തമോഗർത്തം

തമോഗർത്തങ്ങൾ അത്ര ഇരുണ്ടതല്ല

1970നു മുമ്പ്‌ സാമാന്യ ആപേക്ഷിക സിദ്ധാന്തത്തെ സംബന്ധിച്ച എന്റെ ഗവേഷണം പ്രധാനമായും, ഒരു മഹാസ്‌ഫോടന അദ്വിതീയാവസ്‌ഥ ഉണ്ടായിരുന്നുവോ ഇല്ലയോ എന്ന പ്രശ്‌നത്തെ കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ, ആ വർഷം എന്റെ മകൾ ലൂസിയുടെ ജനനത്തിനുശേഷം അൽപ്പം കഴിഞ്ഞ്‌, നവംബറിലെ ഒരു സായാഹ്നത്തിൽ കിടക്കാനൊരുങ്ങുമ്പോൾ ഞാൻ തമോഗർത്തങ്ങളെക്കുറിച്ച്‌ ചിന്തിക്കാൻ തുടങ്ങി. എന്റെ അംഗവൈകല്യം ഇതൊരു മന്ദഗതിയിലുള്ള പ്രക്രിയയാക്കിയിരുന്നതിനാൽ എനിക്ക്‌ ധാരാളം സമയമുണ്ടായിരുന്നു. അന്നുവരെ സ്‌ഥല-സമയത്തിലെ ഏതെല്ലാം സ്‌ഥാനങ്ങളാണ്‌ തമോഗർത്തത്തിന്റെ അകത്തായിരിക്കുക, ഏതെല്ലാമാണ്‌ പുറത്തായിരിക്കുക എന്നതിന്‌ കൃത്യമായ നിർവ്വചനമുണ്ടായിരുന്നില്ല. ഒരു തമോഗർത്തത്തെ, വളരെ ദൂരത്തേക്ക്‌ രക്ഷപ്പെടാനാവാത്ത ഒരു സംഭവപരമ്പര എന്ന്‌ നിർവ്വചിക്കാമെന്ന ആശയം ഞാൻ മുമ്പുതന്ന റോജർ പെൻറോസുമായി ചർച്ച ചെയ്‌തിരുന്നു. ഇന്നും അതുതന്നെയാണ്‌ പൊതുവെ അംഗീകരിക്കപ്പെട്ട നിർവ്വചനം. എന്നുവച്ചാൽ, തമോഗർത്തത്തിന്റെ അതിർത്തി, സംഭവചക്രവാളം, രൂപം കൊള്ളുന്നത്‌ തമോഗർത്തത്തിൽ നിന്നും രക്ഷപ്പെടാനാവാത്ത അവസാനത്തെ പ്രകാശര്‌മികളുടെ സ്‌ഥല-സമയത്തിലെ പാതകൾ ചേർന്നാണ്‌. ഈ വക്കത്ത്‌ അവ എന്നന്നേയ്‌ക്കുമായി കുടുങ്ങിക്കിടക്കുന്നു ഇത്‌, ഏതാണ്ട്‌, പോലീസിനെ പേടിച്ചോടുന്നതുപോലെയാണ്‌, ഒരടി മുന്നോട്ട്‌ വെക്കാൻ കഴിഞ്ഞുവെങ്കിലും രക്ഷപ്പെടാൻ പറ്റാത്ത അവസ്‌ഥ.

പെട്ടെന്ന്‌ എനിക്ക്‌ തോന്നി, ഈ പ്രകാശരശ്‌മികളുടെ പാതകൾ ഒരിക്കലും പരസ്‌പരം അടുത്തു വരികയില്ലെന്ന്‌. അങ്ങിനെ വരുകയാണെങ്കിൽ, അന്തിമമായി അവ കൂടിച്ചേരും. ഇത്‌ പോലീസിനെ പേടിച്ച്‌ എതിർദിശയിലോടുന്ന മറ്റൊരാളെ കണ്ടു മുട്ടുന്നതുപോലെയാണ്‌ – രണ്ടു പേരും പിടിക്കപ്പെടും. അഥവാ, ഇവിടെ തമോഗർത്തത്തിലേക്ക്‌ വീഴും. പക്ഷെ, ഈ രശ്‌മികളെ തമോഗർത്തം വിഴുങ്ങുകയാണെങ്കിൽ അവ തമോഗർത്തത്തിന്റെ അതിർത്തിയിലാവുകയില്ല. അതിനാൽ, സംഭവചക്രവാളത്തിലെ രശ്‌മികളുടെ പാത എല്ലായ്‌പ്പോഴും സമാന്തരമായിരിക്കണം അല്ലെങ്കിൽ പരസ്‌പരം അകന്നുപോവുകയായിരിക്കണം. മറ്റൊരു വിധത്തിൽ കാണുകയാണെങ്കിൽ, സംഭവചക്രവാളം, തമോഗർത്തത്തിന്റെ അതിർത്തി, ഒരു നിഴലിന്റെ വക്കുപോലെയാണ്‌ – ആസന്നമായിരിക്കുന്ന അന്ത്യവിധിയുടെ നിഴൽ. സൂര്യനെപ്പോലെ ഒരു പ്രകാശസ്രോതസ്സ്‌ വളരെ ദൂരത്ത്‌ സൃഷ്‌ടിക്കുന്ന നിഴൽ ശ്രദ്ധിക്കുകയാണെങ്കിൽ അതിന്റെ വക്കത്തുള്ള രശ്‌മികൾ നേർക്കുനേർ വരുന്നില്ലെന്നു കാണാൻ കഴിയും.

Generated from archived content: samayam17.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here