സ്ഥലവും കാലവും – ഭാഗം 8

ന്യൂട്ടന്റെ ചലനനിയമങ്ങള്‍ സ്‌പേസിലെ കേവല സ്ഥാനം എന്ന ആശയത്തിന് വിരാമമിട്ടു. ആപേക്ഷികതാ സിദ്ധാന്തം കേവലസമയത്തെ തള്ളിക്കളഞ്ഞു. ഒരു ഇരട്ടകളെ സങ്കല്‍പ്പിക്കുക. ഇതില്‍ ഒരാള്‍ കുന്നിന്‍പുറത്തും ഒരാള്‍ സമുദ്ര നിരപ്പിലും താമസിക്കാന്‍ പോയെന്നും സങ്കല്‍പ്പിക്കുക. ആദ്യത്തെ ആള്‍ രണ്ടാമത്തെ ആളേക്കാളും വേഗത്തില്‍ വയസനായതായി അനുഭവപ്പെടുന്നു. ഇവിടെ വയസിലുണ്ടാകുന്ന വ്യത്യാസം വളരെ ചെറുതാണ്. എന്നാല്‍ ഇതിലൊരാള്‍ ശൂന്യാകാശ കപ്പലില്‍ പ്രകാശ വേഗത്തില്‍ ഒരു നീണ്ടയാത്രയ്ക്കു പോയാല്‍ ഈ വ്യത്യാസം വളരെ കൂടുതലായിരിക്കും.. അവന്‍ തിരിച്ചുവരുമ്പോള്‍ ഭൂമിയില്‍ നിന്നവനേക്കാള്‍ ചെറുപ്പമാകുന്നു. ഇതിനെയാണ് ട്വിന്‍ വിരോധാഭാസം എന്നു വിളിക്കുന്നത്. എന്നാല്‍ ഇതൊരു വിരോധാഭാസമാകുന്നത് ഒരാളുടെ മനസില്‍ കേവല സമയത്തെക്കുറിച്ചുള്ള ആശയം നിലനില്‍ക്കുമ്പോഴാണ്. ആപേക്ഷിക സിദ്ധാന്തത്തില്‍ കേവലസമയമെന്നൊന്നില്ല. എന്നാല്‍ ഒരു വ്യക്തിക്കും വ്യക്തിനിഷ്ഠമായ സമയ അളവുകളുണ്ട്. അത് അദ്ദേഹം എവിടെ നില്‍ക്കുന്നു എങ്ങനെ സഞ്ചരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

1915ന് മുന്‍പ് സ്ഥലവും കാലവും സംഭവങ്ങള്‍ നിശ്ചര(fixed) പ്രവര്‍ത്തന മണ്ഡലമാണെന്നു ധരിച്ചിരുന്നു. എന്ത് സംഭവമായാലും ഇത് സ്ഥലത്തെയും കാലത്തേയും ബാധിച്ചിരുന്നില്ല. ആപേക്ഷികതാ സിദ്ധാന്തപ്രകാരം പോലും ഇതു ശരിയായിരുന്നു. വസ്തുക്കള്‍ സഞ്ചരിക്കുമ്പോള്‍ ആകര്‍ഷണ ബലവും വികര്‍ഷണ ബലവും ഉണ്ടാകും. എന്നാല്‍ കാലവും സ്ഥലവും മാറ്റത്തിന് വിധേയമാകാതെ അനുസ്യൂതം തുടരുന്നു. സ്ഥലവും കാലവും എന്നും മുമ്പോട്ടുപോവും എന്ന് ചിന്തിക്കുന്നത് സ്വാഭാവികമാണ്.

എന്നാല്‍ പൊതു ആപേക്ഷികതാ സിദ്ധാന്തത്തില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. സ്ഥലവും കാലവും ഇന്നു ഗതിക പരിമാണ(dynamic quantities)ങ്ങളാണ്. ഒരു വസ്തു സഞ്ചരിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു ബലം പ്രയോഗിക്കുമ്പോള്‍ അത് സ്ഥലത്തിന്റെയും കാലത്തിന്റെയും വക്രതയെ ബാധിക്കുന്നു. തിരിച്ച് ഒരു വസ്തു സഞ്ചരിക്കുന്നതും ബലം പ്രയോഗിക്കുന്നതുമായ രീതിക്കനുസരിച്ച് സ്ഥലകാലത്തിന്റെ ഘടനയിലും മാറ്റം ഉണ്ടാവുന്നു. സ്ഥലത്തിലും കാലത്തിലും മാത്രമല്ല., പ്രപഞ്ചത്തില്‍ എന്തു സംഭവിക്കുന്നതിലും മാറ്റമുണ്ടാവുന്നുണ്ട്. സ്ഥലത്തെയും കാലത്തെയും കുറിച്ചുള്ള ധാരണ ഇല്ലാതെ ഒരാള്‍ക്ക് പ്രപഞ്ചത്തിലെ സംഭവങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കഴിയാത്തതുപോലെ പൊതു ആപേക്ഷികതാ സിദ്ധാന്തത്തില്‍ പ്രപഞ്ച പരിധിക്കപ്പുറത്തുള്ള സ്ഥലത്തെയും കാലത്തെയും പറ്റിപറയുന്നതിലും അര്‍ഥമില്ല.

തുടര്‍ന്നു വന്ന ദശകങ്ങളില്‍ സ്ഥലത്തെയും കാലത്തെയും കുറിച്ചുള്ള ഈ പുതിയ അറിവ് നമ്മുടെ പ്രപഞ്ചവീക്ഷണത്തെ പരിവര്‍ത്തനോന്മുഖമാക്കി. എല്ലാ കാലവും നിലനിന്നിരുന്നതും തുടര്‍ന്നും നിലനിന്നേക്കാവുന്നതുമായ മാറ്റത്തിന് വിധേയമാവാത്ത ഒരു പ്രപഞ്ചം എന്ന പഴയ ആശയം ഗതികവും ഒരു നിശ്ചിത സമയത്തിനു മുന്നേ വികസിക്കുന്ന പ്രപഞ്ചമായി മാറി. ഈ മാറ്റമാണ് അടുത്ത ഭാഗങ്ങളിലെ വിഷയം. വര്‍ഷങ്ങള്‍ക്കു ശേഷം സൈദ്ധാന്തിക ഭൗതികത്തിലുള്ള എന്റെ പ്രവൃത്തിയുടെ ആരംഭം കുറിച്ചതും ഇതിലായിരുന്നു. എന്‍സ്റ്റീന്റെ പൊതു ആപേക്ഷികാ സിദ്ധാന്തത്തിന്റെ വിവക്ഷിതാര്‍ഥം പ്രപഞ്ചത്തിന് ഒരു തുടക്കവും ഒരു പക്ഷെ ഒടുക്കവും ഉണ്ടായേക്കാമെന്നാണ്. ഇതു തന്നെയാണ് റോഗര്‍ പെന്‍ റോസും ഞാനും തെളിയിച്ചത്. ****************

കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം

വിവര്‍ത്തനം- പി. സേതുമാധവന്‍

Generated from archived content: kalathinte14.html Author: stephen_hoking

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here