ഇന്ന് അകലങ്ങളെ കൃത്യമായി അളന്ന് കണ്ടുപിടിക്കാന്‍ നമ്മള്‍ ഈ രീതി ഉപയോഗിക്കുന്നു. കാരണം നമുക്ക് ദൂരത്തേക്കാള്‍ കൂടുതല്‍ കൃത്യതയോടെ സമയത്തെ അളക്കാന്‍ കഴിയും എന്നതുതന്നെ. വാസ്തവത്തില്‍ മീറ്റര്‍ എന്ന് നിര്‍വചിച്ചിരിക്കുന്നത് ഒരു സീസിയം ക്ലോക്ക് അളക്കുന്ന 0.0000000333640952 സെക്കന്റില്‍ പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ്. ഈ കൃത്യസംഖ്യ വരാനുള്ള കാരണം ചരിത്രപരമായ മീറ്ററിന്റെ നിര്‍വചനമാണ്. പാരിസില്‍ സൂക്ഷിച്ചിട്ടുള്ള ഒരു പ്രത്യേകമായ പ്ലാറ്റിനം ദണ്ഡിന്റെ രണ്ട് അടയാളങ്ങള്‍ തമ്മിലുള്ള അകലം. ഇതിനു പകരം നമുക്ക് കൂടുതല്‍ സൗകര്യമുള്ള പ്രകാശ സെക്കന്റ് എന്നു വിളിക്കുന്ന നീളത്തിന്റെ ഏകകം ഉപയോഗിക്കാം. പ്രകാശം ഒരു സെക്കന്റില്‍ സഞ്ചരിക്കുന്ന എന്നാണ് ഇതു നിര്‍വചിക്കപ്പെടുന്നത്. ആപേക്ഷികാ സിദ്ധാന്തത്തില്‍ നാമിന്ന് കാലത്തെ നിര്‍വചിക്കുന്നത് സമയത്തിലൂടെയും പ്രകാശവേഗത്തിലൂടെയുമാണ്. അതു കൊണ്ട് ഓരോ നിരീക്ഷകനും പ്രകാശ വേഗത ഒന്നായി അളക്കുന്നു എന്നത് സ്വയമേവ വരുന്നു. നിര്‍വചനപ്രകാരം ഒരു മീറ്റര്‍ എന്നത് 0.0000000333640952 സെക്കന്റിലെ ദൂരം. ഈഥറിന്റെ സാന്നിധ്യം യാതൊരു തരത്തിലും നിരീക്ഷിക്കപ്പെടാന്‍ കഴിയില്ല. എന്നു മൈക്കിള്‍ണ്‍ മോര്‍ലെയുടെ പരീക്ഷണം തെളിയിച്ചതു പോലെ. അതിനാല്‍ ഈഥര്‍ എന്ന ആശയം കൊണ്ടുവരേണ്ട ആവശ്യം ഇല്ല. പൊതു ആപേക്ഷിക സിദ്ധാന്തം സ്ഥലത്തെയും കാലത്തേയും സംബന്ധിച്ചുള്ള നമ്മുടെ അടിസ്ഥാന ആശയത്തെ മാറ്റിമറിക്കാന്‍ നിര്‍ബന്ധിച്ചു. കാലം സ്ഥലത്തില്‍ നിന്നു പൂര്‍ണമായി വേറിട്ടതല്ല. അത് സ്ഥലവുമായി ബന്ധപ്പെട്ടു കിടക്കുന്നു. സ്ഥലവും കാലവും കൂട്ടിച്ചേര്‍ത്ത് സ്ഥലകാലം എന്ന പുതിയ ഒരു സംജ്ഞ രൂപംകൊണ്ടു.
സ്‌പേസിലെ ഒരു ബിന്ദുവിന്റെ സ്ഥാനത്തെ വിശദീകരിക്കാന്‍ ഒരാള്‍ക്കു മൂന്നു നമ്പറുകള്‍ അല്ലെങ്കില്‍ നിര്‍ദേശാങ്കങ്ങള്‍ വേണമെന്നുള്ളത് സാധരണ അനുഭവമാണ്. ഉദാഹരണത്തിന് ഒരു മുറിയിലെ ഒരു ബിന്ദു ചുമരില്‍ നിന്നു മൂന്നടി അകലത്തിലും തറയില്‍ നിന്ന് അഞ്ചടി ഉയരത്തിലും ആണെന്നു ഒരാള്‍ക്കു പറയാന്‍ കഴിയും. അല്ലെങ്കില്‍ ഒരു ബിന്ദു കടല്‍വിതാനത്തില്‍ നിന്നു നിശ്ചിത അക്ഷാംശത്തിലും രേഖാംശത്തിലും ഇത്ര ഉയരത്തിലും ആണെന്നു കൃത്യമായി പറയാന്‍ കഴിയും. ഇതിനര്‍ഥം ഒരാള്‍ക്ക് ഏതെങ്കിലും മൂന്നു നിര്‍ദേശങ്കങ്ങള്‍ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്നാണ്. പക്ഷെ, ഇവയ്ക്ക് പരിമിതമായ പരിധിക്കുള്ളിലെ സാധ്യതയുള്ളൂ. ചന്ദ്രന്റെ സ്ഥാനത്തെ പിക്കാഡലി സര്‍ക്കസില്‍ നിന്ന് ഇത്ര മൈല്‍ വടക്ക് എന്നും ഇത്രമൈല്‍ പടിഞ്ഞാറ് എന്നും ഇത്ര അടി ഉയരത്തിലെന്നും പ്രത്യേകം പ്രസ്താവിക്കാന്‍ കഴിയില്ല. പകല്‍ സൂര്യനില്‍ നിന്നുള്ള അകലവും ഗ്രഹങ്ങളുടെ ഭ്രമണതലത്തില്‍ നിന്നുള്ള അകലവും സൂര്യനെയും ചന്ദ്രനെയും തമ്മില്‍ യോജിപ്പിക്കുന്ന രേഖയും സൂര്യനെയും അടുത്തുള്ള നക്ഷത്രത്തെയും തമ്മില്‍ യോജിപ്പിക്കുന്ന രേഖയും തമ്മിലുള്ള കോണും അറിഞ്ഞാല്‍ ഒരാള്‍ക്ക് ചന്ദ്രന്റെ സ്ഥാനത്തെ വിശദീകരിക്കാന്‍ കഴിയും. ആ നിര്‍ദേശാങ്കത്തിനു പോലും നമ്മുടെ ഗാലക്‌സിയിലെ സൂര്യന്റെ സ്ഥാനത്തെയോ അല്ലെങ്കില്‍ ഗാലക്‌സികളുടെ കൂട്ടത്തില്‍ നമ്മുടെ ഗാലക്‌സിയുടെ സ്ഥാനത്തെയോ കണ്ടു പിടിക്കാന്‍ കഴിയില്ല. യഥാര്‍ഥത്തില്‍ ഒന്നിനു മേല്‍ ഒന്നായിരിക്കുന്ന തുണ്ടുകളുടെ കൂട്ടം കൊണ്ട് ഈ പ്രപഞ്ചത്തെ മുഴുവനായി വിശദീകരിക്കാന്‍ കഴിയും. ഓരോ തുണ്ടിലും ഒരു ബിന്ദുവിന്റെ സ്ഥാനത്തെ നിര്‍ണയിക്കാന്‍ മൂന്നു നിര്‍ദേശാങ്കങ്ങളുടെ വ്യത്യസ്ത സെറ്റുകളെ ഉപയോഗിക്കാം…
ഈ സംഭവം എന്നത് സ്‌പേസിലെ ഒരു പ്രത്യേക ബിന്ദുവില്‍ ഒരു പ്രത്യേക സമയത്ത് നടക്കുന്ന പ്രക്രിയയാണ്. അതു കൊണ്ട് ഈ സംഭവത്തെ നിര്‍ണയിക്കാന്‍ നാല് സംഖ്യകള്‍ അല്ലെങ്കില്‍ നിര്‍ദേശാങ്കങ്ങള്‍ വേണ്ടിവരുന്നു. നിര്‍ദേശാങ്കങ്ങളുടെ തെരഞ്ഞെടുക്കല്‍ സ്വേച്ഛാപരമാണ്. ശരിയാംവണ്ണം നിര്‍വചിക്കപ്പെട്ട മൂന്നു സ്ഥലീയ നിര്‍ദേശാങ്കങ്ങളും ഒരു സമയത്തിന്റെ അളവും കൊണ്ട് ഇത് സാധിച്ചെടുക്കാം. രണ്ടു സ്ഥലീയ നിര്‍ദേശാങ്കങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലാത്തതുപോലെ ആപേക്ഷികാ സിദ്ധാന്തത്തില്‍ സ്ഥലീയ നിര്‍ദേശാങ്കങ്ങളും സമയ നിര്‍ദേശാങ്കവും തമ്മില്‍ വ്യത്യാസമില്ല. ആദ്യത്തെ സ്ഥലീയ നിര്‍ദേശാങ്കത്തിന്റെയും രണ്ടാമത്തെ സ്ഥലീയ നിര്‍ദേശാങ്കത്തിന്റെയും മിശ്രിതമായി ഒരു പുതിയ സെറ്റ് നിര്‍ദേശാങ്കങ്ങളെ തെരഞ്ഞെടുക്കുകയുമാവാം. ഉദാഹരണത്തിന് ഭൂമിയില്‍ ഇത്ര മൈല്‍ പടിഞ്ഞാറും എന്ന് അളക്കുന്നതിനു പകരം പിക്കാഡലിയുടെ ഇത്രമൈല്‍ വടക്കു കിഴക്കും ഇത്ര മൈല്‍ വടക്കു പടിഞ്ഞാറും എന്നു കണക്കാക്കാം. ഇതേ പോലെ ആപേക്ഷികതാ സിദ്ധാന്തത്തില്‍ പഴയ സമയത്തെ (സെക്കന്‍ഡില്‍) പുതിയ സമയ നിര്‍ദേശാങ്കമായും കൂടെ അകലം പ്രകാശ സെക്കന്റില്‍ പിക്കാഡലിക്ക് വടക്കെന്നും കണക്കാക്കാം..
ഒരു ചതുര്‍മാന സ്‌പേസില്‍ ഒരു സംഭവത്തിന്റെ സ്ഥാനം നിര്‍ണയിക്കുന്നത് നാല് നിര്‍ദേശാങ്കങ്ങളാണ്. ചതുര്‍മാന സ്‌പേസിനെയാണ് നാം സ്ഥലകാലം എന്നു വിളിക്കുന്നത്. ഒരൂ ചതുര്‍മാന സ്‌പേസിനെപ്പറ്റി സങ്കല്‍പ്പിക്കാന്‍ തന്നെ സാധ്യമല്ല. എനിക്കു ത്രിമാന സ്‌പേസിനെക്കുറിച്ചു മനസില്‍ ചിത്രീകരിക്കുന്നത് തന്നെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഭൂമിയുടെ ഉപരിതലം പോലെയുള്ള ദ്വിമാന സ്‌പേസ് ഡയഗ്രമുകള്‍ വരക്കാന്‍ വളരെ എളുപ്പമാണ്. ഭൂമിയുടെ ഉപരിതലം ദ്വിമാനമാണ്. കാരണം ഒരു ബിന്ദുവിന്റെ സ്ഥാനം രണ്ടു നമ്പറുകള്‍ കൊണ്ട് നിര്‍ണയിക്കാന്‍ കഴിയും. അതായത് അക്ഷാംശവും രേഖാംശവും). ഞാന്‍ പൊതുവേ, സമയം മുകളിലോട്ട് കൂടുന്നതും സ്‌പേസ് മാനത്തില്‍ ഒരെണ്ണം തിരശ്ചീനമായും ഉള്ള പടങ്ങളാണ് (ഡയഗ്രം) ഉപയോഗിക്കുന്നത്. മറ്റു രണ്ടു സ്ഥലമാനങ്ങളെയും തള്ളിക്കളയുന്നു. അല്ലെങ്കില്‍ ചിലപ്പോള്‍ ഒരെണ്ണത്തെ പരിപ്രേക്ഷ്യം കൊണ്ട് സൂചിപ്പിക്കുക മാത്രം ചെയ്യുന്നു. ഇതിനെ സ്ഥലകാല പടങ്ങള്‍ എന്നു വിളിക്കുന്നു.
Generated from archived content: kalathinte10.html Author: stephen_hoking