന്നു കണ്ടുപിടിക്കപ്പെട്ടപ്പോൾ അവയെ, ഗ്രഹങ്ങൾ സൂര്യനുചുറ്റും കറങ്ങുന്നത്‌ കാന്തശക്‌തി മൂലമാണെന്ന തന്റെ ആശയവുമായി പൊരുത്തപ്പെടുത്തുവാൻ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. വളരെക്കാലത്തിനുശേഷം 1687-ൽ സർ ഐസക്‌ ന്യൂട്ടൻ ഭൗതികശാസ്‌ത്രത്തിലെ ഒരാളുടെ മാത്രമായ സംഭാവനകളിൽ എക്കാലത്തേയും ഏറ്റവും പ്രധാനപ്പെട്ട പുസ്‌തകമായ ‘ഫിലോസഫിയ നാച്ചുറലീസ്‌ പ്രിൻസിപ്പിയ മാത്തമാറ്റിക്ക’ പ്രസിദ്ധീകരിച്ചപ്പോഴാണ്‌ ഇതിന്‌ ഒരു വിശദീകരണം ലഭിച്ചത്‌. അതിൽ ന്യൂട്ടൻ ആകാശഗോളങ്ങൾ സ്ഥലകാലങ്ങളിൽ എങ്ങനെ സഞ്ചരിക്കുന്നുവെന്നതിന്‌ ഒരു സിദ്ധാന്തം അവതരിപ്പിക്കുക മാത്രമല്ല അവയുടെ സഞ്ചാരം അപഗ്രഥിക്കുന്നതിനാവശ്യമായ അതിസങ്കീർണ്ണമായ ഗണിതപദ്ധതി വികസിപ്പിച്ചെടുക്കുകയും ചെയ്‌തു. അതിനും പുറമെ സർവ്വഗത ഗുരുത്വാകർഷണനിയമവും ഇതിൽ ന്യൂട്ടൻ കാഴ്‌ചവെക്കുന്നു. ഇതുപ്രകാരം പ്രപഞ്ചത്തിലെ ഓരോ വസ്‌തുവും മറ്റെല്ലാ വസ്‌തുവിനെയും അവയുടെ പിണ്ഡത്തിന്റെ നേർ അനുപാതത്തിലും അവ തമ്മിലുളള ദൂരത്തിന്റെ വിപരീത അനുപാതത്തിലും ആകർഷിക്കുന്നു. ഈ ശക്‌തിയാണ്‌ ഒരു വസ്‌തു താഴെ വീഴുന്നതിന്‌ കാരണം. ഒരു ആപ്പിൾ തലയ്‌ക്കു വീണപ്പോഴാണ്‌ ന്യൂട്ടന്‌ പ്രചോദനം ലഭിച്ചത്‌ എന്ന കഥ വെറും കിംവദന്തി മാത്രമാണെന്ന്‌ തീർച്ചയാണ്‌. ന്യൂട്ടൺ തന്നെ പറഞ്ഞിട്ടുളളത്‌, താൻ ചിന്താവിഷ്‌ടനായിരിക്കുമ്പോഴാണ്‌ ഗുരുത്വാകർഷണം എന്ന ആശയം മനസ്സിലുദിച്ചത്‌ എന്നും അതിന്‌ ഒരു ആപ്പിൾ വീഴുന്ന കാഴ്‌ച ഇടയാക്കി എന്നും മാത്രമാണ്‌. തുടർന്ന്‌ ന്യൂട്ടൻ അദ്ദേഹത്തിന്റെ നിയമപ്രകാരം, ചന്ദ്രൻ ഭൂമിയ്‌ക്കു ചുറ്റും ദീർഘവൃത്താകൃതിയിൽ കറങ്ങുന്നതും, ഭൂമിയും ഗ്രഹങ്ങളും സൂര്യനുചുറ്റും ദീർഘവൃത്താകൃതിയിൽ ചുറ്റിത്തിരിയുന്നതും ഗുരുത്വാകർഷണം മൂലമാണെന്ന്‌ തെളിയിച്ചു.

കോപ്പർനിക്കസിന്റെ മാതൃക, ടോളമിയുടെ നഭോമണ്ഡലങ്ങളും അതോടൊപ്പം പ്രപഞ്ചത്തിന്‌ പ്രകൃത്യാ ഒരു അതിർത്തിയുണ്ടെന്ന ആശയവും, തളളിക്കളഞ്ഞു. നിശ്‌ചല നക്ഷത്രങ്ങൾ ഭൂമിയുടെ ഭ്രമണം മൂലം ആകാശത്തിനു കുറുകെ മൊത്തമായി നീങ്ങുന്നതായി തോന്നുന്നതൊഴിച്ചാൽ, സ്ഥാനം മാറുന്നില്ല എന്നതിനാൽ സ്വാഭാവികമായും അവ നമ്മുടെ സൂര്യനെപ്പോലെയുളള എന്നാൽ വളരെ വളരെ അകലെയുളള വസ്‌തുക്കളാണെന്ന്‌ കരുതാൻ വിഷമമില്ല.

ന്യൂട്ടന്റെ ഗുരുത്വാകർഷണസിദ്ധാന്തപ്രകാരം നക്ഷത്രങ്ങൾ പരസ്‌പരം ആകർഷിക്കുന്നു. അതുകൊണ്ട്‌ സ്വാഭാവികമായും അവയ്‌ക്ക്‌ നിശ്ചലമായിരിക്കാൻ സാദ്ധ്യമല്ല. അങ്ങനെയെങ്കിൽ അവ എല്ലാം കൂടി ഒരു പ്രത്യേക സ്ഥാനത്തേയ്‌ക്ക്‌ വീഴില്ലേ? ന്യൂട്ടൻ ഇത്‌ മനസ്സിലാക്കിയിരുന്നു എന്നതിന്‌ തെളിവാണ്‌ 1691-ൽ അക്കാലത്തെ പ്രശസ്‌തനായ മറ്റൊരു ചിന്തകനായിരുന്ന റിച്ചാഡ്‌ ബെന്റലിയ്‌ക്കെഴുതിയ എഴുത്ത്‌. അതിൽ ന്യൂട്ടൻ ഇങ്ങനെ സമർത്ഥിക്കുന്നു. ഒരു നിശ്ചിതമായ സ്ഥലപരിധിയിൽ ഒരു നിശ്ചിത എണ്ണം നക്ഷത്രങ്ങൾ മാത്രമേയുളളുവെങ്കിൽ ഇത്‌ സംഭവിക്കും. എന്നാൽ നേരെമറിച്ച്‌ അനന്തമായ പ്രപഞ്ചത്തിൽ അന്ത്യമില്ലാത്തത്ര നക്ഷത്രങ്ങൾ സമമായി നിരത്തിയിരിക്കുകയാണെങ്കിൽ അവ ഒരിക്കലും വീഴുകയില്ല. കാരണം അങ്ങനെ വീഴുവാൻ ഒരു കേന്ദ്രസ്ഥാനമുണ്ടാവില്ല എന്നതു തന്നെ.

അനന്തതയെക്കുറിച്ച്‌ പറയുമ്പോൾ നാം നേരിടുന്ന ചില ദുർഘടങ്ങൾക്ക്‌ ഉദാഹരണമാണ്‌ ഇപ്പറഞ്ഞ വാദം. അനന്തമായ പ്രപഞ്ചത്തിൽ എല്ലാ ബിന്ദുക്കളും മദ്ധ്യമായി കണക്കാക്കാവുന്നതാണ്‌. കാരണം ഓരോ ബിന്ദുവിനു ചുറ്റും അനന്തമായ എണ്ണം നക്ഷത്രങ്ങളുണ്ടായിരിക്കും. എന്നാൽ ശരിയായ സമീപനം നിശ്ചിതമായ അവസ്ഥയാണെന്ന്‌ വളരെ ശേഷമാണ്‌ മനസ്സിലാക്കപ്പെട്ടത്‌. അങ്ങനെയെങ്കിൽ ഓരോ നക്ഷത്രവും ഒന്നിനുമേൽ ഒന്നായി വീഴുക തന്നെ ചെയ്യും. ഇനി ഈ പ്രദേശത്തിന്‌ പുറത്ത്‌ ഓരോ നക്ഷത്രങ്ങൾ കൂടി ഏകദേശം സമമായി നിരത്തുകയാണെങ്കിൽ എന്താണു സംഭവിക്കുക? ന്യൂട്ടന്റെ സിദ്ധാന്തപ്രകാരം നക്ഷത്രങ്ങൾ ശരാശരിയിൽ ഒരു മാറ്റവുമുണ്ടാവുകയില്ല. നക്ഷത്രങ്ങൾ പഴയ വേഗതയിൽത്തന്നെ വീണുകൊണ്ടിരിക്കും. ഗുരുത്വാകർഷണം ആകർഷണം മാത്രമാകുന്ന അനന്തവും സുസ്ഥിരവുമായ ഒരു പ്രപഞ്ചമാതൃക അസാദ്ധ്യമാണെന്ന്‌ ഇന്ന്‌ നമുക്കറിയാം.

20-​‍ാം നൂറ്റാണ്ടിനു മുമ്പ്‌ പൊതുവെയുളള ശാസ്‌ത്രചിന്തയുടെ അവസ്ഥയെപ്പറ്റി ചിന്തിക്കുമ്പോൾ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയോ ചുരുങ്ങിക്കൊണ്ടിരിക്കുകയോ ആവാം എന്ന ആശയം ആരും മുന്നോട്ടു വച്ചില്ല എന്ന വസ്‌തുത രസകരമായി തോന്നാം. പ്രപഞ്ചം മാറ്റമില്ലാത്ത സുസ്ഥിരാവസ്ഥയിൽ അനാദ്യന്തമായി നിലകൊളളുന്നു. അല്ലെങ്കിൽ ഒരു നിശ്ചിത സമയത്ത്‌ ഏറെക്കുറെ ഇന്നു കാണുന്നപോലെ സൃഷ്‌ടിക്കപ്പെട്ടു എന്ന്‌ പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നു. ഇത്‌ ഭാഗീകമായി ശാശ്വതസത്യങ്ങളിൽ വിശ്വസിക്കുവാൻ ജനങ്ങൾക്കു പൊതുവെയുളള പ്രവണതകൊണ്ടാകാം. അതുപോലെത്തന്നെ നാം വൃദ്ധരാവുകയും മരിക്കുകയും ചെയ്യുമെങ്കിലും ഈ പ്രപഞ്ചം മാറ്റമില്ലാതെ അനശ്വരമായി തുടരും എന്ന ചിന്തയിൽ ആശ്വാസം കൊളളാനുളള താൽപര്യം കൊണ്ടുമാകാം.

ന്യൂട്ടന്റെ ഗുരുത്വാകർഷണസിദ്ധാന്തം പ്രപഞ്ചത്തിന്‌ സ്ഥിരാവസ്ഥയിൽ നിൽക്കാൻ സാദ്ധ്യമല്ല എന്നു തെളിയിക്കുന്നുവെന്ന്‌ മനസ്സിലാക്കിയവർപോലും പ്രപഞ്ചം വികസിക്കുകയാവാം എന്ന്‌ നിർദ്ദേശിക്കാൻ തക്കവണ്ണം ചിന്തിക്കുകയുണ്ടായില്ല. പകരം ഗുരുത്വാകർഷണശക്‌തി വളരെ വലിയ അകലങ്ങളിൽ വികർഷണമാകാമെന്ന്‌ ഭേദഗതി ചെയ്യാനാണ്‌ അവർ ശ്രമിച്ചത്‌. ഇത്‌ ഗ്രഹങ്ങളുടെ ചലനഗതിയെ സംബന്ധിച്ച കണക്കുകൂട്ടലുകളിൽ കാര്യമായ മാറ്റമുണ്ടാക്കുന്നില്ലെങ്കിലും അനന്തമായി വ്യാപിപ്പിക്കപ്പെട്ട നക്ഷത്രങ്ങൾ സംതുലിതാവസ്ഥയിൽ തുടരും എന്ന്‌ അംഗീകരിക്കുന്നു-അടുത്തുളള നക്ഷത്രങ്ങൾ തമ്മിലുളള ആകർഷണം അകലെയുളള നക്ഷത്രങ്ങളുടെ വികർഷണവുമായി തുലനം ചെയ്‌തുകൊണ്ട്‌. എന്നാൽ ഈ സംതുലിതാവസ്ഥയും സ്ഥിരമായിരിക്കുകയില്ല എന്ന്‌ ഇപ്പോൾ നാം കരുതുന്നു. കാരണം ഒരു പ്രത്യേക സ്ഥലത്തുളള നക്ഷത്രങ്ങൾ അൽപ്പം കൂടുതൽ അടുത്തു വരികയാണെങ്കിൽ അവ തമ്മിലുളള ആകർഷണം വികർഷണത്തേക്കാൾ കൂടുകയും അവ ഒന്ന്‌ മറ്റൊന്നിലേക്ക്‌ പതിച്ചു കൊണ്ടിരിക്കുകയും ചെയ്യും. മറിച്ച്‌ നക്ഷത്രങ്ങൾ തമ്മിൽ അല്പം അകലുകയാണെങ്കിൽ വികർഷണം മുന്നിട്ടു നിൽക്കുകയും നക്ഷത്രങ്ങളെ തമ്മിൽ അകറ്റിക്കൊണ്ടിരിക്കുകയും ചെയ്യും.

Generated from archived content: samayam2.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English