അടിസ്ഥാനകണികകളും പ്രകൃതി ശക്തികളും – 4

വൈദ്യുതകാന്തശക്‌തിയുടേയും ദുർബ്ബല അണുശക്തിയുടെയും വിജയകരമായ സംയോജനം ഈ രണ്ടു ശക്തികളും ബലിഷ്‌ഠ അണുശക്തിയുമായി സംയോജിപ്പിച്ച്‌ ഒരു മഹത്‌ ഏകീകൃത സിദ്ധാന്തം ഉണ്ടാക്കുവാനുളള പല ശ്രമങ്ങൾക്കും കാരണമായി. ഈ പേര്‌ അൽപ്പം അതിശയോക്തിയാണ്‌. തത്‌ഫലമായ സിദ്ധാന്തങ്ങൾ അത്ര മഹത്തരമല്ല; അവ പൂർണ്ണമായും ഏകീകൃതവുമല്ല കാരണം അവ ഗുരുത്വാകർഷണത്തെ ഉൾപ്പെടുത്തുന്നില്ല. മാത്രമല്ല, അവ പൂർണ്ണമായ സിദ്ധാന്തങ്ങളല്ല. കാരണം, അവയിലടങ്ങിയിട്ടുളള നിരവധി ഘടകങ്ങളുടെ മൂല്യം സിദ്ധാന്തത്തിൽ നിന്ന്‌ പ്രവചിക്കുവാൻ സാധ്യമല്ല. പകരം പരീക്ഷണത്തിന്‌ യോജിക്കുന്ന വിധത്തിൽ ഒരു മൂല്യം തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും അവ ഒരു സമ്പൂർണ്ണ ഏകീകൃത സിദ്ധാന്തത്തിലേക്കുളള ഒരു കാൽവെപ്പാകാം. മഹത്‌ ഏകീകൃത സിദ്ധാന്തത്തിന്റെ അടിസ്ഥാന ആശയം ഇതാണ്‌ഃ മുമ്പ്‌ പറഞ്ഞപോലെ ബലിഷ്‌ഠ അണുശക്‌തി ഉയർന്ന ഊർജ്ജത്തിൽ ദുർബ്ബലമാവുന്നു. അതേ സമയം അസീം പ്‌ടോടിക്‌ സ്വാതന്ത്ര്യം ഇല്ലാത്ത വൈദ്യുതകാന്തശക്‌തിയും ദുർബ്ബല അണുശക്‌തിയും ഉയർന്ന ഊർജ്ജത്തിൽ കൂടുതൽ ശക്‌തമാവുന്നു. എന്നാൽ മഹത്‌ ഏകീകരണ ഊർജ്ജം എന്നു വിളിക്കുന്ന വളരെ ഉയർന്ന ഊർജ്ജത്തിൽ ഈ മൂന്നു ശക്തികൾക്കും ഒരേ ബലം ഉണ്ടായിരിക്കാം. അതുകൊണ്ട്‌ ഇവയെല്ലാം ഒരേ ശക്തിയുടെ വിവിധ മുഖങ്ങൾ മാത്രമാണെന്നു വരാം. ഈ ഊർജ്ജത്തിൽ 1&2 ചക്രണമുളള കാർക്കും ഇലക്‌ട്രോണും പോലെയുളള വ്യത്യസ്‌ത കണികകളെല്ലാം ഒരുപോലെയാവുമെന്നു മഹതേകീകൃതസിദ്ധാന്തം പ്രവചിക്കുന്നു. അങ്ങനെ മറ്റൊരു ഏകീകരണം കൂടി സാധിക്കുന്നു.

മഹതേകീകരണ ഊർജ്ജത്തിന്റെ മൂല്യം എത്രയാണെന്ന്‌ കൃത്യമായി അറിയപ്പെട്ടിട്ടില്ല, എങ്കിലും അത്‌ ചുരുങ്ങിയത്‌ 10 കോടി കോടി ഗിഗാ ഇലക്‌ട്രോൺ വോൾട്ടെങ്കിലുമാകാൻ സാധ്യതയുണ്ട്‌. ഇന്നത്തെ തലമുറയിൽപ്പെട്ട കണികാത്വരണയന്ത്രങ്ങൾക്ക്‌ 100ജിവ്‌ ഊർജ്ജത്തിൽ കണികകൾ തമ്മിൽ സംഘർഷണം ചെയ്യിക്കാൻ കഴിയും. ഇത്‌ ഏതാനും ആയിരം ആയി ഉയർത്താൻ വേണ്ട യന്ത്രങ്ങൾക്കുളള പദ്ധതികളുണ്ട്‌. പക്ഷെ മഹതേകീകരണ ഊർജ്ജം വരെ കണികകളെ ഉയർത്താൻ വേണ്ട ശക്‌തിയുളള ഒരു യന്ത്രത്തിന്‌ ഏകദേശം സൗരയൂഥത്തിന്റെ അത്രതന്നെ വലുപ്പമുണ്ടാകും. ഇന്നത്തെ സാമ്പത്തിക കാലാവസ്ഥയിൽ അങ്ങനെയൊരു മുതൽ മുടക്കിന്‌ ഒട്ടും സാധ്യതയില്ല. അതിനാൽ മഹത്‌ ഏകീകൃത സിദ്ധാന്തങ്ങൾ പരീക്ഷണശാലയിൽ നേരിട്ട്‌ പരീക്ഷിക്കുക അസാധ്യമാണ്‌. എന്നിരുന്നാലും വൈദ്യുതകാന്ത സിദ്ധാന്തവും ദുർബ്ബല അണുശക്തി ഏകീകൃത സിദ്ധാന്തവും പോലെതന്നെ ഈ സിദ്ധാന്തത്തിനും പരീക്ഷണ വിധേയമാക്കാവുന്ന താഴ്‌ന്ന ഊർജ്ജത്തിലുളള പരിണത ഫലങ്ങളുണ്ട്‌.

ഇവയിൽ ഏറ്റവും രസകരമായത്‌ സാധാരണ ദ്രവ്യത്തിന്റെ പിണ്ഡത്തിന്റെ മുഖ്യ ഘടകമായ പ്രോട്ടോണുകൾക്ക്‌ സ്വതസ്‌ഫൂർത്തമായി പ്രതി ഇലക്‌ട്രോണുകൾ പോലുളള ഭാരം കുറഞ്ഞ കണികകളായി ക്ഷയിക്കാൻ കഴിയുമെന്ന പ്രവചനമാണ്‌. ഇത്‌ സാദ്ധ്യമാവുന്നതിനുളള കാരണം മഹതേകീകരണ ഊർജ്ജത്തിൽ പ്രതി ഇലക്‌ട്രോണുകളും കാർക്കുകളും തമ്മിൽ കാതലായ വ്യത്യാസമില്ലെന്നുളളതാണ്‌. ഒരു പ്രോട്ടോണിനുളളിലെ മൂന്ന്‌ കാർക്കുകൾക്ക്‌ സാധാരണ ഗതിയിൽ പ്രതി ഇലക്‌ട്രോണുകളാവാൻ വേണ്ടത്ര ഉയർന്ന ഊർജ്ജമില്ല. എന്നാൽ വളരെ വിരളമായി അവയിലൊന്ന്‌ ഇത്തരമൊരു രൂപാന്തരത്തിനു വേണ്ട ഊർജ്ജം സമ്പാദിച്ചുവെന്ന്‌ വരാം, കാരണം, അതിശ്ചിതത്വ സിദ്ധാന്തപ്രകാരം പ്രോട്ടോണിലുളള കാർക്കുകളുടെ ഊർജ്ജം കൃത്യമായി നിർണ്ണയിക്കുവാൻ സാധ്യമല്ല. അപ്പോൾ പ്രോട്ടോണിന്‌ ക്ഷയം സംഭവിക്കുന്നു. ഒരു കാർക്ക്‌ ഇങ്ങനെ വേണ്ടത്ര ഊർജ്ജം നേടുവാനുളള സാധ്യത അത്രയും കുറവാണെന്നതിനാൽ നാം അതിന്‌ ചുരുങ്ങിയത്‌ നൂറ്‌ കോടി കോടി കോടി കോടി (1 ന്‌ ശേഷം 30 പൂജ്യം) വർഷങ്ങളെങ്കിലും കാത്തിരിക്കേണ്ടിവരും. ഇത്‌ മഹാസ്‌ഫോടനത്തിനു ശേഷമുളള കാലമായ വെറും ആയിരം കോടി (1ന്‌ ശേഷം 10 പൂജ്യം) വർഷങ്ങളേക്കാൾ എത്രയോ കൂടുതലാണ്‌. അതിനാൽ പ്രോട്ടോണിന്റെ സ്വതസ്‌ഫൂർത്ത ക്ഷയത്തിനുളള സാധ്യത പരീക്ഷണ വിധേയമാക്കാൻ കഴിയില്ലെന്ന്‌ ന്യായമായും കരുതാം. എന്നിരുന്നാലും, വളരെയധികം പ്രോട്ടോണുകളുളള ഒരു വലിയ അളവ്‌ ദ്രവ്യം നിരീക്ഷണ വിധേയമാക്കുകയാണെങ്കിൽ ഒരു പ്രോട്ടോൺ ക്ഷയം കണ്ടെത്താനുളള സാദ്ധ്യത വളരെയധികം വർദ്ധിപ്പിക്കാൻ കഴിയും (ഉദാഹരണത്തിന്‌ ആയിരം കോടി കോടി കോടി കോടി (1ന്‌ ശേഷം 33 പൂജ്യം) പ്രോട്ടോണുകളെ ഒരു വർഷത്തേക്ക്‌ നിരീക്ഷിക്കുകയാണെങ്കിൽ, ഏറ്റവും ലളിതമായ മഹതേകീകൃത സിദ്ധാന്തമനുസരിച്ച്‌, ഒന്നിലധികം പ്രോട്ടോൺ കണ്ടെത്താനാവുമെന്ന്‌ പ്രതീക്ഷിക്കാം)

അങ്ങനെ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും ഒന്നും തന്നെ പ്രോട്ടോണിന്റേയും ന്യൂട്രോണിന്റേയും ക്ഷയത്തെപ്പറ്റി കൃത്യമായ തെളിവ്‌ നല്‌കിയില്ല. 8000 ടൺ വെളളം ഉപയോഗിച്ചുകൊണ്ട്‌ ഓഹിയോവിലെ മോർട്ടൺ ഉപ്പുഖനിയിൽ ഒരു പരീക്ഷണം നടത്തി (പ്രോട്ടോൺ ക്ഷയം എന്ന്‌ തെറ്റിദ്ധരിക്കാവുന്ന കോസ്‌മിക്‌ രശ്‌മികൾ മൂലമുളള പ്രതിഭാസങ്ങൾ ഒഴിവാക്കാനായിരുന്നു ഇത്‌) ഈ പരീക്ഷണത്തിൽ സ്വതസ്‌ഫൂർത്ത പ്രോട്ടോൺ ക്ഷയമൊന്നും തന്നെ കണ്ടെത്താത്തതിനാൽ പ്രോട്ടോണിന്റെ സാദ്ധ്യമായ ആയുസ്‌ ആയിരം കോടി കോടി കോടി കോടി (1ന്‌ ശേഷം 31 പൂജ്യം)യിലധികം വർഷങ്ങളാണെന്ന്‌ കണക്കാക്കാം. ഇത്‌ ഏറ്റവും ലളിതമായ മഹത്‌ ഏകീകൃത സിദ്ധാന്തം പ്രവചിക്കുന്നതിനേക്കാൾ അധികമാണ്‌. പക്ഷെ, ഇതിലും കൂടുതൽ ആയുസ്സ്‌ പ്രവചിക്കുന്ന, കൂടുതൽ വിപുലമായ സിദ്ധാന്തങ്ങളുണ്ട്‌. അവ പരീക്ഷിക്കുന്നതിന്‌ കൂടുതൽ അളവിൽ ദ്രവ്യമുപയോഗിച്ച്‌ കൂടുതൽ സൂക്ഷ്‌മമായ പരീക്ഷണങ്ങൾ ആവശ്യമാണ്‌.

പ്രോട്ടോണിന്റെ സ്വതസ്‌ഫൂർത്ത ക്ഷയം നിരീക്ഷിക്കാൻ വളരെ പ്രയാസമാണെങ്കിലും ഒരു പക്ഷെ, നമ്മുടെ അസ്‌തിത്വം തന്നെ ഒരു എതിർപ്രക്രിയയുടെ, അതായത്‌, കാർക്കുകളും പ്രതികാർക്കുകളും ഏതാണ്ട്‌ തുല്യമായി നിലനിന്നിരുന്ന ഒരു പൂർവ്വസ്ഥിതിയിൽ നിന്നും, പ്രോട്ടോണുകളുടെ, അല്ലെങ്കിൽ, കൂടുതൽ ലളിതമായി, കാർക്കുകളുടെ ഉല്‌പാദനത്തിന്റെ ഫലമാണെന്ന്‌ വരാം. പ്രപഞ്ചത്തിന്റെ ആരംഭത്തെപ്പറ്റി വിഭാവനം ചെയ്യാവുന്ന ഏറ്റവും സ്വാഭാവികമായ മാർഗ്ഗം ഇതാണ്‌. ഭൂമിയിലെ ദ്രവ്യം മുഖ്യമായും പ്രോട്ടോണുകളും ന്യൂട്രോണുകളും ചേർന്നതാണ്‌. അവയാകട്ടെ, ക്വാർക്കുകൾ ചേർന്നതും അതേസമയം, ഇവിടെ പ്രതികാർക്കുകൾ കൂടി ചേർന്ന പ്രതി പ്രോട്ടോണുകളോ പ്രതിന്യൂട്രോണുകളോ ഇല്ല, ഭൗതികശാസ്‌ത്രജ്‌ഞ്ഞർ കൂറ്റർ കണികാത്വരണ യന്ത്രത്തിൽ സൃഷ്‌ടിക്കുന്ന കുറച്ചെണ്ണമൊഴികെ. ഇതു നമ്മുടെ നക്ഷത്രവ്യൂഹത്തിലെ മുഴുവൻ ദ്രവ്യത്തെ സംബന്ധിച്ചും ശരിയാണെന്നതിന്‌ കോസ്‌മിക്‌ രശ്‌മികളിൽ നിന്നുളള തെളിവുകളുണ്ട്‌. ഉയർന്ന ഊർജ്ജ സംഘർഷണത്തിൽ നിന്നുണ്ടാവുന്ന അല്‌പം ചില കണിക&പ്രതികണിക ജോഡികളല്ലാതെ പ്രതി പ്രോട്ടോണുകളോ പ്രതി ന്യൂട്രോണുകളോ ഇല്ല. നമ്മുടെ നക്ഷത്രവ്യൂഹത്തിൽ പ്രതി ദ്രവ്യത്തിന്റെ വലിയ മേഖലകളുണ്ടായിരുന്നുവെങ്കിൽ ദ്രവ്യമേഖലകളുടെ അതിർത്തിയിൽ വലിയ അളവിൽ വികിരണം പ്രതീക്ഷിക്കാം. കാരണം അവിടെ പല കണികകളും അവയുടെ പ്രതികണികകളും കൂട്ടിമുട്ടി ഉയർന്ന ഊർജ്ജത്തിലുളള വികിരണം പുറത്തുവിട്ടുകൊണ്ട്‌ പരസ്‌പരം ഉന്മൂലനം ചെയ്യും.

മറ്റ്‌ നക്ഷത്രവ്യൂഹത്തിലെ ദ്രവ്യം പ്രോട്ടോണുകളും ന്യൂട്രോണുകളും അടങ്ങിയതാണോ അതോ പ്രതിപ്രോട്ടോണുകളും പ്രതി ന്യൂട്രോണുകളും അടങ്ങിയതാണോ എന്നതിന്‌ നമുക്ക്‌ നേരിട്ടുളള തെളിവുകളില്ല. പക്ഷെ, ഇതിൽ രണ്ടിലൊന്നായിരിക്കണം. ഒരേ നക്ഷത്രവ്യൂഹത്തിൽ ഇവയുടെ ഒരു മിശ്രിതമാവുക സാദ്ധ്യമല്ല. കാരണം, അങ്ങനെയാണെങ്കിൽ, വീണ്ടും ഉന്മൂലനത്തിൽ നിന്നുമുളള ഒരുപാട്‌ വികിരണം കാണാൻ സാധിക്കും. അതുകൊണ്ട്‌ എല്ലാ നക്ഷത്രവ്യൂഹങ്ങളും കാർക്കുകളടങ്ങിയതാണ്‌, അല്ലാതെ പ്രതികാർക്കുകളാവില്ല എന്ന്‌ നാം വിശ്വസിക്കുന്നു. ചില നക്ഷത്രവ്യൂഹങ്ങൾ ദ്രവ്യവും മറ്റു ചിലത്‌ പ്രതിദ്രവ്യവുമാവുക എന്നത്‌ അസംഭാവ്യമെന്ന്‌ തന്നെ തോന്നുന്നു.

Generated from archived content: samayam14.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English