പതിനൊന്ന്‌

ന്യൂട്ടന്റെ ചലനനിയമങ്ങൾ സ്ഥലരാശിയിൽ കേവലസ്ഥാനം എന്ന ആശയത്തിന്‌ അന്ത്യം കുറിച്ചു. ആപേക്ഷിക സിദ്ധാന്തം കേവല സമയവും തളളിക്കളഞ്ഞു. രണ്ട്‌ ഇരട്ടകളുടെ കാര്യമെടുക്കാം. അതിലൊരാൾ ഒരു മലയുടെ മുകളിലും മറ്റെയാൾ സമുദ്രനിരപ്പിലും താമസിക്കുവാൻ തുടങ്ങുന്നുവെന്ന്‌ കരുതുക. ആദ്യത്തെ ഇരട്ട രണ്ടാമത്തെ ഇരട്ടയേക്കാൾ വേഗത്തിൽ വയസ്സാവുന്നു. അങ്ങനെ അവർ വീണ്ടും കണ്ടുമുട്ടുകയാണെങ്കിൽ ഒരാൾ മറ്റെയാളേക്കാൾ വയസ്സനായിരിക്കും. ഇവിടെ പ്രായവ്യത്യാസം വളരെ ചെറുതായിരിക്കും. എന്നാൽ ഇരട്ടകളിലൊന്ന്‌ ഒരു ബഹിരാകാശ പേടകത്തിൽ ഏതാണ്ട്‌ പ്രകാശവേഗതയിൽ ഒരു നീണ്ട യാത്ര പോവുകയാണെങ്കിൽ അവർ തമ്മിലുളള പ്രായവ്യത്യാസം വളരെ വലുതായിരിക്കും. അയാൾ മടങ്ങിവരുമ്പോൾ ഭൂമിയിൽ താമസിച്ചിരുന്ന ആളേക്കാൾ വളരെ ചെറുപ്പമായിരിക്കും. ഇതിനെയാണ്‌ ഇരട്ട വൈരുദ്ധ്യം (twins paradox) എന്നു പറയുന്നത്‌. പക്ഷെ കേവലസമയത്തെപ്പറ്റിയുളള ബോധം മനസ്സിനുളളിലുണ്ടെങ്കിൽ മാത്രമേ ഇതൊരു വൈരുദ്ധ്യമാവുകയുളളൂ. ആപേക്ഷിക സിദ്ധാന്തത്തിൽ അദ്വിതീയമായ ഒരു കേവലസമയമില്ല. പകരം ഓരോ വ്യക്തിക്കും അയാളെവിടെയാണെന്നും, എങ്ങിനെ സഞ്ചരിക്കുന്നുവെന്നതിനെയും ആശ്രയിച്ച്‌ അയാളുടേതു മാത്രമായ സമയമാനമാണുണ്ടായിരിക്കും.

1915നു മുമ്പ്‌ സ്ഥലവും സമയവും സുസ്ഥിരമായ ഒരു രംഗമായാണ്‌ ചിന്തിച്ചുപോന്നത്‌. അതിൽ സംഭവങ്ങൾ നടക്കുന്നുഃ എന്നാൽ ആ സംഭവങ്ങൾ ഒരിക്കലും അതിനെ ബാധിക്കുകയില്ല. വിശിഷ്ട ആപേക്ഷിക സിദ്ധാന്തത്തിൽപ്പോലും ഇതായിരുന്നു സ്ഥിതി. വസ്‌തുക്കൾ ചലിക്കുകയും ശക്തികൾ ആകർഷിക്കുകയും വികർഷിക്കുകയും ചെയ്യുന്നു. എന്നാൽ സ്ഥലവും സമയവും നിർബ്ബാധം യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. ഇങ്ങനെ സ്ഥലവും സമയവും അനന്തമായി നിലനിൽക്കുന്നു എന്ന്‌ ചിന്തിക്കുന്നത്‌ അന്ന്‌ വെറും സ്വാഭാവികം മാത്രമായിരുന്നു.

എന്നാൽ സാമാന്യ ആപേക്ഷിക സിദ്ധാന്തത്തിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്‌. ഇവിടെ സ്ഥലവും സമയവും ചലനാത്മകങ്ങളായ പരിണാമങ്ങളാണ്‌. ഒരു വസ്‌തു ചലിക്കുമ്പോൾ അല്ലെങ്കിൽ ഒരു ശക്തി പ്രവർത്തിക്കുമ്പോൾ അത്‌ സ്ഥലരാശിയുടെ വളവിനേയും സമയത്തേയും സ്വാധീനിക്കുന്നു. അതുപോലെ സമയത്തിന്റെ ഘടന വസ്‌തുക്കൾ ചലിക്കുന്നതിനേയും ശക്തികൾ പ്രവർത്തിക്കുന്നതിനേയും സ്വാധീനിക്കുന്നു. സ്ഥലരാശിയും സമയവും പ്രപഞ്ചത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാറ്റിനെയും സ്വാധീനിക്കുകയും തിരിച്ച്‌ അവയാൽ സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു. നമുക്ക്‌ പ്രപഞ്ചത്തിലെ സംഭവങ്ങളെപ്പറ്റി സ്ഥലരാശി, സമയം എന്നീ ആശയങ്ങളില്ലാതെ പറയാൻ സാദ്ധ്യമല്ലാത്തതുപോലെ സാമാന്യ ആപേക്ഷിക സിദ്ധാന്തത്തിൽ പ്രപഞ്ചത്തിന്റെ പരിധികൾക്ക്‌ പുറത്ത്‌ സ്ഥലരാശിയേയും സമയത്തേയും പറ്റി പറയുക അർത്ഥശൂന്യമായിത്തീർന്നു.

തുടർന്നു വന്ന ദശകങ്ങളിൽ സ്ഥലരാശിയേയും സമയത്തേയും പറ്റിയുളള ഈ പുതിയ അറിവ്‌ പ്രപഞ്ചത്തെക്കുറിച്ചുളള നമ്മുടെ വീക്ഷണത്തിൽ വിപ്ലവകരമായ മാറ്റം വരുത്തി. അന്നാദ്യന്തമായി നിലനിന്നിരിക്കാവുന്നതും നിലനിന്നുകൊണ്ടിരിക്കാവുന്നതുമായ, മൗലികമായി മാറ്റമില്ലാത്തതുമായ, ഒരു പ്രപഞ്ചം എന്ന പഴയ വിശ്വാസത്തിനു പകരം ഒരു നിശ്ചിത കാലത്തിനു മുമ്പ്‌ ആരംഭിക്കുകയും ഒരു നിശ്ചിതകാലത്തിനു ശേഷം അവസാനിക്കാവുന്നതുമായ, ചലനാത്മകമായ, വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം എന്ന ആശയം മാറ്റി പ്രതിഷ്‌ഠിക്കപ്പെട്ടു. ഈ വിപ്ലവമാണ്‌ അടുത്ത അദ്ധ്യായത്തിലെ വിഷയം. വർഷങ്ങൾക്കുശേഷം സൈദ്ധാന്തിക ഭൗതികശാസ്‌ത്രത്തിൽ എന്റെ പ്രവർത്തനം ആരംഭിക്കുന്നതും ഇവിടെ നിന്നുതന്നെയായിരുന്നു. റോജർ പെൻറോസും (Roger Penrose) ഞാനും കൂടി, ഐൻസ്‌റ്റീന്റെ ആപേക്ഷിക സിദ്ധാന്തം, പ്രപഞ്ചത്തിന്‌ തീർച്ചയായും ഒരു തുടക്കവും, ഒരു പക്ഷെ, അന്ത്യവുമുണ്ടായിരിക്കണമെന്ന്‌ സൂചിപ്പിക്കുന്നുവെന്ന്‌ തെളിയിച്ചു.

Generated from archived content: samayam11.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here