1. നമ്മുടെ പ്രപഞ്ചചിത്രം
ഒരിക്കൽ പ്രശസ്‌തനായ ഒരു ശാസ്‌ത്രജ്ഞൻ (ബർട്രാന്റ് റസ്സൽ എന്ന് ചിലർ) ജ്യോതിശാസ്‌ത്രത്തെക്കുറിച്ച് ഒരു പൊതുപ്രഭാഷണം നടത്തി. ഭൂമി എങ്ങനെ സൂര്യനെ ചുറ്റുന്നുവെന്നും, സൂര്യൻ എങ്ങനെ ആകാശഗംഗ എന്നു നാം വിളിക്കുന്ന നക്ഷത്രവ്യൂഹത്തെ ചുറ്റുന്നുവെന്നുമെല്ലാം അദ്ദേഹം സവിസ്‌തരം പ്രതിപാദിച്ചു. പ്രഭാഷണം അവസാനിച്ചപ്പോൾ സദസ്സിന്റെ പിന്നിൽ നിന്നും ഒരു വൃദ്ധ എഴുന്നേറ്റ് പറഞ്ഞുഃ ‘നിങ്ങൾ ഇപ്പോൾ പറഞ്ഞതെല്ലാം വെറും അസംബന്ധമാണ്. ഭൂമി യഥാർത്ഥത്തിൽ ഒരു പരന്ന തളിക പോലെയാണ്. അത് ഒരു കൂറ്റൻ ആമയുടെ പുറത്താണ് നിൽക്കുന്നത്.’ ശാസ്‌ത്രജ്‌ഞ്ഞൻ, അപ്പോൾ ഔദ്ധ്യത്യത്തോടെ ഒന്നു പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. ‘അപ്പോൾ ആമയെവിടെയാണ് നിൽക്കുന്നത്?“ ”നിങ്ങൾ അതിസമർത്ഥൻ തന്നെ.“ വൃദ്ധ പറഞ്ഞു. ”എന്നാൽ കേട്ടോളൂ, ആമയ്‌ക്കു താഴെ അസംഖ്യം ആമകളാണ്.“
എണ്ണമറ്റ ആമകളുടെ ഗോപുരം എന്ന പ്രപഞ്ചത്തിന്റെ ഈ ചിത്രം മിക്കവരും വെറും ഭോഷ്‌ക്കാണെന്ന് കരുതുമായിരിക്കും. പക്ഷെ ഇതിനെക്കാൾ വിവരം നമുക്കുണ്ടെന്ന് എങ്ങനെ പറയാൻ കഴിയും? ഈ പ്രപഞ്ചത്തെപ്പറ്റി നമുക്കെന്തറിയാം? എങ്ങനെ നമുക്കതറിയാൻ കഴിയും? എവിടെ നിന്നാണ് ഈ പ്രപഞ്ചം വരുന്നത്? എവിടേക്കാണ് പോകുന്നത്? പ്രപഞ്ചത്തിന് ഒരു ഉത്ഭവമുണ്ടായിരുന്നുവോ? എങ്കിൽ അതിനുമുമ്പ് എന്താണ് സംഭവിച്ചത്? എന്താണ് സമയത്തിന്റെ സ്വഭാവം? സമയം എന്നെങ്കിലും അവസാനിക്കുമോ? വിസ്‌മയകരമായ ആധുനിക സാങ്കേതികതയുടെ സഹായത്തോടെ ഭൗതികശാസ്‌ത്രത്തിൽ അടുത്ത കാലത്തുണ്ടായ മുന്നേറ്റങ്ങൾ ഈ ചിരകാല പ്രഹേളികകൾക്ക് ചില ഉത്തരങ്ങൾ മുന്നോട്ട് വെക്കുന്നു. എന്നെങ്കിലും ഒരിക്കൽ ഈ ഉത്തരങ്ങൾ, ഭൂമി സൂര്യനെ ചുറ്റുന്നു എന്നപോലെ ഒരു സ്വാഭാവിക സത്യമായി നമുക്ക് തോന്നാം. അല്ലെങ്കിൽ ആമകളുടെ സ്‌തംഭം പോലെ ശുദ്ധ അസംബന്ധമായും തോന്നാം. കാലം (അത് എന്തുതന്നെയായാലും) അതിന് തീർപ്പു കൽപ്പിക്കട്ടെ.
ക്രിസ്‌തുവിന് 340 കൊല്ലം മുമ്പുതന്നെ ഗ്രീക്ക് തത്വചിന്തകൻ അരിസ്‌റ്റോട്ടിലിന്, തന്റെ ’ജ്യോതിർമണ്ഡലത്തെ കുറിച്ച്‘ എന്ന പുസ്‌തകത്തിൽ, ഭൂമി പരന്ന ഒരു തളികപോലെയല്ല, മറിച്ച്, ഒരു ഉരുണ്ട ഗോളമാണെന്നതിന് രണ്ട് വളരെ പ്രസക്‌തമായ ന്യായങ്ങളുന്നയിക്കാൻ കഴിഞ്ഞിരുന്നു. ഒന്നാമതായി ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ഭൂമി സൂര്യന്റെയും ചന്ദ്രന്റെയും ഇടയിൽ വരുമ്പോഴാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഗ്രഹണസമയത്ത് ഭൂമിയുടെ നിഴൽ എല്ലായ്‌പ്പോഴും വൃത്താകൃതിയിലാണെന്ന് അദ്ദേഹം കണ്ടു. ഇത് ഭൂമി ഗോളാകൃതിയാണെങ്കിൽ മാത്രമേ സംഭവിക്കുകയുളളൂ. മറിച്ച്, ഭൂമി തളികപോലെയാണെങ്കിൽ, സൂര്യൻ ഭൂമിയുടെ മദ്ധ്യബിന്ദുവിൽ നിന്ന് അകലുന്നതനുസരിച്ച് ഭൂമിയുടെ നിഴൽ നീണ്ട് ദീർഘവൃത്താകൃതിയിലാകുമായിരുന്നു. രണ്ടാമതായി, ധ്രുവനക്ഷത്രം തെക്കൻ ദേശങ്ങളിൽ നിന്ന് നോക്കുമ്പോൾ വടക്കുനിന്ന് നോക്കുന്നതിനേക്കാൾ താഴെയായി കാണുന്നു എന്ന് ഗ്രീക്കുകാർ അവരുടെ യാത്രകളിൽ നിന്നും മനസ്സിലാക്കിയിരുന്നു. ധ്രുവനക്ഷത്രം ഉത്തരധ്രുവത്തിന് നേരെ മുകളിലായതിനാൽ അത് ഭൂമദ്ധ്യരേഖയിൽ നിന്ന് നോക്കുമ്പോൾ ചക്രവാളസീമയ്‌ക്കടുത്തായി തോന്നുന്നു. ഗ്രീസിൽ നിന്നും ഈജിപ്‌തിൽ നിന്നും നോക്കിയാൽ ധ്രുവനക്ഷത്രം കാണപ്പെടുന്നതിന്റെ വ്യത്യാസത്തിൽ നിന്നും അരിസ്‌റ്റോട്ടിൽ ഭൂമിക്കു ചുറ്റുമുളള ദൂരം ഏകദേശം 4 ലക്ഷം സ്‌റ്റേഡിയം ആണെന്ന് തിട്ടപ്പെടുത്തുകപോലും ചെയ്‌തു. സ്‌റ്റേഡിയം എന്ന നീളം എത്രയാണെന്നറിവില്ല. ഒരുപക്ഷെ, അത് ഏകദേശം 200 വാരയാകാം. അങ്ങനെയെങ്കിൽ അരിസ്‌റ്റോട്ടിൽ തിട്ടപ്പെടുത്തിയ ദൂരം, ഇന്ന് അംഗീകരിക്കപ്പെട്ട ദൂരത്തിന്റെ ഇരട്ടിയായി വരും. ഭൂമി ഉരുണ്ടതാണെന്നതിന് ഗ്രീക്കുകാർക്ക് മൂന്നാമതൊരു ന്യായം കൂടിയുണ്ടായിരുന്നു. ഭൂമി ഉരുണ്ടതല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ചക്രവാളസീമയിൽ നിന്നു വരുന്ന ഒരു കപ്പലിന്റെ പായ മാത്രം ആദ്യം കാണുന്നതും ഉടൽ പിന്നീടു മാത്രം കാണുന്നതും?
ഭൂമി നിശ്ചലമായി നിൽക്കുകയാണെന്നും സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം ഭൂമിക്കു ചുറ്റും വൃത്താകൃതിയിലുളള ഭ്രമണപഥത്തിൽ കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും അരിസ്‌റ്റോട്ടിൽ കരുതി. അതിനു കാരണം ഭൂമിയുടെ ദിവ്യ പരിവേഷങ്ങളാൽ, അത് പ്രപഞ്ചത്തിന്റെ കേന്ദ്ര ബിന്ദുവാണെന്നും, വൃത്താകൃതിയാണ് ഏറ്റവും പരിപൂർണ്ണമെന്നും അദ്ദേഹം വിശ്വസിച്ചതുകൊണ്ടാണ്. ഈ ആശയം ക്രിസ്‌തുവിനുശേഷം 2-ാം നൂറ്റാണ്ടിൽ ടോളമി ഒരു സമ്പൂർണ്ണ പ്രപഞ്ചമാതൃകയായി വികസിപ്പിച്ചെടുത്തു. അതുപ്രകാരം ഭൂമി മദ്ധ്യത്തിലും അതിനുചുറ്റും എട്ടു ഗോളമണ്ഡലങ്ങളിലായി ചന്ദ്രൻ, സൂര്യൻ, നക്ഷത്രങ്ങൾ, പിന്നെ അന്ന് അറിയപ്പെട്ടിരുന്ന ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ അഞ്ചു ഗ്രഹങ്ങളും ചുറ്റിക്കൊണ്ടിരിക്കുന്നു. ഗ്രഹങ്ങൾ അവയുടെ ഗോളമണ്ഡലങ്ങളോടു ബന്ധിപ്പിക്കപ്പെട്ട ചെറിയ വൃത്തങ്ങളിലും ചലിക്കുന്നു. ആകാശവീഥിയിൽ ഗ്രഹങ്ങളുടെ സങ്കീർണ്ണമായ പാത വിശദീകരിക്കുന്നതിനു വേണ്ടിയാണ് ഇത്. എല്ലാറ്റിനും പുറമെയുളള ഗോളമണ്ഡലത്തിലാണ് നിശ്ചല നക്ഷത്രങ്ങൾ എന്നു വിളിക്കുന്ന നക്ഷത്രങ്ങൾ നിലകൊളളുന്നത്. ഇവയ്‌ക്ക് ഒന്നിന് മറ്റൊന്നിനെ അപേക്ഷിച്ച് സ്ഥാനമാറ്റമില്ലെങ്കിലും ഇവ മൊത്തമായി ആകാശത്തിനു കുറുകെ സഞ്ചരിക്കുന്നു. അവസാനത്തെ ഗോളമണ്ഡലത്തിനപ്പുറം എന്തെന്ന് ഒരിക്കലും വ്യക്തമാക്കപ്പെട്ടിരുന്നില്ല. അത് നമ്മുടെ ദൃശ്യപ്രപഞ്ചത്തിനപ്പുറമാണല്ലോ!
ടോളമിയുടെ മാതൃക ആകാശത്തിൽ ജ്യോതിർഗോളങ്ങളുടെ സ്ഥാനം പ്രവചിക്കുന്നതിന് ഏറെക്കുറെ കൃത്യമായ ഒരു പദ്ധതിയായിരുന്നു. എന്നാൽ ഇവയുടെ സ്ഥാനങ്ങൾ കൃത്യമായി പ്രവചിക്കുന്നതിന് ടോളമിക്ക് ചന്ദ്രന്റെ സഞ്ചാരപഥം ചിലപ്പോൾ മറ്റു സമയത്തെ അപേക്ഷിച്ച് പകുതി ദൂരം വരെ ഭൂമിയുടെ അടുത്തായി വരുമെന്ന് സങ്കൽപ്പിക്കേണ്ടി വന്നു. അതായത് ചന്ദ്രൻ ചില സമയത്ത്, മറ്റു ചില സമയത്ത് കാണുന്നതിനേക്കാൾ ഇരട്ടി വലുപ്പത്തിൽ ദൃശ്യമാകണം! ഈ വൈകല്യം ടോളമി മനസ്സിലാക്കിയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ മാതൃക, സാർവ്വത്രികമായല്ലെങ്കിലും പൊതുവെ അംഗീകരിക്കപ്പെട്ടു. ക്രിസ്‌തുമതാധികാരികളും ഈ മാതൃക വേദസൂക്‌തങ്ങൾക്കനുസരണമാണെന്ന് കരുതി അവരുടെ അംഗീകാരം നൽകി. കാരണം ഈ മാതൃകക്ക് സ്ഥിരനക്ഷത്ര മണ്ഡലത്തിനപ്പുറം ഒരുപാട് സ്ഥലം സ്വർഗ്ഗത്തിനും നരകത്തിനും വേണ്ടി നീക്കിവെക്കപ്പെട്ടിരുന്നു എന്ന വലിയൊരു മെച്ചമുണ്ട്.
എന്നാൽ 1514-ൽ നിക്കോളാസ് കോപ്പർനിക്കസ് എന്ന വൈദികൻ കൂടുതൽ ലളിതമായ ഒരു മാതൃക മുന്നോട്ടു വെച്ചു. (ഒരുപക്ഷെ ക്രിസ്‌തുമത അധികാരികൾ തന്നെ ഒരു അവിശ്വാസിയായി മുദ്ര കുത്തും എന്ന ഭയത്താലാവാം, കോപ്പർനിക്കസ് ആദ്യം സ്വന്തം പേരു വെളിപ്പെടുത്താതെയാണ് പ്രസ്‌തുത ആശയം പ്രചരിപ്പിച്ചത്) അതുപ്രകാരം സൂര്യൻ മദ്ധ്യത്തിൽ നിശ്ചലമായി നിൽക്കുകയും ഭൂമിയും മറ്റു ഗ്രഹങ്ങളും വൃത്താകൃതിയിലുളള ഭ്രമണപഥത്തിൽ ചുറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടിന് ശേഷമാണ് ഈ ആശയം ഗൗരവമായി പരിഗണിക്കപ്പെടാൻ തുടങ്ങിയത്. ജർമ്മൻകാരനായ ജോഹാന്നസ് കെപ്‌ളർ ഇറ്റലിക്കാരനായ ഗലീലിയോ, ഗലീലി എന്നീ രണ്ടു ജ്യോതിശാസ്‌ത്രജ്ഞർ കോപ്പർനിക്കസിന്റെ സിദ്ധാന്തത്തെ, അതുപ്രകാരമുളള ഭ്രമണപഥങ്ങൾ നിരീക്ഷിക്കപ്പെടുന്ന ഭ്രമണപഥവുമായി കൃത്യമായി ഒത്തുവരുന്നില്ലെങ്കിലും, പരസ്യമായി പിന്താങ്ങാൻ തുടങ്ങി. ഒടുവിൽ 1609-ലാണ് അരിസ്‌റ്റോട്ടിൽ-ടോളമി സിദ്ധാന്തത്തിന്റെ ശവക്കുഴി തോണ്ടിയത്. ആ കൊല്ലം ഗലീലിയോ, അപ്പോൾ കണ്ടുപിടിക്കപ്പെട്ട ദൂരദർശിനി ഉപയോഗിച്ച് രാത്രിയിൽ വാനനിരീക്ഷണമാരംഭിച്ചു. വ്യാഴം എന്ന ഗ്രഹത്തെ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ അതിനോടൊപ്പം തന്നെ ചില ഉപഗ്രഹങ്ങൾ അഥവാ ചന്ദ്രന്മാർ വ്യാഴത്തെ ഭ്രമണം ചെയ്യുന്നതായി ഗലീലിയോയുടെ ശ്രദ്ധയിൽ പെട്ടു. ഇത് സൂചിപ്പിക്കുന്നത് അരിസ്‌റ്റോട്ടിലും ടോളമിയും കരുതിയപോലെ എല്ലാ വസ്‌തുക്കളും നേരെ ഭൂമിയെ ചുറ്റുകയല്ല എന്ന വസ്‌തുതയാണ്. (എന്നിരുന്നാലും ഭൂമി പ്രപഞ്ചത്തിന്റെ മദ്ധ്യത്തിൽ നിശ്ചലമായി നിൽക്കുകയാണെന്നും വ്യാഴവും അതിന്റെ ഉപഗ്രഹങ്ങളും വളരെ സങ്കീർണ്ണമായ ഭ്രമണപഥത്തിലൂടെ ഭൂമിയെ ചുറ്റുകയാണെന്നും, അപഗ്രഹങ്ങൾ വ്യാഴത്തെ ചുറ്റുകയാണെന്ന് തോന്നാമെങ്കിലും അതോടൊപ്പം തന്നെ ഭൂമിയേയും ചുറ്റുന്നു എന്നും വിശ്വസിക്കാൻ തടസ്സമില്ല. പക്ഷെ കോപ്പർനിക്കസിന്റെ സിദ്ധാന്തം വളരെ ലളിതമാണ്) അക്കാലത്തു തന്നെ ജോഹാൻ കെപ്‌ളർ ഗ്രഹങ്ങളുടെ ഭ്രമണപഥം വൃത്താകൃതിയല്ല പകരം ദീർഘവൃത്താകൃതിയാണ് എന്ന് കോപ്പർനിക്കസ് സിദ്ധാന്തത്തിന് ഒരു ഭേദഗതി കൊണ്ടുവന്നു. അങ്ങനെ ഒടുവിൽ കണക്കു കൂട്ടലുകൾ നിരീക്ഷണങ്ങളുമായി പൊരുത്തപ്പെട്ടു വന്നു.
Generated from archived content: samayam1.html Author: stephen_hoking