പത്ത്‌

ഭൂമി ചതുർമാന സ്ഥലസമയത്തിൽ നേർരേഖയിൽ സഞ്ചരിക്കുന്നുവെങ്കിലും നമുക്ക്‌, ത്രിമാന സ്ഥലരാശിയിൽ അത്‌ വളർത്തുളമായ ഭ്രമണപഥത്തിൽ നീങ്ങുന്നതുപോലെ തോന്നത്തക്കവിധത്തിൽ സൂര്യന്റെ പിണ്ഡം സ്ഥലസമയത്തെ വക്രീകരിക്കുന്നു. വാസ്‌തവത്തിൽ, സാമാന്യ ആപേക്ഷിക സിദ്ധാന്തം പ്രവചിച്ച ഗ്രഹങ്ങളുടെ ഭ്രമണപഥം, മിക്കവാറും കൃത്യമായിത്തന്നെ, ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തം പ്രവചിച്ചതു തന്നെയായിരുന്നു. എങ്കിലും, സൂര്യന്റെ ഏറ്റവും അടുത്തുളളതും അതിനാൽ ഏറ്റവും ശക്തമായ ഗുരുത്വാകർഷണം അനുഭവിക്കുകയും ഏറ്റവും ദീർഘവൃത്താകൃതിയിലുളള ഭ്രമണപഥമുളളതുമായ ബുധൻ എന്ന ഗ്രഹത്തിന്റെ കാര്യത്തിൽ, അതിന്റെ നീണ്ട ദീർഘവൃത്തത്തിന്റെ അക്ഷരേഖ സൂര്യനു ചുറ്റും പതിനായിരം കൊല്ലത്തിൽ ഒരു ഡിഗ്രി എന്ന തോതിൽ തിരിഞ്ഞുകൊണ്ടിരിക്കും എന്ന്‌ സാമാന്യ ആപേക്ഷിക സിദ്ധാന്തം പ്രവചിക്കുന്നു. വളരെ ചെറുതെങ്കിലും, 1915നു മുമ്പു തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഈ വസ്തുത, ഐൻസ്‌റ്റീന്റെ സിദ്ധാന്തത്തിന്‌ ആദ്യത്തെ സ്ഥിരീകരണമായി ഭവിച്ചു. ഇക്കഴിഞ്ഞ വർഷങ്ങളിൽ മറ്റു ചില ഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ, ന്യൂട്ടന്റെ പ്രവചനങ്ങളിൽ നിന്നുമുളള, ഇതിലും ചെറിയ വ്യതിയാനങ്ങൾ റഡാർ ഉപയോഗിച്ച്‌ അളക്കുകയും അവ സാമാന്യ ആപേക്ഷിക സിദ്ധാന്തത്തിന്റെ പ്രവചനങ്ങളുമായി ഒത്തു വരുകയും ചെയ്‌തു.

പ്രകാശരശ്‌മികളും സ്ഥലസമയങ്ങളിൽ ജിയോഡെസിക്കുകളിൽ സഞ്ചരിക്കണം. വീണ്ടും, സ്ഥലരാശി വളഞ്ഞതാവുമ്പോൾ പ്രകാശം സ്ഥലരാശിയിൽ നേർരേഖയിൽ സഞ്ചരിക്കുന്നതുപോലെ തോന്നാതെയാകുന്നു. അതിനാൽ ഗുരുത്വാകർഷണ വലയത്തിൽ പ്രകാശം വളയുന്നുവെന്ന്‌ സാമാന്യ ആപേക്ഷിക സിദ്ധാന്തം പ്രവചിക്കുന്നു. ഉദാഹരണത്തിന്‌, സൂര്യനടുത്തുളള ബിന്ദുക്കളുടെ പ്രകാശകോണാകൃതി സൂര്യന്റെ പിണ്ഡം കാരണം അൽപം അകത്തേയ്‌ക്ക്‌ വളയുമെന്ന്‌ ഈ സിദ്ധാന്തം പറയുന്നു. ഇതനുസരിച്ച്‌ സൂര്യനടുത്തുകൂടെ പോകുന്ന ഒരു വിദൂര നക്ഷത്രത്തിൽ നിന്നുളള പ്രകാശരശ്‌മിക്ക്‌ ഒരു ചെറിയ വ്യതിചലനം സംഭവിയ്‌ക്കുകയും ഭൂമിയിൽ നിന്നുളള നിരീക്ഷകന്‌ നക്ഷത്രത്തിന്റെ സ്ഥാനം അൽപം വ്യത്യസ്തമായി തോന്നുകയും ചെയ്യും(ചിത്രം 2.9) തീർച്ചയായും, ഒരു നക്ഷത്രത്തിൽ നിന്നുളള പ്രകാശം എല്ലായ്‌പ്പോഴും സൂര്യനടുത്തു കൂടിയാണ്‌ വരുന്നതെങ്കിൽ നമുക്ക്‌ ഒരിക്കലും പ്രകാശം വ്യതിചലിക്കുന്നുണ്ടോ അതോ നക്ഷത്രം ശരിയ്‌ക്കും കാണുന്ന സ്ഥലത്തു തന്നെയാണോ ഉളളതെന്ന്‌ കൃത്യമായി പറയാനാവില്ല. എങ്കിലും ഭൂമി സൂര്യനു ചുറ്റും തിരിയുമ്പോൾ പല നക്ഷത്രങ്ങളും സൂര്യന്റെ പിന്നിൽ മറയുന്നതായി തോന്നുകയും അവയുടെ പ്രകാശം വ്യതിചലിക്കുകയും ചെയ്യും. അതിനാൽ അവ മറ്റു നക്ഷത്രങ്ങളെ അപേക്ഷിച്ച്‌ അവയുടെ പ്രതീതമായ സ്ഥാനം മാറിക്കൊണ്ടിരിക്കും.

സാധാരണഗതിയിൽ ഈ അവസ്ഥ കാണുവാൻ വളരെ പ്രയാസമാണ്‌. കാരണം, സൂര്യന്റെ പ്രകാശം കാരണം ആകാശത്ത്‌ സൂര്യനടുത്തായി കാണുന്ന നക്ഷത്രങ്ങൾ നിരീക്ഷിക്കുക അസാദ്ധ്യമാണ്‌. എന്നാൽ സൂര്യഗ്രഹണ സമയത്ത്‌ ചന്ദ്രൻ സൂര്യനെ മറയ്‌ക്കുമ്പോൾ ഇതിനവസരമുണ്ട്‌. 1915ൽ പ്രകാശ വ്യതിചലനത്തെപ്പറ്റിയുളള ഐൻസ്‌റ്റീന്റെ പ്രവചനം ഉടൻ പരീക്ഷിക്കാൻ കഴിഞ്ഞില്ല. കാരണം ഒന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്‌. പിന്നീട്‌ 1915ലാണ്‌ പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നും സൂര്യഗ്രഹണം വീക്ഷിച്ചിരുന്ന ഒരു ബ്രിട്ടീഷ്‌ പര്യവേക്ഷണസംഘം സിദ്ധാന്ത പ്രകാരം തന്നെ സൂര്യൻ പ്രകാശരശ്‌മികളെ ശരിയ്‌ക്കും വ്യതിചലിപ്പിക്കുന്നുണ്ടെന്ന്‌ തെളിയിച്ചത്‌. ഇങ്ങനെ ഒരു ജർമ്മൻ സിദ്ധാന്തം ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞർ തെളിയിച്ചത്‌ യുദ്ധത്തിനുശേഷം രണ്ടു രാജ്യങ്ങളും തമ്മിലുളള മഹത്തായ ഒരു അനുരഞ്ജനകൃത്യമായി വാഴ്‌ത്തപ്പെട്ടു. അതുകൊണ്ട്‌ തന്നെ, അന്ന്‌ ആ പര്യവേക്ഷണത്തിലെടുത്ത ചിത്രങ്ങളുടെ പുനഃപരിശോധനയിൽ, അവർ അളക്കാൻ ശ്രമിച്ച ഈ വലിയ പ്രതിഭാസത്തിന്റെ അത്രതന്നെ വലിയ പിഴവുകളും പറ്റിയിരുന്നുവെന്ന്‌ കാണാൻ കഴിഞ്ഞു എന്ന വസ്‌തുത ഒരു വിരോധാഭാസമായി തോന്നാം. ഈ സംരംഭം വെറുമൊരു ഭാഗ്യം മാത്രമായിരുന്നു. അഥവാ, ശാസ്‌ത്രത്തിൽ വളരെ അപൂർവ്വമല്ലാത്ത, തേടുന്ന ഫലം മുൻകൂട്ടി അറിയാവുന്ന ഒരു സംഭവമായിരുന്നു ഇത്‌. എന്നിരുന്നാലും പിന്നീടുണ്ടായ പല നിരീക്ഷണങ്ങളിലൂടെ പ്രകാശത്തിന്റെ വ്യതിചലനം കൃത്യമായി സ്ഥിരീകരിക്കപ്പെട്ടു.

സാമാന്യ ആപേക്ഷിക സിദ്ധാന്തത്തിന്റെ മറ്റൊരു പ്രവചനമാണ്‌ ഭൂമിയെപ്പോലുളള ഒരു ബൃഹദ്‌ വസ്‌തുവിന്റെ അടുത്ത്‌ സമയം മെല്ലെ നീങ്ങുന്നു എന്നത്‌. ഇതിനു കാരണം പ്രകാശത്തിന്റെ ഊർജ്ജവും ആവൃത്തിയും തമ്മിൽ ബന്ധമുള്ളതുകൊണ്ടാണ്‌. ഊർജ്ജം കൂടുമ്പോൾ ആവൃത്തിയും കൂടുന്നു. ഭൂമിയുടെ ആകർഷണവലയത്തിൽ പ്രകാശം മുകളിലേക്ക്‌ സഞ്ചരിക്കുമ്പോൾ അതിന്റെ ഊർജ്ജം നഷ്ടപ്പെടുന്നു. അതിനാൽ പ്രകാശത്തിന്റെ ആവൃത്തി കുറയുന്നു. (അതായത്‌ രണ്ട്‌ തരംഗ ശിഖരങ്ങൾ തമ്മിലുളള സമയദൈർഘ്യം കൂടുന്നു) മുകളിൽ നിന്ന്‌ നോക്കുന്ന ഒരാൾക്ക്‌ താഴെ സംഭവിക്കുന്നതെല്ലാം അൽപം സാവധാനത്തിലാണെന്ന്‌ തോന്നുന്നു. ഈ പ്രവചനം 1962ൽ ഒരു ജലസംഭരണിയുടെ താഴെയും മുകളിലും മികച്ച കൃത്യതയുളള രണ്ടു ഘടികാരങ്ങൾ വെച്ചുകൊണ്ട്‌ പരീക്ഷിക്കുകയുണ്ടായി. സാമാന്യ ആപേക്ഷിക സിദ്ധാന്തം പൂർണ്ണമായും ശരിവച്ചുകൊണ്ടു താഴെ ഭൂമിയുടെ കൂടുതൽ അടുത്തുളള ഘടികാരം മറ്റു ക്ലോക്കിനെക്കാൾ അൽപം പതുക്കെയാണ്‌ നടക്കുന്നതെന്ന്‌ കണ്ടു. ഭൂമിക്ക്‌ മുകളിൽ വ്യത്യസ്ത ഉയരങ്ങളിൽ ക്ലോക്കുകളുടെ വേഗതയിലുളള വ്യത്യാസം, ഉപഗ്രഹങ്ങളുടെ സഹായത്തോടെയുളള അതിസൂക്ഷമമായ വ്യോമയാന നിയന്ത്രണ സംവിധാനങ്ങളുടെ വരവോടെ വളരെയധികം പ്രായോഗിക പ്രാധാന്യം ആർജ്ജിച്ചിരിക്കുന്നു. സാമാന്യ ആപേക്ഷിക സിദ്ധാന്തത്തിന്റെ പ്രവചനങ്ങൾ അവഗണിക്കുകയാണെങ്കിൽ നാം കണക്കാക്കുന്ന സ്ഥാനം നാഴിക കണക്കിന്‌ തെറ്റുമായിരുന്നു.

Generated from archived content: samayam10.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here