നമ്മുടെ പ്രപഞ്ച ചിത്രം – (ഭാഗം 3)

അനന്തതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന ഉദാഹരണമാണ് ഈ വാദഗതി. ഒരു അനന്തമായ പ്രപഞ്ചത്തില്‍ ഓരോ ബിന്ദുവും ഒരു കേന്ദ്രബിന്ദുവായിത്തന്നെ കണക്കാക്കാം. കാരണം ഓരോ ബിന്ദുവിനു ചുറ്റും അനന്ത കോടി നക്ഷത്രങ്ങള്‍ ഉണ്ടായിരിക്കും എന്നതു തന്നെ. എന്നാല്‍ ശരിയായ ഒരു ഉത്തരം ഇതിന് ലഭിച്ചത് വളരെ കഴിഞ്ഞാണ്. വളരെ കുറച്ചു നക്ഷത്രങ്ങളുള്ള ഒരു സാഹചര്യത്തെ കണക്കിലെടുക്കുമ്പോള്‍ ഈ നക്ഷത്രങ്ങള്‍ അന്യോന്യം നിപതിക്കുന്നു. പിന്നീട് ഈ പ്രദേശത്തിനു പുറത്ത് ഏകദേശം ഏകസമാനമായി കൂടുതല്‍ നക്ഷത്രങ്ങളെ കുടിയിരുത്തിയാല്‍ എന്ത് സംഭവിക്കുന്നുവെന്ന് ആരായാം. ന്യൂട്ടന്റെ സിദ്ധാന്തമനുസരിച്ച് അധികനക്ഷത്രങ്ങള്‍ കൃത്യമായ എന്തെങ്കിലും വ്യത്യസമുണ്ടാക്കുന്നില്ല. അവയും മറ്റുള്ളവയേപ്പോലെ ആ ബിന്ദുവിലേക്ക് നിപതിക്കുകയാണ് ചെയ്യുക. നമുക്ക് എത്ര നക്ഷത്രങ്ങളെയും ഇഷ്ടാനുസരണം കുടിയിരുത്താം. പക്ഷെ അവയോരോന്നും സ്വയം നിപതിച്ച് തകരുകയാണ് ചെയ്യുക. ഗുരുത്വം എല്ലായ്പ്പോഴും ആകര്‍ഷണമാകുമ്പോള്‍ പ്രപഞ്ചത്തിന്റെ അനന്ത – നിശ്ചല മാതൃക ഉണ്ടാവുക സാദ്ധ്യമല്ലെന്ന് നമുക്കിന്നറിയാം.

പ്രപഞ്ചം വികസിക്കുന്നുവെന്നോ സങ്കോചിക്കുന്നുവെന്നോ ഉള്ള നിര്‍ദ്ദേശം ആരും മുന്നോട്ടുവെച്ചില്ല. ഇത് ഇരുപതാം നൂറ്റാണ്ടിനുമുമ്പ് പൊതുവെ ഉണ്ടായിരുന്ന ചിന്താധാരയിലെ ഒരു രസകരമായ പ്രതിഫലനമായിരുന്നു. പ്രപഞ്ചം മാറ്റമില്ലാതെ എക്കാലവും നിലനിന്നിരുന്നുവെന്നും അല്ലെങ്കില്‍ ഇന്ന് നാം കാണുന്ന തരത്തില്‍ ഒരു നിശ്ചിതകാലത്ത് അത് സൃഷ്ടിക്കപ്പെട്ടതായിരിക്കുമെന്നും പൊതുവെ കരുതപ്പെടുന്നു. ശാശ്വത സത്യങ്ങളില്‍ വിശ്വസിക്കാനുള്ള ജനങ്ങളുടെ താത്പര്യമായിരിക്കാം ഇതിനുള്ള ഭാഗികമായ കാരണം. കൂടാതെ താന്‍ വയസ്സനാവുകയും മരിക്കുകയും ചെയ്യുമ്പോഴും പ്രപഞ്ചം ശാശ്വതവും സ്ഥിരവുമാണെന്ന് കരുതുന്നതിലുള്ള സുഖവും ഒരു കാരണമായിരിക്കാം.

ന്യൂട്ടന്റെ സിദ്ധാന്തപ്രകാരം പ്രപഞ്ചം നിശ്ചലമല്ലെന്ന് മനസിലാക്കിയവര്‍ പോലും അത് വികസിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടില്ല. പകരം ഗുരുത്വാകര്‍ഷ‍ണം കൂടിയ ദൂരങ്ങളില്‍ വികര്‍ഷിക്കുന്നുവെന്ന ന്യൂട്ടന്റെ സിദ്ധാന്തത്തെ പരിഷ്ക്കരിക്കുവാനാണ് അവര്‍ ശ്രമിച്ചത്. ഗ്രഹങ്ങളുടെ ചലനങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളെ ഇത് കാര്യമായി ബാധിച്ചില്ല. എന്നാല്‍ അകലെയുള്ള നക്ഷത്രങ്ങളുടെ വികര്‍ഷണബലവും അടുത്തുള്ള നക്ഷത്രങ്ങളുടെ ആകര്‍ഷണബലവും അന്യോന്യം തുലനം ചെയ്ത് അനന്ത കോടി നക്ഷത്രങ്ങളെ സന്തുലിതാവസ്ഥയില്‍ നിര്‍ത്തുന്നതിന് ഈ വാദം അനുവദിച്ചു. എങ്കിലും അത്തരമൊരു സമതുലിതാവസ്ഥ സ്ഥിരതയില്ലാത്താതാണെന്ന് നമുക്കറിയാം. ചില ഭാഗങ്ങളില്‍ നക്ഷത്രങ്ങള്‍ വളരെ അടുത്താകുമ്പോള്‍ അവ തമ്മിലുള്ള ആകര്‍ഷണബലം ദൂരെയുള്ള നക്ഷത്രങ്ങളുടെ വികര്‍ഷണബലത്തേക്കാള്‍ കൂടുകയും അവ അന്യോന്യം നിപതിക്കുകയും ചെയ്യുന്നു. മറിച്ച് നക്ഷത്രങ്ങള്‍ വിട്ടു വിട്ടാവുമ്പോള്‍ വികര്‍ഷണബലം ആകര്‍ഷണബലത്തേക്കാള്‍ കൂടുകയും അവ അന്യോന്യം അകന്നു പോവുകയും ചെയ്യും.

1823-ല്‍ ജര്‍മ്മന്‍ തത്വചിന്തകനായ ഹെയ്ന്‍റിച്ച് ഓള്‍ബേഴ്സ് എഴുതിയ ഒരു ലേഖനത്തില്‍ അനന്തമായ അചരപ്രപഞ്ചത്തെ സംബന്ധിച്ച് മറ്റൊരു ആരോപണം ഉന്നയിച്ചു. യഥാര്‍ത്ഥത്തില്‍ ന്യൂട്ടന്റെ സമകാലീനരില്‍ പലരും ഇത് ചൂണ്ടിക്കാണിച്ചിരുന്നു. ഓള്‍ബേഴ്സിന്റെ ലേഖനം ഈ സിദ്ധാന്തത്തിനെതിരെ ഉന്നയിക്കപ്പെട്ട ആദ്യത്തേതായിരുന്നില്ല എങ്കിലും പരക്കെ ശ്രദ്ധിക്കപ്പെട്ട ആദ്യത്തെ ലേഖനമായിരുന്നു. ഇത് ഓരോ ദൃശ്യരേഖയും ഒരു നക്ഷത്രത്തിന്റെ ഉപരിതലത്തില്‍ ചെന്നവസാനിക്കുമെന്നതാണ് അനന്തമായ അചര പ്രപഞ്ചസിദ്ധാന്തത്തിന്റെ കുഴപ്പം. അതിനാല്‍ സൂര്യനേപ്പോലെ ആകാശം മുഴുവനും രാത്രിയില്‍ പോലും പ്രകാശിക്കണമെന്ന് ഒരാള്‍ക്ക് പ്രറ്റ്ര്ഹീക്ഷിക്കാവുന്നതാണ്. അകലെയുള്ള വസ്തുക്കളില്‍ നിന്നു വരുന്ന പ്രകാശം ഇടക്കുള്ള വസ്തുക്കളാല്‍ ആഗിരണം ചെയ്യപ്പെട്ട് മങ്ങിപ്പോകുമെന്ന് ഓള്‍ബേഴ്സ് തിരിച്ചു വാദിക്കുകയുണ്ടായി. എന്നാല്‍ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഇടക്കുള്ള വസ്തുക്കള്‍ ചൂടുപിടിക്കുകയും ഒടുവില്‍ നക്ഷത്രങ്ങളേപ്പോലെ പ്രകാശിക്കുകയും ചെയ്തേക്കും. സൂര്യനേപ്പോലെ നിശാകാശവും പ്രകാശോജ്ജ്വമാണെന്ന ഈ നിഗമനം ഒഴിവാക്കുവാന്‍ നക്ഷത്രങ്ങള്‍ അനന്തമായി പ്രകാശിച്ചുകൊണ്ടിരിക്കുന്നില്ലെന്നും, ഭൂതകാലത്തിലെ ഏതോ നിശ്ചിത സമയത്ത് അവ പ്രകാശിക്കാന്‍ തുടങ്ങിയതാണെന്നും അനുമാനിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കില്‍ ഇടക്കുള്ള വസ്തുക്കള്‍ ചൂടുപിടിച്ചിട്ടുണ്ടായിരിക്കില്ലെന്നോ വിദൂര നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശം ഇനിയും നമ്മളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാ‍വില്ലന്നോ കരുതാം. നക്ഷത്രങ്ങള്‍ പ്രകാശിക്കാന്‍ തുടങ്ങിയതിന് കാരണമെന്തായിരിക്കും എന്ന ചോദ്യം ഇത് ഉന്നയിച്ചേക്കാം.

പ്രപഞ്ചോല്‍പ്പത്തി ഇതിനും എത്രയോ മുമ്പ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യകാല പ്രപഞ്ചശാസ്ത്രജ്ഞന്മാരുടേയും ജൂത – ക്രിസ്ത്യന്‍- മുസ്ലീം മതവിശ്വാസികളുടേയും അഭിപ്രായത്തില്‍ പ്രപഞ്ചം അത്ര അകലെയല്ലാത്തത്ര ഭൂതകാലത്തിലെ ഒരു നിശ്ചിതകാലത്താണ് ഉത്ഭവിച്ചത് പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനെ വിശദീകരിക്കാന്‍ ഒരു ‘ ആദ്യകാരണം’ ആവശ്യമായിരുന്നു എന്നതാം ഇത്തരമൊരു വാദത്തിന്റെ അടിസ്ഥാനം. പ്രപഞ്ചത്തിലെ ഒരു സംഭവം നാം വിശദീകരിക്കുന്നത് അതിനു മുമ്പ് നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. പ്രപഞ്ചാസ്തിത്വം ഈ രീതിയില്‍ വിശദീകരിക്കുന്നതിന് ഒരു തുടക്കം ആവശ്യമാണ്. സെന്റ് അഗസ്ത്യന്‍ തന്റെ ‘ ദി സിറ്റി ഓഫ് ഗോഡ്’ എന്ന പുസ്തകത്തില്‍ മറ്റൊരു വാദം മുന്നോട്ട് വെച്ചിരുന്നു. നമ്മുടെ സംസ്ക്കാരം വളരുകയാണെന്നും ഈ പ്രവൃത്തി ആര്‍ അനുഷ്ഠിച്ചു എന്നും ഈ വിദ്യ ആര്‍ വികസിപ്പിച്ചെടുത്തുവെന്നും നാം ഓര്‍ക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മനുഷ്യനും ഒരു പക്ഷെ പ്രപഞ്ചത്തിനും അത്രയേറെ വയസ്സുണ്ടാവില്ല എന്നും ഉല്‍പ്പത്തി പുസ്തകപ്രകാരം പ്രപഞ്ചത്തിന്റെ തുടക്കം ഏകദേശം ക്രിസ്തുവിന് 5000 വര്‍ഷങ്ങള്‍ക്ക് മുമ്പായിരിക്കണമെന്നും സെന്റ് അഗസ്റ്റ്യന്‍‍ അനുമാനിച്ചു. ( ഇത് പുരാവസ്തു ഗവേഷകര്‍ സംസ്ക്കാരം ആരംഭിച്ചതായിപ്പറയുന്ന ക്രിസ്തുവിന് 10000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഹിമയുഗത്തില്‍ നിന്നും അത്രയൊന്നും അകലെയല്ല എന്നത് രസകരമായിരിക്കുന്നു.)

മറിച്ച് അരിസ്റ്റോട്ടിലും മിക്ക ഗ്രീക്ക് തത്വചിന്തകരും ദൈവിക ഇടപെടലുകള്‍‍ക്ക് പ്രഹരമേല്‍പ്പിച്ച ഇത്തരമൊരു സൃഷിയുടെ ആശയം ഇഷ്ടപ്പെട്ടില്ല. മനുഷ്യവംശവും അതിനു ചുറ്റും നിലനിന്നിട്ടുണ്ടായിരുന്ന ലോകവും ഇനിയും എക്കാലവും നിലനില്‍ക്കുമെന്നും അവര്‍ വിശ്വസിച്ചു. മേല്‍പ്പറഞ്ഞ പുരോഗതി പൂര്‍ പൂര്‍വികര്‍ മുമ്പേ തന്നെ കണക്കിലെടുത്തിരുന്നു. ഇടക്കിടെയുണ്ടായ വെള്ളപ്പൊക്കവും മറ്റ് പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും മനുഷ്യരാശിയെ വീണ്ടൂം വീണ്ടും പിന്നോട്ടേക്ക് സംസ്ക്കാരത്തിന്റെ തുടക്കത്തിലേക്ക് കൊണ്ടു പോയി എന്നവര്‍ വാദിച്ചു.

Generated from archived content: kalathinte3.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English