സൂര്യനില്‍ നിന്നു വരുന്ന പ്രകാശരശ്മികള്‍ മൂലം ആകാശത്തില്‍ സൂര്യനടുത്തു കിടക്കുന്ന നക്ഷത്രങ്ങളെ നിരീക്ഷിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് സാധാരണഗതിയില്‍ ഇത്തരം പ്രഭാവങ്ങളെ എളുപ്പത്തില്‍ കാണാന്‍ സാദ്ധ്യമല്ലാതായിതീരുന്നു. എങ്കിലും സൂര്യന്റെ ഗ്രഹണസമയത്ത് അതായത് സൂര്യനില്‍ നിന്നും വരുന്ന പ്രകാശരശ്മികള്‍ ചന്ദ്രന്‍ തടഞ്ഞു നിര്‍ത്തുമ്പോള്‍ ഇത് സാധ്യമാകും. പ്രകാശരശ്മികളുടെ വളയല്‍ എന്ന ഐന്‍സ്റ്റീന്റെ പ്രവചനം 1915- ല്‍ തന്നെ നിരീക്ഷിക്കാന്‍ കഴിഞ്ഞില്ല. കാരണം ഒന്നാം ലോക മഹായുദ്ധം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. എന്നാല്‍ പ്രവചിച്ചതു പോലെ ഇത് സാധ്യമായത് 1919 – ല്‍ ബ്രട്ടീഷ് സംഘടിത യാത്രാസംഘം പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ വെച്ച് ഗ്രഹണം നിരീക്ഷിച്ചപ്പോഴാണ്. എന്നാല്‍ ഒരു ജര്‍മ്മന്‍ സിദ്ധാന്തത്തിന് ബ്രട്ടീഷ് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയ ഈ തെളിവ് യുദ്ധത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഒരു പരസ്പര യോജിപ്പിലെത്താന്‍ സഹായകമായിതീര്‍ന്നു . എന്നാല്‍ പര്യവേഷണസഘം എടുത്ത ചിത്രങ്ങളില്‍ പിന്നീട് നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചത് അവര്‍ എന്താണോ നിര്‍ണ്ണയിക്കാന്‍ ശ്രമിച്ചത് അത്രയും പിശക് അവര്‍ക്കു പറ്റിയിരുന്നു എന്ന വിരോധാഭാസമാണ്. അവരുടെ മാപനങ്ങള്‍ ഒരു ഭാഗ്യം മാത്രമായിരുന്നു. അല്ലെങ്കില്‍ അവര്‍ക്ക് കിട്ടേണ്ടിയിരുന്ന ഉത്തരം നേരത്തെ അറിയാമായിരുന്നു എന്ന സ്ഥിതി . ഇത് ശാസ്ത്രത്തില്‍ അസാധാരണമല്ലാത്ത സംഭവമാണ്. എങ്കിലും പ്രകാശത്തിന്റെ വളയല്‍ പിന്നീട് നടത്തിയ ധാരാളം നിരീക്ഷണങ്ങള്‍ വളരെ കൃത്യതയോടെ സ്ഥിതീകരിക്കുകയുണ്ടായി. ( ഒതു ആപേക്ഷികാ സിദ്ധാന്തത്തിന്റെ മറ്റൊരു പ്രവചനം ഭൂമിയേപ്പോലെ പിണ്ഡമുള്ള വസ്തുക്കളുടെ സമീപം കാലം സാവധാനത്തില്‍ ഒഴുകുന്നു എന്നതാണ്. ഇതു കാരണം പ്രകാശത്തിന്റെ ഊര്‍ജ്ജവും അതിന്റെ ആവൃത്തിയും ( ഒരു സെക്കന്റിലുള്ള പ്രകാശതരംഗങ്ങളുടെ എണ്ണം) തമ്മിലുള്ള ബന്ധമാണ്. ഊര്‍ജ്ജം ഉയര്‍ന്നതാകുമ്പോള്‍ ആവൃത്തി കൂടുന്നു. ഭൂമിയുടെ ഗുരുത്വാകര്‍ഷണവലയത്തില്‍ പ്രകാശം മുകളിലോട്ട് സഞ്ചരിക്കുമ്പോള്‍ അതിനു ഊര്‍ജ്ജ നഷ്ടം ഉണ്ടാവുന്നതുകൊണ്ട് അതിന്റെ ആവൃത്തി കുറയുന്നു. ഇതിനര്‍ത്ഥം അടുത്തടുത്തുള്ള തരംഗശീര്‍ഷങ്ങള്‍ തമ്മിലുള്ള സമയദൈര്‍ഘ്യം കൂടൂന്നു എന്നതാണ്. മുകളിലിരിക്കുന്ന ഒരാള്‍ക്ക് താഴ നടക്കുന്ന എല്ലാം സംഭവങ്ങളും സാവധാനം നടക്കുന്നതായി അനുഭവപ്പെടുന്നു. ഈ പ്രവചനം 1962- ല്‍ കൃത്യതയുള്ള രണ്ടു ക്ലോക്കുകളില്‍ ഒന്ന് ജലഗോപുര മുകളിലും മറ്റേത് താഴേയും വച്ച് നിരീക്ഷിക്കുകയുണ്ടായി. പൊതു ആപേക്ഷികതാസിദ്ധാന്തം പ്രസ്താവിച്ചതു പോലെ താഴെ വെച്ചിരുന്ന ക്ലോക്ക് ( ഭൂമിയുടെ അടുത്തുള്ളത്) സാവധാനത്തില്‍ നടക്കുന്നതായി കണ്ടു. ഭൂമിയുടെ മുകളില്‍ വ്യത്യസത സ്ഥലങ്ങളില്‍ വെച്ചിരിക്കുന്ന ക്ലോക്കുകളുടെ വേഗതയിലുള്ള വ്യത്യാസത്തിന് ഇന്ന് വളരെയധികം പ്രായോഗിക പ്രാധാന്യമുണ്ട്. ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലിനെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന കൃത്യതയുള്ള നാവികാ വ്യൂഹത്തിന്റെ ആഗമനത്തോടു കൂടി പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചു . ഒരാള്‍ ഈ സിദ്ധാന്തത്തിന്റെ പ്രവചനം തള്ളിക്കളഞ്ഞാല്‍ നിര്‍ണ്ണയിക്കുന്ന സ്ഥാനം ഏതാനും മൈലുകള്‍ തന്നെ തെറ്റായിരിക്കും.
(തുടരും)
വിവര്‍ത്തനം: പ്രൊഫ. പി. സേതുമാധവന്‍
Generated from archived content: kalathinte13.html Author: stephen_hoking